Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ണ്ണാശ്രമ ധര്‍മ്മവും തൊട്ടുകൂടാ ജാതികളും (ദളിതരുടെ ചരിത്രം, ഒരു പഠനം: ലേഖനം­ 1)   - ജോസഫ് പടന്നമാക്കല്‍

Picture

വടക്കേന്ത്യയില്‍ തുടക്കമിട്ട വര്‍ണ്ണാശ്രമ ധര്‍മ്മം ആര്യന്‍ സമൂഹത്തിന്റെ ഘടകമായിരുന്നു. പ്രാകൃത ചിന്തകളില്‍നിന്നും ഉരുവിട്ട സൃഷ്ടിയുടെ കെട്ടുകഥയെ ആധാരമാക്കിയാണ് വര്‍ണ്ണാശ്രമ ധര്‍മ്മത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. സൃഷ്ടാവിന്റെ വായില്‍നിന്നു ബ്രാഹ്മണ പുരോഹിതരും കൈകളില്‍നിന്നു രാജകീയ യോദ്ധാക്കളും തുടകളില്‍നിന്നു കൃഷിക്കാരും കച്ചവടക്കാരുമായ വൈശ്യരും പാദങ്ങളില്‍നിന്നു ശൂദ്ര ജാതിക്കാരായ കൈപ്പണിക്കാരും സേവകരുമുണ്ടായിയെന്നാണ് ബ്രാഹ്മണ വേദാന്തങ്ങള്‍ പഠിപ്പിക്കുന്നത്­. പിന്നീട് മുന്‍ ജന്മത്തില്‍ പാപികളായി ജനിച്ച അവര്‍ണ്ണ ജാതികളായ പറയ, പുലയരെപ്പോലുള്ള തീണ്ടാ ജാതികളുമുണ്ടായി. ഈഴവരും വര്‍ണ്ണാശ്രമത്തിനു പുറത്തുള്ളവരാണ്.

കാലക്രമേണ വര്‍ഗ വിവേചനം ഹൈന്ദവ മതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഒപ്പം നിന്ദ്യമായ തൊട്ടു കൂടായ്മയും പുനര്‍ ജന്മവും. അവകളെല്ലാം തന്ത്രപൂര്‍വ്വം ബ്രാഹ്മണര്‍ പുരാണങ്ങളിലും കൂട്ടിച്ചേര്‍ത്തു. അവരുടെ ഗ്രന്ഥങ്ങള്‍ താണ ജാതികളെ മേല്ജാതിക്കാരുടെ ഇഷ്ടാനുഷ്ടാനങ്ങളനുസരിച്ച് നിസ്സഹായരായി വഴങ്ങുന്നവരാക്കാനും സഹായിച്ചു. പുനര്‍ ജന്മം അധകൃതരായവരെ അടിമകളാക്കാന്‍ ഒരു ഉപാധിയായും മാറി. ജനിക്കുമ്പോഴെ മുന്‍ജന്മ പാപത്തില്‍ ജീവിക്കുന്ന കീഴ്ജാതിക്കാര്‍ ജന്മ ജന്മാന്തരങ്ങളില്‍ക്കൂടിയെങ്കിലും പുനര്‍ ജന്മത്തെ ഒരു ആശ്വാസമായി കണ്ടു. കീഴ്ജാതിക്കാരും അവര്‍ക്കുണ്ടാകുന്ന കുട്ടികളും മൃഗങ്ങളെപ്പോലെ മേല്‍ജാതിക്കാര്‍ക്കു കീഴ്‌പ്പെട്ടു ജീവിക്കണമായിരുന്നു.

