Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോവിയറ്റ്‌- അമേരിക്ക ശീതസമരങ്ങളും പര്യവസാനവും (റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖനം 11)   - ജോസഫ്‌ പടന്നമാക്കല്‍

Picture

രണ്ടാം ലോക മഹായുദ്ധത്തില്‍ ഒന്നിച്ചു പൊരുതിയ മിത്രങ്ങളായിരുന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ രണ്ടു ചേരികളിലായി നിന്നുകൊണ്ട്‌ ശീത സമരം ആരംഭിച്ചു. രണ്ടു രാഷ്ട്രങ്ങളും അവരുടെ ചേരിരാജ്യങ്ങളും പരസ്‌പരം ശക്തി തെളിയിക്കാന്‍ ആയുധ മത്സരങ്ങളും തുടങ്ങി. പതിറ്റാണ്ടുകള്‍ റഷ്യയും അമേരിക്കയും വഷളായ ബന്ധങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ ആപല്‍ സന്ധികള്‍ പലതും കടന്നുപോയിട്ടുണ്ട്‌. അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ക്യൂബന്‍ മിസൈല്‍ പ്രശ്‌നം, വിയറ്റ്‌നാം, ഹംഗറി, ബര്‍ലിന്‍ വാള്‍,അഫ്‌ഗാന്‍ യുദ്ധം എന്നിങ്ങനെ ലോക ഭീഷണികള്‍ ശീത സമരങ്ങളുടെ ഭാഗങ്ങളായി കടന്നുപോയി. ചിലത്‌ മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കുകള്‍ വരെയെത്തിച്ചു. മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കുന്ന നശീകരണായുധങ്ങളുടെ ഉത്ഭാദനം ശീത സമരങ്ങളുടെ സൃഷ്ടിയായിരുന്നു.

1945ലെ 'യൂ എസ്‌ എസ്‌ ആര്‍' എന്ന്‌ പറയുന്നത്‌ 1917നു ശേഷമുള്ള റഷ്യയും രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം വിപുലീകരിച്ച റഷ്യയോട്‌ ചേര്‍ത്ത 'യുക്കറൈന്‍, ജോര്‍ജിയാ' മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. വളരെ വലിയ രാജ്യമായിരുന്ന സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ പല രാജ്യങ്ങളും സോവിയറ്റ്‌ യൂണിയനില്‍നിന്നു വേറിട്ടു പോയി. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കയും റഷ്യയും ഒത്തൊരുമിച്ചു ശത്രുക്കളോട്‌ യുദ്ധം ചെയ്‌തു. എന്നിരുന്നാലും ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. യുദ്ധത്തിനു ശേഷം റഷ്യയും അമേരിക്കയും തമ്മില്‍ മിത്രങ്ങളാകുന്നതിനു പകരം ശത്രുക്കളായി രണ്ടു ശാക്തികചേരികളില്‍ നില്‍ക്കുന്നതായിട്ടാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. യുദ്ധകാലത്ത്‌ ഈ രണ്ടു സഖ്യ കഷികളുടെ സൗഹാര്‍ദ്ദം വെറും അയഥാര്‍ത്ഥമായിരുന്നുവെന്നു കണക്കാക്കണം. യുദ്ധകാലത്തിനു മുമ്പും റഷ്യയെ അമേരിക്കാ പിശാചുക്കള്‍ ഭരിക്കുന്ന രാജ്യമായിട്ടായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. 'ജര്‍മ്മനി' രണ്ടു രാജ്യങ്ങളുടെയും പൊതു ശത്രുവായിരുന്നതു കൊണ്ട്‌ ഒന്നിച്ചു സഹകരിച്ചുള്ള യുദ്ധം ഇരുകൂട്ടരുടെയും നിലനില്‍പ്പിനാവശ്യമായിരുന്നു.

സോവിയറ്റ്‌ യൂണിയനെ യുദ്ധകാലത്തും യുദ്ധത്തിനു മുമ്പും ബ്രിട്ടണ്‍, അമേരിക്കാ ശക്തികള്‍ വിശ്വസിച്ചിരുന്നില്ല. യുദ്ധത്തിനുശേഷം രണ്ടു രാജ്യങ്ങളും രണ്ടു ചേരികളിലായി മത്സരം തുടങ്ങി. റഷ്യയെ സംബന്ധിച്ച്‌ വലിയ ഒരു മിലിട്ടറിയും സജ്ജീകരണങ്ങളുമുണ്ടായിരുന്നു. സൂക്കൊവിന്റെ കീഴില്‍ റഷ്യയുടെ ചുവപ്പുപട ലോകത്തിനു ഭീഷണിയുമായിരുന്നു. അതേ സമയം അമേരിക്കയ്‌ക്ക്‌ മറ്റേതു രാജ്യത്തെക്കാളും ശക്തിയേറിയ ആയുധങ്ങളുമുണ്ടായിരുന്നു. അമേരിക്കയുടെ കൈവശമുണ്ടായിരുന്ന ആറ്റം ബോംബുകള്‍ സോവിയറ്റ്‌ യൂണിയന്റെതിനേക്കാള്‍ അനേക മടങ്ങുകളായിരുന്നു.

