Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലങ്കോവ്‌ ക്രൂഷ്‌ചേവ്‌ പോരാട്ടങ്ങളും ശീതസമരവും (റഷ്യന്‍ ചരിത്രം ഒരു പഠനം -ലേഖനം 8)   - ജോസഫ്‌ പടന്നമാക്കല്‍

Picture

സ്റ്റലിന്‍ മരിച്ച ശേഷം 1953മാര്‍ച്ച്‌ അഞ്ചാംതിയതി സോവിയറ്റ്‌ നേതൃത്വം കയ്യടക്കാന്‍ അധികാര മോഹികളുടെ തീവ്രമായ ഒരു മത്സര വേദി തന്നെയുണ്ടായിരുന്നു. 1920 മുതല്‍ സ്റ്റലിന്‍ റഷ്യയെ ഭരിച്ചിരുന്നു. ഭരണ കൈമാറ്റമനുസരിച്ച്‌ ആ സ്ഥാനങ്ങളലങ്കരിക്കാന്‍ 'മലങ്കോവ്‌' എല്ലാംകൊണ്ടും യോഗ്യനായിരുന്നു. രക്തപങ്കിലമായ ഏകാധിപത്യ ഭരണത്തോടെ സോവിയറ്റ്‌ യൂണിയനെ നീണ്ടകാലം നയിച്ച സ്റ്റലിന്റെ മരണശേഷം ഒരു ദിവസം കൂടി കഴിഞ്ഞ്‌ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒന്നാമത്തെ സെക്രട്ടറിയായും ജോര്‍ജ്‌ മലങ്കോവിനെ തെരഞ്ഞെടുത്തു. എന്നാല്‍ മലങ്കോവും ക്രൂഷ്‌ചേവും തമ്മില്‍ റഷ്യയുടെ സാരഥ്യം വഹിക്കാന്‍ അധികാര വടംവലി തുടങ്ങി. മലങ്കോവിന്റെ ഭരണകാലം ഹൃസ്വമായിരുന്നു. പാര്‍ട്ടിയിലെ നികിതാ ക്രൂഷ്‌ചേവും കൂട്ടരും അദ്ദേഹത്തെ അധികാര സ്ഥാനത്തു നിന്ന്‌ നീക്കവും ചെയ്‌തു. മലങ്കോവ്‌ റഷ്യയുടെ സ്റ്റലിന്‍ ഭീകര ഭരണത്തിനും മിതവാദിയായ ക്രൂഷ്‌ചേവിന്റെ ഭരണത്തിനും മദ്ധ്യേ ഇടക്കാല പ്രധാന മന്ത്രിയായി റഷ്യയെ നയിച്ചു.

മലങ്കോവ്‌, ബോള്‍ഷേവിക്ക്‌ വിപ്ലവകാലത്തിലെ അവശേഷിച്ചിരുന്ന ഏതാനും നേതാക്കന്മാരില്‍ ഒരാളായിരുന്നു . 1930ല്‍ രക്തച്ചൊരിച്ചിലൂടെ എതിരാളികളെ ഇല്ലായ്‌മ ചെയ്‌തുകൊണ്ടിരുന്ന സ്റ്റലിന്റെ ക്രൂരപ്രവര്‍ത്തികളില്‍ അദ്ദേഹം ബലിയാടാകേണ്ടി വന്നില്ല. ആര്‍ക്കും പിടികൊടുക്കാതെ പിന്‍നിരയിലെ നേതാക്കന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ശാന്തനായ ഒരു നേതാവായിരുന്നു. സ്റ്റലിന്റെ നോട്ടപ്പുള്ളിയായി 1930 മുതല്‍ പാര്‍ട്ടിയുടെ ഉന്നത മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടുമിരുന്നു. 1940 മുതല്‍ സ്റ്റലിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ പേരാണ്‌ അറിയപ്പെട്ടിരുന്നത്‌. ഒരു നവീകരണ ചിന്താഗതിക്കാരനെന്ന പ്രധാന മന്ത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ പ്രതിരോധ ചിലവുകള്‍ അദ്ദേഹം വെട്ടിക്കുറച്ചു. രാഷ്ട്രീയ നേതൃത്വത്തിലെ വടം വലികള്‍ ഇല്ലായ്‌മ ചെയ്യുവാനും ശ്രമിച്ചു. സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള കിഴക്കന്‍ രാഷ്ട്രങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന ഭരണ നയങ്ങള്‍ക്കും അയവു വരുത്തി. മലങ്കോവിന്റെ ചിന്താഗതികളെയും നയങ്ങളെയും എതിര്‍ത്തുകൊണ്ട്‌ രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ എതിരാളി നികിതാ ക്രൂഷ്‌ചേവ്‌ രാഷ്ട്രീയ കൂട്ടാളികളുടെയും മിലിറ്ററി മേധാവികളുടെയും സഹായത്തോടെ പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനം കരസ്ഥമാക്കി. അതുവരെ പ്രധാനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മലങ്കോവ്‌ തന്നെയായിരുന്നു.

