Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധനാക്കപ്പെട്ട ചാവറയച്ചന്റെ അത്ഭുത പ്രവര്‍ത്തികള്‍   - ഡോ.ബി. ഇക്‌ബാല്‍

Picture

വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ഏലിയാസ്‌ അച്ചനേയും സിസ്റ്റര്‍ എവുപ്രാസ്യമ്മയേയും വിശുദ്ധപദവിയേക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചത്‌ ക്രിസ്‌തീയ മതവിശ്വാസികളെ മാത്രമല്ല കേരളചരിത്രമറിയാവുന്ന അന്യമതസ്ഥരേയും മതേതരവാദികളേയും ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ട്‌. ഇരുവരുടേയും വിശുദ്ധപദ പ്രഖ്യാപനത്തിനാവശ്യമായ അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുന്ന ഡിക്രിയില്‍ മാര്‍പാാപ്പ ഒപ്പുവെച്ചതോടെയാണ്‌ വിശുദ്ധപദവി പ്രഖ്യാപനം വത്തിക്കാനില്‍ നിന്നുണ്ടായത്‌. എന്നാല്‍ ചാവറഅച്ചന്‍ നടത്തിയ ഏറ്റവും സമൂഹ്യ പ്രസക്തിയുള്ള അത്ഭുതപ്രവര്‍ത്തിയെ സംബന്ധിച്ച്‌കേരള സമൂഹത്തിന്‌ വേണ്ടത്ര അറിവുണ്ടെന്ന്‌ തോന്നുന്നില്ല.

1846 ലാണ്‌ചാവറയച്ചന്‍ മാന്നാനത്ത്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. ഒരു ഏകാധ്യപക സ്‌കൂള്‍ ആയിരുന്നു അത്‌. തൃശ്ശൂരില്‍ നിന്നുള്ള ഒരു വാര്യരെയായിരുന്നു അധ്യാപകനായി നിയമിച്ചത്‌. അക്കാലത്തുണ്ടായിരുന്ന കുടില്‍ പള്ളികൂടങ്ങളിലോ ആശാന്‍ കളരികളിലോ പില്‍ക്കാലത്ത്‌ നാട്ടുരാജാക്കന്മാര്‍ സ്ഥാപിച്ച്‌ സര്‍ക്കാര്‍ സ്‌കൂളുകളീലോ അധ:സ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. സര്‍ണ്ണര്‍ക്ക്‌ വേണ്ടി സവര്‍ണ്ണര്‍ നടത്തിയിരുന്ന സ്‌കൂളുകളായിരുന്നു അവ. വിദ്യാഭ്യാസം മാത്രമല്ല വസ്‌ത്രധരിക്കാനും വഴി നടക്കാനും എന്തിന്‌ അബലങ്ങളില്‍ പ്രവേശിച്ച്‌ ഈശ്വരാരധന നടത്താനോ ഉള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്‌ തീണ്ടലിനും തൊട്ടുകൂടായ്‌മക്കും അയിത്തത്തിനും വിധേയരായി അടിമകളെപോലെ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്ന്‌ ഇന്ന്‌ ദളിതര്‍ എന്ന വിളിക്കപ്പെടുന്ന വിഭാഗത്തില്‍ പെട്ടവര്‍ അക്കാലത്ത്‌ അക്കാലത്ത്‌ തിരുവിതാംകൂര്‍ പ്രദേശത്ത കഴിഞ്ഞിരുന്നത്‌.

തന്റെ ഇടവകയില്‍ പെട്ട കത്തോലിക്കരെ ഉദ്ദേശിച്ചാണ്‌ ചാവറയച്ചന്‍ മാന്നാനത്ത്‌ സ്‌കൂള്‍ സ്ഥാപിച്ചതെങ്കിലും ആ പ്രദേശത്ത്‌ ജീവിച്ചിരുന്ന അധസ്ഥിരെ അദ്ദേഹം അവഗണിച്ചില്ല. ഇപ്പോള്‍ മാന്നാനത്തെ പള്ളി പരിസരത്ത്‌ സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില്‍ കയറി അദ്ദേഹം ആര്‍പ്പൂക്കര, മാന്നാനം പ്രദേശത്തെ പറയ പുലയ കുടിലുകളില്‍ പോയി കുട്ടികളെ വിളിച്ച്‌ കൊണ്ട്‌ വന്ന്‌ ഉച്ചക്കഞ്ഞിയും വസ്‌ത്രവും പുസ്‌തകവും നല്‍കി പഠിക്കാന്‍ അവസരം ഒരുക്കി. പിന്നീട്‌ തൊണ്ണൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1936 ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാവപ്പെട്ടവര്‍ക്ക്‌ ഉച്ചകഞ്ഞി ഏര്‍പ്പെടുത്തണമെന്ന്‌ ശുപാര്‍ശ ചെയ്‌തുകൊണ്ട്‌ ദിവാനായിരുന്ന സി പി രാമസ്വാമിഅയ്യര്‍ മഹാരാജാവിന്‌ നല്‍കിയ കുറിപ്പില്‍ ചാവറയച്ചന്‍ ആരംഭിക്കയും പിന്നീട്‌ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ പിന്തുടരുകയും ചെയ്‌തിരുന്ന ഈ പതിവ്‌ മാതൃകയായി ചൂണ്ടികാണിച്ചിട്ടുണ്ട്‌.