അമേരിക്കാ, റഷ്യയുടെ കമ്മ്യൂണിസത്തെ എക്കാലവും വെറുത്തിരുന്നു. രക്തക്കൊതിയനും ഭീകരനുമായ ജോസഫ്‌ സ്റ്റാലിന്റെ രാജ്യത്തെ ഭരണതന്ത്രങ്ങളെ സംശയത്തോടെയായിരുന്നു പാശ്ചാത്യ അമേരിക്കന്‍ ശക്തികള്‍ വീക്ഷിച്ചിരുന്നത്‌. അമേരിക്കയെ വെറുത്തിരുന്നതില്‍ റഷ്യന്‍ ഭാഗത്തും ന്യായികരണങ്ങളുണ്ട്‌. പതിറ്റാണ്ടുകള്‍ ലോക സമൂഹത്തിനായുള്ള ഗുണപ്രദമായ പല ഉടമ്പടികളും അമേരിക്കയുമായി ഒപ്പിടാന്‍ റഷ്യാ തയ്യാറായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കാ പങ്കെടുക്കാന്‍ താമസിച്ചതുകൊണ്ട്‌ മില്ല്യന്‍ കണക്കിന്‌ റഷ്യാക്കാര്‍ മരിച്ചതിലും റഷ്യ അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ട്‌. യുദ്ധം കഴിഞ്ഞും പഴിചാരല്‍ തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടു രാജ്യങ്ങള്‍ക്കും പരസ്‌പരമുള്ള വിശ്വാസവും നഷ്ടപ്പെട്ടു. ഒടുവില്‍ അത്‌' ശത്രുതാ മനോഭാവത്തോടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളായി മാറി. ശീതസമരങ്ങള്‍ക്ക്‌ മൂര്‍ച്ചയും കൂട്ടിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റഷ്യയുടെ കിഴക്കേ യൂറോപ്പിലുള്ള സാമ്രാജ്യവികസന പദ്ധതികളില്‍ അമേരിക്ക ഭയപ്പെട്ടിരുന്നു. ലോകം റഷ്യയുടെ നിയന്ത്രണത്തിലാകുമെന്നും അമേരിക്കക്കാര്‍ കരുതി. റഷ്യയും അമേരിക്കയോട്‌ എന്നും ഒരു ശത്രുതാ മനോഭാവമാണ്‌ പുലര്‍ത്തിയിരുന്നത്‌. ആയുധങ്ങളുടെ ശേഖരണം, ആഗോള പ്രശ്‌നങ്ങളില്‍ രാജ്യങ്ങളുടെ പക്ഷം പിടിച്ചുകൊണ്ട്‌ പരസ്‌പര വിരുദ്ധ അഭിപ്രായങ്ങളോടെ ഇടപെടുക, സാമ്പത്തിക ഉപരോധങ്ങള്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളുടെയും നയങ്ങളായിരുന്നു. അത്തരം ശത്രുതാ മനോഭാവം ശീതസമര വിജയത്തിന്‌ ആവശ്യമായിരുന്നുവെന്നും സോവിയറ്റ്‌ യൂണിയനും അമേരിക്കയും തമ്മില്‍ പരസ്‌പരം ഇടിച്ചുതാഴ്‌ത്തിക്കൊണ്ടുള്ള മത്സരങ്ങള്‍ വേണമായിരുന്നുവെന്നും അമേരിക്കയില്‍ രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ ജനങ്ങളും വാര്‍ത്താ മീഡിയാകളും ചരിത്രകാരും അവരവരുടെ യുക്തികള്‍ക്കനുസരിച്ച്‌ വിശ്വസിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ സോവിയറ്റ്‌ യൂണിയന്‍ അമേരിക്കയ്‌ക്കെന്നും ഭീഷണിയായി കരുതിയിരുന്നു. ഇതിനൊരു ശ്വാശ്വതമായ പരിഹാരം ബലപ്രയോഗങ്ങളില്‍ക്കൂടി അസാധ്യവുമായിരുന്നു. അമേരിക്കയുടെ വിദേശനയം സോവിയറ്റ്‌ യൂണിയന്റെ നയങ്ങളെ എതിര്‍ത്തുകൊണ്ടും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തികൊണ്ടും അന്തര്‍ ദേശീയ സമൂഹത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തിക്കൊണ്ടും ഐക്യ രാഷ്ട്ര സഭയില്‍ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടും അന്തര്‍ ദേശീയ സ്വാധീനത്തില്‍ നിയന്ത്രണം വരുത്തിക്കൊണ്ടുമുള്ളതായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ രാജ്യ വിസ്‌തൃതി മോഹം അമേരിക്കയ്‌ക്ക്‌ ഒരു തലവേദനയായിരുന്നു. പരസ്‌പര ഉഭയ സമ്മതത്തോടെ ഒരു ഉടമ്പടി അസാധ്യമായതിനാല്‍ സോവിയറ്റ്‌ യൂണിയനെ നിയന്ത്രിക്കാന്‍ നീണ്ട കാലത്തെ ഒരു കാത്തിരുപ്പുനയം അമേരിക്കാ സ്വീകരിച്ചു. അതേ സമയം മറ്റു രാജ്യങ്ങളെ ആക്രമിച്ചാല്‍ സോവിയറ്റ്‌ യൂണിയന്‌ ബലിയാടായ രാജ്യത്തിന്‌ പ്രതിരോധ സഹായവും നല്‌കിയിരുന്നു. പ്രസിഡന്റ്‌' ഹാരീസ്‌ ട്രൂമാന്‍ 1947ല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചതും ഈ നയം തന്നെയായിരുന്നു. `സ്വാതന്ത്ര്യം മോഹിക്കുന്ന രാജ്യങ്ങളെ അക്രമണകാരികളായ ശത്രുരാജ്യങ്ങളില്‍ നിന്നും സഹായിക്കുകയും അവരുടെ ആക്രമണങ്ങളെ തടയുകയും ചെയ്യുകയെന്നതു അമേരിക്കയുടെ നയമെന്ന്‌` അന്ന്‌ ട്രൂമാന്‍ പ്രഖ്യാപിച്ചിരുന്നു. അതേ നയങ്ങള്‍ അമേരിക്കാ പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കനെഴുത്തുകാരനായ 'ജോര്‍ജ്‌ ഓര്‍വെല്‍'ന്‍റെ 'നിങ്ങളും ആറ്റോ മിക്ക്‌ ബോംബും' എന്ന ലേഖനത്തില്‍നിന്നും 'ശീത സമര'മെന്ന (Cold war) പദം ആദ്യമായി പ്രയോഗത്തില്‍ വന്നു.

