Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ്‌ ഏജന്റോ?   - സിറിയക്‌ സ്‌കറിയ

Picture

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ പേരായിരുന്നു ഒരുകാലത്ത്‌ ബ്രിട്ടീഷ്‌ ടെറിറ്ററി എന്നറിയപ്പെട്ടിരുന്ന യുണൈഡ്‌ കിംങ്‌ഡം.

ചെറിയ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്ന ഇംഗ്ലീഷുകാര്‍ ആദ്യം സമുദ്രത്തെ കീഴടക്കി, കാലക്രമേണ കപ്പലുകളും അത്യാധുനിക വെടിക്കോപ്പുകളുമായപ്പോള്‍ രാജ്യങ്ങള്‍, വന്‍കരകള്‍ കീഴടക്കാനുള്ള കരുത്തുള്ളവരായി മാറി.

പിന്നീട്‌ കുതന്ത്രങ്ങളിലൂടെ എല്ലാ വന്‍കരയും കീഴടക്കിവാണ സാമ്രാജ്യത്തെയാണ്‌ ഒരുദിവസം പോലും സൂര്യനസ്‌തമിക്കാത്ത ശക്തിയായി ലോകം ഉപമിച്ചത്‌.

കടന്നുപോയ വഴികളിലെല്ലാം ചോരയുടേയും കണ്ണീരിന്റേയും, മണവും ഈര്‍പ്പവുമുണ്ടെങ്കിലും വിജയിക്കുന്നവനാണ്‌ ചരിത്രം അവകാശപ്പെട്ടത്‌ എന്ന ലോക നിയമത്തില്‍ എല്ലാം രജതശോഭയുള്ളതായി മാറി.

ക്രൂരകൃത്യങ്ങളും അടിച്ചമര്‍ത്തലുകളുമെല്ലാം കടന്നുപോയ പോരാട്ടവഴികളിലെ ചെറിയ സംഭവങ്ങളായി ചിത്രീകരിച്ച്‌ ചരിത്ര താളുകളില്‍ വരും തലമുറയ്‌ക്കുള്ള കേസ്‌ സ്റ്റഡികളായി വിശ്രമം കൊള്ളുന്നവയാണ്‌.

വെട്ടിപ്പിടിച്ചുകഴിഞ്ഞാല്‍ ഒന്നുകില്‍ ഇരകളെ തങ്ങളുടെ വഴിയെ കൊണ്ടുവരിക. അല്ലെങ്കില്‍ അവരെ ഭിന്നിപ്പിച്ച്‌ കാര്യം കാണുക എന്നതായിരുന്നു പൊതുവെയുള്ള തന്ത്രം. അതുമല്ലെങ്കില്‍ മുറിവുണക്കലിന്റെ ഭാഗമായി മുറിവേറ്റവനെ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന്‌ സ്വന്തംപക്ഷത്താക്കുക. വളരെ കൂര്‍മ്മബുദ്ധിയില്‍ നിന്നുദിക്കുന്ന ഈ തന്ത്രജ്ഞതയില്‍ വീഴാത്ത ജനതകളില്ല, എന്തിനു പറയുന്നു രാജ്യങ്ങളോ ഇല്ല.

അത്തരമൊരു സാഹചര്യത്തിലാണ്‌ രണ്ടാം ലോകമഹായുദ്ധം ശക്തമായതും അതില്‍ കനത്ത പ്രഹരമേല്‍ക്കേണ്ടിവന്നതും. ശക്തിക്ഷയിച്ച സിംഹത്തിന്‌ എതിരെ താങ്ങും തണലുമായി നിന്നവര്‍ മുറുമുറുപ്പ്‌ തുടങ്ങാന്‍ പിന്നെ സമയം വേണ്ടിവന്നില്ല.

എന്നാല്‍ ആക്രമണത്തിനുനേരെ അംഹിംസാ മാര്‍ഗ്ഗവും നിസ്സഹകരണ മനോഭാവവും എന്തിനുവേണം വൈദേശിക വസ്‌ത്രങ്ങളുടേയും ഭക്ഷണത്തിന്റേയുമൊക്കെ ബഹിഷ്‌കരണമുറ സ്വീകരിച്ച `ക്വിറ്റ്‌ ഇന്ത്യാ മൂവ്‌മെന്റ്‌' ബ്രിട്ടന്റെ ക്രിസ്‌തീയ തത്വശാസ്‌ത്രത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

ആയുധമെടുത്ത്‌ വെല്ലുവിളിക്കുന്നവനെ നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ബൈബിള്‍ പഴയനിയമ കഥകള്‍ വഴിതെളിക്കുന്നുണ്ടെങ്കിലും, ഒരു കരണത്തടിക്കുമ്പോള്‍ മറുകരണം വെച്ചുനീട്ടി നില്‍ക്കുന്ന ഗാന്ധിജി എന്ന കുറുകിയ മനുഷ്യന്‍ ബ്രിട്ടീഷ്‌ ഉരുക്കുമനസ്സുകളില്‍ വിള്ളലുണ്ടാക്കി.

തീവ്രവാദി എന്നു വിളിക്കാനോ, അക്രമി എന്നു മുദ്രചാര്‍ത്തി പീഡിപ്പിക്കാനോ പറ്റാത്ത സാഹചര്യമാണ്‌ ഗാന്ധിജിയുടെ സത്യാഗ്രഹ സമരവും നിസ്സഹകരണ പ്രസ്ഥാനവും അതുപോലെ ഉപ്പുസത്യാഗ്രഹവുമൊക്കെ വഴിതെളിച്ചത്‌. അങ്ങനെ ബ്രിട്ടീഷുകാരന്റെ മനസാക്ഷിയേയും കുരുട്ടുബുദ്ധിയേയും കീറിമുറിച്ച ഗാന്ധിയന്‍ മാര്‍ഗ്ഗം പിന്നീട്‌ അമേരിക്കയിലും കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രയോഗിച്ചപ്പോള്‍ ലോകചരിത്രം തന്നെ വഴിമാറിനിന്നു.