മഹാത്മാഅയ്യങ്കാളിയുടെ നേതൃത്വത്തില്‍ പില്‍കാലത്ത്‌ നടന്ന ഐതിഹാസിക സമരങ്ങളെ തുടര്‍ന്ന്‌ 1910 ല്‍ മാത്രമാണ്‌ അധസ്ഥിതര്‍ക്ക്‌സ്‌കൂള്‍ പ്രവേശനം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവിറങ്ങിയത്‌. എന്നിട്ടും ഇവരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായില്ല. പഠികാന്‍ കൊതിച്ച്‌ സ്‌കൂളില്‍ ചെന്ന ദളിതരെ പുറത്താക്കി തിരുവല്ലാക്കടുത്തുള്ള പുല്ലാട്ടേയും തിരുവനന്തപുരത്ത്‌ ഊരുട്ടമ്പലത്തിലെയും സ്‌കൂളുകള്‍ സവര്‍ണ്ണ നിര്‍ദ്ദാക്ഷിണ്യം തീയിട്ട്‌ നശിപ്പിക്കയാണുണ്ടായത്‌. പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈ പിടിച്ച്‌ ഊരൂട്ടമ്പലം സ്‌കൂളില്‍ മറ്റാരുമല്ല അയ ങ്കാളി യായിരുന്നുവെന്നോര്‍ക്കാണം ഇതേ തുടര്‍ന്നാണ്‌ അധസ്ഥിതര്‍ക്ക്‌ സ്‌കൂള്‍ പ്രവേശനം അനുവദിക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം അയ്യ ങ്കാളി സംഘടിപ്പിച്ചത്‌. അതിനും ശേഷം 1913 ഓടെയാണ്‌ അധസ്ഥിതര്‍ക്ക്‌ സ്‌കൂള്‍ പ്രവേശനം ലഭിച്ചതെന്നോര്‍ക്കണം. . അതുകൊണ്ടാണ്‌ ഇതെല്ലാം സംഭവിക്കുന്നതിന്‌ ഏതാണ്ട്‌ ആറുപതിറ്റാണ്ട്‌ മുമ്പ്‌ താന്‍ സ്ഥാപിച്ച സ്‌കൂളില്‍ അന്നത്തെ കേരളസമൂഹത്തില്‍ തിരസ്‌കൃതരായവര്‍ക്ക്‌ വിദ്യാഭ്യാസാവകാശം നല്‍കിയത്‌ ചാവറയച്ചന്‍ നടത്തിയ അത്ഭുത പ്രവര്‍ത്തിയായി മാറുന്നത്‌. പാവപ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനായി എല്ലാ പള്ളികളോടൊപ്പം പള്ളികൂടവുസ്ഥാപിക്കണം എന്ന ആശയം കൊണ്ടു വന്നതും അദ്ദേഹമായിരുന്നു. 1864 ല്‍ പള്ളികൂടം സ്ഥാപിക്കാത്ത പള്ള്‌ലിയില്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്ന നടത്തിയ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസവിപ്ലവത്തിന്‌ ചാവറയച്ചന്‍ കൊളുത്തുകയായിരുന്നു.

