Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രഷ്‌നേവും സോവിയറ്റ്‌ പതനത്തിന്റെ തുടക്കവും (റഷ്യന്‍ ചരിത്രം ഒരു പഠനം-ലേഖനം 9)   - ജോസഫ്‌ പടന്നമാക്കല്‍

Picture

1906 ഡിസംബര്‍ ആറാം തിയതി റഷ്യാ സാമ്രാജ്യത്തില്‍ യുക്രയിനിലള്ള ഒരു ചെറു ഗ്രാമപ്രദേശത്ത്‌ 'എല്യാ യാക്കോവലെവിച്ചി ബ്രഷ്‌നെവിന്റെയും ' 'നാടല്യ ഡെനിസോവ്‌നായുടെയും' മൂന്നൂ മക്കളില്‍ ഒരാളായി 'ലിയോനിഡ്‌ ബ്രഷ്‌നേവ്‌' ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ്‌ ഒരു സ്റ്റീല്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു. യുക്രയിനിലും സമീപ പ്രദേശങ്ങളിലും ആഭ്യന്തര യുദ്ധങ്ങള്‍ പൊട്ടി പുറപ്പെട്ട കാലവും. റഷ്യന്‍ വിപ്ലവവും ഒന്നാം ലോക മഹായുദ്ധവും കാരണങ്ങളാല്‍ നാടാകെ ജന ജീവിതം താറുമാറായിരുന്നു. പതിനഞ്ചാം വയസില്‍ ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യാന്‍ ബ്രഷ്‌നേവിനു സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ഒരു സര്‍വേ സ്‌കൂളില്‍ രാത്രികാലങ്ങളില്‍ പഠിച്ചു കൊണ്ടിരുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ അവിടെനിന്നു ഗ്രാഡുവേറ്റു ചെയ്‌ത ശേഷം സര്‍ക്കാരിന്റെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്‌തുകൊണ്ട്‌ കുടുംബത്തെ സഹായിച്ചു.

1923ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ ചേര്‍ന്നു. സ്റ്റലിന്‍റെ ഭീകര ഭരണകാലത്ത്‌ അദ്ദേഹം സ്റ്റലിന്റെ ആരാധകനും കൂറുള്ള ഉത്തമ കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നത സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്‌തിരുന്നു.സ്വന്തമായി വസ്‌തു വകകള്‍ കൈവശം വെയ്‌ക്കാന്‍ പാടില്ലാന്നും ഭൂമിയും അതിലെ ഉല്‍പ്പന്നങ്ങളും രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും തുല്ല്യ അവകാശമാണെന്നും തുല്യമായി പങ്കു വെയ്‌ക്കണമെന്നും കമ്മ്യൂണിസം പഠിപ്പിക്കുന്നു. സോവിയറ്റ്‌ നേതാവ്‌ ജോസഫ്‌ സ്റ്റലിന്‍ കൃഷിക്കാരോട്‌ മിച്ചമുള്ള ധാന്യങ്ങള്‍ സര്‍ക്കാരിനു വില്‍ക്കാനും സ്വന്തമായി മിച്ച വിഭവങ്ങള്‍ സ്‌റ്റോക്ക്‌ ചെയ്യരുതെന്നും ഉത്തരവ്‌ നല്‌കിയിരുന്നു. സ്റ്റലിന്റെ ആജ്ഞയെ അനുസരിക്കാന്‍ ബ്രഷ്‌നേവും കമ്മ്യൂണിസ്റ്റ്‌കാരും കൃഷിക്കാരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ക്രമേണ ബ്രഷ്‌നേവ്‌ മെറ്റലര്‍ജി എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്ന്‌ 1935ല്‍ എഞ്ചിനീയറായി ഡിഗ്രി നേടി. സര്‍ക്കാരിനും പാര്‍ട്ടിക്കു വേണ്ടി ജോലി ചെയ്യാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഞ്ചിനീയര്‍ ജോലി അദ്ദേഹം വേണ്ടെന്നു വെച്ചു. 1935ല്‍ അദ്ദേഹം സര്‍ക്കാരിന്റെ ഒരു വകുപ്പധികാരിയായി നിയമിതനായി. 