Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വ്‌ളാഡിമര്‍ പുടിനും നവീകരണ റഷ്യയും റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 14-അവസാന ഭാഗം)   - ജോസഫ് പടന്നമാക്കല്‍

Picture

റഷ്യയുടെ പ്രസിഡണ്ട് 'വ്‌ലാഡിമിര്‍ പുടിന്‍' ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകമറിയപ്പെടുന്ന ശക്തനായ നേതാവും ബൃഹത്തായ ഒരു രാഷ്ട്രത്തിന്റെ അധിപനും നൂറ്റി നാല്പ്പത്തിമൂന്നു മില്ല്യന്‍ ജനങ്ങളുടെ ഭരണകര്‍ത്താവുമാണ്. ഭൂമി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി പുടിനെ അമേരിക്കയിലെ ഫോര്‍ബ്‌സ് ബിസിനസ് മാഗസിന്‍ ചിത്രികരിച്ചിരിക്കുന്നു. പുടിന്റെ നയപരിപാടികളെയും പ്രവര്‍ത്തന മണ്ഡലങ്ങളെയും അനുകൂലിക്കുന്ന ജനത്തിന് അദ്ദേഹം രാജ്യത്തിന്റെ രക്ഷകനും എതിരാളികള്‍ക്ക് ഏകാധിപതിയുമാണ്. അതിരില്ലാത്ത ആയുധ ന്യൂക്ലിയര്‍ ശേഖരങ്ങളും വമ്പിച്ച പ്രകൃതി വിഭവങ്ങളും അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലെന്നതും ലോക ശ്രദ്ധയ്ക്ക് കാരണങ്ങളായി കരുതുന്നു.

1952 ഒക്ടോബര്‍ ഏഴാംതിയതി വ്‌ലാഡിമര്‍ പുടിന്‍ റഷ്യയിലെ ലെനിന്‍ ഗ്രാഡില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. റഷ്യന്‍ രഹസ്യാന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥന്‍, മേധാവി, രാഷ്ട്ര തന്ത്രജ്ഞന്‍, 1999 മുതല്‍ റഷ്യന്‍ പ്രസിഡണ്ട്, പ്രധാന മന്ത്രി എന്നീ നിലകളില്‍ വ്‌ലാഡിമര്‍ പുടിന്‍ അറിയപ്പെടുന്നു. നായാട്ടിലും കുതിരസവാരിയിലും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കലിലും മീന്‍ പിടിക്കലിലും താല്പര്യപ്പെട്ടിരുന്നു. പുടിന്റെ അമ്മ 'മരിയാ ഷെലോമോവ ' സാധുക്കളോട് സഹാനുഭൂതിയും അനുകമ്പയുമുള്ളവരായിരുന്നു. പുടിന്‍ ഒഴിവു സമയങ്ങളില്‍ ജൂഡോയും കരാട്ടിയും പഠിക്കുന്നതിന് അമ്മയ്‌ക്കെന്നും എതിര്‍പ്പായിരുന്നു. പിന്നീട് ജൂഡോയില്‍ മകന്‍ പ്രസിദ്ധനായി കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ മകന്റെ ഉയര്‍ച്ചയില്‍ അഭിമാനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് സീനിയര്‍ വ്‌ലാഡിമര്‍ 'പുടിന്‍' ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം 1950 കളില്‍ സെക്ക്യൂരിറ്റിയായും ഫോര്‍മാനായും ജോലി ചെയ്തു. ലോക മഹാ യുദ്ധ കാലത്ത് ജന ജീവിതം ദുരിതവും കഷ്ടപ്പാട് നിറഞ്ഞതുമായിരുന്നു. പഞ്ഞവും പടയും വസന്തയും നാടാകെ വ്യാപിച്ച് ജനജീവിതം പൊറുതി മുട്ടിയിരുന്നു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ജീവിതം കഠിനമായിരുന്നതിനാല്‍ പുടിന്‍ കുടുംബം പോമിനോവോയെന്ന ഗ്രാമ പ്രദേശത്തെയ്ക്ക് മാറിത്താമസിച്ചു.