അതോടൊപ്പം സ്‌ത്രീ വിദ്യാഭ്യാസത്തിനും ചാവറയച്ചന്‍ പ്രാധാന്യം നല്‍കിയിരുന്നു. 1866ല്‍ അദ്ദേഹം രൂപം നല്‍കിയ സിഎംസി സന്യാസിനീ സഭയിലെ അംഗമായിരുന്നു ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ ഏവുസ്യാമ്മയെന്നതിനെ യാദൃശ്ചികതയായി കാണാനാവില്ല. ചരിത്രത്തോടുള്ള നീതി പുലര്‍ത്തല്‍ മാത്രണത്‌. 1868 ല്‍ കൂനമ്മാവ്‌ മഠത്തോട്‌ ചേര്‍ന്ന്‌ അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ച്‌ മറ്റൊരു ചരിത്ര മൂഹര്‍ത്തിന്റെ സ്രഷ്ടാവുകൂടിയായി മാറി. സ്‌ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്‌ത്രീ സ്വാതന്ത്യം, സമത്വം, സ്വാശ്രയത്വം എന്നിവ കൈവരിക്കാന്‍ ചാവറയച്ചന്‍ പല പദ്ധതികളും നടപ്പിലാക്കി. ലിംഗനീതിക്കായി സ്‌ത്രീ പുരുഷ സമത്വത്തിനായും ആദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും അക്കാലത്തെ സ്‌ത്രീകളുടെ സാമൂഹ്യപദവി കണക്കിലെടുക്കുമ്പോള്‍ അത്ഭുത പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയിലുണ്ടായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്‌ത്രീകളുടെ വിമോചനത്തിനായി വി ടി ഭട്ടതിരിപ്പാട്‌ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ എം ആര്‍ ബി മറക്കുടക്കുള്ളിലെ നരകം തുടങ്ങിയ കൃതികള്‍ രചിക്കയും മറ്റും ചെയ്‌തത്‌ ആറുപതിറ്റാണണ്ടുകള്‍ക്ക്‌ ശേഷമാണെന്നോര്‍ക്കണം. കേരളം പില്‍ക്കാലത്ത്‌ കൈവരിച്ച്‌ സാമൂഹ്യ ഗുണമേന്മകളുടെ, പ്രത്യേകിച്ച്‌ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങളുടെ പ്രധാന കാരണങ്ങളില്‍ പ്രധാനമായിട്ടുള്ളത്‌ സ്‌തീ സാക്ഷരതയും സ്‌ത്രീ ശാക്തീകരണവുമാണെന്ന്‌ സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്‌.

വേണ്ടത്ര അറിയപ്പെടാത്ത ചാവറയച്ചന്‍ നടത്തിയ മറ്റൊരു അത്ഭുത പ്രവര്‍ത്തിയെക്കുറിച്ച്‌ കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. അക്കാലത്ത്‌ ദളിത വിഭാഗത്തില്‍ പെട്ടവരെകൊണ്ട്‌ അടിമപ്പണിക്ക്‌ തുല്യമായ നിര്‍ബന്ധ ജോലികളാണ്‌ സവര്‍ണ്ണര്‍ മാത്രമല്ല കൃസ്‌തീയ സമുദായത്തിലെ സമ്പന്നരും ചെയ്യിച്ചിരുന്നത്‌. കഷ്ടിച്ച്‌ വിശപ്പടക്കാന്‍ എന്തെങ്കിലുമല്ലാതെ ന്യായമായ കൂലി നല്‍കിയിരുന്നതേയില്ല. ഊഴിയം എന്നായിരുന്നു ഈ പതിവിനെ വിളിച്ചിരുന്നത്‌. ചാവറയച്ചന്‍ മനുഷ്യത്വരഹിതമായ ഊഴിയം എന്ന ഏര്‍പ്പാടിനെ ശക്തമായി എതിര്‍ത്തും. തൊഴിലാളികള്‍ക്ക്‌ ന്യായമായ കൂലി നല്‍കണമെന്ന്‌ ശഠിക്കയും തന്റെ സഭയിലെ വിശ്വാസികളെകൊണ്ട്‌ അത്‌ നടപ്പിലാക്കയും ചെയ്‌തു. തൊഴിലാളി സംഘടനകളും മറ്റും രൂപീകരിച്ച്‌ സംഘടിത സമരങ്ങളിലൂടെ കൂലിയും മറ്റാനുകൂല്യവും കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നതിന്‌ വളരെ മുന്‍പ്‌ തന്നെ ചാവറയച്ചന്‍ നടത്തിയ മറ്റൊരു അത്ഭുത പ്രവര്‍ത്തിയായിരുന്നു അത്‌.

ചാവറയച്ചന്‍ നടത്തിയ ഇത്തരം അത്ഭുത പ്രവര്‍ത്തികള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം കത്തോലിക്കാ സഭയുടെ മാത്രമല്ല കേരള പൊതുസമൂഹത്തിന്റെയാകെ വിശുദ്ധനും പുണ്യളനുമാണന്ന്‌ നിശ്ശംശയം പറയാന്‍ കഴിയും.

 

(കടപ്പാട്‌: സിറിയക്‌ സ്‌കറിയ, സാന്‍അന്റോണിയോ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code