Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറ പിതാവ്‌, സാക്ഷരതയുടെ പിതാവ്‌   - Sr. Reenet & Sr. siji

Picture

പ്രകൃതി രമണീയമായ കുട്ടനാട്‌ കായലോരത്ത്‌ കുടചൂടി നില്‍ക്കുന്ന വൃക്ഷങ്ങള്‍. പച്ചവിരിച്ച പാടങ്ങള്‍. സമൃദ്ധിയുടെ കേതാരം. കൈനകരിയിലെ ചാവറ വീട്ടില്‍ കുര്യാക്കോസ്‌ മറിയം ദമ്പതികളുടെ പുത്രനായി 1805 ഫെബ്രുവരി 10 ന്‌ കൊച്ചു കുര്യാക്കോസ്‌ ജനിച്ചു. കളരി വിദ്യാഭ്യാസത്തിനു ശേഷം പതിമൂന്നാമത്തെ വയസ്സില്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 ല്‍ കുര്യാക്കോസ്‌ ശെമ്മാശന്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 24)മത്തെ വയസ്സില്‍ വാരാപ്പുഴ വികാരി അപ്പസതോലിക്ക മോണ്‍. സ്‌റ്റെബല്ലീനി മെത്രാനില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിനെ കേരള നവോത്ഥാന കാലം എന്നു വിശേഷിപ്പിക്കുമ്പോള്‍ ആ നവോത്ഥാനത്തില്‍ വി. ചാവറ പിതാവിന്റെ പങ്ക്‌ എന്താണെന്ന്‌ `കേരള സാകാഷരതയുടെ പിതാവ്‌` എന്ന്‌ അദ്ദേഹത്തിനു ലഭിച്ച വിശേഷണത്തില്‍ നിന്ന്‌ വ്യക്തമാണ്‌. ആ നൂറ്റാണ്ടില്‍ സഭയിലും, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹത്‌ വ്യക്തിയാണ്‌ ചാവറ പിതാവ്‌.

പള്ളികളോടൊപ്പം പള്ളിക്കൂടം

അക്ഷരജ്ഞാനം ഒരാളെ ആത്മീയതയുടെ വെള്ളിവെളിച്ചത്തില്‍ എത്തിക്കുമെന്ന്‌ വി. ചാവറ പിതാവിന്‌ ബോധ്യമുണ്ടായിരുന്നു. മനുഷ്യനെ പൂര്‍ണനാക്കുന്നത്‌ അവനു ലഭിക്കുന്ന അറിവിന്റെ നിറവാണെന്നും, വിശ്വാസത്തിന്റെ നവീകരണം പൂര്‍ണമാകുന്നത്‌ വിദ്യാഭ്യാസത്തിന്റെ ആഴത്തിലാണ്‌ എന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തില്‍ വിശ്വാസത്തെയും പ്രവര്‍ത്തിയെയും സംയോജിപ്പിച്ച ശൈലിയാണ്‌ വി. ചാവറയുടെ ജീവിതം. ദൈവം തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസികളുടെയും സമൂഹത്തിന്റെയും
നവോത്ഥാനത്തിനും നവീകരണത്തിനും വിദ്യാഭ്യാസത്തിന്റെ പങ്ക്‌ അദ്ദേഹം ഗ്രഹിച്ചിരുന്നു. 1850 മാര്‍ച്ച്‌  25)ീ തിയതി അദ്ദേഹം ഇടവക വൈദികര്‍ക്കെഴുതിയ കത്തില്‍ ഇപ്രകാരം കുറിക്കുന്നു. `കണ്ണിന്റെ വെളിവുകൂടാതെ ലോകത്തിലുള്ള വസ്‌തു കാണാന്‍ വശമില്ലാത്തത്‌ പോലെ, പഠനം എന്ന വെളിവു കൂടാതെ പരലോകത്തെയും അതില്‍ വസിക്കുന്ന തമ്പുരാനെയും അറിയാന്‍ വശമില്ലാത്തതിനാല്‍ കുരുടന്മാരായിരിക്കുന്നതുപോലെ പഠിത്തമില്ലാത്തവര്‍ ജ്ഞാന കുരുടന്മാരാകുന്നു.` 1861 ല്‍ മലബാര്‍ സഭയുടെ വികാരി ജനറാളായി നിയമിതനായപ്പോള്‍, ക്രാന്തദര്‍ശിയായ ആ മഹാത്മാവ്‌ എല്ലാ ഇടവകകളിലേക്കും `പള്ളികളോടു ചേര്‍ന്ന്‌ പള്ളിക്കൂടം സ്ഥാപിക്കണമെന്നും, അല്ലായെങ്കില്‍ ദേവാലയ കൂട്ടായ്‌മയില്‍ നിന്നും വിലക്കുമെന്നും സര്‍ക്കുലര്‍ മുഖേന ചരിത്രപരമായ കല്‌പന പുറപ്പെടുവിച്ചു.'

ഈ പള്ളിക്കൂടങ്ങള്‍ ജാതിമത പരിഗണനകള്‍ക്ക്‌ അതീതമായി എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കണമെന്ന അദ്ദേഹത്തിന്റെ വിശാല കാഴ്‌ചപ്പാടാണ്‌ കേരളത്തിലെ പൊതുസമൂഹ നിര്‍മ്മിതിയുടെ അടിസ്ഥാനം. കേരള സമൂഹം ജാതിമത വിഭാഗങ്ങളുടെ പേരില്‍ ഉച്ചനീചത്വ ചിന്തകളില്‍ വിഭജിതമായിരുന്ന കാലഘട്ടത്തില്‍ നാനാജാതി മതസ്ഥര്‍ക്ക്‌ ഒത്തുകൂടാനും വിദ്യനേടാനും മതസൌഹാര്‍ദ്ദം പരിപോഷിപ്പിക്കുന്നതിനുമുള്ള പൊതുവേദിയായിരുന്നു പള്ളിക്കൂടങ്ങള്‍. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കും, സമൂഹ നിര്‍മ്മിതിക്കും വിപ്‌ളവകരമായ അടിത്തറ പാകിയ ചുവടുവയ്‌പ്പായിരുന്നു ഈ പള്ളിക്കൂടങ്ങളുടെ ആരംഭം. ചാവറയച്ചന്റെ മരണശേഷം 21 വര്‍ഷങ്ങള്‍ക്കു ശേഷം 1892ലാണ്‌ അയ്യന്‍കാളി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വാതില്‍ ദളിതര്‍ക്കായി തുറപ്പിച്ചത്‌ എന്നുമുള്ള ചരിത്ര വസ്‌തുത കേരളജനതയുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി 1846 ല്‍ മാന്നാനത്ത്‌ സംസ്‌കൃത സ്‌കൂള്‍ ആരംഭിച്ചതും, ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഭക്ഷണവും വസ്‌ത്രവും സൗജന്യമായി നല്‍കി പഠന സൗകര്യം എല്ലാവര്‍ക്കുമായി ഒരുക്കിയതും മഹനീയമായ കാഴ്‌ചപ്പാടാണ്‌.