1941ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നാസികള്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ മിലിട്ടറി വ്യവസായോപകരണങ്ങള്‍ അദ്ദേഹത്തിന്‍റെ പട്ടണത്തില്‍ നിന്നും നീക്കം ചെയ്യാനുള്ള ചുമതലയുണ്ടായിരുന്നു. 1945 ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ അദ്ദേഹം പ്രേഗിലായിരുന്നു. ആ വര്‍ഷം ജൂണ്‍ ഇരുപത്തിരണ്ടാം തിയതി മോസ്‌ക്കൊയിലുള്ള റഡ്‌ സ്‌കൊയറില്‍ റഷ്യയുടെ രണ്ടാം ലോക മഹായുദ്ധ വിജയാഘോഷത്തില്‍ ലെനിന്‍ സ്‌മാരക മന്ദിരത്തിനു മുമ്പില്‍ നിന്നിരുന്ന 'സ്റ്റലിനെ' സല്യൂട്ട്‌ ചെയ്യുന്ന പരേഡില്‍ ബ്രഷ്‌നേവുമുണ്ടായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കകാലം മുതല്‍ ബ്രഷ്‌നേവ്‌ സ്വന്തം നാട്ടില്‍ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവായി ഉയര്‍ന്നിരുന്നു .യുദ്ധം പൊട്ടി പുറപ്പെട്ട വേളയില്‍ റഷ്യയുടെ ചുവപ്പു പടയില്‍ ചേര്‍ന്ന്‌ സ്റ്റലിന്റെ റഷ്യാവല്‌ക്കരണമെന്ന പദ്ധതിയെ വിജയിപ്പിക്കാന്‍ ശ്രമിച്ചു. അതനുസരിച്ച്‌ സ്‌കൂളുകളില്‍ കുട്ടികള്‍ റഷ്യന്‍ ഭാഷ മാത്രമേ പഠിക്കാവൂയെന്നും പത്രങ്ങള്‍ മറ്റു ഭാഷകളില്‍ അച്ചടിക്കരുതെന്നും സ്റ്റലിന്റെ നിയമങ്ങളുണ്ടായിരുന്നു. ബ്രഷ്‌നേവിന്‌ ഉത്തരവാദിത്വമുള്ള ഉയര്‍ന്ന തസ്‌തികയിലുള്ള ജോലികള്‍ ലഭിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മേജര്‍ ജനറലെന്ന റാങ്കും ലഭിച്ചു. 1946ല്‍ ചുവപ്പ്‌ പട്ടാളത്തിലെ ജോലി മതിയാക്കി മടങ്ങി വന്നപ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികള്‍ വീണ്ടും ഏറ്റെടുത്തു. 1950ല്‍ അദ്ദേഹം ഒരു ദേശീയ നേതാവായി വളര്‍ന്നു. സോവിയറ്റ്‌ യൂണിയനിലെ മോള്‍ഡാവിയന്‍ റിപ്പബ്ലിക്കിന്റെ കേന്ദ്ര കമ്മിറ്റിയിലെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം മോള്‍ഡേവിയന്‍ റിപ്പബ്ലിക്കില്‍ നിന്നും മോസ്‌ക്കോയില്‍ സ്റ്റലിന്റെ സെക്രട്ടറിയേറ്റില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ അധികാരമുള്ള ജോലിയേറ്റെടുത്തു.

1953ല്‍ സ്റ്റലിന്റെ മരണശേഷം ബ്രഷ്‌നേവിന്റെ ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍ക്ക്‌ മങ്ങലേറ്റിരുന്നു. സെക്രട്ടറിയേറ്റിലുള്ള ചുമതലകളില്‍ നിന്നും അദ്ദേഹത്തെ നീക്കി അതിലും താഴ്‌ന്ന തസ്‌തികയിലുള്ള പ്രതിരോധ വകുപ്പിലേയ്‌ക്ക്‌ മാറ്റി. പിന്നീട്‌ കസാക്ക്‌ റിപ്പബ്ലിക്കിലെ സെന്‍ട്രല്‍ കമ്മിറ്റിയിലും നിയമിച്ചു. അദ്ദേഹം നല്ലയൊരു ഭരണാധികാരിയായി തെളിയിച്ചതുകൊണ്ട്‌ 1956ല്‍ വീണ്ടും സെക്രട്ടറിയേറ്റില്‍ ജോലി കൊടുത്തു. നികിതാ ക്രൂഷ്‌ചേവ്‌ അദ്ദേഹത്തെ കൂടുതലധികാരങ്ങളോടെ സെക്രട്ടറിയേറ്റിന്റെ വകുപ്പു മേധാവിയായി നിയമിക്കുകയുമുണ്ടായി .