വംശീയ യുദ്ധം ഒരുപക്ഷെ അമേരിക്കയെ ഇളക്കിമറിച്ചെങ്കിലും മാര്‍ട്ടിന്‍ലൂഥര്‍ കിംഗ്‌ ഉന്നയിച്ച ബൈബിളിലധിഷ്‌ഠിതമായ ധാര്‍മ്മികതയാണ്‌ എല്ലാ മനുഷ്യനും നിറവ്യത്യാസമില്ലാതെ ഒരുപോലെ സൃഷ്‌ടിക്കപ്പെട്ടവരാണ്‌ എന്ന്‌ സമ്മതിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്‌. അങ്ങനെ സാമ്രാജ്യശക്തികളെ ധാര്‍മികതയുടെ അളവുകോലുകള്‍ വെച്ചുനിരത്തി ക്രിസ്‌തീയതയുടെ അനുകരണം സമരസന്ദേശമാക്കിയ ഗാന്ധിജി ഏതെങ്കിലും കോര്‍പറേറ്റിന്റെ ഏജന്റാണ്‌ എന്നു പറയുവാന്‍ ചങ്കൂറ്റം കാണിച്ച അരുന്ധതി റോയ്‌ എന്ന അഹങ്കാരിയോട്‌ മറുചോദ്യം ചോദിക്കുന്നതിനു മുമ്പു പറയട്ടെ, വര്‍ണ്ണ -ജാതി വ്യവസ്ഥിതികള്‍ വംശീയതയെപ്പോലെ തന്നെ മനുഷ്യത്വരഹിതവും അനീതിയുമാണ്‌ എന്നു പറയാതിരുന്നത്‌ ഗാന്ധിജിയുടെ ഇരട്ടത്താപ്പ്‌ ആയിപ്പോയി. വെള്ളക്കാരന്റെ അടിമത്വത്തില്‍ നിന്നും പാലം കടന്നപ്പോള്‍ പുരോഗമന കാഴ്‌ചപ്പാട്‌ മാറി ജാതിവ്യവസ്ഥിതികള്‍ക്ക്‌ പിന്തുടര്‍ച്ചയേകാന്‍ ഗാന്ധിജിയുടെ നിലപാട്‌ കാരണമായിട്ടുണ്ടെങ്കില്‍ ശ്രീമതി അരുന്ധതി ചോദ്യം ചെയ്യേണ്ട വിഷയം അതാണ്‌.

ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയും സാമൂഹിക നിയന്ത്രണത്തിന്റേയും ചൂഷണത്തിന്റേയും ചട്ടുകങ്ങളാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത വിഷയമാണ്‌.

ഒരുപക്ഷെ ഇന്ത്യന്‍ വ്യവസായങ്ങളെ ലാഭകരമാക്കുന്നതും ഈ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വ്യവസ്ഥിതിയും വ്യാവസായിക സാഹചര്യങ്ങളുമാണ്‌.

അമേരിക്കയില്‍ വെറും ജനറിക്‌ മരുന്നുകള്‍ കയറ്റി അയയ്‌ക്കുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന കമ്പനി അംബാനിയെപ്പോലും കമ്പോള ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മറികടന്നത്‌ സാമൂഹിക ശാസ്‌ത്രജ്ഞന്മാര്‍ കീറിമുറിച്ച്‌ പഠിക്കേണ്ട വിഷയമാണ്‌. അങ്ങനെ നോക്കുമ്പോള്‍ ഗാന്ധിജി എന്ന നേതാവ്‌ ഒരു വിദേശ ഏജന്റ്‌ എന്നതിനേക്കാളുപരി വിദേശിയുടെ മനസും കരളും വായിച്ചറിഞ്ഞ ഒരു മനശാസ്‌ത്രവിദഗ്‌ധനോ അല്ലെങ്കില്‍ സ്വന്തം സമൂഹത്തെ അന്ധമായി സ്‌നേഹിച്ച അവരുടെ കുറ്റങ്ങളേയും കുറവുകളേയും ന്യായീകരിച്ച യാഥാസ്ഥിതിക ഇന്ത്യക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നതാവും പുസ്‌തകങ്ങള്‍ പഠിച്ചതിനുശേഷം അഭിപ്രായം പറയുന്നത്‌ ഉചിതം.

വസ്‌തിനിഷ്‌ഠതകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ശ്രീമതി സൂസന്നാ അരുന്ധതി റോയിയും അമ്മ മേരി റോയിയും ഒരു ബ്രിട്ടീഷ്‌ ഏജന്റാണ്‌ എന്നു പറയത്തക്ക നിഗമനങ്ങളില്‍ നമുക്കും എത്തിച്ചേരാനാവും.

അത്തരം പഠനത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ എന്റെ ഈ തൂലികയ്‌ക്ക്‌ ഒരാഴ്‌ച ഇടവേള ചോദിച്ചുകൊണ്ട്‌.....

സിറിയക്‌ സ്‌കറിയ


അടുത്ത ലക്കത്തില്‍......

അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ്‌ ഏജന്റാണെന്ന നിഗമനത്തിലെത്തിച്ച പഠനങ്ങള്‍......കാത്തിരിക്കുക.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code