Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറപിതാവിന്റെ കുടുംബദര്‍ശനം   - ഫാ. ജെയിംസ്‌ മഠത്തിക്കണ്ടം സി.എം.ഐ

Picture

1868 കാലഘട്ടത്തിലും ഇന്നും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കുടുംബങ്ങളെ പഠിപ്പിക്കാന്‍ തന്റെ സര്‍വ്വ കഴിവുകളും ആത്മീയ ശക്തിയും ഉപയോഗിച്ച പുണ്യപുരുഷനാണ്‌ വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ പിതാവ്‌. കുടുംബം എന്താണെന്നും ആരാണ്‌ അവിടെ വസിക്കുന്നതെന്നും നല്ലതുപോലെ സക്രാരിയുടെ മുമ്പിലിരുന്ന്‌ ചിന്തിച്ച്‌ ധ്യാനിക്കാന്‍ ചാവറപിതാവിന്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. കുടുംബം സഭയിലും നാട്ടിലും രാജ്യത്തും ലോകം മുഴുവനിലും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ഒരു കുടുംബത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ മുതിര്‍ന്നവരെപ്പോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ ചാവറപിതാവ്‌ മനസ്സിലാക്കിയിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രത്യേകം ഉപദേശങ്ങള്‍ നല്‌കി.

?നിന്റെ വീട്ടില്‍ പരദൂഷണത്തിന്റെ ഒരു വാക്കുപോലും കേള്‍ക്കരുത്‌
ഉള്ളതുകൊണ്ട്‌ സംതൃപ്‌തരാകുക
ദ്രവ്യമുള്ളവനെന്ന ഭാവം വര്‍ജ്ജിക്കുക
വേലക്കാര്‍ക്ക്‌ ന്യാമായ കൂലി കൊടുക്കുക
സല്‍ക്കര്‍മ്മങ്ങളില്‍ ധാരാളിയായിരിക്കുക
ലുബ്‌ധന്റെ പണത്തിന്‌ പുഴുക്കുത്ത്‌ പിടിക്കും
സജ്ജനങ്ങളുമായി മാത്രം സംസര്‍ഗ്ഗം ചെയ്യുക
മക്കള്‍ ദൈവപ്രസാദത്തില്‍ ദിനംതോറും വളര്‍ന്നുവരുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുക.
കുടുംബങ്ങളില്‍ അദ്ധ്വാനശീലം നിലനില്‍ക്കണം
മദ്യപാനം എന്ന ദുശ്ശീലം നിങ്ങളുടെ കുടുംബങ്ങളില്‍ പ്രവേശിക്കരുത്‌.

മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ നല്ല ശ്രദ്ധവയ്‌ക്കണം. അവരുടെ കൂട്ടു കെട്ടുകള്‍ തെറ്റായ വഴിക്ക്‌ തിരിയുന്നുണ്ടോ എന്നും കൂടെക്കൂടെ അന്വേഷിക്കണം.

മാതാപിതാക്കള്‍ പ്രായാധിക്യത്തിലെത്തുന്നതിന്‌ മുമ്പ്‌ തന്നെ അതായത്‌ അവരുടെ ബോധത്തിന്‌ ബലക്ഷയം വരുന്നതിന്‌ മുമ്പുതന്നെ മരണപത്രം എഴുതി വയ്‌ക്കുകയും ഭാഗഉടമ്പടി ചെയ്യുകയും വേണം.

മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ എപ്പോഴും ആദരിക്കണം. അവരുടെ വാര്‍ദ്ധക്യ ത്തിലും രോഗാവസ്ഥയിലും അവരെ പൊന്നുപോലെ സംരക്ഷിക്കണം. എങ്കില്‍ അവര്‍ക്ക്‌ ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കും.?

ഇതെല്ലാം എല്ലാ ഭവനങ്ങളിലും പ്രമാണരേഖയാക്കണമെന്ന്‌ ചാവറപിതാവ്‌ ആഗ്രഹിച്ചു. നിഷ്‌ക്കളങ്കമായ ഒരു ജീവിതവീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കുകയുള്ളു.