മൂന്നാം നൂറ്റാണ്ടില്‍ രചിച്ചതെന്നു വിശ്വസിക്കുന്ന മനുവിന്റെ നിയമങ്ങള്‍ ഇന്നും ഗുജറാത്ത് സര്‍വ്വകലാശാലയിലെ പാഠ പുസ്തകമാണ്. തൊഴിലടിസ്ഥാനമായ വര്‍ണ്ണ ജാതി വ്യവസ്ഥകള്‍ ഉത്തമമെന്നും പഠിപ്പിക്കുന്നു. തൊട്ടുകൂടായ്മയും താണ ജാതികളുടെ അശുദ്ധിയും സവര്‍ണ്ണ മേധാവിത്വവും ഭാരതത്തിന്റെ സംസ്ക്കാര പാരമ്പര്യവുമായി വിശേഷിപ്പിക്കുന്നു. ജാതി വ്യവസ്ഥകളനുസരിച്ച് താണ ജാതികള്‍ ജനിച്ചതു അവരുടെ മുന്‍ജന്മ പാപം കൊണ്ടെന്നും പഠിപ്പിക്കുന്നു. പാപ പരിഹാരത്തിനായി ഉയര്‍ന്ന ജാതികള്‍ക്ക് താണവരെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്യാം. താണ ജാതിക്കാരുടെ പെണ്‍ക്കുട്ടികളെ ലൈംഗിക ഭോഗം ചെയ്യുന്നതിന് ഉന്നത ജാതികള്‍ക്ക് തൊട്ടുകൂടായ്മ പ്രശ്‌നവുമല്ല. മനുഷ്യന്‍ മനുഷ്യനെ നിന്ദിക്കാനും ചെളിയിലും മാലിന്യത്തിലും പണിയെടുപ്പിക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും മനുസ്മൃതിയിലുള്ള സാമൂഹിക വിവേചനങ്ങള്‍ ആധികാരികമായി യുവ തലമുറകളെ പഠിപ്പിക്കുന്നു.

ഇന്ത്യന്‍ ജനതയില്‍ പതിനേഴു ശതമാനത്തോളം ദളിതരുണ്ട്. എന്നാല്‍ രാജ്യത്തുള്ള വിഭവങ്ങളുടെ പങ്ക് ദളിതര്‍ക്കു ലഭിക്കുന്നത് അഞ്ചു ശതമാനം മാത്രവുമാണ്. പകുതിയിലധികം ദളിതജനം കഴിയുന്നത്­ ദാരിദ്ര്യ രേഖയ്ക്ക് താഴെയും. അവരില്‍ അറുപത്തി രണ്ടു ശതമാനം വിദ്യാഹീനരുമാണ്. ഭൂരിഭാഗവും ഭൂമിയില്ലാതെ മറ്റുള്ളവരുടെ ഭൂമിയില്‍ പാട്ടത്തിനു കൃഷി ചെയ്തു ജീവിക്കുന്നു. പത്തു ശതമാനം ജനങ്ങള്‍ക്കേ ശുദ്ധജലവും വൈദ്യുതി സൌകര്യങ്ങളും ലഭിക്കുന്നുള്ളൂ. കക്കൂസുകള്‍ തുറസ്സായ പുറംപ്രദേശങ്ങളും റയില്‍വേ പാളങ്ങളുടെ സമീപവുമായിരിക്കും. കൂടാതെ രാജ്യത്തിലെ കുറ്റ കൃത്യങ്ങള്‍ക്ക് എക്കാലവും ബലിയാടാകുന്നതും ദളിതരായിരിക്കും. ഭയം കൊണ്ട് ഉന്നത ജാതികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ദളിതര്‍ റിപ്പൊര്‍ട്ട് ചെയ്യുകയോ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാറില്ല. അഥവാ റിപ്പോര്‍ട്ട് ചെയ്താലും പണത്തിന്റെ പുറത്തു കേസുകള്‍ പോലീസു ചാര്‍ജു ചെയ്യുകയുമില്ല. പണത്തിന്റെ മേലില്‍ പരുന്തും പറക്കില്ലായെന്നു പറഞ്ഞപോലെ കോടതികളെ സ്വാധീനിച്ചുകൊണ്ട്­ കേസുകള്‍ തള്ളിയും ഇല്ലാതെയുമാക്കും. ദളിതര്‍ക്ക് നീതികിട്ടാത്ത ലക്ഷക്കണക്കിനു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും മാറ്റങ്ങളില്ലാതെ ദളിതര്‍ ഭാരതമാകെ തകര്‍ക്കപ്പെട്ട അധകൃത ജനതയായി ജീവിക്കുന്നു.