1957ല്‍ ക്രൂഷ്‌ചേവും മലങ്കോവും മൊളോട്ടോവും തമ്മില്‍ അധികാര മത്സരമുണ്ടായപ്പോള്‍ ബ്രഷ്‌നേവ്‌ ക്രൂഷ്‌ചേവിനൊപ്പമായിരുന്നു. ക്രൂഷ്‌ചേവിനെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ എതിര്‍ ഗ്രൂപ്പുകള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 1959ല്‍ ബ്രഷ്‌നേവിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ രണ്ടാം സെക്രട്ടറിയായി നിയമിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം സെക്രട്ടറിയേറ്റില്‍ മടങ്ങി വന്ന്‌ ക്രൂഷ്‌ചെവിന്റെ ഭരണത്തില്‍ അതൃപ്‌തരായ നേതാക്കന്മാരെ സംഘടിപ്പിച്ചു. സ്റ്റലിന്റെ ഭരണകാലങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചതിന്‌ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും ക്രൂഷ്‌ചേവിന്‌ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. സ്റ്റലിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദികളായ മുതിര്‍ന്ന നേതാക്കന്മാര്‍ അദ്ദേഹത്തിനെ അധികാരത്തില്‍ നിന്നു നീക്കം ചെയ്യാനും രഹസ്യാലോചനകള്‍ തുടങ്ങി. ക്രൂഷ്‌ചേവ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തോട്‌ ആലോചിക്കാതെ രാജ്യത്തിന്റെ നയപരിപാടികളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക സാധാരണമായിരുന്നു. അതുകൊണ്ട്‌ രാജ്യ തന്ത്രമായ കാര്യങ്ങളില്‍ തെറ്റുകള്‍ അദ്ദേഹത്തില്‍ നിന്നും വരുക പതിവായിരുന്നു. ക്രൂഷ്‌ചേവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ നേതൃത്വം കൊടുത്തത്‌ സഹപ്രവര്‍ത്തകനായ ബ്രഷ്‌നേവായിരുന്നു.

1950 കളിലെ അവസാന കാലങ്ങളിലും 1960 കളിലെ ആരംഭഘട്ടത്തിലും നികിതാ ക്രൂഷ്‌ചേവിന്റെ നേതൃത്വത്തില്‍ സോവിയറ്റ്‌ യൂണിയന്‍ ഉദാരവലക്കരണ പദ്ധതികളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ആവിഷ്‌ക്കരിച്ചിരുന്നു. പാര്‍ട്ടിയിലെ ഉന്നതരായവരില്‍ ചിലര്‍ക്ക്‌ അദ്ദേഹത്തിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ രസിച്ചിരുന്നില്ല. 1961ല്‍ ജോസഫ്‌ സ്റ്റലിന്റെ മൃതശരീരം റെഡ്‌ സ്‌കൊയറിലിള്ള ലെനിന്‍ സ്‌മാരക മന്ദിരത്തില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തോട്‌ വിരോധത്തിനു കാരണമായി. ബര്‍ലിന്‍ മതിലുണ്ടാക്കിയതും ക്യൂബന്‍ മിസൈല്‍ പ്രശ്‌നവും അന്തര്‍ ദേശീയ തലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ പാടേ പരാജയപ്പെട്ടു. ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്‌തത രാജ്യത്ത്‌ അരാജകത്വം സൃഷ്ടിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഭരണ പോരായ്‌മകളെയും തെറ്റുകളെയും മുതലെടുക്കാന്‍ അധികാരമോഹിയായ ബ്രഷ്‌നേവിനു കഴിഞ്ഞു. ക്രൂഷ്‌ചേവിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ നേതാക്കന്മാരെ യോജിപ്പിച്ച്‌ ബ്രഷ്‌നേവിന്‌ കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കാനും സാധിച്ചു. ഭരണം അട്ടിമറിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. 1964 ഒക്ടോബര്‍ പതിന്നാലാം തിയതി ബ്രഷ്‌നേവും അലക്‌സി കോസിജിനും നിക്കോളാ പോഡ്‌ഗോര്‍നിയും മറ്റു ക്രൂഷ്‌ചേവിന്റെ പ്രതിയോഗികളുമൊത്തുചേര്‍ന്ന്‌ ക്രൂഷ്‌ചേവിനെ അധികാര സ്ഥാനത്തുനിന്നും നീക്കം ചെയ്‌തു. അധികാരത്തില്‍നിന്നും പുറം തള്ളപ്പെട്ട അദ്ദേഹത്തെ പിന്നീട്‌ മോസ്‌ക്കൊയ്‌ക്ക്‌ വെളിയിലുള്ള ഒരു കൃഷിപുരയിടത്തിലെ വീട്ടില്‍ തടങ്കലിലാക്കുകയാണുണ്ടായത്‌.

ക്രൂഷ്‌ചേവിന്റെ സ്ഥാനചലനശേഷം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്‌നേവിനെ തെരഞ്ഞെടുത്തു. അലക്‌സി കോസിജിന്‍ പുതിയ പ്രധാനമന്ത്രിയുമായി. 1960ല്‍ ക്രൂഷ്‌ചേവിന്റെ ഭരണശേഷം ഒരു കൂട്ടു ഭരണ വ്യവസ്ഥയാണ്‌ നിലവില്‍ വന്നത്‌. അധികാര കേന്ദ്രീകരണം മുഴുവന്‍ സ്വന്തമാക്കിക്കൊണ്ട്‌ ബ്രഷ്‌നേവ്‌ സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി ബഡ്‌ജറ്റ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടു റഷ്യന്‍ സാമ്പത്തിക വ്യവസ്ഥിതി തകര്‍ക്കുന്ന നയമാണ്‌ ബ്രഷ്‌നേവ്‌ സ്വീകരിച്ചത്‌. അതിന്റെ പ്രത്യാഘാതമെന്നോണം സോവിയറ്റ്‌ യൂണിയന്‍ അവസാനം തകരുകയും ചെയ്‌തു.

സാധാരണ സോവിയറ്റ്‌ നേതാക്കന്മാരുടെ ജീവിതചര്യപോലെ ബ്രഷ്‌നേവും ആഡംബര പ്രിയനായിരുന്നു. സൗജന്യ ബംഗ്ലാവുകളും ബീച്ച്‌ കൊട്ടാരങ്ങളും സ്വന്തം ഉപയോഗത്തിനായുണ്ടായിരുന്നു. നായാട്ട്‌, പാര്‍ട്ടികള്‍, മദ്യപാനം,സ്‌ത്രീകളുമായുള്ള ലൈംഗിക കൂത്തുകള്‍ മുതലായവ അദ്ദേഹത്തിന്‍റെ നേരമ്പോക്കുകളായിരുന്നു. ചെറിയ കാര്യങ്ങള്‍ സാധിച്ചു കൊടുത്താലും മറ്റുള്ളവരില്‍നിന്നും വിലകൂടിയ സമ്മാനങ്ങളും പ്രതീക്ഷിക്കും. സെക്രട്ടറിമാരെയും പരിചരിക്കുന്നവരെയും ഓഫീസിലുള്ള മറ്റു സ്‌ത്രീകളെയും ലൈംഗികമായി ഉപയോഗിക്കുമായിരുന്നു. ബ്രഷ്‌നെവിനെപ്പോലെ സ്വന്തം മകള്‍ 'ഗലീനായും' മദ്യപാനവും പാര്‍ട്ടിയും അവിഹിത