1985ല്‍ വ്‌ലാഡിമര്‍ 'പുടിന്‍' ഈസ്റ്റ് ജര്‍മ്മനിയ്ക്ക് പോവുകയും 1990 വരെ അവിടെ ജോലി ചെയ്യുകയും ചെയ്തു. ഈസ്റ്റ് ജര്‍മ്മനിയ്ക്ക് പോവുന്നതിനു മുമ്പ് അതിപ്രധാനമായ മറ്റൊരു സംഭവവും നടന്നു. അദ്ദേഹം എയര്‍ ഹോസ്റ്റസായിരുന്ന 'ല്യൂഡ്മിലാ' എന്ന പെണ്‍കുട്ടിയെ 1983 ജൂലൈ ഇരുപത്തിയെട്ടാം തിയതി വിവാഹം ചെയ്തു. അവര്‍ മൂന്നു വര്‍ഷത്തോളം സൗഹാര്‍ദ്ദ ബന്ധത്തിലായിരുന്നു. യാദൃശ്ചികമായി, ഒരു കൂട്ടുകാരന്‍ വഴിയാണ് അവര്‍ തമ്മില്‍ കണ്ടു മുട്ടിയത്. 1985ല്‍ അവരുടെ ആദ്യത്തെ പെണ്‍കുട്ടി മരിയായും 1986ല്‍ രണ്ടാമത്തെ പെണ്‍കുട്ടി കത്രീനയും ജനിച്ചു. 'പുടിന്‍' ലോകത്തിലുള്ള എല്ലാ അപ്പന്മാരെക്കാളും കുട്ടികളെ സ്‌നേഹിക്കുന്നുവെന്നും താന്‍ കുട്ടികളെ ശിക്ഷണം പഠിപ്പിക്കുമ്പോള്‍ അദ്ദേഹം കുട്ടികളെ കൊഞ്ചിച്ചു വഷളാക്കിയെന്നും കുട്ടികളുടെ അമ്മ 'ല്യൂഡ് മിലാ' പറയാറുണ്ട്. പുടിനെ ഒരു ജോലി ഭ്രാന്തനെന്ന് ല്യൂഡ്മിലാ വിശേഷിപ്പിക്കുമായിരുന്നു. മുപ്പതു വര്‍ഷത്തെ വൈവാഹിക ജീവിതത്തിനുശേഷം ഇവര്‍ രണ്ടു പേരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നടത്തിയിരുന്നു.

പുടിന്‍, ലെനിന്‍ ഗ്രാഡ് സ്‌റ്റേറ്റ് യൂണിവേഴ് സിറ്റിയില്‍ നിയമം പഠിച്ച് ബിരുദം നേടിയ ശേഷം റഷ്യയുടെ രഹസ്യാന്വേഷണ സംഘടനയായ കെ.ജി.ബി. യില്‍ പതിനഞ്ചു വര്‍ഷം ജോലി ചെയ്തു. കേണല്‍ റാങ്കില്‍ അവിടെനിന്നു വിരമിച്ചു. പിന്നീട് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ തെരഞ്ഞെടുത്ത ആദ്യത്തെ മേയറായി.1998 ജൂലൈയില്‍ ബോറീസ് യെല്‍സിന്‍ അദ്ദേഹത്തെ ഫെഡറല്‍ സെക്ക്യൂരിറ്റി സര്‍വീസ് ഡയറക്റ്ററായും 1999ല്‍ പ്രധാനമന്ത്രിയായും നിയമിച്ചു. അതുവരെ പൊതുജന മദ്ധ്യത്തില്‍ പ്രശസ്തനല്ലാതിരുന്ന അദ്ദേഹം ചെച്ചന്യായില്‍ നടന്ന പട്ടാളയിടപെടലില്‍ വിജയം കൈവരിച്ചുകൊണ്ട് ജനസമ്മതനായി തീര്‍ന്നു. യെല്‌സിന്റെ ഭരണ പരാജയങ്ങളിലും തെറ്റായ രാജ്യഭരണ നയങ്ങളിലും ജനങ്ങള്‍ അതൃപ്തരായിരുന്നു. സോവിയറ്റ് നാട് മുഴുവന്‍ അരാജകത്വത്തിലും സാമ്പത്തിക തകര്‍ച്ചയിലുമായിരുന്നു..