1924ല്‍ ലെനിന്റെ മരണശേഷം അധികാരമേറ്റെടുത്ത ഏകാധിപതിയായ സ്റ്റലിന്റെ ഏറ്റവും വിശ്വസ്ഥ മിത്രം ക്രൂഷ്‌ചേവായിരുന്നു. കൂടാതെ ബോള്‍ഷേവിക്ക്‌ വിപ്ലവ കാലത്തെ ജീവിച്ചിരുന്ന നേതാക്കന്മാരും ലെനിന്റെ കാലം മുതല്‍ പാര്‍ട്ടിയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചവരും മുതിര്‍ന്ന നേതാവായ ക്രൂഷ്‌ചേവിനു പിന്തുണ നല്‌കി. 1940 മുതല്‍ ക്രൂഷ്‌ചേവ്‌ വിവിധ നിലകളിലുള്ള അധികാര സ്ഥാനങ്ങളില്‍ ഇരുന്നിരുന്നു. എങ്കിലും മലങ്കോവിനെ അധികാരത്തില്‍ നിന്നും താഴെയിറക്കേണ്ടത്‌ ക്രൂഷ്‌ചേവിന്റെ രാഷ്ട്രീയ ഭാവിയ്‌ക്ക്‌ ആവശ്യമായിരുന്നു. മലങ്കോവിനെ പുകച്ചു കളഞ്ഞ്‌ അധികാരം സ്വായത്തമാക്കാന്‍ അദ്ദേഹത്തിന്‌ അധികകാലം വേണ്ടിവന്നില്ല. അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തിലെ കൂട്ടാളികളെ സംഘടിപ്പിച്ച്‌ സോവിയറ്റ്‌ യൂണിയന്‍ നിയന്ത്രിക്കുന്ന സുപ്രധാന പോസ്റ്റായ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മലങ്കോവിനെ രാജി വെപ്പിച്ചു. പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കുവെക്കാന്‍ താന്‍ രാജി വെക്കുന്നുവെന്നു മലങ്കോവ്‌ പൊതുവായ ഒരു പ്രസ്‌താവനയും ഇറക്കിയിരുന്നു. വാസ്‌തവത്തില്‍ മലങ്കോവിന്റെ രാജി ക്രൂഷ്‌ചേവിന്റെ വിജയമായിരുന്നു. മലങ്കോവിന്റെ സ്ഥാനത്ത്‌ പാര്‍ട്ടി അഞ്ചംഗ സെക്രട്ടിയേറ്റിനെ നിയമിച്ചു. പുതിയതായി നിയമിച്ച അഞ്ചു സെക്രട്ടറിമാരില്‍ ക്രൂഷ്‌ചേവായിരുന്നു പ്രമുഖന്‍. മറ്റുള്ളവര്‍ അദ്ദേഹത്തോടൊപ്പം വ്യക്തി പ്രഭാവമുള്ളവരായിരുന്നില്ല. 1953ല്‍ ക്രൂഷ്‌ചേവിനെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1955 ല്‍ അദ്ദേഹവും അദ്ദേഹത്തിന്‌ പിന്തുണ നല്‌കിയവരുമൊത്തു മലങ്കൊവിനെ പ്രധാന മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി പകരം ക്രൂഷ്‌ചേവിന്റെ പാവ പോലെ പ്രവര്‍ത്തിക്കുന്ന 'നിക്കോളായ്‌ ബുള്‌ഗാനിനെ' പ്രധാന മന്ത്രിയാക്കി. 1958ല്‍ അധികാരം മുഴുവന്‍ സ്വന്തമാക്കിക്കൊണ്ട്‌ ക്രൂഷ്‌ചേവ്‌ റഷ്യയുടെ പ്രധാന മന്ത്രിയായി ചുമതലയേറ്റു. സ്റ്റലിന്റെ ഭീകര ഭരണ കാലത്തെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച ക്രൂഷ്‌ചേവ്‌ മലങ്കോവിന്റെ അതേ നയപരിപാടികളും ഭരണ പരിഷ്‌ക്കാരങ്ങളും തന്നെയാണ്‌ പിന്നീടുള്ള കാലങ്ങളില്‍ സോവിയറ്റ്‌ യൂണിയനില്‍ നടപ്പിലാക്കിയത്‌.

