റഷ്യയിലെ അവസാനത്തെ ചക്രവര്‍ത്തിനി അലക്‌സാഡ്ര ഫ്യൂയോഡോറോവ്‌നാ 1872ജൂണ്‍ ആറാം തിയതി ഹെസ്സെ എന്ന ജര്‍മ്മനിയിലെ ഒരു പ്രോവിന്‍സില്‍ ജനിച്ചു. ജനിച്ചപ്പോള്‍ അവര്‍ക്കു നല്‌കിയ പേര് അലക്‌സിയെന്നായിരുന്നു. അവര്‍ ബ്രിട്ടനിലെ വിക്‌റ്റൊറിയാ രാജ്ഞിയുടെ പേരക്കുട്ടിയായിരുന്നു. ഹെസ്സെയിലെയും റൈന്റെയും ഗ്രാന്‍ഡ് ഡ്യൂക്കായ ലൂയീസ് നാലാമന്റെയും അദ്ദേഹത്തിന്‍റെ ആദ്യത്തെ ഭാര്യ ബ്രിട്ടനിലെ ആലീസ് രാജകുമാരിയുടെയും ഏഴു മക്കളില്‍ ആറാമത്തെ കുട്ടിയും പെണ്‍ മക്കളില്‍ നാലാമത്തെതുമായിരുന്നു. ആലീസ് രാജകുമാരി ബ്രിട്ടനിലെ വിക്ടോറിയ മഹാറാണിയുടെയും ആല്‍ബെര്‍ട്ടിന്റെയും രണ്ടാമത്തെ മകളായിരുന്നു. ലൂതറന്‍ ആചാരപ്രകാരം 1872 ജൂലൈ ഒന്നാം തിയതി അലക്‌സിയെ മാമ്മൊദീസ്സാ മുക്കി. 'സണ്ണി'യെന്നായിരുന്നു അവര്‍ക്ക് അവരുടെ അമ്മ പേര് നല്‌കിയിരുന്നത്. എന്നാല്‍ അവരുടെ അമ്മായിക്കും അതേ പേരുണ്ടായിരുന്നതുകൊണ്ട് ബ്രിട്ടീഷ് ബന്ധുക്കള്‍ ആ പേര് മാറ്റി 'അലക്‌സി' എന്നാക്കി. അലക്‌സിയ്‌ക്ക് ഒരു വയസുള്ളപ്പോള്‍ ഫ്രെഡ്‌റിക്ക് എന്ന സഹോദരന്‍ 'ഹീമൊഫിലിക്ക്' എന്ന രോഗം വന്നു മരിച്ചിരുന്നു. ഈ രോഗം അവരുടെ കുടുംബത്തിലെ പാരമ്പര്യ രോഗമായിരുന്നു. പിന്നീട് റഷ്യയില്‍ സാറിനിയായിരുന്ന സമയത്ത് അടുത്ത രാജ്യാവകാശിയായ സ്വന്തം മകന്‍ അലക്‌സിയ്‌ക്കും ഹീമൊഫെലിയാ രോഗം പിടികൂടിയിരുന്നു.