1999 ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതി യെല്‍സിന്‍ തന്റെ ഭരണ കാര്യങ്ങളില്‍നിന്നും രാജി വെക്കുന്ന വിവരം അപ്രതീക്ഷിതമായി രാജ്യത്തെ അറിയിച്ചു. പുടിനെ താല്ക്കാലിക പ്രസിഡണ്ടായി നിയമിച്ചുകൊണ്ടുള്ള വിളംബരവും ചെയ്തു. നാശത്തിലേക്ക് കുതിക്കുന്ന റഷ്യയെ പുനര്‍നിര്‍മ്മാണം ചെയ്യുമെന്ന വാഗ്ദാനങ്ങളുമായി അമ്പത്തി മൂന്നു ശതമാനം ജനവോട്ടോടുകൂടി പുടിന്‍ 2000 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പ്രസിഡന്‍റെന്ന നിലയില്‍ അഴിമതി നിവാരണം അദ്ദേഹത്തിന്‍റെ മുഖ്യ അജണ്ടയായിരുന്നു. സര്‍ക്കാറിന്റെ കുത്തക അവസാനിപ്പിച്ച് വ്യക്തികളും പ്രസ്ഥാനങ്ങളുമടങ്ങിയ മാര്‍ക്കറ്റ് ധനതത്വ ശാസ്ത്രവും അതിനായുള്ള നിയമങ്ങളുമുണ്ടാക്കി. മീഡിയാകളുടെ കുത്തക അവസാനിപ്പിച്ച് സ്വതന്ത്രമായി പത്ര സ്വാതന്ത്ര്യം അനുവദിച്ചു. കാര്യനിര്‍വഹണങ്ങള്‍ക്കായി റഷ്യയുടെ 89 പ്രവശ്യകളെ ഏഴു ഫെഡറല്‍ ഡിസ്ട്രിക്റ്റുകളായി തിരിച്ച് ഓരോ ഡിസ്ട്രിക്റ്റിലും പ്രസിഡണ്ട് നേരിട്ടു പ്രതിനിധികളെ നിയമിക്കുന്ന നിയമവുമുണ്ടാക്കി. റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിമണ്ഡലമായ ഫെഡറല്‍ കൌണ്‍സിലില്‍ ഗവര്‍ണ്ണര്‍മാര്‍ക്കും ഇരിക്കാനുള്ള അവകാശം എടുത്തു കളഞ്ഞു. രാജ്യത്തിലെ കുത്തക ബാങ്കിംഗ് സ്ഥാപനങ്ങളുടെ അധികാരം കുറച്ചുകൊണ്ടു പ്രമുഖരായ പലരുടെ പേരിലും ക്രിമിനല്‍ കേസുകളെടുത്തു. പ്രസിഡന്റെന്ന നിലയില്‍ ആദ്യ വര്‍ഷം തന്നെ എതിരാളികളെയും വിപ്ലവം നടത്തിയവരെയും അടിച്ചമര്‍ത്തിയത് പുടിന്റെ വിജയമായിരുന്നു. അദ്ദേഹത്തിന് ഭരണ തടസ്സമെന്നോണം നിര്‍ണ്ണായകമായ പ്രശ്‌നങ്ങളുണ്ടാക്കിയത് ചെച്ചന്യായിലായിരുന്നു. മോസ്‌ക്കോവരെ ഭീകരന്മാരുടെ വിളയാട്ടങ്ങളുണ്ടായി. ഗൊറില്ലാ രീതിയില്‍ പര്‍വത പ്രദേശങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്നും റഷ്യന്‍ പട്ടാളത്തെ ആക്രമിച്ചു കൊണ്ടിരുന്നു. 2002ല്‍ ഒളിപ്പോരുകാരെ നശിപ്പിക്കാന്‍ അവര്‍ക്കെതിരെ പട്ടാളത്തെ അയച്ചു. അനേക റഷ്യന്‍ പട്ടാളക്കാര്‍ ഗൊറില്ലാകളുടെ ആക്രമങ്ങളെ ചെറുത്തു നില്‍ക്കുന്നതിനിടയില്‍ മരണമടഞ്ഞു.