1958ല്‍ ക്രൂഷ്‌ചേവിനെ അധികാര സ്ഥാനത്തുനിന്ന്‌ പുറത്തു ചാടിക്കാന്‍ മലങ്കോവ്‌ ചില വിപ്ലവകാരികളുടെ സഹായത്തോടെ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതുമൂലം മലങ്കോവിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജയിലില്‍ അടയ്‌ക്കുന്നതിന്‌ പകരം അദ്ദേഹത്തെ കസാക്കിസ്ഥാനിലുള്ള ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളുടെ വെറും മാനേജരായി സേവനം ചെയ്യാനയച്ചു. അത്‌ മലങ്കോവിന്റെ വ്യക്തിപരമായ ജീവിതത്തിന്‌ ഒരപമാനമായിരുന്നു.

ശീതസമരം ചൂടു പിടിച്ചിരുന്ന കാലങ്ങളില്‍ സോവിയറ്റ്‌ യൂണിയനെ നയിച്ചിരുന്നത്‌ നികിതാ ക്രൂഷ്‌ചേവായിരുന്നു. അദ്ദേഹം 1958 മുതല്‍ 1964 വരെ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായി അധികാര കസേരയിലിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം അവസാനിച്ചത്‌, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം കുറിച്ചുകൊണ്ടായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാനുള്ള ഒരു നയമാണ്‌ അദ്ദേഹം സ്വീകരിച്ചിരുന്നതെങ്കിലും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ ന്യൂക്ലീയര്‍ യുദ്ധം വരെ ഉണ്ടാകാവുന്ന സംഭവ വികാസങ്ങള്‍ക്ക്‌ സാഹചര്യം ഒരുക്കേണ്ടി വന്നു. ഫ്‌ലോറിഡായില്‍ നിന്ന്‌ അമ്പതു മൈലകലെ ക്യൂബായില്‍ ശേഖരിച്ചിരുന്ന ന്യൂക്ലീയര്‍ മിസൈലുകള്‍ അമേരിക്കയുടെ ഭീഷണിയില്‍ പൊളിച്ചു മാറ്റേണ്ടി വന്നത്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരാജയമായിരുന്നു. രാജ്യത്തിനുള്ളില്‍ സ്റ്റലിന്റെ ഭീകര ഭരണകാലങ്ങളെ അപലപിച്ചുകൊണ്ട്‌ സ്റ്റലിനിസത്തെ ഇല്ലാതാക്കി. ഹംഗറിയിലെ വിപ്ലവം അടിച്ചമര്‍ത്താന്‍ സാധിച്ചതും ബെര്‍ലിന്‍ മതില്‍ പണിതതും അദ്ദേഹത്തിന്‍റെ ഭരണകാല നേട്ടങ്ങളാണ്‌. യുണൈറ്റഡ്‌ നാഷനില്‍ അതിഗംഭീരങ്ങളായ പ്രസംഗങ്ങള്‍ നടത്തി ലോക നേതാക്കന്മാരെ ആശ്ചര്യപ്പെടുത്തിയിരുന്നു.