ബന്ധങ്ങളും ഇഷ്ടപ്പെട്ടിരുന്നു. ഗലീന നാലു പ്രാവിശ്യം വിവാഹം ചെയ്‌തു. അനേക പുരുഷന്മാരുമൊത്തു കിടക്കകളും പങ്കിട്ടിരുന്നു. അവര്‍ സ്വന്തം പിതാവിന്റെ തണലില്‍ സോവിയറ്റധികാരികളെപ്പോലും വക വെയ്‌ക്കാത്ത ധിക്കാരിയായ ഒരു സ്‌ത്രീയായിരുന്നു. അമിതമായ മദ്യപാനവും രാത്രി പാര്‍ട്ടികളും ഡാന്‍സും കൂത്തും അവരെക്കാളും പ്രായത്തില്‍ കുറഞ്ഞ ചെറുപ്പക്കാരുമായി രതി വിനോദവും സ്ഥിരം പരിപാടിയായിരുന്നു.1961ല്‍ മുപ്പത്തിരണ്ടു വയസുകാരിയായ അവര്‍ വിവാഹിതയായിരിക്കെ തന്നെ പതിനെട്ടു വയസുള്ള സിനിമാ നടന്‍ 'ഇഗോര്‍ കിയോ' എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഈ യുവാവുമായി താമസം തുടങ്ങി. അവരുടെ മധുവിധു ഒമ്പതു ദിവസമേ നിലനിന്നുള്ളൂ. കുപിതനായ സോവിയറ്റ്‌ നേതാവ്‌ ബ്രഷ്‌നേവ്‌ 'ഇഗോര്‍ കിയോയുടെ' കുടുംബത്തെ നശിപ്പിക്കാന്‍ കെ.ജി.ബി. (റഷ്യന്‍ ചാര സംഘടന) യെ അയച്ചു. പിതാവിന്റെ ശക്തമായ പ്രേരണയാല്‍ മകള്‍ ഗലീനാ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തു. എങ്കിലും പിതാവിനോടുള്ള പ്രതികാരത്തോടെ വീണ്ടും ആ ബന്ധം മൂന്നു വര്‍ഷം കൂടി തുടര്‍ന്നു . എന്നും മകള്‍ അധികാരത്തിലിരിക്കുന്ന പിതാവിന്‌ പ്രശ്‌നങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. 1998ല്‍ അവര്‍ മരിച്ചു.

ബ്രഷ്‌നേവ്‌ അധികാര സ്ഥാനത്ത്‌ എത്തിയയുടന്‍ ക്രൂഷ്‌ചേവ്‌ തുടങ്ങി വെച്ച ' പദ്ധതികളും ഉദാരവല്‌ക്കരണവും പാടെ വേണ്ടന്നു വെച്ചു. പത്രവാര്‍ത്താ മാധ്യമ സ്വാതന്ത്ര്യത്തിനും വിവര സാങ്കേതിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമിട്ടു. വിദ്യാഭ്യാസവും പൂര്‍ണ്ണമായും സര്‍ക്കാരാധീനതയിലായി. 1965 മെയ്‌ മാസത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുപതാം വാര്‍ഷിക വിജയാഘോഷത്തില്‍ ബ്രഷ്‌നേവ്‌ ചെയ്‌ത പ്രസംഗം സ്റ്റലിന്റെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു. ശീതസമരം മൂലം സോവിയറ്റ്‌ സാമ്പത്തിക സ്ഥിതി തകര്‍ന്നുകൊണ്ടിരുന്നു. കരിഞ്ചന്തക്കാരും പൂഴ്‌ത്തി വെപ്പുകാരും രാജ്യത്തില്‍ വിലപ്പെരുപ്പത്തിനു കാരണമായി. ആയുധ മത്സരം 1960 കഴിഞ്ഞപ്പോള്‍ സോവിയറ്റ്‌ യൂണിയനു താങ്ങാന്‍ സാധിക്കാതെയായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങള്‍ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക്‌ കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്നു.