ഭാഷാ ചാതുര്യവും വാചാലനുമായ അദ്ദേഹം മാതൃഭാഷ കൂടാതെ ജര്‍മ്മനിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. ' നിങ്ങള്‍ നിയമിച്ച ഒരുവനെപ്പോലെ നിങ്ങളുടെ സേവകനായി എന്നെ കാണൂ'വെന്ന് അദ്ദേഹം റഷ്യന്‍ ജനതയോട് പറയുന്ന ഒരു പല്ലവിയാണ്. വളരെക്കാലം ജര്‍മ്മനിയില്‍ കെ.ജി. ബിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജര്‍മ്മനിയിലെ പ്രായോഗിക പരിശീലനം കാരണം ബെര്‍ലിനുമായി നല്ലയൊരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. മിതവാദികളായ പലരെയും പുടിന്റെ കെ.ജി.ബി യിലെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ അസ്വസ്ഥമാക്കുന്നുണ്ട്.അധികാരം കിട്ടി കഴിഞ്ഞ് മിതവാദികളെ ഭരണത്തില്‍നിന്നും പുറത്താക്കുന്ന ഒരു നയമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. തീവ്രവാദികളെയൊ നിഷ്പക്ഷമായിട്ടുള്ളവരെയോ അവരുടെ സ്ഥാനത്തു നിയമിക്കുന്നു. സുപ്രധാനങ്ങളായ തീരുമാനങ്ങളെടുക്കുമ്പോള്‍ ക്രിയാത്മകമായ ചിന്തകളില്ലാതെ 'അതെ' 'യതെ 'യെന്നു പറയുന്നവരെ അദ്ദേഹം ഭരണ കാര്യങ്ങളില്‍ പങ്കു കൊള്ളിപ്പിക്കാറില്ല. കുര്‍സ്ക്കിലെ സബ്മറയിന്‍ ദുരന്തം സംഭവിച്ചത് ആദ്യതവണ അദ്ദേഹം പ്രസിഡണ്ടായ കാലഘട്ടത്തിലായിരുന്നു. റഷ്യയുടെ ദേശീയഗാനം പരിഷ്ക്കരിക്കുകയും പുതിയ വാക്കുകളോടെ ഗാനം ഇമ്പമാക്കുകയും ചെയ്തു. 2003ലെ പൊതുതെരഞ്ഞെടുപ്പില്‍ പുടിനും അനുയായികള്‍ക്കും പാര്‍ലമെന്റ് നിയന്ത്രണം ലഭിച്ചു. 2006ല്‍ റഷ്യയിലെ ഏറ്റവും ധനികനായ മൈക്കില്‍ കോഡോര്‍കോവ്‌സ്കിയെ നികുതി വെട്ടിച്ചതിനു ജയിലില്‍ അടച്ചു.

ആധുനിക റഷ്യയിലെ ശക്തനായ ഒരു നേതാവായി വ്‌ലാഡിമിര്‍ പുടിനെ കണക്കാക്കുന്നു. തികഞ്ഞ വ്യക്തിപ്രഭാവനായ അദ്ദേഹം ആഗോള തലത്തിലും ഇതിനോടകം പ്രശംസകളും കീര്‍ത്തികളും നേടി കഴിഞ്ഞിരിക്കുന്നു. ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിലെ വിഭവങ്ങള്‍ ശരിയായി വിനിയോഗിച്ചുകൊണ്ട് റഷ്യയെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ബോറീസ് യെല്‌സിന്റെ ഭരണം റഷ്യന്‍ ജനത മടുത്തു കഴിഞ്ഞിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങളില്‍ റഷ്യയെ ശക്തമാക്കാനും രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാനും പുടിനു സാധിച്ചു. എങ്കിലും രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരുന്ന നീണ്ടകാല പ്രശ്‌നങ്ങള്‍ക്ക് ശമനം വന്നിട്ടില്ല. വിലപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. അഴിമതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. റഷ്യയില്‍ നിന്നും പിരിഞ്ഞുകൊണ്ട് സ്വതന്ത്രമാകണമെന്ന് ചിന്തിക്കുന്ന സ്‌റ്റേറ്റുകള്‍ ഇന്നും ഭരണ കൂടത്തിനു അസമാധാനം നല്കുന്നു.

പുടിന്‍ തന്റെ അധികാരങ്ങള്‍ സ്വയം കുത്തകയാക്കാതെ സഹ പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുത്ത ഗവര്‍ണ്ണമാര്‍ക്കും പങ്കുവെച്ച് കാര്യക്ഷമതയോടെ ഭരണം നിര്‍വഹിക്കുന്നു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ബിസിനസ്സും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 'ബോറീസ് ബെരെസോവ്‌സ്കിയും' 'വ്‌ലാഡിമര്‍ ഗുസിസ്ക്കിയും' വന്‍കിട വ്യാവസായിക മുതലാളിമാരായി മാറി. സര്‍ക്കാരിനു നികുതി കൊടുക്കാതെ വെട്ടിപ്പ് നടത്തിയതുമൂലം അവര്‍ വിദേശത്ത് പിടികിട്ടാ പുള്ളികളായി കഴിയുന്നു. അഴിമതികളും നികുതി വെട്ടിപ്പും നടത്തി രാജ്യം മുഴുവന്‍ അരാജകത്വത്തിലുമായി. മിഖായേല്‍ കൊഡോര്‍കൊവ്‌സ്കി ഒരിയ്ക്കല്‍ റഷ്യയുടെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു. അദ്ദേഹം നികുതി വെട്ടിപ്പു നടത്തിയതിന് ഇന്ന് ജയിലിലുമാണ്.