1894 ഏപ്രില്‍ പതിനഞ്ചാം തിയതി 'കലിനോവ്‌കാ' എന്ന റഷ്യയുടെ ഒരു ചെറിയ ഗ്രാമത്തില്‍ ക്രൂഷ്‌ചേവ്‌ ജനിച്ചു. പതിനാലാം വയസ്സില്‍ സ്വന്തം കുടുംബത്തോടൊപ്പം യുെ്രെകനിലുള്ള 'യുസോവ്‌കാ' എന്ന മൈനിനിഗ്‌ പട്ടണത്തില്‍ താമസമാക്കി. അവിടെ അദ്ദേഹം മെറ്റല്‍ തൊഴിലാളിയായി പരിശീലനം ആരംഭിച്ചു. അതിനുശേഷം തൊഴിലാളിയായി സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പരിപാലിച്ചിരുന്നു. മതവിശ്വാസിയായി വളര്‍ന്നെങ്കിലും 1918ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ബോള്‍ഷേവിക്ക്‌ പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ ബോള്‍ഷേവിക്കുകള്‍ റഷ്യയുടെ അധികാരം പിടിച്ചെടുത്തിരുന്നു. ക്രൂഷ്‌ചേവിന്റെ ആദ്യ ഭാര്യ ടൈഫോയിഡ്‌ വന്നു മരിച്ചു പോയി . അവരില്‍ രണ്ടു മക്കളുമുണ്ടായിരുന്നു. 1965ല്‍ നീനാ ക്രൂഷ്‌ചേവിനെ വിവാഹം കഴിച്ചു. അവരില്‍ നാലു മക്കളുണ്ടായിരുന്നു.

1929ല്‍ ക്രൂഷ്‌ ചെവ്‌ തന്റെ രാഷ്ട്രീയ ഭാവിയെ ലാക്കാക്കി മോസ്‌ക്കൊയില്‍ താമസമാക്കി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിച്ചുകൊണ്ടുമിരുന്നു. അവസാനം ജോസഫ്‌ സ്റ്റലിന്റെ അടുത്ത സഹകാരികളുമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത്‌ സോവിയറ്റ്‌ യൂണിയന്‍ മുഴുവനായി നിയന്ത്രിച്ചിരുന്നത്‌ സ്റ്റലിനായിരുന്നു. ഈ ഭീകര ഭരണാധികാരി ശത്രുക്കളെ കൊന്നൊടുക്കുന്ന സമയവുമായിരുന്നു. മില്ലിയന്‍ കണക്കിന്‌ മനുഷ്യരെ കൊല്ലുകയോ, ജയിലില്‍ അടയ്‌ക്കുകയോ, 'ഗുലാഗ്‌ തൊഴില്‍ നിലയങ്ങളില്‍' കഠിന ജോലിയ്‌ക്ക്‌ അയക്കുകയോ ചെയ്‌തിരുന്നു. കൂടാതെ പഞ്ഞം കിടന്നും ബലം പ്രയോഗിച്ച്‌ കൂട്ടു കൃഷികള്‍ ചെയ്യിപ്പിച്ചും ലക്ഷക്കണക്കിനു ജനം മരിക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ നാസി ജര്‍മ്മനിയോട്‌ യുദ്ധം ചെയ്യാന്‍ ഉെ്രെകനില്‍ നിന്നും സ്റ്റലിന്‍ ഗാര്‍ഡില്‍ നിന്നും ക്രൂഷ്‌ചെവ്‌ യുവാക്കളായവരെ സൈനിക സേവനത്തിനെത്തിക്കുമായിരുന്നു. യുദ്ധത്തിനു ശേഷം താറുമാറായ ഗ്രാമങ്ങളും പട്ടണങ്ങളും പുതുക്കി പണിയാനുള്ള ശ്രമത്തിലുമായിരുന്നു.