ദൈവത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്‌തവരാണ്‌ വിശുദ്ധര്‍. ദൈവതിരുമനസ്സ്‌ എന്തെന്ന്‌ മനസ്സിലാക്കി അതു നിറവേറ്റിയവരാണവര്‍. തെറ്റുകളില്‍ മനുഷ്യസമൂഹം എങ്ങനെ വീഴുന്നുവെന്നും തെറ്റുകളുടെ അനന്തരഫലമെന്തെന്നും എങ്ങനെ തിരുത്തണമെന്നും നമ്മെ ചിന്തിപ്പിക്കുന്ന ദര്‍ശനങ്ങളായിരുന്നു ചാവറപിതാവിനുണ്ടായിരുന്നത്‌.

ഒരു വലിയ ആത്മീയ മുന്നേറ്റത്തിന്‌ 1831 ല്‍ മാന്നാനം കുന്നില്‍ ഉയരത്തിലെ വീട്‌ നിര്‍മ്മിച്ച ചാവറപിതാവ്‌ നാനാജാതി മതസ്ഥരുടെ ആത്മവിശുദ്ധീകരണം പ്രധാന കര്‍മ്മരംഗമായി കണ്ടു. ഇതിന്‌ ആത്മാവിന്റെ നിറവ്‌ തന്നിലുണ്ടാകാന്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. പിതാവ്‌ എഴുതിയ ആത്മാനുതാപവും, ധ്യാനസല്ലാപവും ആത്മാവിന്റെ നിറവ്‌ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഇത്‌ ചിന്താവിഷയമാക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ നിറയുന്നത്‌. കാരണം അരൂപിയുടെ പ്രവര്‍ത്തനത്തിന്‌ സ്വയം വിട്ടുകൊടുത്ത വ്യക്തിയാണ്‌ ചാവറപിതാവ്‌.

തിരുക്കുടുംബദര്‍ശനം

ചാവറപിതാവിന്റെ കുടുംബദര്‍ശനം വിവിധങ്ങളായ മേഖലകളെ സമുദ്ധരിച്ചുകൊണ്ടുള്ളതായിരുന്നല്ലൊ. ജീവിതകാലം മുഴുവനും തിരുക്കുടുംബഭക്തനായി ജീവിച്ച ചാവറപിതാവ്‌ എല്ലാ കുടുംബങ്ങളും തിരുക്കുടുംബമാതൃകയില്‍ ആകണമെന്ന്‌ ആഗ്രഹിച്ചു, അതിനായി പ്രവര്‍ത്തിച്ചു. സ്വാര്‍ത്ഥചിന്ത വെടിഞ്ഞ്‌ ഓരോരുത്തരും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ തുടങ്ങുമ്പോഴാണ്‌ ഒരു കുടുംബം തിരുക്കുടുംബമാതൃകയിലാകുന്നത്‌. ഈശോയും മറിയവും യൗസേപ്പും നമ്മുടെ ചിന്തയ്‌ക്കും അറിവിനും അതീതമായി സ്വയം മറന്ന്‌ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചു. എനിക്ക്‌ എന്ത്‌ ലഭിക്കും എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക്‌ എന്ത്‌ കൊടുക്കാന്‍ എനിക്ക്‌ സാധിക്കും എന്നുള്ള ആഗ്രഹമായിരുന്നു തിരുക്കുടുംബത്തില്‍ ഉണ്ടായിരുന്നത്‌. പരസ്‌പര സ്‌നേഹത്തിലും ഐക്യത്തിലും കഴിഞ്ഞ തിരുക്കുടുംബസമാനമായിരിക്കണം ഓരോ കുടുംബവും എന്നതായിരുന്നു ചാവറപിതാവിന്റെ കുടുംബദര്‍ശനത്തിന്റെ കാതല്‍. ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച്‌, ദൈവസംരക്ഷണത്തിന്റെ തണലില്‍ പരസ്‌പര ഐക്യത്തോടും സഹവര്‍ത്തിത്വത്തോടും കൂടി കഴിയുന്നതായിരിക്കണം കുടുംബങ്ങള്‍