ആറു വയസുള്ളപ്പോള്‍ അലക്‌സിയുടെ അമ്മയും ഒരു സഹോദരിയും 'ഡിപ്‌ത്തീരിയാ'രോഗം വന്നു മരിച്ചുപോയിരുന്നു. അമ്മയുടെ അഭാവത്തില്‍ വിക്ടോറിയാ റാണിയുടെ മേല്‌നോട്ടത്തില്‍ കൊട്ടാരത്തിലെ ആയകളാണ് പിന്നീടവരെ വളര്‍ത്തിയത്. അവര്‍ ബാലികയായിരുന്നപ്പോള്‍ കൊട്ടാരത്തിലെ മതില്‍ക്കൂട്ടില്‍ കഴിയാതെ പുറം ലോകമായി ഇടപെടാനും കളിച്ചു നടക്കാനും താല്‌പര്യപ്പെട്ടിരുന്നു. ബാല്യകാലം കൂടുതലും ചെലവഴിച്ചത് കൊട്ടാരത്തില്‍ മുത്തശി വിക്‌റ്റൊറിയാ മഹാറാണിയോടൊപ്പമായിരുന്നു. അതുകൊണ്ട് അവരുടെ സ്വഭാവഘടനയും രൂപം പ്രാപിച്ചത് മുത്തശിയുടെ മാതൃകയിലായിരുന്നു. മുത്തശി റാണിയോടൊപ്പം മാനസിക സംഘട്ടങ്ങളോടെ ജീവിക്കേണ്ടതുകൊണ്ട് കൊട്ടാരത്തിലെ ജീവിതാന്തരീക്ഷം അത്ര സുഗമമായിരുന്നില്ല. പിതാവിന്റെയോ അദ്ദേഹത്തിന്‍റെ കുടുംബക്കാരുടെയോ ലാളന ലഭിക്കാതെ ചുറ്റും സുരക്ഷിതാ ഭടന്മാരുടെ സംരക്ഷണയില്‍ വളരുന്നതും കൂട്ടിലടച്ച ഒരു കിളിയെപ്പോലെയായിരുന്നു. വൈകാരികമായ ഏറ്റുമുട്ടലില്‍ മനസിനെ ശക്തമാക്കാനും ജീവിതത്തിലെ ഏതു വെല്ലുവിളികളെ നേരിടുവാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും സ്വന്തം കടമകള്‍ നിര്‍വഹിക്കാനും അവര്‍ക്ക് സ്വയം കഴിവുകളുമുണ്ടായി.
അലക്‌സി ജര്‍മ്മനിയിലെ ഒരു സ്‌റ്റേറ്റിലെ രാജകുമാരിയായിരുന്നെങ്കിലും അവരുടെ ജീവിതം വീടില്ലാത്തവരെപ്പോലെയായിരുന്നു. അവരുടെ കൈവശം അധികം പണവുമുണ്ടായിരുന്നില്ല. അലക്‌സിയ്‌ക്ക് മൂന്നു സഹോദരിമാരുണ്ടായിരുന്നു.അലക്‌സിയേക്കാളും അവര്‍ വളരെ പ്രായക്കൂടുതലുള്ളവരായിരുന്നു. വളരെ കുഞ്ഞായിരുന്നപ്പോഴേ സഹോദരികളെ വിവാഹം ചെയ്‌തയച്ചിരുന്നു. സഹോദരിമാരുമൊത്ത് അലക്‌സി ഒരിയ്‌ക്കലും താമസിച്ചിട്ടില്ല. സഹോദരനുമായി വലിയ പ്രായ വിത്യാസം ഉണ്ടായിരുന്നില്ല. എന്നാല്‍ സഹോദരനെ വളര്‍ത്തിയത് മറ്റൊരു സ്ഥലത്തായിരുന്നു. മാതാപിതാക്കളും സഹോദരി സഹോദരന്മാരും ഇല്ലാതെ അലക്‌സി വളര്‍ന്നത് എന്നും ഏകയായിട്ടായിരുന്നു. മാതാപിതാക്കള്‍ ജര്‍മ്മന്‍കാരായിരുന്നെങ്കിലും അലക്‌സിയുടെ സംസാരഭാഷ ഇംഗ്ലീഷായിരുന്നു. ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം സംസാരിക്കുന്ന സ്വന്തം സഹോദരനുമായി അവര്‍ സംസാരിച്ചിരുന്നതും ഇംഗ്ലീഷിലായിരുന്നു.