ഭാരതത്തില്‍ ദളിതരും അവരുടെ സ്ത്രീകളും നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളായിരുന്നു. ദളിത സ്ത്രീയായി ഭാരത മണ്ണില്‍ ഒരുവള്‍ ജനിച്ചാല്‍ പിന്നീടവരുടെ ജീവിതം യാതനകളില്‍ക്കൂടിയായിരിക്കും. ദുരിതങ്ങളും പീഡനങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരും. ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും തെരുവുകള്‍ വൃത്തിയാക്കുന്നത് ദളിത സ്ത്രീകളെന്നു കാണാം. മനുഷ്യന്‍ വിസര്‍ജിക്കുന്നതും മലമൂത്രങ്ങളും കൈകള്‍ കൊണ്ട് തൊട്ടിക്കുള്ളിലാക്കി തലയില്‍ വെച്ചുകൊണ്ട് പോകുന്ന കാഴ്ചകള്‍ ഇന്ത്യയിലെ ഉള്‍നാടുകളില്‍ ഇന്നും സാധാരണമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ തിളങ്ങുന്നുവെന്നു രാഷ്ട്രീയ നേതാക്കള്‍ ലോകത്തിന്റെ മുമ്പില്‍ പറഞ്ഞു കൊണ്ടിരിക്കും. ഇന്ത്യയുടെ ഇരുണ്ട ചരിത്ര വശങ്ങള്‍ പുറത്തു പറയുകയുമില്ല.

അധികാര ഗര്‍വ്വില്‍ ഓരോ പ്രദേശങ്ങളിലെ കാക്കി കുപ്പായങ്ങളണിഞ്ഞ പോലീസുകാര്‍ പ്രതിഫലമില്ലാതെ എന്തു വൃത്തികെട്ട ജോലി ചെയ്യാന്‍ ദളിതരോട് ആവശ്യപ്പെട്ടാലും പീഡനങ്ങള്‍ ഭയന്ന് ദളിതര്‍ അവരെ അനുസരിക്കാറുണ്ട്. അനാഥമായി തള്ളി നീക്കുന്ന ചീഞ്ഞളിഞ്ഞ ശവ ശരീരങ്ങള്‍ വരെ മാറ്റേണ്ട ചുമതലകളും ദളിതര്‍ക്കുള്ളതാണ്. നിഷേധിക്കാന്‍ അവര്‍ക്ക് അവകാശമില്ല. കയ്യുറകള്‍ ധരിക്കാതെ നഗ്‌നമായ കൈകള്‍ കൊണ്ട് ഓടയിലെ ഒഴുകുന്ന മലിന വസ്തുക്കളും വൃത്തിയാക്കുന്നു. തൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷിതത്വവും ഭദ്രതയും നിയമങ്ങളില്‍ അനുശാസിക്കുന്നുണ്ടെങ്കിലും തൊഴിലിനാവശ്യമായ വസ്ത്രങ്ങളോ, ഗ്ലൗസുകളൊ കോണ്‍ട്രാക്റ്റര്‍മാര്‍ അവര്‍ക്കു നല്കാറില്ല. സര്‍ക്കാരില്‍ നിന്നും നിയമം തെറ്റിക്കുന്ന കോണ്‍ട്രാക്ടര്‍മാരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്­താല്‍ ചോദ്യം ചെയ്യുന്നവര്‍ക്ക് കൈനീട്ടം കിട്ടുമ്പോള്‍ അവര്‍ തൃപ്തരാകും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ സൗജന്യമായി വൃത്തിയാക്കി കൊടുത്തുകൊണ്ട് ദളിതരെ ചൂഷണം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ദാരിദ്ര്യവും താണവരെന്ന ജാതിയുമാണ് അവരെ ഇത്തരം ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

'ദളിത്­' എന്ന വാക്ക് 'ദാല്‍' എന്ന സംസ്കൃത പദത്തില്‍ നിന്നും ഭേദഗതി വരുത്തി വന്നതാണ്. തകര്‍ന്ന ജാതികളെന്നും ദളിതെന്ന പദത്തിനു അര്‍ത്ഥം കല്പ്പിച്ചിരിക്കുന്നു. ശബ്ദിക്കാന്‍ അവകാശമില്ലാതെ അടിച്ചമര്‍ത്തപ്പെട്ട തലമുറകളായി ഹൃദയം തകര്‍ന്ന ഹതാശയരായ ഒരു ജനതയായിരുന്നു അവര്‍. അവരെ 'തൊട്ടുകൂടാ' ജാതികളെന്നും പറയും. ഹിന്ദു വര്‍ണ്ണ വ്യവസ്ഥയിലെ ചതുര്‍ വര്‍ണ്ണത്തിനു വെളിയിലുള്ള അഞ്ചാം തരക്കാരായി അവരെ കരുതുന്നു.