സ്റ്റലിന്റെ മരണം സ്ഥിതികരിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനശേഷം മോസ്‌ക്കൊയുടെ തെരുവുകള്‍ നിറയെ ദുഃഖിതരായ ലക്ഷക്കണക്കിന്‌ ജനക്കൂട്ടങ്ങളുടെ പ്രളയമുണ്ടായിരുന്നു. ലെനിന്റെ ഭൌതിക ശരീരമടക്കിയിരിക്കുന്ന സ്‌മാരക മണ്ഡപത്തിനു സമീപമായി സ്റ്റലിന്റെ ശവശരീരവും അടക്കം ചെയ്‌തു. രാജ്യത്തിന്‌ നാശ നഷ്ടങ്ങളുണ്ടാക്കി ഭീകരഭരണം നടത്തിയ ക്രൂരനായ ഈ ഏകാധിപതിയോടുള്ള ബഹുമാനം അധികകാലം നീണ്ടു നിന്നില്ല. ഒരിയ്‌ക്കല്‍ സ്റ്റലിന്റെ വിശ്വസ്‌തനായിരുന്ന ക്രൂഷ്‌ചേവ്‌ 1956ഫെബ്രുവരിയില്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്റ്റലിനെ കുറ്റപ്പെടുത്തിക്കൊണ്ട്‌ നീണ്ട മൂന്നു മണിക്കൂറുകള്‍ ചെലവഴിച്ചു. സ്റ്റലിന്‍ ചെയ്‌ത ക്രൂരപ്രവര്‍ത്തികളെയും പാര്‍ട്ടിക്കുപരി സ്വയം അധികാരം കയ്യടക്കി ഏകാധിപതിയായതും യുദ്ധകാലത്തെ മണ്ടത്തരങ്ങളും അദ്ദേഹത്തിന്‍റെ ബലഹീന നേതൃത്വത്തെപ്പറ്റിയും എതിരാളികളെ വക വരുത്തി ഇല്ലാതാക്കിയതും അവരെ അറസ്റ്റു ചെയ്‌തും നാടുകടത്തിയതും പരാമര്‍ശിച്ചുകൊണ്ട്‌ ക്രൂഷ്‌ചേവ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വേദികളില്‍ നീണ്ട ചര്‍ച്ചകളും പ്രമേയങ്ങളും അവതരിപ്പിച്ചു. ക്രൂഷ്‌ചേവ്‌ അന്നുമുതല്‍ സ്റ്റലിനിസത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതു സ്ഥലങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും അന്തരിച്ച സ്റ്റലിന്റെ പേരുകള്‍ നീക്കം ചെയ്‌തു. ക്രൂഷ്‌ചേവിന്റെ ഭരണകാലങ്ങളില്‍ സ്റ്റലിന്റെ വ്യക്തിത്വം എവിടെയും ഇടിച്ചു താഴ്‌ത്തിക്കൊണ്ടിരുന്നു. ക്രൂഷ്‌ചേവിന്റെ സ്റ്റലിനെതിരായ പ്രസംഗം പാര്‍ട്ടിയധികൃതര്‍ രഹസ്യമായി സൂക്ഷിച്ചുവെങ്കിലും ആ വര്‍ഷം ജൂണില്‍ യൂ.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഈ പ്രസംഗം മുഴുവനായി പുറത്തുവിട്ടു. 1957ല്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനം ഭയന്ന്‌ സ്റ്റലിന്റെ പ്രതിച്ഛായ മെച്ചമാക്കാന്‍ ക്രൂഷ്‌ചേവ്‌ ചെറിയ ശ്രമങ്ങളും നടത്തിയിരുന്നു. എങ്കിലും ആ ചിന്താഗതിയ്‌ക്ക്‌ മാറ്റം വരുത്തി 1961ല്‍ റെഡ്‌ സ്‌കൊയറിലെ സ്റ്റലിന്‍ ഗ്രാര്‍ഡ്‌ എന്ന പേരു മാറ്റി വോള്‌ഗോ ഗ്രാഡെന്നാക്കി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട്‌ കേടുവരാതെ സൂക്ഷിച്ച സ്റ്റലിന്റെ ഭൌതികാവശിഷ്ടങ്ങള്‍ റെഡ്‌ സ്‌കൊയറില്‍ നിന്ന്‌ മാറ്റുകയും ചെയ്‌തു.