ശീതസമരത്തില്‍ സോവിയറ്റ്‌ യൂണിയനുമായി തുറന്ന യുദ്ധമില്ലാനയമാണ്‌ അമേരിക്കാ സ്വീകരിച്ചിരുന്നതെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള ആയുധമത്സര ശേഖരത്തില്‍ അമേരിക്കാ മറ്റേതു രാഷ്ട്രങ്ങളെക്കാളും മുമ്പില്‍ തന്നെയായിരുന്നു. 1950ലെ നാഷണല്‍ സെക്ക്യൂരിറ്റി കൌണ്‍സിലില്‍ (NSC -68) പാസാക്കിയ റിപ്പോര്‍ട്ട്‌ ട്രുമാന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു. കമ്മ്യൂണിസം വിപുലീകരിക്കാന്‍ ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ അക്രമകാരികള്‍ക്കെതിരെ മിലിട്ടറി സഹായം നല്‌കുകയെന്ന നയമാണ്‌ അമേരിക്കാ സ്വീകരിച്ചിരിക്കുന്നത്‌. വിദേശ രാജ്യങ്ങളുടെ പ്രതിരോധത്തിനായി നല്ലൊരു തുക നീക്കി വെക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയില്‍ പരീക്ഷിച്ചപോലെ ആറ്റം ബോംബു നിര്‍മ്മാണവും വിപുലീകരിച്ചു. ന്യൂക്ലിയറായുധങ്ങളുടെ മത്സരം ശീത സമരത്തിന്റെ ഭാഗമായി തീര്‍ന്നു. 1949ല്‍ സോവിയറ്റ്‌ യൂണിയന്‍ ആറ്റം ബോംബ്‌ പരീക്ഷണം നടത്തി. സോവിയറ്റ്‌ യൂണിയന്റെ ന്യൂക്ലീയര്‍ പ്രവേശനത്തോടെ ട്രൂമാന്‍ ശക്തിയേറിയ ബോംബുകള്‍ നിമ്മിക്കാനും പദ്ധതികള്‍ തയ്യാറാക്കി. ഹൈഡ്രജന്‍ ബോംബും സൂപ്പര്‍ ബോംബും അമേരിക്കാ നിര്‍മ്മിച്ചു. സോവിയറ്റ്‌ യൂണിയന്റെ ജോസഫ്‌ സ്റ്റലിനും അതനുസരിച്ചു അമേരിക്കയോട്‌ മത്സരം തുടങ്ങി.

ശീതസമരം ഭയാനകമാം വിധം മാനവ വെല്ലുവിളിയായി വളര്‍ന്നു. ആദ്യത്തെ ഹൈഡ്രജന്‍ ബോംബു പരീഷണം നടത്തിയത്‌ മാര്‍ഷല്‍ ഐലന്‍ഡില്‍ ആയിരുന്നു. ബോംബു പരീക്ഷണത്തില്‍ സമുദ്രത്തിന്റെ അടിഭാഗത്ത്‌ വലിയൊരു ഗുഹപോലുള്ള ദ്വാരമുണ്ടായി. 25 ചതുര്‍ശ്ര മയിലുകള്‍ വലിപ്പത്തില്‍ തീ ബോളുകള്‍ ചീറി പാഞ്ഞു. ഒരു വലിയ പട്ടണത്തിന്റെ പകുതി നശിപ്പിക്കാന്‍ കഴിവ്‌ ആ ബോംബിനുണ്ടായിരുന്നു. പിന്നീടുള്ള ടെസ്റ്റുകളില്‍ കൂടി അന്തരീക്ഷം മുഴുവന്‍ റേഡിയോ കിരണങ്ങള്‍ മൂലം വിഷമയമുള്ളതാക്കി. അമേരിക്കയുടെ ദേശീയ ജീവിതത്തിലും അതിന്റെ പ്രതികരണങ്ങളുണ്ടായി. ഓരോരുത്തരുടെ വീടിന്റെ പുറകിലും ബോംബു കവചങ്ങളുണ്ടാക്കി. സ്‌കൂളിലും പൊതു സ്ഥലങ്ങളിലും അത്തരം ആക്രമണം രക്ഷപ്പെടാന്‍ ഡ്രില്ലുകളും ഏര്‍പ്പെടുത്തി. 19501960 കളില്‍ ഇറങ്ങിയ ചില സിനിമാകള്‍ ന്യൂക്ലീയര്‍ ദുരിതങ്ങളെപ്പറ്റിയായിരുന്നു. അതുമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ ഭയാനകമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു. അങ്ങനെ ന്യൂക്ലീയര്‍ വിഷയങ്ങള്‍ അമേരിക്കന്‍ പൊതുജന ജീവിതത്തിലെ ദൈനം ദിന ചര്‍ച്ചാ വിഷയങ്ങളായി രൂപാന്തരപ്പെട്ടു.