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചാവറപിതാവിന്റെ ധാര്‍മ്മിക ചിന്തയില്‍ വേരൂന്നിയ കുടുംബദര്‍ശനം എല്ലാക്കാലത്തും നിലനില്‍ക്കുന്നതും വിലപ്പെട്ടതുമാണ്‌. ചാവറപിതാവ്‌ കുടുംബത്തിന്റെ ദൈവവിജ്ഞാനീയത്തിലേക്ക്‌ കണ്ണോടിക്കുകയാണ്‌ ഈ ചിന്തയിലൂടെ. ദൈവം മനുഷ്യരുടെ ഇടയില്‍ സന്നിഹിതനാകുന്നത്‌ കുടുംബത്തിലൂടെയാണെന്ന്‌ നമ്മെ പഠിപ്പിക്കുന്നു. കുടുംബങ്ങളുടെ ദൃഢതയ്‌ക്കും നവീകരണത്തിനുവേണ്ടി അദ്ദേഹം എഴുതിയ കുടുംബക്രമം തന്നെയാണ്‌ അദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

കുടുംബങ്ങള്‍ക്കായി ചാവറപിതാവ്‌ നല്‌കിയ സന്ദേശങ്ങള്‍

1. ഒരു നല്ല ക്രിസ്‌ത്യാനി കുടുംബം സ്വര്‍ഗ്ഗരാജ്യത്തിന്‌ സദൃശ്യമത്രെ. രക്തത്താലും സ്‌നേഹത്താലും ബന്ധപ്പെട്ടവര്‍, കാരണവന്മാരോടും തമ്മില്‍ തമ്മിലും, അനുസര ണത്തോടും ആദരവോടെയും പരസ്‌പര ഐക്യത്തിലും വര്‍ത്തിക്കണം. ഓരോ വ്യക്തിയും തന്റെ ജീവിതാന്തസ്സിനോട്‌ നീതി പുലര്‍ത്തണം. എല്ലാ പ്രവര്‍ത്ത നരംഗങ്ങളിലും, ആത്യന്തികമായി, നിത്യരക്ഷയെ ലക്ഷ്യം വച്ച്‌ ജീവിക്കണം.

2. നല്ല വളര്‍ത്തലിനും സംരക്ഷണത്തിനുമായി നിങ്ങള്‍ക്ക്‌ നല്‌കപ്പെട്ടിരിക്കുന്ന ദൈവനിക്ഷേപങ്ങളാണ്‌ നിങ്ങളുടെ മക്കള്‍. തന്റെ തിരുരക്തത്താല്‍ വിശുദ്ധീകരി ക്കുന്നതിനും, ശുശ്രൂഷികളാക്കുന്നതിനും, വിധിദിവസത്തില്‍ തിരിച്ചേല്‌പിക്കുന്ന തിനുമായി, ഈശോമിശിഹാ നിങ്ങളെ ഭരമേല്‌പിച്ചിരിക്കുന്ന ആത്മാക്കളാണ്‌ അവര്‍.

3. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം അടിയുറച്ചതായിരിക്കണം. എങ്കില്‍ അനുഭവവേദ്യമാകുന്ന സ്‌നേഹവും, ശാന്തിയും, സൗഹൃദവും വഴി, ഈ ലോകജീ വിതത്തില്‍ നേരിടേണ്ടതായിവരുന്ന ദുഃഖങ്ങളെയും പ്രതിസന്ധികളെയും അതിജീ വിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

4. കുടുംബാന്തരീക്ഷത്തില്‍ നല്ല ക്രമവും സമാധാനവും നിത്യരക്ഷയെക്കുറിച്ചുള്ള ചിന്തയും നിലനില്‍ക്കണം. ഈ ചിന്തയുടെ അഭാവംമൂലം, നല്ല സാമ്പത്തിക സ്ഥിതിയിലായിരുന്നിട്ടുപോലും പല കുടുംബങ്ങളും ക്ഷയിച്ചുപോയിട്ടുണ്ട്‌.