ജോസഫ്‌ സ്റ്റലിന്‍ ജീവിച്ചിരുന്ന കാലങ്ങളിലെ അതേ നയപരിപാടികളാണ്‌ ബ്രഷ്‌നേവും പിന്തുടര്‍ന്നത്‌ . അതുമൂലം മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ടിരുന്നു. രാജ്യം അരാജകത്വത്തിലേയ്‌ക്ക്‌ നീങ്ങുന്നതുകൊണ്ട്‌ പ്രതീക്ഷകളില്ലാത്ത ഒരു ജീവിതമായിരുന്നു ജനങ്ങള്‍ക്കുണ്ടായിരുന്നത്‌. കൂട്ടു കൃഷി സമ്പ്രദായത്തില്‍ തൊഴില്‍ ചെയ്യുന്നവന്‌ ചെറിയ വേതനം കൊടുത്തിരുന്നു. 1960 മുതല്‍ ദാരിദ്ര്യം മൂലം ജനങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍നിന്നും പട്ടണങ്ങളില്‍ മാറി താമസിക്കാന്‍ തുടങ്ങി. ലക്ഷക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഭവനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാതെ വളരെ പരിതാപകരമായ സ്ഥിതിവിശേഷത്തിലായിരുന്നു. തൊഴില്‍ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. പഞ്ച വത്സര പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തികം നിയന്ത്രിച്ചിരുന്നു. താഴ്‌ന്ന ക്ലാസ്‌ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെ അദ്ധ്യാപകര്‍ക്ക്‌ സ്വയം മനസാക്ഷിക്കെതിരെ കുട്ടികളെ കമ്മ്യൂണിസ്റ്റ്‌ പ്രത്യായ ശാസ്‌ത്രം പഠിപ്പിക്കണമായിരുന്നു. മിലിട്ടറി പരേഡിനൊപ്പം വ്യാവസായിക തൊഴിലാളികളും ശാസ്‌ത്രജ്ഞരും ഡോക്ടര്‍മാരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധിതമായി പങ്കു ചേരണമായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‌പ്പിച്ചിരുന്നില്ല. മിടുക്കന്മാരായ കുട്ടികളെ ബൌദ്ധിക തലങ്ങളില്‍ പറഞ്ഞു വിശ്വസിപ്പിച്ച്‌ മിലിട്ടറിയില്‍ ചേര്‍ക്കും . പിന്നീട്‌ ജീവിതം മുഴുവന്‍ അവിടെ മറ്റവസരങ്ങള്‍ ലഭിക്കാതെ കഴിയേണ്ടി വരും. എതിര്‍ക്കുന്നവരെ സൈബീരിയായിലുള്ള ' ഗുലാഗ്‌' ജയിലില്‍ അടയ്‌ക്കും. ശിക്ഷ കിട്ടിയ ലക്ഷക്കണക്കിന്‌ ജനം അവിടെ റെയില്‍വേ ലൈനിലും സര്‍ക്കാരിന്റെ പ്രൊജക്‌റ്റിലും കഠിനമായി ജോലിചെയ്‌തിരുന്നു. ബുദ്ധിജീവികളെ നിയന്ത്രിക്കുകയെന്നത്‌ ബ്രഷ്‌നേവിന്റെ നയമായിരുന്നു. സോവിയറ്റ്‌ വിദ്യാര്‍ത്ഥികള്‍ പുറംനാടുകളില്‍ പഠിക്കാന്‍ പോകുന്നത്‌ നിരോധിച്ചിരുന്നു. ദേശീയ വരുമാനം മുഴുവന്‍ പ്രതിരോധത്തിനും മിലിട്ടറിയ്‌ക്കും ചെലവഴിക്കുന്നതിനാല്‍ രാജ്യം മുഴുവന്‍ ആഭ്യന്തര പ്രശ്‌നങ്ങളിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു.