ക്രൂഷ്‌ചേവിന്റെ പ്രസ്‌താവനകളെ അനുകൂലിച്ചുകൊണ്ടും സ്റ്റലിന്റെ ക്രൂര പ്രവര്‍ത്തികളെ പ്രതിഷേധിച്ചുകൊണ്ടും പോളണ്ടിലും ഹംഗറിയിലും വന്‍കിട പ്രകടനങ്ങളുണ്ടായിരുന്നു. പോളീഷ്‌ വിപ്ലവം സമാധാനമായി പരിഹരിച്ചെങ്കിലും ഹംഗേറിയന്‍ വിപ്ലവം പട്ടാളത്തെക്കൊണ്ടും പട്ടാള ടാങ്കുകള്‍ കൊണ്ടും അടിച്ചമര്‍ത്തേണ്ടി വന്നു. 1956ലെ ഈ വിപ്ലവത്തില്‍ 2500 ഹംഗറിയന്‍ ജനത കൊല്ലപ്പെട്ടു. 13000 ജനത മുറിവേറ്റു.അനേകായിരങ്ങള്‍ പടിഞ്ഞാറേ രാജ്യങ്ങളില്‍ പലായനം ചെയ്‌തു. അനേകരെ അറസ്റ്റു ചെയ്യുകയും നാട്‌ കടത്തുകയും ചെയ്‌തു.

ആഭ്യന്തര രംഗത്ത്‌ ക്രൂഷ്‌ചേവിന്റെ ഭരണം എല്ലായ്‌പ്പോഴും വിജയമായിരുന്നില്ല . കൃഷിയുത്ഭാദനം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അദ്ദേഹത്തിനു സാധിച്ചില്ല. റഷ്യന്‍ രഹസ്യാന്വേഷണ പോലിസിന്റെ അധികാരം വെട്ടി കുറച്ചു. അനേക രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. വിദേശ യാത്രക്കാരായ ടൂറിസ്റ്റുകളെ രാജ്യത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്‌തു. 1957ല്‍ സാറ്റലെറ്റ്‌ സ്‌പുട്‌നിക്ക്‌ അയച്ച്‌ റഷ്യയുടെ ശൂന്യാകാശ ദൌത്യം ഉത്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷത്തിനു ശേഷം സോവിയറ്റ്‌ റോക്കറ്റ്‌ ചന്ദ്രനില്‍ എത്തി. സോവിയറ്റ്‌ ശൂന്യാകാശ സഞ്ചാരി 'യൂറി ഗാഗാറി' 1961ല്‍ ആദ്യ ശൂന്യാകാശ സഞ്ചാരിയായി ചരിത്രം കുറിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ക്രൂഷ്‌ചേവിന്‌ സങ്കീര്‍ണ്ണങ്ങളും പ്രശ്‌നങ്ങളുമടങ്ങിയ ബന്ധങ്ങളായിരുന്നുണ്ടായിരുന്നത്‌. കമ്മ്യൂണിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം മുതലാളിത്ത രാജ്യങ്ങളുമായും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാനാണ്‌ ആഗ്രഹിച്ചിരുന്നത്‌. സ്റ്റലിന്റെ ചിന്താഗതികളില്‍നിന്നും വ്യത്യസ്ഥനായി അദ്ദേഹം ചിന്തിച്ചിരുന്നു. എതിര്‍പ്പുകളെ വകവെക്കാതെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.

1960ല്‍ സോവിയറ്റ്‌ യൂണിയന്‍ അമേരിക്കയുടെ ചാരവിമാനമായ യൂ 2 വിമാനം വെടി വെച്ചിട്ടത്‌ റഷ്യയെ അത്യധികം പ്രകോപിപ്പിച്ചിരുന്നു. റഷ്യയുടെ ഉള്‍നാടുകളില്‍ കൂടി പറന്ന യൂ 2 ചാര വിമാന സംഭവത്തില്‍ രണ്ടു രാഷ്ട്രങ്ങളും തമ്മില്‍ പരസ്‌പരം ഇടയേണ്ടി വന്നു. അടുത്ത വര്‍ഷം ഈസ്റ്റ്‌ ജര്‍മ്മനിയുടെയും വെസ്റ്റ്‌ ജര്‍മ്മനിയുടെയും മദ്ധ്യേ ബര്‍ലിന്‍ മതില്‍ക്കെട്ടുകള്‍ പണിയാന്‍ അനുവാദം കൊടുത്തു. കിഴക്കേ ജര്‍മ്മനിയിലുള്ള ജനം മുതലാളിത്ത പിന്തുണയുള്ള പശ്ചിമ ജര്‍മ്മനിയില്‍ യാത്ര ചെയ്യാതിരിക്കാനാണ്‌ ഈ മതില്‍ പടുത്തുയര്‍ത്തിയത്‌.

