Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുഞ്ഞുറോസ വിശുദ്ധയാകുമ്പോള്‍   - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌

Picture

വീണ്ടും ഒരു കേരളീയവനിത ആഗോള കത്തോലിക്കാസഭയില്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നു. ആദിമസഭ എല്ലാ അംഗങ്ങളെയും വേര്‍തിരിക്കപ്പെട്ടവരായും വിശുദ്ധരായും ആണ്‌ കരുതിവന്നത്‌. അന്നത്തെ സഭാംഗങ്ങള്‍ വിശ്വാസികളുടെ ഒന്നാംതലമുറ ആയിരുന്നുവല്‌ളോ. പിന്നെപ്പിന്നെ സഭ വളര്‍ന്നു. നാമധാരികള്‍ മാത്രമായ അംഗങ്ങള്‍ക്കും സഭയില്‍ ഇടംകിട്ടി. വിശ്വാസികള്‍ എല്ലാവരും വിശുദ്ധരും വേര്‍തിരിക്കപ്പെട്ടവരും ആയിരിക്കുന്ന അവസ്ഥ ഇങ്ങിനിവരാതവണ്ണം അന്തര്‍ധാനം ചെയ്‌തു.

സന്ന്യാസ പ്രസ്ഥാനം സഭയില്‍ രൂപപ്പെട്ടത്‌ ഈ പശ്ചാത്തലത്തിലാണ്‌ എന്ന്‌ വിചാരിക്കണം. സാധാരണ ജീവിതത്തില്‍ ആത്മീയ സംതൃപ്‌തി അനുഭവപ്പെടാതിരുന്നവരുടെ ഈശ്വരോന്മുഖമായ അന്വേഷണം പല കൈവഴികളിലൂടെയാണ്‌ പിന്നീട്‌ വികസിച്ചത്‌. ഏകാകികളായി തപസ്സ്‌ ചെയ്‌തവരും സമൂഹമായി തപശ്ചര്യകള്‍ പാലിച്ചവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി നാം അവരെ കാണുന്നു. ഭാരതീയ സന്ന്യാസ പാരമ്പര്യം ഏകാകികളുടെ മാതൃകക്ക്‌ പ്രാധാന്യം നല്‍കി. സ്വാമി വിവേകാനന്ദന്‍ രാമകൃഷ്‌ണ മിഷന്‍ രൂപപ്പെടുത്തുവോളം ഇവിടെ വ്യവസ്ഥാപിതരൂപത്തിലുള്ള ഒരു സന്ന്യാസസമൂഹം ഉണ്ടായിരുന്നില്ലല്‌ളോ. പശ്ചിമേഷ്യയില്‍ നടേ പറഞ്ഞ ഇരുശൈലികളും സമാന്തരമായി വികസിച്ചു.

ഭാരതത്തില്‍ വനാന്തരങ്ങളിലും ഗിരിസാനുക്കളിലുമായിരുന്നു തപസ്സുകള്‍ അരങ്ങേറിയതെങ്കില്‍ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും മരുഭൂമികളായിരുന്നു രംഗം. ഇന്നും അവിടവിടെയായി ഇത്തരം സങ്കേതങ്ങള്‍ ഉണ്ട്‌. അമേരിക്കയിലെ നെവാഡ, അരിസോണ തുടങ്ങിയ ഇടങ്ങളിലും അവ കാണാം. വില്യം ഡാള്‍റിമ്പിളിന്‍െറ `ഫ്രം ദ ഹോളി മൗണ്ടന്‍' എന്ന കൃതി മധ്യശതകങ്ങളിലെ ആശ്രമ പ്രസ്ഥാനത്തിന്‍െറ പട്ടുനൂല്‍പാതകളിലൂടെയുള്ള ഒരു വര്‍ത്തമാനകാല യാത്രയുടെ കഥയാണല്‌ളോ പറയുന്നത്‌. മരുഭൂമിയില്‍ ദൈവാന്വേഷകരായി കഴിഞ്ഞ ഏകാകികളും ഇപ്പോഴത്തെ തുര്‍ക്കി െ്രെകസ്‌തവ രാജ്യം ആയിരുന്ന കാലത്ത്‌ ഒരേസമയം ഒരുലക്ഷം ബ്രഹ്മചാരികള്‍ ഒരു ചുറ്റുവട്ടത്ത്‌ ഒരു ഗുരുവിന്‌ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആശ്രമങ്ങളിലെ അന്തേവാസികളും എല്ലാം ചേരുന്നതാണ്‌ െ്രെകസ്‌തവ സന്ന്യാസ പാരമ്പര്യം.