1968ല്‍ ചെക്കൊസ്ലോവോക്കിയായെ റഷ്യന്‍ പട്ടാളം ആക്രമിച്ചു. ബ്രഷ്‌നേവ്‌ മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്‌ പട്ടാളത്തെ അയക്കുമായിരുന്നു. കിഴക്കന്‍ യൂറോപ്പുകളില്‍ കമ്മ്യൂണിസം നിലനിര്‍ത്താന്‍ ശതൃതാ മനോഭാവത്തോടെയാണ്‌ അതാതു രാജ്യങ്ങളോട്‌ റഷ്യന്‍ നയം പുലര്‍ത്തിയിരുന്നത്‌. 1969 ല്‍ ബ്രഷ്‌നേവ്‌ ഭരണം ചൈനയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ പരസ്‌പരം മല്ലടിച്ചിരുന്നു. 1970ല്‍ ഇസ്രായിലെനെതിരെ ഈജിപ്‌റ്റില്‍ സോവിയറ്റ്‌ പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാന്‍സിനും അമേരിക്കയ്‌ക്കുമെതിരെ വടക്കേ വിയറ്റ്‌ നാമിലും സോവിയറ്റ്‌ പടയുണ്ടായിരുന്നു. 1979ലെ അഫ്‌ഗാന്‍ ആക്രമണം അന്തര്‍ ദേശീയ തലത്തില്‍ സോവിയറ്റ്‌ യൂണിയന്റെ വിലയിടിയാന്‍ കാരണമായി. ബ്രഷ്‌നേവ്‌ തുടങ്ങി വെച്ച അതിഘോരമായ അഫ്‌ഗാന്‍ യുദ്ധം അദ്ദേഹത്തിന്‍റെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്‌ഗാന്‍ യുദ്ധം മൂലം സോവിയറ്റ്‌ സാമ്പത്തികസ്ഥിതി അപ്പാടെ തകര്‍ന്നു പോയിരുന്നു. ഉത്ഭാദനം, വിതരണം, ഉപഭോക്ത വസ്‌തുക്കളുടെ ഉപയോഗം, സേവന മേഖലകള്‍ എന്നീ സാമ്പത്തിക തലങ്ങള്‍ ആദ്യഘട്ടങ്ങളില്‍ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട്‌ യുദ്ധം മൂലം സോവിയറ്റ്‌ നാട്‌ മുഴുവന്‍ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.

1980ല്‍ മോസ്‌ക്കോയില്‍ നടത്തിയ ഒളിമ്പിക്‌സില്‍ അമ്പത്‌ രാജ്യങ്ങള്‍ ബൊയ്‌ക്കോട്ട്‌ ചെയ്‌തു. സോവിയറ്റ്‌ നയതന്ത്രങ്ങള്‍ക്കെതിരെ വിമര്‍ശിക്കുന്ന ബുദ്ധി ജീവികളെ മാനസിക നിലയങ്ങളില്‍ അടയ്‌ക്കുകയോ അറസ്റ്റ്‌ ചെയ്യുകയോ നാടു കടത്തുകയോ ചെയ്യുക പതിവായിരുന്നു. മനുഷ്യാവകാശങ്ങളെ ബ്രഷ്‌നേവ്‌ ഭരണം വിലകല്‌പ്പിക്കാത്തതിലും രാജ്യത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പകരം ന്യൂക്ലീയറായുധങ്ങള്‍ കുന്നുകൂട്ടുന്നതിലും വിമര്‍ശിച്ചതിനു ശാസ്‌ത്രജ്ഞനായ 'അന്‍െ്രെഡ സക്കാറോവിനെ' ജയിലിലടച്ചു. കെ.ജി.ബി യുടെ തലവന്‍ യൂറി അണ്ട്രോപോവ്‌ അദ്ദേഹത്തെ സോവിയറ്റ്‌ യൂണിയന്റെ ഒന്നാമത്തെ ശത്രുവായി കരുതിയിരുന്നു. ബാഹ്യലോകമായും സ്വന്തപ്പെട്ടവരുമായും ബന്ധപ്പെടാതെ നിരീക്ഷണത്തിലുമായിരുന്നു. സക്കാറോവിന്റെ ഭാര്യ 'എലന ബോണ്ണറും' കെ.ജി.ബി യുടെ നോട്ടത്തിലായിരുന്നു.