1962 ഒക്ടോബര്‍ മാസം ക്യൂബയില്‍ സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്റെ ന്യൂക്ലിയര്‍ മിസൈല്‍ അമേരിക്കാ കണ്ടു പിടിച്ചത്‌ ശീത സമര യുദ്ധം വഷളാകാന്‍ കാരണമായി. ഒരു ന്യൂക്ലീയര്‍ യുദ്ധം ഉണ്ടാകുമോയെന്നുപോലും ലോകം ഭയപ്പെട്ടു. യുദ്ധ ഭീഷണികളുമായി 'ജോണ്‍ കെന്നഡി' റഷ്യക്ക്‌ അന്ത്യശാസനവും കൊടുത്തിരുന്നു. പതിമൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം ക്രൂഷ്‌ചേവ്‌ ക്യൂബയില്‍ നിന്ന്‌ ന്യൂക്ലിയര്‍ മിസൈലുകള്‍ പൊളിച്ചു മാറ്റാമെന്ന്‌ സമ്മതിച്ചു. പകരമായി ക്യൂബയെ ആക്രമിക്കില്ലെന്ന്‌ കെന്നഡി സമ്മതിച്ചു. അതിനു ഒരു വര്‍ഷം മുമ്പ്‌ ക്യൂബയിലെ' ബേ ഓഫ്‌ പിഗ്‌സ്‌' എന്ന സ്ഥലത്ത്‌ അമേരിക്കാ രഹസ്യാക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പോയിരുന്നു. ടര്‍ക്കിയില്‍ നിന്ന്‌ റഷ്യയ്‌ക്ക്‌ ഭീക്ഷണിയായിരുന്ന ന്യൂക്ലീയറായുധങ്ങള്‍ നീക്കി കൊള്ളാമെന്നും കെന്നഡി സമ്മതിച്ചു. 1963ല്‍ അമേരിക്കയും ബ്രിട്ടനും റഷ്യയും ഒത്തുചേര്‍ന്ന്‌ ഭാഗികമായ ഒരു ന്യൂക്ലിയര്‍ ഉടമ്പടിയില്‍ ഒപ്പു വെച്ചു.

റഷ്യയുടെ സുഹൃത്തു രാജ്യമായിരുന്ന ചൈനയുമായി യുദ്ധത്തിന്റെ ഭീഷണികള്‍ വന്നത്‌ ക്രൂഷ്‌ചേവിന്റെ ഭരണകാലത്തെ ഏറ്റവും ഗുരുതരമായിരുന്ന ഒരു കാലഘട്ടമായിരുന്നു. മാവോയും ക്രൂഷ്‌ചേവും തമ്മില്‍ വാക്കുകള്‍ കൊണ്ടുള്ള യുദ്ധവും തുടങ്ങി. ആശയ യുദ്ധത്തിന്റെ പേരില്‍ കമ്മ്യൂണിസം രണ്ടായി പിളര്‍ന്നു. 'ആധുനിക യുദ്ധ മുറകളില്‍ അജ്ഞനായ ഇടതു പക്ഷ ചിന്താഗതിക്കാരനെന്നു' മാവോയെ ക്രൂഷ്‌ചേവ്‌ വിശേഷിപ്പിച്ചു. ''പാശ്ചാത്യ മുതലാത്ത വ്യവസ്ഥിതിയെ ശരിയായി മനസിലാക്കാന്‍ കഴിയാതെ എന്നും അവര്‍ക്കെതിരെ കീര്‍ത്തനങ്ങള്‍ പാടുന്ന വെറും ബഫൂണെന്നും ' ക്രൂഷ്‌ചേവിനെപ്പറ്റി മാവോ പ്രതികരിക്കുകയും ചെയ്‌തു.