ഭാരതീയസഭക്ക്‌ പാശ്ചാത്യ സമ്പ്രദായത്തിലുള്ള ദയറാകള്‍ ഉണ്ടായിരുന്നില്ല. എന്നല്ല, സുറിയാനി ക്രിസ്‌ത്യാനികളുടെ ആധ്യാത്മിക ജീവിതത്തെയോ സഭാ ചരിത്രത്തെയോ അടയാളപ്പെടുത്തുന്നതായി ഏറെയൊന്നും കാണാനുമില്ല. വ്യക്തിഗതമായ ആധ്യാത്മികതക്ക്‌ പ്രാധാന്യം നല്‍കുന്ന ഹൈന്ദവവും പ്രാദേശികവുമായ പാരമ്പര്യംതന്നെ ഈ നാട്ടിലെ ക്രിസ്‌ത്യാനികളും തുടര്‍ന്നു എന്ന്‌ കരുതണം. സഭാചരിത്രഗ്രന്ഥങ്ങളാകെ പരതിയാല്‍ മാര്‍ത്തോമന്‍ കഥകള്‍ക്കുശേഷം വാണിജ്യപരവും സാമൂഹികവുമായി സുറിയാനിക്കാര്‍ ഉന്നതാവസ്ഥയിലായിരുന്നു എന്ന ചിത്രം കിട്ടും. എന്നാല്‍, ആയിരത്തഞ്ഞൂറിലേറെ സംവത്സരങ്ങള്‍ ഒരു പക്കോമിയോസിനെയോ ഒരു അന്തോണിയോസിനെയോ സൃഷ്ടിച്ചതായി കാണുകയില്ല.

എവുപ്രാസ്യമ്മയെ അടയാളപ്പെടുത്തുന്നത്‌ വ്യക്തിഗതമായ ആധ്യാത്മികതയെ സന്ന്യാസ സമൂഹത്തിന്‍െറ ആധ്യാത്മികതയുമായി സമ്യക്കായി യോജിപ്പിക്കുന്ന ഒരു പാലം ആണ്‌ എന്ന്‌ പറയാം. ഒമ്പതാമത്തെ വയസ്സില്‍ അതിരഹസ്യമായി കന്യാത്വ സമര്‍പ്പണം നടത്തിയ കുഞ്ഞുറോസ ശരീരത്തിന്‍െറ കന്യാത്വമല്ല സമര്‍പ്പിച്ചത്‌. ശാരീരികമായി കന്യകയായിരിക്കുന്ന അവസ്ഥയും കന്യാത്വം നഷ്ടപ്പെട്ട അവസ്ഥയും തമ്മില്‍ തിരിച്ചറിഞ്ഞിട്ടല്ല ആ പ്രായത്തിലും അവള്‍ കന്യാത്വ പ്രതിജ്ഞ ചെയ്‌തത്‌. `എനിക്ക്‌ എന്‍െറ കര്‍ത്താവിനെ മാത്രം മതി' എന്ന ആധ്യാത്മികോന്മുഖതയാണ്‌ പിന്നീട്‌ കന്യാത്വ പ്രതിജ്ഞയായി സമൂഹം തിരിച്ചറിഞ്ഞത്‌.

രഹസ്യപൂര്‍ണമായ ആധ്യാത്മികത ആയിരുന്നു എവുപ്രാസ്യമ്മ തേടിയതും നേടിയതും. കൂനമ്മാവിലെ `എദുക്കുന്താത്തി'ല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പന്ത്രണ്ടാമത്തെ വയസ്സില്‍ `മരണപ്രമാദ'ത്തിലായതും തിരുക്കുടുംബത്തിന്‍െറ അദ്‌ഭുതദര്‍ശനം ഉണ്ടായതും. കൂനമ്മാവ്‌ മഠത്തിലെ ശ്രേഷ്‌ഠത്തിയമ്മ ആഞ്ഞസ്‌ പുതുതായി രൂപപ്പെട്ട തൃശൂര്‍ മെത്രാസനത്തിന്‍െറ അധ്യക്ഷനായിരുന്ന മാര്‍ യോഹന്നാന്‍ മെത്രാന്‌ (ജോണ്‍ മേനാച്ചേരി) അയച്ച കത്ത്‌ തെളിയിക്കുന്നതും മറ്റൊന്നല്ല.