1970ല്‍ ബ്രഷ്‌നേവിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. രോഗങ്ങളോട്‌ മല്ലിടുന്നതിനൊപ്പം രാജ്യത്തിനുള്ളില്‍ അദ്ദേഹത്തിനെതിരായി വിമര്‍ശകരും കൂടി വന്നു. മദ്യപാനവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി മാറി. എഴുപതാം വയസ്സില്‍ സോവിയറ്റ്‌ യൂണിയന്റെ സ്വയം മാര്‍ഷലായി പ്രഖ്യാപിച്ചു. ജോസഫ്‌ സ്റ്റലിനും ജീവിച്ചിരുന്നപ്പോള്‍ സ്വയം അലംകൃതമായ മാര്‍ഷല്‍ പദവിയുണ്ടായിരുന്നു. 1982മെയ്‌മാസത്തില്‍ അദ്ദേഹത്തിന്‌ ഹൃദുരോഗം പിടിപെട്ടു. വര്‍ഷങ്ങളായുള്ള രോഗവും ആരോഗ്യം ക്ഷയിക്കലിനും ശേഷം 1982 നവംബര്‍ പത്താം തിയതി ബ്രഷ്‌നേവ്‌ മോസ്‌ക്കോയില്‍ വെച്ചു മരിച്ചു. എല്ലാവിധ രാഷ്ട്ര ബഹുമതികളോടെ ക്രംലിന്‍ വാളില്‍ ബ്രഷ്‌നേവിന്റെ മൃത ശരീരം മറവു ചെയ്‌തു. അദ്ദേഹത്തിനു ശേഷം മൈക്കില്‍ ഗോര്‍ബചോവു വരെ സോവിയറ്റ്‌ നാടിന്‌ നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി 'യൂറി അണ്ട്രോപ്പോവ്‌' രാജ്യത്തിന്റെ ഭരണാധികാരിയായി. പതിനാറു മാസങ്ങള്‍ക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട്‌ കോണ്‍സ്റ്റാന്റിന്‍ ചെര്‍നെങ്കൊ സോവിയറ്റ്‌ നാടിനെ നയിച്ചു. പതിമൂന്നു മാസങ്ങള്‍ക്കു ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം 'മൈക്കില്‍ ഗോര്‍ബചോവ്‌ ' സോവിയറ്റ്‌ യൂണിയന്റെ ചുമതല എടുത്തപ്പോള്‍ രാജ്യം മുഴുവന്‍ നിര്‍ജീവമായി തീര്‍ന്നിരുന്നു.

ബ്രഷ്‌ നേവിന്റെ അവസാന കാലങ്ങളില്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ പിരിമുറുക്കങ്ങളുണ്ടായിരുന്നെങ്കിലും ഈ രണ്ടു മഹാശക്തികള്‍ പരസ്‌പര ബഹുമാനത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു. 1969 മുതല്‍ 1974 വരെ പ്രസിഡണ്ട്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഓഫീസിലുണ്ടായിരുന്ന കാലങ്ങളില്‍ അമേരിക്കയുടെയും സോവിയറ്റ്‌ യൂണിയന്‍റെയും രണ്ടു നേതാക്കന്മാരും പരസ്‌പരം സന്ദര്‍ശനങ്ങള്‍ നടത്തുമായിരുന്നു. 1975ല്‍ റഷ്യയും അമേരിക്കയും സഹകരിച്ചുള്ള ശൂന്യാകാശ പദ്ധതികളും നടപ്പാക്കി. അമേരിക്കയുടെ ഗോതമ്പ്‌ വന്‍തോതില്‍ റഷ്യാ വാങ്ങിക്കാനും തുടങ്ങി. മറ്റുള്ള മേഖലകളിലും രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ചു സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.1970ല്‍ സോവിയറ്റ്‌ യൂണിയനും അമേരിക്കയും തമ്മില്‍ നല്ലൊരു സൗഹാര്‍ദ്ദ ബന്ധം സ്ഥാപിക്കുന്നതിന്‌ ബ്രഷ്‌ നേവിനു കഴിഞ്ഞു. അദ്ദേഹം ഇന്ത്യയുടെ ഒരു ഉറ്റമിത്രവുമായിരുന്നു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code