ബ്രാഹ്മണരല്ലാത്തവരുടെ സംഘടനയായ 'സത്യ ഷോതക് സമാജം' സ്ഥാപിച്ച ' ജ്യോതിബ ഫുലെ' ആദ്യമായി 'ദളിത്' എന്ന പദം പൊതുജനമദ്ധ്യേ അവതരിപ്പിച്ചതായി കരുതുന്നു. വര്‍ണ്ണാശ്രമത്തിനു പുറത്തുള്ളവരെയും ചതുര്‍ വര്‍ണ്ണ വ്യവസ്ഥകളുടെ ബലിയാടായവരെയും തൊട്ടുകൂടാ ജാതികളെയും ദളിതരെന്ന സംജ്ഞയില്‍ സമൂഹത്തിലറിയപ്പെടാന്‍ തുടങ്ങി. 1919­ല്‍ ബ്രിട്ടീഷ്കാര്‍ ഇവരെ അവശ ജാതികളെന്നു വിളിച്ചിരുന്നു. ദൈവത്തിന്റെ മക്കളെന്നുള്ള അര്‍ത്ഥത്തില്‍ ഗാന്ധിജി ഹരിജനങ്ങളെന്നും വിളിച്ചു. ഗാന്ധിജിയുടെ ഹരിജനെന്ന വിളി അംബേദ്ക്കര്‍ക്ക്­ സ്വീകാര്യമായിരുന്നില്ല. അവശരായ ഹിന്ദുക്കള്‍ക്ക് പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പു സമ്പ്രദായം വേണമെന്നും അവരെ പ്രതിഷേധ (ജൃീലേേെമി)േ ഹിന്ദുക്കളെന്നു വിളിക്കണമെന്നും അംബേദ്ക്കര്‍ ആവശ്യപ്പെട്ടു.1935­ല്‍ ബ്രിട്ടീഷ്­ സര്‍ക്കാര്‍ അവരെ ഷെഡ്യൂള്‍ ക്ലാസ്സെന്നു തരം തിരിച്ചു.

1970­കളില്‍ മഹാരാഷ്ട്രയില്‍ 'ദളിത കരിംപുലി'കളെന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന 'ദളിത്' എന്ന വാക്ക് ഇന്ത്യാ മുഴുവനായി വ്യാപിപ്പിക്കാന്‍ ഇടയാക്കി. ഇന്ന് എല്ലാ ജാതികളിലുമുള്ള അവശരായ അവര്‍ണ്ണ ജാതികള്‍ ദളിതരെന്ന പേരില്‍ അറിയപ്പെടുന്നു. അവരുടെ പ്രതിഷേധ റാലികളിലും ഈ വാക്കാണ്­ ഉപയോഗിക്കുന്നത്. വര്‍ണ്ണ വ്യവസ്ഥയനുസരിച്ച് ദളിതരെ താണ ജാതികളായി കണക്കാക്കുന്നു. താണ നിലവാരമുള്ള തൊഴിലുകളും അശുദ്ധിയും കല്പ്പിച്ചുകൊണ്ട് അവരെ വര്‍ണ്ണാശ്രമ ധര്‍മ്മത്തിന് പുറത്താണ് നിറുത്തിയിരിക്കുന്നത്­. ചതുര്‍വര്‍ണ്ണത്തില്‍ പെടാത്തതുകൊണ്ട് പഞ്ചമ ജാതികളെന്നും വിളിക്കും. ചരിത്രാദി കാലം മുതല്‍ അവര്‍ ഭാരതത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയായായിരുന്നു. മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന സങ്കുചിത ചിന്താഗതി ഇന്നും പിന്തുടരുന്നു. മനുഷ്യ ശരീരങ്ങള്‍ കുഴിച്ചിടുകയും ഓടയിലൂടെ ഒഴുകുന്ന മലിനവസ്­തുക്കളും കക്കൂസുകളും ! വൃത്തിയാക്കുകയും പാടത്തു പണിയുകയും അവരുടെ തൊഴിലുകളായി കരുതുന്നു. അവരുടെ അഭിമാനത്തിനും മാന്യതയ്ക്കും ഉയര്‍ന്ന കുലജാതികള്‍ മുറിവുകളുണ്ടാക്കിയിരുന്നു. നിന്ദ്യമായ പെരുമാറ്റങ്ങളില്‍ക്കൂടി അവരെ ഉയര്‍ന്ന ജാതികള്‍ പീഡിപ്പിച്ചു കൊണ്ടിരുന്നു. അവര്‍ തൊട്ടുകൂടാ ജാതികളായിരുന്നതു കൊണ്ട് ആരെങ്കിലും അവരെ സ്പര്‍ശിച്ചാല്‍ അവരും അശുദ്ധരാകുമായിരുന്നു. മറ്റുള്ള ഉയര്‍ന്ന ജാതികളില്‍ പിറന്ന കുട്ടികള്‍ അശുദ്ധരാകാതിരിക്കാന്‍ തൊട്ടുകൂടാ ജാതികള്‍ക്ക് സ്കൂളുകളും അമ്പലങ്ങളും പൊതുവഴികളും നിഷേധിച്ചിരുന്നു.