വിക്‌റ്റൊറിയാ രാജ്ഞീയ്‌ക്ക് അലക്‌സിയും തന്റെ പൌത്രനായ 'ആല്‍ബര്‍ട്ട് വിക്‌റ്ററും തമ്മില്‍ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. കാരണം വിക്‌റ്റര്‍ കിരീടാവകാശിയായതുകൊണ്ട് വിവാഹം ചെയ്‌താല്‍ അലക്‌സി ഇംഗ്ലണ്ടിലെ രാജ്ഞിയാകുമെന്നും വികറ്റോറിയാ രാജ്ഞി കരുതിയിരുന്നു. ബൌദ്ധിക നിലവാരത്തില്‍ വളരെയധികം പോരായ്‌മയുണ്ടായിരുന്ന വിക്ടറിന് സഹായിയായി അലക്‌സി അനുരൂപയായ വധുവായിരിക്കുമെന്നും രാജ്ഞി കരുതി. വിക്‌റ്റോറിയാ അവരുടെ മറ്റു പോരായ്‌മകള്‍ അവഗണിച്ചുകൊണ്ടു തന്റെ പൌത്രനും പൌത്രിയും തമ്മില്‍ വിവാഹിതരാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അലക്‌സിയും ആല്‍ബര്‍ട്ട് വിക്‌റ്ററും വളരുന്ന കാലത്തുതന്നെ വിക്ടോറിയാ രാജ്ഞിയുടെ മനസിലുണ്ടായിരുന്ന ഈ ആഗ്രഹത്തെപ്പറ്റി കുട്ടികള്‍ക്കറിയാമായിരുന്നു. ആല്‍ബര്‍ട്ട് വിക്‌റ്ററിന് അലക്‌സിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അലക്‌സിക്ക് ഒട്ടും സമ്മതമല്ലായിരുന്നു. ആല്‍ബര്‍ട്ടിനെ പ്രേമവികാരങ്ങളോടെ കാണാന്‍ അലക്‌സിയ്‌ക്ക് ഒരിയ്‌ക്കലും സാധിച്ചിട്ടില്ല. ഒരു സഹോദരന്റെ സ്ഥാനത്താണ് അവരെന്നും ആല്‍ബര്‍ട്ടിനെ കണ്ടിരുന്നത്. അതേ സമയം അലക്‌സി റഷ്യയിലെ രാജകുമാരനായ നിക്ലൗവൂസുമായി പ്രേമ ബന്ധത്തിലായിരുന്നു. അവരുടെ പ്രേമ ബന്ധത്തെ വിക്‌റ്റൊറിയാ റാണി എതിര്‍ത്തു. രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം ഒരു കാരണമായിരുന്നു. അവര്‍ക്ക് റഷ്യയെ ഇഷ്ടമില്ലായിരുന്നു. തന്റെ കൊച്ചുമകള്‍ സുരക്ഷിതമല്ലാത്ത, ഭാവിയില്ലാത്ത, അപകടം പിടിച്ച ഒരു രാജ്യത്തിലെ റാണിയാകുന്നതില്‍ വിക്‌റ്റോറിയാ റാണി ഭയപ്പെട്ടിരുന്നു. കൂടാതെ ഭീമമായ സ്വര്‍ണ്ണവും നവരത്‌നങ്ങളും ധനവും മറ്റൊരു രാജ്യത്ത് കൊടുക്കണം. വിക്‌റ്റോറിയായ്‌ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കൊച്ചുമകള്‍ അപകടത്തില്‍പ്പെടുമെന്നും ഭയപ്പെട്ടിരുന്നു. വിദൂരതയില്‍ അന്വേഷിക്കാന്‍ സാധിക്കാതെ അലക്‌സി വിവാഹിതയായി പോവുന്നതിലും റാണിയുടെ മനസിനെ വേദനിപ്പിച്ചു.അലക്‌സിയുടെ മൂത്ത സഹോദരിയേയും വിവാഹം ചെയ്‌തത് റഷ്യയിലെ ഒരു രാജകുമാരനായിരുന്നു. ഒരാളെ മറ്റൊരു രാജ്യത്ത് വിവാഹം ചെയ്‌തയച്ച മാനസിക പ്രയാസം റാണിയെ വിട്ടുമാറിയിട്ടില്ലായിരുന്നു. ഇനി മറ്റൊരു പൌത്രിയെക്കൂടി വേറൊരു രാജ്യത്തിനു കൊടുക്കാന്‍ റാണി തയ്യാറല്ലായിരുന്നു.