സ്വതന്ത്രമായ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദനീയമെങ്കിലും വാര്‍ത്താ മീഡിയാകള്‍ സര്‍ക്കാരിനോടനുഭാവം കാണിക്കുന്നവര്‍ നിയന്ത്രിക്കുന്നു. സര്‍ക്കാരിന്റെ ഉടമയിലല്ലാത്ത വിദേശ ഫണ്ടുകള്‍ക്കും നിയന്ത്രണമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ടുകള്‍ രാജ്യത്ത് ഒഴുകുന്നത് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. വാഷിംഗ്ണ്ടന്റെ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ പുടിനും സഹകരണം നല്കുന്നു. 'ചെച്ചന്‍' വിഘടനത്തിനായി വിപ്ലവം നടത്തുന്നവരെ 'അല്കാഡാ' ഭീകരര്‍ക്ക് തുല്യമായി അദ്ദേഹം കരുതുന്നു.

1972ല്‍ റഷ്യയും അമേരിക്കയുമായി 'ആന്റി മിസൈയില്‍ സംബന്ധിച്ച ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു. പ്രസിഡണ്ട് ബുഷ് റഷ്യയുമായി ചര്‍ച്ചകള്‍ നടത്താതെ ആ കരാര്‍ റദ്ദാക്കിയതില്‍ പുടിന്‍ ശക്തമായ പ്രതിഷേധം അമേരിക്കയോട് രേഖപ്പെടുത്തി. 2011 ലെ അമേരിക്കയിലെ സെപ്റ്റംബര്‍ പതിനൊന്നാക്രമണത്തില്‍ റഷ്യയും സമാധാനം കാംഷിക്കുന്ന മറ്റു രാജ്യങ്ങളുമൊത്ത് ഭീകരതയ്‌ക്കെതിരെ ഒത്തൊരുമിച്ചു ചെറുത്തു നില്ക്കാന്‍ പ്രതിജ്ഞ ചെയ്തു. മാനുഷികപരമായി വിഭവങ്ങള്‍ വിതരണം ചെയ്യാനും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും റഷ്യയുടെ മുകളില്‍ക്കൂടി പറക്കാന്‍ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. ഇറാക്കില്‍ നിന്നും സദാം ഹുസയിനെ പുറത്താക്കുന്നതില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടുകളെ പുടിന്‍ ശക്തമായി എതിര്‍ത്തിരുന്നു.

1990 മുതല്‍ സാമ്പത്തികമായി തകര്‍ന്ന റഷ്യയെ കരകയറ്റി പുരോഗതി കൈവരിച്ചതും പുടിന്റെ നേട്ടമായിരുന്നു. എല്ലാ വിധത്തിലും ജനങ്ങളുടെ വിശ്വാസം നേടിയ അദ്ദേഹത്തെ 2004ലും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 2007ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യാ വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണമുറപ്പിച്ചു. അന്തര്‍ദേശീയ നിരീക്ഷകരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് നീതിപരമായിരുന്നില്ലെന്ന് പരാതികള്‍ മുഴക്കിയെങ്കിലും ഗൗനിക്കാതെ പുടിന്‍ തന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു. ഭരണഘടനയനുസരിച്ച് കാലാവധി തീര്‍ന്നപ്പോള്‍ പുടിന്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയെങ്കിലും ഡിമിട്രി മെഡ് വെദേവിനെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.

2008ല്‍ മെഡ് വെദെവ് വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും പുടിന്‍ യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. 2008 മെയ് ഏഴാം തിയതി മെഡ് വെദെവ് രാജ്യത്തിന്റെ പ്രസിഡണ്ടായി ചുമതലയെടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുടിനെ പ്രധാന മന്ത്രിയായി നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം തന്നെ റഷ്യയുടെ പാര്‍ലമെന്റ് പുടിന്റെ നിയമനം ശരി വെക്കുകയും ചെയ്തു. ഭരണപരമായി മെഡ് വെദെവിനു കൂടുതല്‍ അവകാശ വാദങ്ങളുണ്ടായിരുന്നെങ്കിലും ക്രംലിനിലെ പ്രധാന ഭരണാധികാരി പുടിന്‍ തന്നെയായിരുന്നു. മെഡ് വെദെവ് രണ്ടാം തവണയും പ്രസിഡണ്ടായി മത്സരിക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നെങ്കിലും 2011 സെപ്റ്റമ്പറില്‍ അദ്ദേഹം പുടിന് പിന്തുണ നല്‍കുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന് പ്രതിപക്ഷങ്ങള്‍ ആരോപിച്ചെങ്കിലും 2012 മാര്‍ച്ച് നാലാം തിയതി പുടിനെ മൂന്നാം തവണയും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പുടിന്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെയ്ക്കുകയും പകരം മെഡ് വെദെവിനു പാര്‍ട്ടിയുടെ നിയന്ത്രണം കൊടുക്കുകയും ചെയ്തു. 2012 മെയ് ഏഴാം തിയതി പ്രസിഡണ്ടായി ഉത്തരവാദിത്വം തുടങ്ങിയ ദിവസം മെഡ് വെദെവിനെ പ്രധാന മന്ത്രിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു.