ഇന്നും ദളിതര്‍ക്ക്­ താമസിക്കാനായി ഭാരതമൊട്ടാകെ പ്രത്യേക ഗ്രാമങ്ങളും കുടിവെള്ളത്തിനായി കിണറുകളുമുണ്ട്. സ്കൂളില്‍ ക്ലാസ് മുറികളില്‍ ദളിത കുട്ടികള്‍ പ്രത്യേക സ്ഥലത്തിരിക്കണം. ചായക്കടകളില്‍ ദളിതര്‍ക്കിരിക്കാന്‍ വേര്‍തിരിച്ച സ്ഥലങ്ങളുണ്ട്. അത്തരം പെരുമാറ്റങ്ങള്‍ ഭാരതത്തിലെ നിയമങ്ങള്‍ക്കെതിരാണെങ്കിലും ഉയര്‍ന്ന ജാതികള്‍ നിയമങ്ങള്‍ക്കൊന്നും യാതൊരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. നൂറ്റാണ്ടുകളായുള്ള ദളിതര്‍ക്കെതിരെയുള്ള വിവേചനം അവരെ നിത്യ ദരിദ്ര ജനതയാക്കി മാറ്റിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലും ദാരിദ്ര്യമാണ് ദളിതരുടെ മുഖ്യ പ്രശ്‌നവും. ഉന്നത ജാതികളില്‍ നിന്നുമുള്ള പീഡനത്തില്‍ അസഹ്യരായ ദളിതരില്‍ അനേക ജനങ്ങള്‍ ബുദ്ധ മതവും ഇസ്ലാമിക, ക്രിസ്തു മതവും സിക്കു മതവും സ്വീകരിച്ചു. നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു അവര്‍ മതം മാറിക്കൊണ്ടിരുന്നത്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ദേശീയതയോ മാര്‍ക്‌സിസമോ, ജനായത്ത ഭരണ സിദ്ധാന്തങ്ങളോ വര്‍ണ്ണ വിവേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണില്ലെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചിരുന്നു. ക്രിസ്തുമതവും ഇസ്ലാം മതവും അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നു. കാരണം ഈ മതങ്ങള്‍ കാര്യമായി വര്‍ണ്ണ വ്യവസ്ഥകള്‍ക്കെതിരെ പോരാടിയിട്ടില്ലായിരുന്നു. ലക്ഷക്കണക്കിന് ദളിതരുമായി അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നു. ബുദ്ധന്‍ ഭാവന കണ്ടത് വര്‍ണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹത്തെയായിരുന്നുവെന്നു അംബേദ്ക്കര്‍ വിശ്വസിച്ചിരുന്നു.