നിക്ലൗവൂസിന്റെ മാതാപിതാക്കളും വിവാഹത്തെ എതിത്തു. അലക്‌സി ഒരു സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യയാകാന്‍ യോഗ്യയല്ലെന്നും അവര്‍ കരുതി. ഒരു സ്ഥിരമല്ലാത്ത സ്വഭാവക്കാരനായ മകന്റെ തീരുമാനത്തിലും അവര്‍ വ്യാകുലരായി. നിക്ലൗവൂസ് പൊതുവെ ഒരു നാണം കുണുങ്ങിയായിരുന്നു. അലക്‌സിയും അതേ സ്വഭാവക്കാരത്തിയായതു കൊണ്ട് രാജ്യകാര്യങ്ങള്‍ കുഴയുമെന്നും അവര്‍ ഭയപ്പെട്ടു. കൂടാതെ ജര്‍മ്മനിയിലെ ഹെസ്സേയില്‍ നിന്നുള്ള രാജകുമാരികള്‍ റഷ്യന്‍ രാജകുടുംബത്തിനു മുമ്പും പേരുദോഷം കേള്‍പ്പിച്ചിട്ടുണ്ട്. അതേ സ്ഥലത്തുനിന്നു സര്‍ പോള്‍ ഒന്നാമന് വക്രത നിറഞ്ഞതും അവിശ്വസ്ഥയുമായ ഒരു ഭാര്യയുണ്ടായിരുന്നു. അലക്‌സാണ്ടര്‍ രണ്ടാമനും വിവാഹം കഴിച്ചത് അവിടെനിന്നു തന്നെയായിരുന്നു. രണ്ടു സാര്‍ ചക്രവര്‍ത്തിമാരും കൊല്ലപ്പെടുകയായിരുന്നു
കുടുംബങ്ങളുടെ എതിര്‍പ്പു കൂടാതെ മതവും വിലങ്ങുതടിയായി രണ്ടുകൂട്ടര്‍ക്കും പ്രശ്‌നമായിരുന്നു. അലക്‌സി ഒരു തീവ്ര ഭക്തയായി ലൂതറന്‍ മതത്തിലായിരുന്നു വളര്‍ന്നത്. അവര്‍ക്ക് ആ മതത്തില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. വല്യമ്മ രാജ്ഞി, യുവതിയായ രാജകുമാരിയെ മതത്തിന്റെ പേരിലും വിവാഹ ബന്ധത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. റഷ്യന്‍ സാമ്രാജ്യത്തിന്റെ നിയമമനുസരിച്ച് റോമോനോവ് രാജവംശത്തില്‍ ഓര്‍ത്തോഡോക്‌സ് അല്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു. മറ്റു മതത്തിലുള്ള ഒരാളെ വിവാഹം കഴിച്ചിട്ടു കിരീടം ധരിക്കുന്നതും രാജകീയ നിയമത്തിനെതിരായിരുന്നു. ദൈവശാസ്‌ത്രം നല്ലവണ്ണം പഠിച്ചിട്ടുള്ള അലക്‌സി ആദ്യം മതം മാറുന്നതില്‍ എതിര്‍ത്തിരുന്നു. അവര്‍ പ്രൊട്ടസ്റ്റന്റ് മതത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ട് ഇടനിലക്കാരായ വിശുദ്ധരോട് പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. രൂപങ്ങളും കന്യകാ മേരിയും അവരുടെ തീവ്രമായ വിശ്വാസത്തിനെതിരായിരുന്നു. നിക്ലൗവൂസിനെ അവര്‍ അഗാധമായി സ്‌നേഹിച്ചിരുന്നുവെങ്കിലും മതത്തിന്റെ പേരില്‍ അവര്‍ താല്‌ക്കാലികമായി അകന്നു. വിവാഹബന്ധം വേണ്ടെന്നു വെച്ചു. മൂന്നുമാസത്തോളം അവര്‍ തമ്മില്‍ പരസ്‌പരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അവരുടെ അഗാതമായ സ്‌നേഹത്തിന്റെ മുമ്പില്‍ മതം ഒരു തടസമായിരുന്നെങ്കിലും അലക്‌സി ഓര്‍ത്തോഡോക്‌സ് മതത്തിന്റെ ദൈവ ശാസ്‌ത്രം പഠിക്കാന്‍ തുടങ്ങി. മറ്റു യാതൊന്നും ചിന്തിക്കാതെ ഓര്‍ത്തോഡോക്‌സ് ചിന്താഗതികള്‍ക്കും മനസിനിടം കൊടുത്തു. മത വിശ്വാസത്തില്‍ വന്ന മാറ്റം അലക്‌സിയ്‌ക്ക് ആശ്വാസം നല്‌കി. യൂറോപ്പ് മുഴുവനും അവരുടെ പ്രേമ കഥ പ്രസിദ്ധമായിരുന്നു. അമ്മൂമ്മ കഥ പോലെ കുട്ടികളുടെയിടയില്‍ ഈ ഭാവി റഷ്യന്‍ സാറിനിയുടെ രാജകീയ പ്രേമം പാട്ടുകളായി തീര്‍ന്നിരുന്നു.
അവസാനം നിക്ലൗസിന്റെയും അലക്‌സിയുടെയും പ്രേമം സാക്ഷാത്‌ക്കരിച്ചു. ഓര്‍ത്തോഡോക്‌സ് സഭയില്‍ അവരെ അംഗമാക്കി 'അലക്‌സാഡ്ര' എന്ന് പേര് നല്‌കി. അവര്‍ സ്വീകരിച്ച ഓര്‍ത്തോഡോക്‌സ് സഭയുടെ ആചാരപ്രകാരം വിവാഹിതരായി. പരസ്‌പരം അവര്‍ 'നിക്ലൗസും അലക്‌സിയും' ഭാര്യാ ഭര്‍ത്താക്കന്മാരെക്കാളുപരി കൂട്ടുകാരെപ്പോലെ പ്രേമ സല്ലാപത്തില്‍ സ്‌നേഹിച്ചും ഉല്ലസിച്ചും കഴിഞ്ഞു. അവരുടെ ദാമ്പത്തിക പൂവലരിയില്‍ അവര്‍ക്ക് അഞ്ചു പൊന്നോമന കുട്ടികളുമുണ്ടായി, മരിയാ, ടറ്റിന, ഓള്‍ഗാ,അനസ്റ്റസിയ എന്നീ നാലു പെണ്‍ക്കുട്ടികളും ഇളയ മകന്‍ രാജ്യാവകാശിയായ അലക്‌സിയും.