യൂ എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ കോണ്‍ട്രാക്റ്ററായ 'എഡ്വേര്‍ഡ് സ്‌നോഡന്‍' ചില രഹസ്യ വിവരങ്ങള്‍ കൈമാറിയതിന് 2013ല്‍ റഷ്യയില്‍ അഭയം തേടിയിരുന്നു. അതിന്റെ പേരില്‍ റഷ്യയും അമേരിക്കയുമായി പ്രശ്‌നങ്ങളുണ്ടായി. അമേരിക്കയ്ക്ക് ഭാവിയില്‍ സ്‌നോഡന്‍ ദോഷങ്ങള്‍ വരുത്തില്ലായെന്ന ഉറപ്പിന്‍മേല്‍ 'സ്‌നോടനെ' പുടിന്‍ റഷ്യയില്‍ ജീവിക്കാന്‍ അനുവദിച്ചിരുന്നു. ആഗസ്റ്റ് 2013ല്‍ ഡമാസ്ക്കസ്സിനു സമീപം കെമിക്കലായുധങ്ങള്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായപ്പോള്‍ അമേരിക്ക പട്ടാളത്തെ അയച്ച് അവരുടെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ടിരുന്നു. സിറിയായുടെ കെമിക്കലായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്കയും റഷ്യയുമായി ഉടമ്പടിയുമുണ്ടാക്കി.

സോവിയറ്റ് നാടിന്റെ പതനശേഷം 2013 ഡിസംബര്‍ പതിമൂന്നാം തിയതി നടപ്പാക്കിയ ഭരണഘടനയുടെ ആഘോഷവേളയില്‍ പുടിന്‍ ഏകദേശം ജയിലില്‍ കിടക്കുന്ന 25000 പേരെ മോചിപ്പിച്ചു. ഓയില്‍ രാജാവായിരുന്ന 'മൈക്കായില്‍ ഖോടോര്‌കൊവ്‌സ്കിയ്ക്ക്' മാപ്പ് നല്കിക്കൊണ്ട് പതിറ്റാണ്ടുകള്‍ ജയിലില്‍ കിടന്ന അദ്ദേഹത്തെയും മോചിപ്പിച്ചു. ഖോടോര്‌കൊവ്‌സ്കിയെ ജയിലില്‍ അടച്ചത് രാഷ്ട്രീയ പ്രേരണയായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 2014 ഫെബ്രുവരിയില്‍ യുക്രെനിയന്‍ പ്രസിഡണ്ട് വിക്‌റ്റൊര്‍ യാനുകോവ്ക് സര്‍ക്കാരിനെ വിപ്ലവകാരികള്‍ പുറത്തു ചാടിച്ചപ്പോള്‍ അവിടെ നിന്നും രക്ഷപെട്ട അദ്ദേഹത്തിന് റഷ്യയില്‍ അഭയം കൊടുത്തു. കീവില്‍ താല്ക്കാലികമായി വന്ന സര്‍ക്കാരിനെ പുടിന്‍ അംഗീകരിച്ചില്ല. റഷ്യയുടെ താല്പര്യം സംരക്ഷിക്കാന്‍ അവിടെ പട്ടാളത്തെ അയക്കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടിയിരുന്നു. 2014 മാര്‍ച്ചില്‍ റഷ്യന്‍ പട്ടാളം യുക്രെയിനിലെ ഒരു സ്വതന്ത്ര രാജ്യമായ ക്രിമിയായുടെ നിയന്ത്രണം ഏറ്റെടുത്തു. അവിടുത്തെ ഹിതപരിശോധനയിലും ജനങ്ങളുടെ താല്പര്യം റഷ്യയോട് ചേരാനായിരുന്നു. യുക്രയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പിനുള്ള വ്യവസ്ഥകളടങ്ങിയ സമാധാന സന്ദേശങ്ങളുമായി പുടിന്‍ ലോക നേതാക്കന്മാരെ കണ്ടിരുന്നു.യുദ്ധത്തിനു ശമനം വന്നെങ്കിലും അതുമൂലമുണ്ടായ നാശ നഷ്ടങ്ങള്‍ അതിഗുരുതരമായിരുന്നു. യുണൈറ്റഡ് നാഷന്റെ കണക്കനുസരിച്ച് 8000 പേര്‍ കൊല്ലപ്പെടുകയും ഒന്നര മില്ല്യന്‍ ജനങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു. കണക്കില്ലാതെ ജനങ്ങള്‍ ഭവനരഹിതരാവുകയും മുറിവേല്ക്കുകയുമുണ്ടായി.