ശൂന്യാകാശ ഗവേഷണങ്ങള്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമര മത്സരത്തിന്‌ മറ്റൊരു കാരണമായി. 1957 ഒക്ടോബര്‍ നാലാം തിയതി സോവിയറ്റ്‌ യൂണിയന്‍ ഭൂകാണ്ഡന്തര ബാലിസ്റ്റിക്ക്‌ മിസൈയില്‍ വിജയകരമായി വിക്ഷേപിച്ചു. അത്‌ ശൂന്യാകാശത്തിലെത്തുന്ന ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ സ്‌പുട്ട്‌നിക്കായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ സ്‌പുട്ട്‌നിക്ക്‌ വിക്ഷേപണം അമേരിക്കയെ സംബന്ധിച്ച്‌ വിസ്‌മയകരമായിരുന്നെങ്കിലും സന്തോഷകരമായിരുന്നില്ല. ശൂന്യാകാശ മത്സരം അമേരിക്കാ പരിഗണിക്കേണ്ട അഭിമാനപ്രശ്‌നവുമായിരുന്നു. ഈ മത്സരയോട്ടത്തില്‍ സോവിയറ്റ്‌ യൂണിയനു പിമ്പിലാകരുതെന്നും തീരുമാനിച്ചു. സോവിയറ്റ്‌ യൂണിയന്റെ 'ആര്‍ 7' മിസൈല്‍ അമേരിക്കയുടെ മുകളില്‍ക്കൂടി ശക്തിയേറിയ ന്യൂക്ലിയറായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ളതുമായിരുന്നു. സോവിയറ്റ്‌ മിലിട്ടറി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ രഹസ്യമായ വിവരങ്ങള്‍ ശേഖരിക്കേണ്ടത്‌ അമേരിക്കയെ സംബന്ധിച്ച്‌ അത്യാവശ്യവുമായിരുന്നു.

1958ല്‍ അമേരിക്കാ സ്വന്തമായി നിര്‍മ്മിച്ച 'എക്‌സ്‌പ്ലോറര്‍ ഒന്ന്‌' എന്ന സാറ്റലേറ്റ്‌ ശൂന്യാകാശത്തിലേയ്‌ക്ക്‌ അയച്ചു. ശാസ്‌തജ്ഞനായ 'വെര്‍നെര്‍ വോണ്‍ ബ്രൌണ്‍ന്റെ' നേതൃത്വത്തില്‍ അമേരിക്കന്‍ മിലിട്ടറിയ്‌ക്കു വേണ്ടിയും ശൂന്യാകാശ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതേവര്‍ഷം തന്നെ പ്രസിഡണ്ട്‌ ഡിവെറ്റ്‌ ഐസനോവര്‍ ശൂന്യാകാശ ഗവേഷണ പരമ്പരകള്‍ക്കായി ഫെഡറല്‍ ഏജന്‍സിയായ നാസാ ( National Aeronautics and Space Administration ) യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒപ്പുവെച്ചു. മിലിട്ടറിയുടെ വികസനവും ഈ പദ്ധതികളുടെ ലക്ഷ്യമായിരുന്നു. ശൂന്യാകാശ ഗവേഷണങ്ങളില്‍ അക്കാലത്ത്‌ റഷ്യാ അമേരിക്കയെക്കാളും മുമ്പിലായിരുന്നു. 1961ല്‍ റഷ്യാ ആദ്യത്തെ സ്‌പേസ്‌ മനുഷ്യനെ ശൂന്യാകാശത്തേയ്‌ക്ക്‌ അയച്ച്‌ അമേരിക്കയെ പിമ്പിലാക്കി.