1895 നവംബര്‍ പതിനഞ്ചാം തിയതി ദമ്പതികള്‍ക്ക് 'ഓള്‍ഗാ' എന്ന കുഞ്ഞുണ്ടായി. സാര്‍ പോള്‍ ഒന്നാമന്റെ പൌലീന്‍ നിയമം അനുസരിച്ച് ആണ്‍ക്കുട്ടികള്‍ക്കു മാത്രമേ രാജകിരീടത്തിനവകാശമുള്ളൂ. പോളിനു മുമ്പ് നാല് മഹാറാണിമാര്‍ റഷ്യ ഭരിച്ചിട്ടുള്ളതും മറ്റൊരു ചരിത്രം. ചെറുപ്പക്കാരായ രാജകീയ മാതാപിതാക്കള്‍ ഓള്‍ഗായ്‌ക്ക് നല്ല സ്‌നേഹം നല്‌കിയിരുന്നു. ഓള്‍ഗായ്‌ക്കു ശേഷം മൂന്നു പെണ്മക്കളും ഒരു ആണ്‍ക്കുട്ടിയും ജനിച്ചു. ടറ്റീന 1897 ജൂണ്‍ പത്താം തിയതിയും മരിയാ 1899 ജൂണ്‍ ഇരുപത്തിയാറും അനസ്റ്റസിയാ 1901 ജൂണ്‍ പതിനെട്ടാം തിയതിയുമായിരുന്നു ജനിച്ചത്. മൂന്നു വര്‍ഷം കൂടി കഴിഞ്ഞ് അലക്‌സി എന്ന കിരീടാവകാശമുള്ള ആണ്‍ക്കുട്ടി 1904 ആഗസ്റ്റ് പന്ത്രണ്ടാം തിയതിയും ജനിച്ചു. മാതാപിതാക്കളെ ദുഖിതരാക്കിക്കൊണ്ട് ഒരിയ്‌ക്കലും സുഖമാകാത്ത രക്തം വാര്‍ന്നു പോവുന്ന 'ഹീമോഫിലിയാ' എന്ന മാരക രോഗവും അലക്‌സിയ്‌ക്കുണ്ടായിരുന്നു. ഓള്‍ഗാ വളര്‍ന്നത് ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു. കിട്ടാവുന്ന പുസ്‌തകങ്ങള്‍ കടം മേടിച്ചും അവരുടെ അമ്മ വായിക്കുന്നതിനു മുമ്പ് പിടിച്ചു പറിച്ചും നോവലുകളും കവിതകളും സദാ വായിക്കുന്ന സ്വഭാവക്കാരിയായിരുന്നു. `അമ്മേ ഈ ബുക്ക് അമ്മയ്‌ക്ക് വായിക്കാന്‍ നല്ലതാണോയെന്ന് താന്‍ വായിച്ചിട്ട് പറയാമെന്ന്` വോള്‍ഗാ അമ്മയോട് പറയുമായിരുന്നു. 'ടറ്റീനാ' അമ്മയുടെ ഒരു കൊഞ്ചിക്കുട്ടിയായിരുനു. ഈ രാജകുമാരിയ്‌ക്ക് അമ്മയുടെ ശ്രദ്ധ എപ്പോഴും വേണമായിരുന്നു. സദാ അമ്മയ്‌ക്ക് ചുറ്റും നടക്കും. കുടുംബത്തിന്റെ അവസാന കാലങ്ങളില്‍ അമ്മയെ നടത്തിക്കാതെ ഒരു വണ്ടിയില്‍ ഉന്തുന്നതും അമ്മയെ സഹായിക്കുന്നതും ഓരോ സ്ഥലങ്ങളില്‍ കൂടെ പോവുകയും ചെയ്യുന്നതും ടറ്റീനായായിരുന്നു. ഇവളെ വിവാഹം കഴിക്കുന്ന പുരുഷന്‍ ഭാഗ്യവാനായിരിക്കുമെന്നും സാര്‍ ചക്രവര്‍ത്തി വിചാരിച്ചിരുന്നു. മരിയാ ഒരു മാലാഖാക്കുട്ടിയെപ്പോലെയായിരുന്നു. ഇളയവളായ 'അനസ്റ്റിഷ്യാ' ഏറ്റവും പേരു കേട്ടവളും