2015 സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി പുടിന്‍ യുണൈറ്റഡ് നാഷനില്‍ ചെയ്ത പ്രസംഗത്തില്‍ നാറ്റോയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ലോക സമാധാനത്തിനു ഭീഷണിയെന്നു പ്രസ്താവിക്കുകയുണ്ടായി. പുടിന്റെ ഈ പ്രസ്താവനയ്ക്ക് രണ്ടു ദിവസത്തിനു ശേഷം റഷ്യാ, 'സിറിയായുടെ' ആഭ്യന്തര യുദ്ധത്തില്‍ പങ്കു ചേര്‍ന്നു. സിറിയായുടെ ഐ സി എസ് അധിനിവേശ സ്ഥലങ്ങളായ ' ഹോംസും ഹാമാ' പട്ടണങ്ങള്‍ക്കും സമീപം റഷ്യാ ബോംബു ചെയ്തു. ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഭീകര വാദികളെ അമര്‍ച്ച ചെയ്യാനാണ് ബോംബു ചെയ്തതെന്നു റഷ്യാ അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ ഉദാസീനതയെ റഷ്യാ കുറ്റപ്പെടുത്തുന്നുമുണ്ട്.

കൃഷിക്കാരുടെ ക്ഷേമ കാര്യത്തിലും കൃഷിയുല്‍പ്പനന്ങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പുടിന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. റഷ്യാ ഇന്ന് ഭക്ഷ്യകാര്യത്തില്‍ 'സ്വയം പര്യാപ്തി' നേടിക്കൊണ്ടിരിക്കുന്നു. കൃഷിക്കാര്‍ക്ക് കൊടുത്ത പ്രോത്സാഹനവും അവരുടെ കഠിനപ്രയത്‌നവുമാണ് ഈ നേട്ടങ്ങള്‍ക്കു കാരണം. വന്‍തോതിലുള്ള കന്നുകാലി വളര്‍ത്തലും ഭക്ഷ്യവിഭവങ്ങളുടെ പ്രോസ്സസ്സിംഗ് കമ്പനികളും രാജ്യത്തിന്റെ ഉത്ഭാദന മേഖലകളെ പരിപോഷിപ്പിക്കുന്നു. പട്ടാളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷിണീയമായി കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും താമസിക്കാന്‍ വീടുകളും നല്കുന്നുണ്ട്. അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പുടിന്‍ നേരിട്ട് ശ്രദ്ധ പതിപ്പിക്കുന്നു.

മോസ്‌ക്കോയിലെ കൊളോമ്‌നായില്‍ അതിശക്തമായ തീപിടുത്തം മുലം വമ്പിച്ച നാശനഷ്ടങ്ങളും ആളപകടങ്ങളുമുണ്ടായി. വ്‌ലാഡിമര്‍ പുടിന്‍ നേരിട്ട് അവര്‍ക്കുള്ള സഹായ ഹസ്തങ്ങളുമായി രംഗത്തു വന്നു. വീടുകള്‍ പണിതു കൊടുക്കുകയും നഷ്ടപരിഹാരങ്ങള്‍ നല്കുകയും ചെയ്തു. പുടിന്‍ സ്വന്തം വീട്ടില്‍ നിന്നും വീടുപണികള്‍ ക്യാമറയില്‍ ക്കൂടി വീക്ഷിച്ചു കൊണ്ടിരുന്നു. 'ഞാന്‍ എന്തെങ്കിലും മനുഷ്യത്വപരമായി ചെയ്യുന്നുവെങ്കില്‍ എനിയ്ക്ക് അതിന്റെ പൂര്‍ണ്ണ ഫലം കാണുകയും നേരിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന്' അദ്ദേഹം പറയുന്നു. നിയമമനുസരിച്ച് 2018 ലും അദ്ദേഹത്തിനു പ്രസിഡണ്ടായി മത്സരിക്കാം. ഇനി അധികാരത്തിലില്ലെന്ന് പറയുന്നുണ്ടെങ്കിലും അടുത്ത പന്ത്രണ്ടു വര്‍ഷം കൂടി റഷ്യയെ അദ്ദേഹം നയിക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു.