റഷ്യയുടെ ശൂന്യാകാശ നേട്ടത്തിന്റെ അതേ വര്‍ഷം മെയ്‌ മാസത്തില്‍ അമേരിക്കയുടെ 'അലന്‍ ഷെപ്പെര്‍ഡ്‌' ആദ്യ ശൂന്യാകാശ യാത്രികനായി ചരിത്രം കുറിച്ചു. ജോണ്‍ കെന്നഡി അതേ തുടര്‍ന്ന്‌ 'ഈ ദശകത്തില്‍ തന്നെ അമേരിക്കാ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുമെന്ന' ഒരു പ്രസ്‌താവനയും ചെയ്‌തു. അദ്ദേഹം ഭാവന ചെയ്‌തത്‌ 1969 ജൂലൈ ഇരുപതാംതിയതി പ്രാവര്‍ത്തികമാവുകയും ചെയ്‌തു. നാസായുടെ 'അപ്പോളൊ പതിനൊന്ന്‌ മിഷ്യന്‍' ആംസ്‌റ്റ്രൊങ്ങിനെ ചന്ദ്രനില്‍ എത്തിച്ചു. ശൂന്യാകാശ മത്സരത്തില്‍ അമേരിക്കാ അവിടെ വിജയിയായി. അതിലെ യാത്രികര്‍ അമേരിക്കയുടെ വിസ്‌മയ കഥാപാത്രങ്ങളായി ലോകമാകമാനമുള്ള വാര്‍ത്താ മാദ്ധ്യമങ്ങളില്‍ അക്കാലത്തു നിറഞ്ഞു നിന്നിരുന്നു. സോവിയറ്റ്‌ യൂണിയനെ വില്ലന്‍ രാജ്യമായും കമ്മ്യൂണിസത്തിന്റെ പരാജയമായും അമേരിക്കയുടെ ഈ നേട്ടത്തെ പാശ്ചാത്യ പത്രങ്ങള്‍ ചിത്രികരിച്ചു. ശീതസമരത്തില്‍ അമേരിക്കയുടെ ശക്തി ലോകത്തെ അറിയിക്കുകയും ചെയ്‌തു.

ബാഹ്യലോകത്തെന്നപോലെ അമേരിക്കയ്‌ക്കുള്ളിലും ആഭ്യന്തര തലങ്ങളിലും ശീതസമരം ആഞ്ഞടിച്ചിരുന്നു. 1947ന്റെ തുടക്കത്തില്‍ എച്ച്‌. യു. എ .സി എന്ന സംഘടന ശീത സമരത്തെ മറ്റൊരു രീതിയില്‍ കണ്ടു. അമേരിക്കയ്‌ക്കുള്ളിലെ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യുകയെന്നത്‌ ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. അമേരിക്കയില്‍ അക്കാലങ്ങളില്‍ കമ്മ്യൂണിസം വേരുന്നിയിരുന്നു. അവരെപ്പറ്റിയുള്ള അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും എച്ച്‌. യു. എ .സി സംഘടന തയ്യാറാക്കിക്കൊണ്ടിരുന്നു. നൂറു കണക്കിന്‌ ഹോളിവൂഡില്‍ സിനിമാ വ്യവസായത്തില്‍ ജോലി ചെയ്യുന്നവരോട്‌ കമ്മ്യൂണിസം ഉപേക്ഷിക്കാന്‍ എച്ച്‌. യൂ. എ. സി ആവശ്യപ്പെട്ടു. കമ്മ്യൂണിസത്തില്‍ പ്രവര്‍ത്തിക്കുന്നവരെപ്പറ്റി അന്വേഷണവും ആരംഭിച്ചു. ജോലി ലഭിക്കാന്‍ കമ്മ്യൂണിസ്റ്റനുഭാവിയല്ലെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തോടു എന്നും കൂറുണ്ടായിരിക്കുമെന്നും പൊതുസ്ഥലങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനല്ലെന്നും പ്രതിജ്ഞ ചെയ്യണമായിരുന്നു. അഞ്ഞൂറോളം ജോലിക്കാര്‍ക്ക്‌ തൊഴിലും നഷ്ടപ്പെട്ടു. കറുത്ത പട്ടികയില്‍ കയറിയ എഴുത്തുകാര്‍ക്കും അഭിനയം നടത്തുന്നവര്‍ക്കും അവിടെ ജോലി തുടരാന്‍ ബുദ്ധിമുട്ടായിരുന്നു. എച്ച്‌. യൂ. എ. സി, കമ്മ്യൂണിസ്റ്റ്‌ അനുഭാവികളായ സ്‌റ്റേറ്റ്‌ , ഫെഡറല്‍ ജോലിക്കാരെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. തീവ്ര കമ്മ്യൂണിസ്റ്റ്‌ വിരോധിയായിരുന്ന 'സെനറ്റര്‍ ജോണ്‍ മക്കാര്‍ത്തി'യുടെ നിര്‍ദ്ദേശപ്രകാരം ആയിരക്കണക്കിന്‌ കമ്മ്യൂണിസ്റ്റനുഭാവമുള്ള ഫെഡറല്‍ ജോലിക്കാരെപ്പറ്റി അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അനേകരെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്‌തു. 1950 മുതല്‍ ഈ കമ്മ്യൂണിസ്റ്റ്‌ വിരോധം എവിടെയും ബാധിച്ചിരുന്നു. ഇടതു ചിന്താഗതിക്കാരായ കോളേജ്‌ പ്രൊഫസര്‍മാര്‍ക്കും തന്മൂലം ജോലി നഷ്ടപ്പെട്ടു.