തൊട്ടുകൂടായമയുടെ ചരിത്രം ക്രിസ്തുവിനുമുമ്പ് ആര്യന്മാരുടെ കുടിയേറ്റ ചരിത്രം മുതല്‍ കണക്കാക്കാം. ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചെന്നു ബ്രിട്ടീഷ് ചരിത്രകാരും ഭാരതീയ ചരിത്രകാരും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആര്യ കുടിയേറ്റത്തില്‍ അങ്ങനെയൊരു ചരിത്രം തെളിയിക്കാന്‍ സാധിക്കുകയില്ല. അംബേദ്­ക്കറും അങ്ങനെയൊരു ചരിത്രം ബ്രിട്ടീഷ് സൃഷ്ടിയെന്നു വിശ്വസിച്ചിരുന്നു. ആര്യന്മാര്‍ ദേശീയരായവരെ, അവരുടെ സംസ്ക്കാര പാരമ്പര്യങ്ങളെ വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്­. ദേശീയരായവരില്‍ ചിലര്‍ കാട്ടില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഭൂരിഭാഗവും ആര്യന്‍ സമൂഹത്തിനു അടിമപ്പെട്ടുകൊണ്ട് താണ ജാതിക്കാരായി ജീവിക്കുകയായിരുന്നു. വേദ കാലങ്ങളില്‍ കാട്ടില്‍ നിന്നു രക്ഷപ്പെട്ടവരെ ചണ്ഡാളന്മാരെന്നു വിളിച്ചിരുന്നു.

ബ്രഹ്മാവിന്റെ വായില്‍ നിന്നും തുടകളില്‍ നിന്നും കൈകളില്‍ നിന്നും പാദങ്ങളില്‍ നിന്നും ചതുര്‍ വര്‍ണ്ണ ജാതികള്‍ ഉണ്ടായിയെന്നുള്ള മനൂവിയന്‍ തത്ത്വങ്ങള്‍ ബ്രാഹ്മണ ജാതികള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ചതുര്‍ വര്‍ണ്ണത്തില്‍പ്പെടാത്തവര്‍ തീണ്ടല്‍ ജാതിക്കാരായി ബ്രാഹ്മണര്‍ താണ ജാതികളുടെ മനസ്സില്‍ കുത്തിക്കുറിച്ചു. വര്‍ണ്ണാശ്രമത്തിലെ നാലു ജാതികള്‍ ദൈവികമായി ഉണ്ടായിയെന്നും മറ്റുള്ളവര്‍ നിയമപരമല്ലാതെ ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ നടത്തിയതുകൊണ്ട് അവര്‍ണ്ണ ജാതികളുണ്ടായിയെന്നും ഉയര്‍ന്ന ജാതികള്‍ പ്രചരിപ്പിക്കാനും തുടങ്ങി. ചണ്ഡാളന്മാര്‍ ബ്രാഹ്മണ സ്ത്രീകളില്‍ നിന്നും ശുദ്ര പുരുഷന്മാരില്‍ നിന്നും ജനിച്ചവരെന്ന തത്ത്വവും ബ്രാഹ്മണര്‍ സൃഷ്ടിച്ചു.