ഭീകരന്മാര്‍ കയ്യടക്കി വെച്ചിരിക്കുന്ന സിറിയായിലെ 'റാക്കാ'യെന്ന പട്ടണം പിടിച്ചെടുക്കാന്‍ റഷ്യയുടെ ഒരു ലക്ഷത്തി അമ്പതിനായിരം പട്ടാളത്തെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഐ.എസ്.ഐ.എസ്. ഭീകരര്‍ റാക്കാ പട്ടണത്തെ അവരുടെ തലസ്ഥാന നഗരിയായി വിളംബരം ചെയ്തു കഴിഞ്ഞു. ഏകദേശം അയ്യായിരം ജിഹാദികള്‍ പട്ടണത്തിനു കാവല്‍ നില്പ്പുണ്ട്. പാരിസിലെ ഭീകരര്‍ നടത്തിയ ആക്രമണ ശേഷം ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ തകര്‍ക്കാര്‍ പടിഞ്ഞാറേ രാജ്യങ്ങളുമായി സഹകരിക്കാന്‍ പുടിന്‍ തയ്യാറെന്നു സൂചന നല്കി കഴിഞ്ഞു. ഫ്രാന്‍സില്‍ അടുത്തയിട നടന്ന ദുഃഖകരമായ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഭീകരരെ അടിച്ചമര്‍ത്താന്‍ ഒത്തൊരുമിച്ചുള്ള സഹകരണം ആവശ്യമെന്നു അദ്ദേഹം ഫ്രാന്‍സിലെ ഡേവിഡ് കൊമ്രോണിനെ അറിയിച്ചു. അനേക നഗരങ്ങളെ ഒരേ സമയം തീ മഴ പെയിപ്പിച്ചു കത്തിക്കാന്‍ കഴിവുള്ള യുദ്ധോ പകരണങ്ങളും ആയുധങ്ങളുമായി റഷ്യന്‍ നാവികപ്പട സിറിയായുടെ കടലതിര്‍ത്തിയില്‍ തയ്യാറായി നില്ക്കുകയാണ്. ഇറാന്റെ വന്‍പടയും റഷ്യയെ സഹായിക്കാന്‍ ഏതു നിമിഷവും ഒപ്പമുണ്ട്. ഐസിഎസ് നെയും സിറിയയിലെ വിമതരെയും തകര്‍ക്കുക എന്ന റഷ്യയുടെ ലക്ഷ്യം ലോക സമാധാനത്തിനു തന്നെ മങ്ങലേറ്റിരിക്കുന്നു. റഷ്യയുടെ ഈ വമ്പന്‍ പടയെ പാശ്ചാത്യ ലോകവും അമേരിക്കയും എങ്ങനെ കാണുന്നുവെന്ന് കാത്തിരുന്നു കാണാം. ഐ സി എസ ന്റെയും റബലുകളുടെയും താവളങ്ങളിലേയ്ക്ക് റഷ്യന്‍ സൈന്യം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു. ഒളിത്താവളങ്ങള്‍ ഉപേക്ഷിച്ചു ഭീകരര്‍ പലായനം ചെയ്യുന്ന കാഴ്ചയാണ് ലോകമിന്ന് കാണുന്നത്. ഐ സി എസ ന്റെ ക്രൂരതകള്‍ അവസാനിപ്പിക്കുമെന്ന് റഷ്യാ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഭീകരരോട് ക്ഷമിക്കേണ്ടത് കരുണാമയമായ ദൈവമാണെന്നും അവരെ ദൈവത്തിങ്കലേയ്ക്ക് അയക്കേണ്ടത് തന്റെ കടമയാണെന്നും പുടിന്‍ പറഞ്ഞു.

(റഷ്യന്‍ ചരിത്ര പരമ്പര അവസാനിപ്പിക്കുന്നു. ലേഖനങ്ങള്‍ ക്ഷമയോടെ വായിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. )

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code