അമേരിക്കയ്‌ക്കുള്ളില്‍ ആഞ്ഞടിച്ച ശീതസമരത്തിന്റെ പ്രത്യാഘാതങ്ങള്‍ പുറം രാജ്യങ്ങളിലേയ്‌ക്കും വ്യാപിച്ചു. 1950 ജൂണില്‍ സോവിയറ്റ്‌ യൂണിയന്‍ പിന്താങ്ങിയിരുന്ന രാജ്യമായ വടക്കേ കൊറിയാ പാശ്ചാത്യ ചേരിയിലുള്ള തെക്കേ കൊറിയായെ ആക്രമിച്ചു. കൊറിയന്‍ യുദ്ധം ശീതസമരത്തിലെ ആദ്യത്തെ പട്ടാളനീക്കമായിരുന്നു. കമ്മ്യൂണിസം ലോകം മുഴുവന്‍ കീഴടക്കുമെന്ന്‌ അമേരിക്കയിലെ ബുദ്ധിജീവികളടക്കം അനേകര്‍ വിചാരിച്ചു. കൊറിയന്‍ യുദ്ധത്തില്‍ ഇടപെടാതിരുന്നാല്‍ സോവിയറ്റ്‌ യൂണിയന്റെ വിജയമാകുമെന്നും അമേരിക്കാ കരുതി. അമേരിക്കന്‍ പട്ടാളത്തെ ട്രൂമാന്‍ കൊറിയായില്‍ അയച്ചു. എന്നാല്‍ യുദ്ധം 1953ല്‍ പെട്ടെന്ന്‌ അവസാനിക്കുകയും ചെയ്‌തു. മറ്റനേക ആഗോള യുദ്ധങ്ങളും ശീത സമരകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്‌. 1960 ന്റെ ആരംഭത്തില്‍ പ്രസിഡണ്ട്‌ കെന്നഡിയ്‌ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ക്യൂബയില്‍ റഷ്യയുടെ മിസൈല്‍ ശേഖരണം അമേരിക്കയ്‌ക്ക്‌ ഒരു ഭീഷണിയായിരുന്നു. പത്തു വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധവും ശീത സമരത്തിനും ആയുധ മത്സരങ്ങള്‍ക്കും വഴിയൊരുക്കി.

ശീതസമരത്തില്‍ ചൂടുപിടിച്ച സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും അവകളെല്ലാം ചരിത്രത്തില്‍ മാത്രം ഒതുങ്ങി നില്‌ക്കുന്നു. ബെര്‍ലിന്‍, കൊറിയാ, ഹംഗറി, സൂയസ്‌ കനാല്‍, അഫ്‌ഗാന്‍ മുതലായ പ്രശ്‌നങ്ങള്‍ ശീതയുദ്ധ കാലത്ത്‌ സംഭവിച്ചതാണ്‌. എന്നാല്‍ അമേരിക്കയും റഷ്യയുമായുള്ള നിര്‍ണ്ണായക ക്യൂബന്‍ പ്രധിസന്ധിഘട്ടം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കത്തുവരെയെത്തിച്ചിരുന്നു.1962 ഒക്ടോബര്‍ പതിനേഴാം തിയതി റഷ്യാ സ്ഥാപിച്ച മുപ്പത്തിരണ്ട്‌ മിസ്സൈലുകള്‍ ക്യൂബയില്‍ കണ്ടെത്തിയത്‌ അമേരിക്കന്‍ സി.ഐ.എ. പ്രസിഡന്റ്‌ കെന്നഡിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.എണ്‍പത്തി രണ്ടു മില്ല്യന്‍ ജനങ്ങളെ കൊല്ലുവാന്‍ കെല്‌പ്പുള്ള ആയുധ സംവിധാനങ്ങള്‍ റഷ്യയുടെ വക ക്യൂബായിലുണ്ടായിരുന്നു. മിസ്സൈലുകള്‍ക്ക്‌ രണ്ടായിരം മൈല്‍ റേഞ്ചില്‍ ന്യൂക്ലിയറായുധങ്ങള്‍ വഹിക്കാന്‍ കഴിവുമുണ്ടായിരുന്നു. ഇരുപതു റഷ്യന്‍ കപ്പലുകള്‍ ന്യൂക്ലീയര്‍ സംവിധാനങ്ങളുമായി ക്യൂബയുടെ തീരത്ത്‌ കിടക്കുന്നത്‌ അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയുടെ ഈ താവളം പരിപൂര്‍ണ്ണ പ്രവര്‍ത്തനത്തിലാകുമെന്നും അമേരിക്ക മനസിലാക്കി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിസ്സൈലുകളെ നശിപ്പിക്കേണ്ടത്‌ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനാവശ്യമായിരുന്നു.

1959ല്‍ ക്യൂബയില്‍ അമേരിക്കന്‍ പിന്തുണയുള്ള 'ബാറ്റിസ്റ്റാ ഭരണകൂടത്തെ' താഴെയിറക്കിക്കൊണ്ട്‌ റെബല്‍ നേതാവായിരുന്ന ഫ്യൂഡല്‍ കാസ്‌ട്രോ അധികാരം പിടിച്ചെടുത്തു. അമേരിക്കയുടെ മുടക്കുമുതലുള്ള കമ്പനികളും ബാങ്കുകളും കാസ്‌ട്രോ ദേശവല്‌ക്കരിച്ചതിനു പകരമെന്നോണം അമേരിക്കാ ക്യൂബയുടെ മേല്‍ വ്യവസായ ഉപരോധം ഏര്‍പ്പെടുത്തി. പഞ്ചസാര കയറ്റുമതിയാണ്‌ ക്യൂബയുടെ പ്രധാന വരുമാനം. ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ സോവിയറ്റ്‌ യൂണിയന്‍ ക്യൂബന്‍ ഉത്‌പന്നങ്ങള്‍ മേടിക്കാന്‍ തയ്യാറായി രംഗത്ത്‌ വന്നു. അങ്ങനെയാണ്‌ സോവിയറ്റ്‌ യൂണിയനും ക്യൂബയും തമ്മില്‍ അടുത്തത്‌.