ക്യൂബന്‍ പ്രശ്‌നവും ചൈനയുമായുള്ള ശത്രുതയും അകല്‍ച്ചയും ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്‌തതയും ക്രൂഷ്‌ചേവിന്റെ കഴിവില്ലായ്‌മയായി സോവിയറ്റ്‌ യൂണിയന്‍ നേതൃത്വം വിലയിരുത്തി. 1964 ഒക്ടോബറില്‍ ജോര്‍ജിയായിലെ , പിറ്റ്‌സുണ്ടായില്‍ വിശ്രമ ജീവിതത്തിലായിരുന്ന സമയം ക്രൂഷ്‌ചേവിനെ പാര്‍ട്ടി നേതൃത്വം തിരികെ വിളിപ്പിച്ചു. അദ്ദേഹത്തോട്‌ പ്രധാനമന്ത്രി പദവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും രാജി വെക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട്‌ ക്രൂഷ്‌ചേവ്‌ തന്റെ ആത്മകഥയുമെഴുതി ശേഷിച്ച കാലം വിശ്രമ ജീവിതത്തിലായിരുന്നു. 1971 ഏപ്രില്‍ പതിനഞ്ചാം തിയതി മോസ്‌ക്കോയില്‍ വെച്ച്‌ ഹൃദയ സ്‌തംഭനമൂലം അദ്ദേഹം മരിച്ചു.

ക്യൂബന്‍ പ്രതിസന്ധി പരിഹരിച്ചത്‌ കെന്നഡിയുടെ വിജയമായിരുന്നു. ക്രൂഷ്‌ചേവിന്റെ പരാജയവും. അദ്ദേഹത്തിന്‌ റഷ്യയില്‍ അധികാരവും നഷ്ടപ്പെട്ടു. ക്രൂഷ്‌ചേവു തന്റെ ആത്മകഥയില്‍ എഴുതി, ` ക്യൂബന്‍ പ്രതിസന്ധിയില്‍ കെന്നഡിയുടെ അന്ത്യശാസനത്തില്‍ താന്‍ കീഴടങ്ങി. ചെറുപ്പക്കാരനായ അദ്ദേഹത്തിന്‍റെ മുമ്പില്‍ വ്യക്തിപരമായി താന്‍ പരാജിതനായെങ്കിലും ലോകത്തിന്റെ മുമ്പില്‍ വിജയം വരിക്കുകയാണുണ്ടായത്‌.` കെന്നഡിയുടെ ചിന്താഗതിയില്‍ പകരത്തിനു പകരമായി ക്രൂഷ്‌ചേവും ചിന്തിച്ചിരുന്നെങ്കില്‍ ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റീന്‍ പറഞ്ഞപോലെ 'പിന്നീട്‌ ചത്തു ജീവിക്കുന്ന ജീവജാലങ്ങളുമായി ലോകം കല്ലും മണ്ണുമായും അവശേഷിക്കുമായിരുന്നു'. മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കത്തോളമെത്തിയ ക്യൂബന്‍ പ്രതിസന്ധിയില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ സമാധാനത്തിനായി ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അതേ സമയം പശ്ചിമ ജര്‍മ്മനിയില്‍നിന്നും 'പ്രസിഡന്റ്‌ അഡനോവര്‍' റഷ്യക്കെതിരെ അമേരിക്കയോടൊത്തു യുദ്ധത്തിന്റെ കാഹളം മുഴക്കി. ക്രൂഷ്‌ചേവ്‌ പറഞ്ഞു, 'സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച മഹാനായ ജോണ്‍ ഇരുപത്തി മൂന്നാമന്റെ ആഹ്വാനത്തെ നാസ്‌തികനായ താന്‍ ബഹുമാനിക്കുന്നു. കത്തോലിക്കനായ അഡനോവര്‍ ആ മഹാന്റെ വാക്കുകളെ ശ്രവിക്കേണ്ടതായിരുന്നു. യുദ്ധത്തിന്റെ ശബ്ദം താനും മുഴക്കിയിരുന്നെങ്കില്‍ പശ്ചിമ ജര്‍മ്മനി ദിവസങ്ങള്‍ക്കുള്ളില്‍ കത്തി ചാമ്പലാവുമായിരുന്നുവെന്ന വസ്‌തുത അഡനോവര്‍ മനസിലാക്കാതെ പോയിയെന്നും' ക്രൂഷ്‌ചേവ്‌ പ്രതികരിച്ചിരുന്നു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code