ചരിത്രത്തിലാദ്യം വര്‍ഗ വിവേചനത്തെ എതിര്‍ത്തവര്‍ ശ്രീ ബുദ്ധനും മഹാവീരനുമെന്നു വിശ്വസിക്കുന്നു. മദ്ധ്യകാലഘട്ടത്തിലുള്ള ഭക്തി മാര്‍ഗങ്ങള്‍ ഹിന്ദു മതത്തിന്റെ നവോത്വാന ചരിത്രമായി കണക്കാക്കുന്നു. രാമാനുജയുടെ പ്രവര്‍ത്തനങ്ങളില്‍ ദളിതരെയും പങ്കെടുപ്പിച്ചിരുന്നു. ദളിത ശിക്ഷ്യഗണങ്ങളെയും രാമാനുജാ പരസ്യമായി അമ്പലത്തില്‍ കൊണ്ടുപോയിരുന്നു. ദളിതനായ 'നമ്മാല്‍വരനെ' വേദങ്ങളുടെ പ്രചാരകനായും താത്ത്വിക സംഘടനകളുടെ നേതാവായും അദ്ദേഹം നിയമിച്ചു. ദ്രാവിഡ വേദങ്ങളെപ്പറ്റി 'നമ്മാല്‍വരന്‍' കൃതികള്‍ രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രഹ്മസമാജവും ആര്യസമാജവും രാമകൃഷ്ണാ മിഷ്യനും ദളിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പഞ്ചാബിലെ ദളിത ഗുരുവായ 'ഘാസിദാസെന്നു' പേരുള്ള ദളിത മഹാന്‍ 'സത്‌നാമി' എന്ന പേരില്‍ ഒരു ദളിത ക്ഷേമ സംഘടന സ്ഥാപിച്ചു. ഗുരു രവിദാസും ദളിതനായിരുന്നു. ദളിതരെ മതം മാറ്റി 'ജിയാനി ദിത്ത് സിംഗ്' പഞ്ചാബില്‍ ദളിതര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ജ്യോതി ഫുലെ, കേരളത്തിലെ അയ്യങ്കാളി, തമിഴ് നാട്ടിലെ യോതി താസ് മുതലായവര്‍ ദളിതരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകരാണ്. 1928­ല്‍ ഉന്നത ജാതിയില്‍ പിറന്ന 'ലക്ഷ്മി നാരായന്‍' ദളിതര്‍ക്കായി ഒരു അമ്പലം വാര്‍ദ്ധായില്‍ തുറന്നു കൊടുത്തു. 1936­ല്‍ തിരുവിതാംകൂര്‍ രാജാവ് ദളിതര്‍ക്കായി അമ്പല പ്രവേശനത്തിനുള്ള രാജ വിളംബരം ചെയ്തു. ഗാന്ധിജി ദളിതരെ സഹായിക്കാന്‍ ഹരിജന യാത്ര നടത്തിക്കൊണ്ടിരുന്നു.

ഇന്ത്യാ സര്‍ക്കാര്‍ 1995 മാര്‍ച്ച്­ മുപ്പത്തിയൊന്നാം തിയതി ദളിതരുടെ മേലുള്ള പീഡനങ്ങളും കയ്യേറ്റങ്ങളും തടയാന്‍ പ്രത്യേകമായ നിയമം പാസാക്കിയിട്ടുണ്ട്. 1932­ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ദളിതരുടെ ക്ഷേമത്തിനായും അവരുടെ നേതാക്കന്മാരെ തെരഞ്ഞെടുക്കാനും പ്രത്യേക സമ്മതിദായകവകാശവും നിയോജക മണ്ഡലവും വാഗ്ദാനം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി ആ തീരുമാനത്തെ എതിര്‍ത്തു. പൂനാ പദ്ധതി പ്രകാരം അംബെദ്ക്കറുമായി ചര്‍ച്ചകളില്‍ക്കൂടി ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. 1947­ല്‍ സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ദളിതര്‍ക്ക് വിദ്യാഭ്യാസ സൌകര്യങ്ങളിലും ജോലികളിലും മുന്‍ഗണന നല്കി വരുന്നു. 1997­ല്‍ ദളിതനായ കെ.ആര്‍ നാരായണനെ ഇന്ത്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തുകൊണ്ട് ഒരു ചരിത്രനിയോഗം കുറിച്ചു. നാലാം തരമുള്ള സര്‍ക്കാര്‍ ജോലികളിലെ തൊഴില്‍ മേഖലകളില്‍ പതിനെട്ടു ശതമാനത്തോളം ദളിതര്‍ വഹിക്കുന്നു. അനേക സാമൂഹിക സംഘടനകള്‍ ദളിതരുടെ ക്ഷേമാന്വേഷണത്തിനായും ആരോഗ്യ സംരക്ഷണത്തിനായും വിദ്യാഭ്യാസ പുരോഗമനത്തിനായും തൊഴിലവസരങ്ങള്‍ക്കായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വര്‍ഗ വിവേചനവും തൊട്ടു കൂടായ്മയും നിയമത്തിനെതിരെങ്കിലും ഇന്നും ആ പ്രാകൃത ചിന്താഗതികള്‍ ഉന്നത ജാതികള്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്നതും ഈ നൂറ്റാണ്ടിനു തന്നെ ഒരു അപമാനവുമാണ്. (തുടരും)

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code