ഫ്‌ലോറിഡായില്‍ നിന്ന്‌ അമ്പതു മൈല്‍ മാത്രം ദൂരമുള്ള ഒരു രാജ്യം കമ്മ്യൂണിസത്തെ പിന്താങ്ങുന്നത്‌ അമേരിക്കയെ സംബന്ധിച്ച്‌ ഒരു ഭീഷണിയായിരുന്നു. കാസ്‌ട്രോ ഭരണത്തെ എതിര്‍ക്കുന്ന അഭയാര്‍ത്ഥികള്‍ കൂട്ടമായി ഫ്‌ലോറിഡായിലേയ്‌ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. ഫ്‌ലോറിഡായില്‍ അഭയാര്‍ത്ഥികളായവര്‍ ആയുധങ്ങള്‍ ശേഖരിച്ച്‌ 1961ല്‍ ക്യൂബായിലുള്ള 'ബേ ഓഫ്‌ പിഗ്‌സ്‌' എന്ന സ്ഥലത്ത്‌ ഫ്യൂഡല്‍ കാസ്‌ട്രോയ്‌ക്കെതിരെ ആക്രമണം നടത്തി. കാസ്‌ട്രോ ഭരണത്തെ താഴെയിറക്കാന്‍ വിദേശ ഫണ്ടും ഈ റെബല്‍ ഗ്രൂപ്പിന്‌ ലഭിച്ചിരുന്നു. ജീപ്പുകള്‍ ആവശ്യത്തിന്‌ പെട്രോളില്ലാതെ അവിടെയിറക്കി. വിപ്ലവക്കാര്‍ക്ക്‌ സ്ഥലത്തെ ഭൂപടം പോലും കൈവശമില്ലായിരുന്നു. ക്യൂബായില്‍ നിന്നുള്ള അഭയാര്‍ത്ഥി വിപ്ലവകാരികള്‍ പരസ്‌പരം തിരിച്ചറിയാന്‍ സാധിക്കാതെ വിപ്ലവകാരികളെ തന്നെ വെടി വെച്ചു. ശരിയായ ആസൂത്രണമില്ലാതെയുള്ള ഈ ആക്രമണം പരാജയമായിരുന്നു. അമേരിക്കന്‍ മണ്ണില്‍നിന്നും തുടങ്ങിയ ആക്രമണം കെന്നഡി ഭരണത്തെ സംബന്ധിച്ച്‌ ലജ്ജാവഹമായിരുന്നു. കെന്നഡി ഈ സംഭവത്തില്‍ മാപ്പ്‌ പറഞ്ഞില്ല. ക്യൂബയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്‌തു.

മിസ്സൈലുകള്‍ പൊളിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ മടക്കി കൊണ്ടുപോയില്ലെങ്കില്‍ ക്യൂബാ ആക്രമിക്കുമെന്ന്‌ കെന്നഡി റഷ്യയ്‌ക്ക്‌ അന്ത്യ ശാസനം നല്‌കി. നശീകരണായുധങ്ങളുമായുള്ള ഒരു മൂന്നാം ലോക മഹായുദ്ധത്തെ ലോകം മുഴവന്‍ ഭയപ്പെട്ടു. റഷ്യയുടെ ക്രൂഷ്‌ചേവ്‌ അമേരിക്കയുടെ പ്രസിഡന്റിന്‌ രണ്ടു കത്തുകള്‍ അന്ന്‌ എഴുതി. ആദ്യത്തെ കത്തില്‍ മിസ്സൈലുകള്‍ കൂബായില്‍നിന്നു മാറ്റികൊള്ളാമെന്നും അമേരിക്കാ ക്യൂബയെ ആക്രമിക്കരുതെന്നും രണ്ടാമത്തെ കത്തില്‍ റഷ്യയുടെ സമീപമുള്ള ടര്‍ക്കിയില്‍ അമേരിക്കാ ശേഖരിച്ചിരിക്കുന്ന മിസ്സൈലുകള്‍ പൊളിച്ചു മാറ്റിയാല്‍ റഷ്യാ ക്യൂബയിലെ മിസൈലുകള്‍ മടക്കി കൊണ്ടുപോയ്‌ക്കള്ളാമെന്നുമായിരുന്നു. അമേരിക്കയും റഷ്യയുമായുള്ള പ്രത്യേക വാര്‍ത്താ സംവിധാനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമുണ്ടായിരുന്നത്‌ സമാധാനത്തിനു വഴികാട്ടിയായി. മിസ്സൈലുകള്‍ തിരികെ കൊണ്ടുപോയാല്‍ ക്യൂബാ ആക്രമിക്കില്ലെന്ന്‌ കെന്നഡി വാഗ്‌ദാനം കൊടുത്തു. ഒക്ടോബര്‍ ഇരുപത്തിയൊമ്പതാം തിയതി ക്രൂഷ്‌ച്ചെവ്‌ ആ കത്ത്‌ അയച്ചില്ലായിരുന്നെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിനു വഴിതെളിയിക്കുന്ന ഒരു ന്യൂക്ലീയര്‍ യുദ്ധം അന്നു തുടങ്ങുമായിരുന്നു.