എവുപ്രാസ്യമ്മ തന്‍െറ മേല്‍പട്ടക്കാരനായിരുന്ന മാര്‍ യോഹന്നാന്‌ അയച്ച കത്തുകള്‍ പുസ്‌തകരൂപത്തില്‍ ലഭ്യമാണ്‌ (എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍, ഒല്ലൂര്‍ 2001: മൂന്നാംപതിപ്പ്‌ 2009). എവുപ്രാസിയന്‍ സ്‌പിരിച്വാലിറ്റി എന്ന്‌ വിളിക്കാവുന്ന ഒരു ആധ്യാത്മികയാത്രാവിവരണമായി ഞാന്‍ ഇത്‌ കാണുന്നു. ഒമ്പതാമത്തെ വയസ്സില്‍ രഹസ്യമായി ഈശ്വരനുള്ള കാണിക്കയായി തന്‍െറ കന്യാത്വം സമര്‍പ്പിച്ച പെണ്‍കുട്ടി വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ന്ന വഴികളുടെ കഥയാണ്‌ ഈ കത്തുകള്‍ കോറിയിടുന്നത്‌.

വിശുദ്ധി സ്വയം ആര്‍ജിക്കുക അശക്യമാണ്‌. അതിന്‌ ദൈവകൃപ വേണം. എന്നാല്‍, ആ ദൈവകൃപ ലഭ്യമാകുന്നത്‌ ഒരു വ്യക്തി വിശുദ്ധിക്കായി സ്വയം സമര്‍പ്പിക്കുമ്പോഴാണ്‌. അനുഷ്‌ഠാനങ്ങള്‍ വിശുദ്ധി നല്‍കുന്നില്‌ളെങ്കിലും വിശുദ്ധി സാക്ഷാത്‌കരിക്കാന്‍ ഉതകുന്ന ഉപാധികളാണ്‌ അവ. ഏകാഗ്രതയോടെ ഈ കര്‍മമാര്‍ഗത്തില്‍ ചരിക്കാനുള്ള വഴി എന്ന നിലയിലാണ്‌ അമ്മ മഠത്തില്‍ പ്രവേശം തേടിയത്‌.

അതേസമയം, കുടുംബജീവിതത്തെ അനുഗൃഹീതാന്തസ്സായി കാണാന്‍ എവുപ്രാസ്യമ്മക്ക്‌ കഴിഞ്ഞു. ആങ്ങള കാക്കുവിന്‍െറ മകള്‍ കൊച്ചുമേരിക്ക്‌ 1945 നവംബര്‍ ആറിന്‌ `സ്വന്തം അമ്മായി, ക.ദി.മൂ.സ.ഈ. തിരു. എവുപ്രാസ്യ' എന്നെഴുതി ഒപ്പിട്ടയച്ച കത്ത്‌ വിവാഹത്തിനൊരുങ്ങുന്നവര്‍ വിശ്വാസപ്രമാണം കണക്കെ ഹൃദിസ്ഥമാക്കേണ്ടതാണ്‌. `അന്തസ്സിന്‍െറ കടത്തിന്‌ തക്കവണ്ണം ജീവിച്ച്‌ നിത്യരക്ഷ പ്രാപിക്കുന്നതിന്‌' ആഹ്വാനംചെയ്യുന്ന ഈ അമ്മായി പാശ്ചാത്യസഭയിലെ ബ്രിജിത്തിനെയും പൗരസ്‌ത്യപാരമ്പര്യത്തിലെ മര്‍ത്ത്‌ ശ്‌മൂനിയെയുംകുറിച്ച്‌ അറിഞ്ഞിട്ടാവണമെന്നില്ല അങ്ങനെ പറഞ്ഞത്‌. ഇക്കാലത്ത്‌ ഈ ലിഖിതം ഉറക്കെ വായിച്ചാല്‍ ഫെമിനിസ്റ്റുകള്‍ പ്രതിഷേധിക്കാനിടയുണ്ടെന്നറിയാം. എങ്കിലും ധന്യമായ കുടുംബജീവിതം ഈശ്വര സാക്ഷാത്‌കാരത്തിനുള്ള വഴിയാകേണ്ടത്‌ എങ്ങനെയെന്ന്‌ ഇതിനേക്കാള്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ ഒരു പി.എച്ച്‌.ഡിക്കാരി കന്യാസ്‌ത്രീക്കും കഴിയുമെന്ന്‌ തോന്നുന്നില്ല.

അറിയപ്പെടാത്ത വിശുദ്ധയായി ജീവിക്കാന്‍ മോഹിച്ചവള്‍ ലോകമെമ്പാടും വിശുദ്ധയായി വാഴ്‌ത്തപ്പെടുകയാണ്‌ ഇനിമേല്‍. സമ്പൂര്‍ണ സമര്‍പ്പണമാണ്‌, പ്രത്യേകമായ ജീവിതാന്തസ്സല്ല അവളുടെ സന്ദേശം. കന്യകയായാലും കുടുംബിനിയായാലും ഈശ്വരന്‌ വേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിക്കാനാണ്‌ എവുപ്രാസ്യമ്മ ആഹ്വാനംചെയ്യുന്നത്‌.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code