ഒരു മരംകേറി പെണ്ണുമായിരുന്നു. ഏതു മരത്തിന്റെ മുകളിലും വലിഞ്ഞു കയറും. ആരു പറഞ്ഞാലും താഴെയ്‌ക്കിറങ്ങില്ലാത്ത കുസൃതിപ്പെണ്ണായിരുന്നു. ഒടുവില്‍ അപ്പന്‍ വന്നു കെഞ്ചിക്കൊണ്ട്, 'മോളേ താഴേയ്‌ക്കിറങ്ങൂ'വെന്നു പറഞ്ഞാലേ അവള്‍ അനുസരിച്ചിരുന്നുള്ളൂ. അനസ്റ്റിഷിയായുടെ തലതൊട്ടമ്മയും അമ്മായിയുമായ 'ഗ്രാന്‍ഡ് ഡ്യൂക്കസ് ഓള്‍ഗാ അലക്‌സാന്ദ്രോവി'നായുടെ ഓര്‍മ്മക്കുറിപ്പില്‍, 'തന്നെ അനസ്റ്റിഷിയാ ബഹുമാനമില്ലാതെ പരിഹസിച്ചപ്പോള്‍ തല്ലുകൊടുത്ത' കാര്യവും എഴുതിയിട്ടുണ്ട്. 1917ല്‍ കുട്ടികളെല്ലാം അതി സുന്ദരികളായി വളര്‍ന്നു കഴിഞ്ഞിരുന്നു. എല്ലാ കുട്ടികള്‍ക്കും ഇരുപത്തി രണ്ടു വയസുമുതല്‍ താഴോട്ടുള്ള പ്രായമായിരുന്നു. ഇളയവനായ അലക്‌സിയ്‌ക്ക് പതിമൂന്നു വയസ്സും. കുട്ടികളുടെ ട്യൂട്ടറായിരുന്ന 'പീയര്‍ ഗില്ലിയാര്‍ഡ്' എഴുതി, 'കുടുംബത്തിന്റെ മുഴുവന്‍ സന്തോഷം ഇളയ മകന്‍ അലക്‌സിയിലായിരുന്നു. ഓരോരുത്തരും മാറി മാറി അവനെ കൊഞ്ചിക്കുകയും സ്‌നേഹാദരവുകള്‍ നല്‌കുകയും ചെയ്‌തിരുന്നു. അവന്റെ സഹോദരികള്‍ അവനെ ദേവനു തുല്യമായി ആരാധിച്ചിരുന്നു. അവന്റെ മാതാപിതാക്കള്‍ക്ക് അവനെന്നും അഭിമാനമായിരുന്നു. അവന്‍ സുഖമായി ഒരു ദിവസം കണ്ടാല്‍ കൊട്ടാരത്തിലന്ന് ഉത്സവം പോലെയായിരുന്നു.
ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം റഷ്യയെ സംബന്ധിച്ചും അലക്‌സാഡ്രയുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചും പരീക്ഷണ നാളുകളായിരുന്നു. ജര്‍മ്മന്‍ രാജ്യത്തിന്റെ ഭാഗമായ ഹെസ്സെ ഭരിച്ചിരുന്നത് അവരുടെ സഹോദരനായിരുന്നു. അവിടം അലക്‌സാഡ്രയുടെ ജന്മ സ്ഥലവുമായിരുന്നു. ജര്‍മ്മന്‍കാരത്തിയെന്ന നിലയില്‍ അലക്‌സാഡ്ര റഷ്യന്‍ ജനതയില്‍ വെറുക്കപ്പെട്ടവളായി തീര്‍ന്നു. അവര്‍ക്ക് ജര്‍മ്മനിയുമായി ബന്ധമുണ്ടെന്നും ജനങ്ങള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. ജര്‍മ്മന്‍ ചക്രവര്‍ത്തി 'കൈസര്‍',(ണശഹവലഹാ കക, ഗമശലെൃ) അവരുടെ കസ്യനും വിക്‌റ്റോറിയാ മഹാറാണിയുടെ മറ്റൊരു മകളില്‍നിന്നുമുള്ള കൊച്ചുമകനുമായിരുന്നു. അലക്‌സാന്‍ഡ്ര രാജ്ഞിയും അവരുടെ അമ്മായിയമ്മ മരിയാ രാജ്ഞിയും ഒരുപോലെ കൈസറിനെ വെറുത്തിരുന്നു. അലക്‌സാഡ്രയുടെ സഹോദരി ഐറിന്‍ വിവാഹം ചെയ്‌തിരുന്നത് ജര്‍മ്മനിയിലുള്ള കൈസറിന്റെ സഹോദരന്‍ 'ഹെന്‍റിച്ചിനെ'യായിരുന്നു. 1915ല്‍ സാര്‍ നിക്ക്‌ലാവൂസ് രണ്ടാമന്‍ പട്ടാളക്കാര്‍ക്ക് നേതൃത്വം കൊടുക്കാന്‍ യുദ്ധമുന്നണിയില്‍ പൊരുതാന്‍ പോയി. ഭരണകാര്യങ്ങളില്‍ യാതൊരു പരിജ്ഞാനവുമില്ലാത്ത അലക്‌സാഡ്രയെ രാജ്യഭരണം ഏല്‌പ്പിച്ചു. സാര്‍ നിക്ലാവൂസിന്റെ സഹോദരന്‍ ഗ്രാന്‍ഡ് ഡ്യൂക്ക് അലക്‌സാണ്ടര്‍ മിഖയിലോവി രേഖപ്പെടുത്തിയിരിക്കുന്നത്, 'ചക്രവര്‍ത്തി യുദ്ധത്തിനായി പോയപ്പോള്‍ അദ്ദേഹത്തിനു പകരം രാജ്യം ഭരിക്കുന്നത് റാണിയായിരുന്നു. ഭരിക്കാനറിയാതെ യാതൊരു കഴിവുമില്ലാത്ത മന്ത്രിമാരെ കൂടെക്കൂടെ രാജ്യകാര്യങ്ങള്‍ നയിക്കാന്‍ നിയമിച്ചിരുന്നു. അവര്‍ റാണിയ്‌ക്ക് തെറ്റായ ഉപദേശങ്ങളും നല്‍കിയിരുന്നു. '
യുദ്ധത്തിന്റെ കെടുതികള്‍ കൂടാതെ അവരുടെ സര്‍ക്കാര്‍ എന്നും പൊട്ടിത്തെറികളുടെ വക്കത്തായിരുന്നു. പട്ടാളക്കാര്‍ക്കോ രാജ്യത്തിലെ ജനങ്ങള്‍ക്കോ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്‌തിരുന്നില്ല. പൂഴ്‌ത്തി വെപ്പും കരിംചന്തയും കൊള്ളക്കാരും രാജ്യവ്യാപകമായി വര്‍ദ്ധിച്ചിരുന്നു. അവര്‍ റാസ്‌പ്പുട്ടിന്‍ എന്ന മാസ്‌മരമനുഷ്യനെ വിശ്വസിച്ചിരുന്നു. റാസ് പുട്ടിനും മഹാറാണിയും തമ്മില്‍ ലൈംഗിക ബന്ധങ്ങള്‍ ഉണ്ടെന്നുപോലും ജനങ്ങളുടെയിടയില്‍ സംസാരമുണ്ടായിരുന്നു. മഹാറാണിയെ റഷ്യന്‍ വശത്തുള്ള ജര്‍മ്മന്‍ ചാരപ്രവര്‍ത്തകയെന്നും ജനങ്ങള്‍ മുദ്രകുത്തിയിരുന്നു. ഒരിയ്‌ക്കലവര്‍ രാജകീയ പടികളുടെ ഉമ്മറത്ത് അകലെ യുദ്ധത്തില്‍ ശത്രുക്കളോട് പൊരുതുന്ന ഭര്‍ത്താവിനെയും ചിന്തിച്ചിരിക്കുകയായിരുന്നു. ദൂതന്‍ വന്ന് അവര്‍ക്കൊരു കത്തു കൊടുത്തു. തുറന്നപ്പോള്‍ അത് റാസ്‌പ്പുട്ടിന്റെതായിരുന്നു. ആരാണ് ഈ റാസ്‌പ്പുട്ടിന്‍?
തുടരും.
Comments