റിച്ചാര്‍ഡ്‌ നിക്‌സണ്‍ അമേരിക്കയുടെ പ്രസിഡന്റായ നാള്‍മുതല്‍ ആഗോള ബന്ധത്തിന്‌ മുന്‍ഗണന നല്‌കിയായിരുന്നു ഭരണം നടത്തിയിരുന്നത്‌. ലോകത്തെ ശത്രുവാക്കുന്നതിനു പകരം എന്തുകൊണ്ട്‌ നയതന്ത്രം പാടില്ലായെന്ന നയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. ചൈനയെ യുണൈറ്റഡ്‌ നാഷന്‍ അംഗീകരിക്കാന്‍ അമേരിക്കാ എല്ലാവിധ സഹായങ്ങളും ചെയ്‌തു. 1972ല്‍ നിക്‌സണ്‍ ചൈനീസ്‌ യാത്ര നടത്തിയതു അമേരിക്കയും ചൈനയും തമ്മില്‍ നയതന്ത്രബന്ധം അരക്കിട്ടുറപ്പിക്കാന്‍ കാരണമായി. അതേ സമയം സോവിയറ്റ്‌ യൂണിയനുമായുള്ള ബന്ധവും സുഗമമാവാന്‍ ശ്രമിച്ചു. അദ്ദേഹവും സോവിയറ്റ്‌ യൂണിയന്റെ ലീയോനിഡ്‌ ബ്രഷ്‌നെവും (1906 -1982) തമ്മില്‍ ആയുധ നിയന്ത്രണം സംബന്ധിച്ചു (SALTI) ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിയനുസരിച്ച്‌ ഇരുകൂട്ടരും ന്യൂക്ലിയര്‍ മിസ്സൈല്‍ നിര്‍മ്മിക്കുന്നതില്‍ നിയന്ത്രണം വരുത്തിയിരുന്നു. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ന്യൂക്ലീയര്‍ മത്സരങ്ങള്‍ക്ക്‌ അല്‌പ്പം ശാന്തി ഈ ഉടമ്പടി മൂലം ലഭിക്കാന്‍ സാധിച്ചു.

നിക്‌സന്റെ ഭരണത്തില്‍ ശീതസമരം ശാന്തമായെങ്കിലും റേഗന്റെ കാലം വീണ്ടും ചൂടുപിടിച്ചു. റേഗന്റെ തലമുറയിലെ നേതാക്കന്മാരെപ്പോലെ അദ്ദേഹവും വിശ്വസിച്ചിരുന്നത്‌ കമ്മൂണിസത്തിന്റെ വളര്‍ച്ച സ്വാതന്ത്ര്യത്തിനു ഭീക്ഷണിയായിരിക്കുമെന്നാണ്‌. കമ്മ്യൂണിസത്തിനെ എതിര്‍ക്കുന്ന രാജ്യങ്ങളില്‍ അക്കാലത്ത്‌ കൂടുതല്‍ സാമ്പത്തികമിലിറ്ററി സഹായം അമേരിക്കാ ചെയ്‌തിരുന്നു. കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ തെക്കേ അമേരിക്കയിലുളള രാജ്യങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പട്ടാളം യുദ്ധവും ചെയ്‌തിട്ടുണ്ട്‌. റേഗന്‍ നയം ഗ്രനഡായിലും എല്‍ സാവോഡറിലും പ്രാവര്‍ത്തികമാക്കിയിരുന്നു.

മദ്ധ്യ അമേരിക്കയില്‍ പ്രസിഡണ്ട്‌ റേഗന്‍ കമ്മ്യൂണിസത്തിനെതിരെ പൊരുതുന്ന സമയം സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന പല രാജ്യങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും രാഷ്ട്രീയ കാരണങ്ങളാലും കമ്മ്യൂണിസം ഉപേക്ഷിച്ച്‌ സ്വതന്ത്ര രാജ്യങ്ങളായി വേറിട്ടു. 1985ല്‍ ഗോര്‍ബച്ചോവ്‌ റഷ്യന്‍ പ്രധാന മന്ത്രിയായി ചുമതലയേറ്റു. കിഴക്കെ യൂറോപ്പുമായുള്ള സോവിയറ്റ്‌ സ്വാധീനം ഇല്ലാതായി. കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍ കമ്മ്യൂണിസം ഉപേക്ഷിച്ചുകൊണ്ടുള്ള ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ ശീതസമരത്തിന്റെ പ്രതീകമായിരുന്ന ബര്‍ലിന്‍ മതില്‍ ആ വര്‍ഷം നവംബറില്‍ ഗോര്‍ബച്ചോവ്‌ ഭരണകൂടം ഇടിച്ചു താഴെയിട്ടു. 1991ല്‍ സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ ശീതസമരവും അവസാനിച്ചു.

(തുടരും)

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code