അറിവിന്‌ വാര്‍ത്താ മാധ്യമങ്ങള്‍

മനുഷ്യ ഹൃദയങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്വാധീന ശക്തി ഏറെയാണെന്ന്‌ ഗ്രഹിച്ച ദീര്‍ഘദര്‍ശിയാണ്‌ വി. ചാവറ പിതാവ്‌. ഈ ദീര്‌ഘവീക്ഷണ മാണ്‌ മുദ്രണാലയ പ്രേഷിതത്വത്തിനു ആരംഭം കുറിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. കേരളത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സും, കോട്ടയത്തെ സി. എം. എസ്‌ പ്രസ്സും മാത്രമുണ്ടായിരുന്ന കാലത്ത്‌ അച്ചടി മാധ്യമത്തിന്റെ മാഹാത്മ്യം അറിഞ്ഞ്‌ 1844 ല്‍ മാന്നാനത്തും തുടര്‍ന്ന്‌ കൂനമ്മാവിലും അദ്ദേഹം പ്രസ്സ്‌ ആരംഭിച്ചു. മാന്നാനത്തെ അച്ചുകൂടത്തില്‍ നിന്നും ആദ്യമായി അടിച്ചിറക്കിയ ഗ്രന്ഥം `ജ്ഞാന പീയൂഷമാണ്‌`. അതിന്റെ ഒന്നാം പേജിന്റെയും രണ്ടാം പേജിന്റെയും മുകളില്‍ അച്ചടിച്ചിരിക്കുന്ന ദൈവസ്‌തുതിയുടെ വാക്കുകള്‍ വിസ്‌മയാവഹമാണ്‌ . `സര്‍വേശായ നമ:` എന്ന വചനത്തോടെ ഒന്നാം പേജ്‌ ആരംഭിക്കുമ്പോള്‍, `അനാദ്യായ നമോസ്‌തു` എന്നതാണ്‌ രണ്ടാം പേജിന്റെ തുടക്കക്കുറിപ്പ്‌. നമ്മളെ നമ്മളാക്കുന്ന നാടിന്റെ ചരിത്രവും ആത്മീയ സമ്പന്നതയും അറിയുക, അത്‌ നമ്മുടെ ജീവിതവുമായി ഇഴചേര്‍ക്കുക എന്ന സന്ദേശമല്ലേ ചാവറ പിതാവ്‌ നമുക്ക്‌ നല്‍കുന്നത്‌.

കേരളത്തിലെ ആദ്യ പത്രമായ നസ്രാണി ദീപിക 1887ല്‍ പുറത്തിറങ്ങുകയും ദീപിക ദിനപത്രമായി കോട്ടയത്തുനിന്നും പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്‌തത്‌ വി. ചാവറ പിതാവിന്റെ ദീര്‍ഘവീക്ഷണ ചുവടുവയ്‌പ്പായിരുന്നു. ആദ്യ മലയാള ഓണ്‍ലൈന്‍ പത്രമായ ദീപിക ഏറ്റവും വലിയ ഓണ്‍ലൈന്‍ നാട്ടുഭാഷാ ദിനപത്രമായി ഇന്ന്‌ മാറിക്കഴിഞ്ഞു. ഇങ്ങനെ കേരള കത്തോലിക്കാ സഭയുടെ വാര്‍ത്താ മാധ്യമ പ്രവര്‍ത്തനങ്ങളുടെ പിതാവായി അദ്ദേഹം മാറുകയായിരുന്നു.

വിശുദ്ധന്റെ ആത്മീയതയിലൂടെ കടന്നുപോകുമ്പോള്‍ അന്യര്‍ക്ക്‌ ഉപകാരം ചെയ്യാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടിലെന്ന നിഷ്‌ഠയും നമുക്ക്‌ ദര്‍ശിക്കാം. ദൈവത്തിന്റെ വചനത്തിന്‌ പ്രാര്‍ത്ഥനയിലൂടെയും, പ്രവര്‍ത്തനത്തിലൂടെയും ജീവന നല്‍കി അത്‌ സാമൂഹിക നവോത്ഥാനത്തിനും, സാമുദായ നവീകരണത്തിനും വിദ്യാഭ്യാസത്തിലൂടെ ഉണര്‍വേകിയ ഈ പുണ്യാത്മാവിന്റെ മാതൃകാ ജീവിതത്തെ ദൈവം വിലയിരുത്തി 1986 ഫെബ്രുവരി 8ന്‌ വാഴ്‌ത്തപ്പെട്ടവനായും, 2014 നവംബര്‍ 23ന്‌ ഈശോയുടെ രാജത്വ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ പദവിയില്‍ ആയിരിക്കുന്നതും ആഗോള കത്തോലിക്കാ സഭക്ക്‌ പ്രത്യേകിച്ച്‌ കേരള സഭക്ക്‌ ഏറെ ഉണര്‍വ്വേകുന്നു. വിശ്വാസം എന്നത്‌ അറിവാണ്‌. ദൈവത്തെ അറിഞ്ഞ്‌ ആ ദൈവത്തിന്റെ കൈകളും കാലുകളുമായി നന്മ ചെയ്‌ത്‌ ജീവിക്കലാണ്‌. ആ നന്മയുടെ മാതൃകയാണ്‌ വി. ചാവറ പിതാവ്‌.

Sr. Reenet & Sr. siji

Mishawaka



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code