5. ഓരോ കുടുംബത്തിലും അംഗങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തിന്റെ അടി സ്ഥാനം സ്‌നേഹമായിരിക്കണം. രക്തബന്ധത്തില്‍ നിന്ന്‌ ഉരുത്തിരിയുന്ന ഈ സ്‌നേഹമാണ്‌ അന്യോന്യം അംഗീകരിക്കുവാനും പരസ്‌പരം തെറ്റുകള്‍ ക്ഷമിക്കു വാനും നിങ്ങള്‍ക്ക്‌ പ്രചോദനമരുളേണ്ടത്‌. തറവാടുകള്‍ തമ്മില്‍ ഒരിക്കലും തര്‍ക്ക ങ്ങള്‍ക്കും വഴക്കുകള്‍ക്കും പോകരുത്‌.

6. നിങ്ങളുടെ കുഞ്ഞുമക്കളെ വിനയത്തിലും ആത്മനിയന്ത്രണത്തിലും വളര്‍ത്തണം. ശരീരസൗന്ദര്യത്തിന്റെ അമിതമായ പ്രകടനവും, അടക്കമൊതുക്കമില്ലാത്ത വസ്‌ത്ര ധാരണവും ആപത്തിലേക്ക്‌ നയിക്കും.

7. മൂല്യങ്ങളും പ്രചോദനങ്ങളുമടങ്ങിയ നല്ല പുസ്‌തകങ്ങള്‍ കുട്ടികള്‍ക്ക്‌ വായിക്കാന്‍ നല്‌കണം. അവര്‍ ചീത്തപുസ്‌തകങ്ങള്‍ വായിക്കുന്നുണ്ടോ എന്നന്വേഷിക്കണം. ചീത്തപുസ്‌തകങ്ങള്‍ കൈവശം വയ്‌ക്കുന്നത്‌ വൈയ്‌ക്കോലില്‍ തീ സൂക്ഷിക്കുന്നതിന്‌ തുല്യമത്രെ.

8. മക്കളുടെ നല്ല വളര്‍ത്തലില്‍ നിങ്ങള്‍ക്ക്‌ ശ്രദ്ധയുണ്ടായിരിക്കണം.അവരെ ദൈവസന്നിധിയില്‍ അനുദിനം ഓര്‍ത്തുപ്രാര്‍ത്ഥിക്കണം

9. മക്കളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ നല്ല ശ്രദ്ധവയ്‌ക്കണം. അവരുടെ കൂട്ടുകെട്ടുകള്‍ തെറ്റായവഴിക്ക്‌ തിരിയുന്നുണ്ടോ എന്നും കൂടെക്കൂടെ അന്വേഷിക്കണം.

10. മക്കളെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാതാപിതാ ക്കള്‍ വളരെ വിവേകവും മിതത്വവും കാണിക്കണം.

11. ചെറുപ്പത്തില്‍ തന്നെ മക്കളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണം. അടിയുറച്ച  ദൈവവിശ്വാസത്തോടെ അവര്‍ വളര്‍ന്നുവരട്ടെ.

12. നിങ്ങളുടെ ദിനചര്യയില്‍ നല്ല നിഷ്‌ഠയും ക്രമവും ഉണ്ടായിരിക്കണം. അത്‌ കുത്തഴിഞ്ഞ ഒരു പുസ്‌തകംപോലെ ആകരുത്‌.

13. മക്കള്‍ പ്രായമാകുമ്പോള്‍ തങ്ങളുടെ ജീവിതാന്തസ്സ്‌ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍

മാതാപിതാക്കള്‍ അവര്‍ക്കു സ്വാതന്ത്ര്യം നല്‌കണം.

14. മാതാപിതാക്കള്‍ പ്രായാധിക്യത്തിലെത്തുന്നതിന്‌ മുമ്പുതന്നെ, അതായത്‌ അവ രുടെ ബോധത്തിന്‌ ബലക്ഷയം വരുന്നതിന്‌ മുമ്പുതന്നെ, മരണപത്രം എഴുതിവ യ്‌ക്കുകയും ഭാഗഉടമ്പടി ചെയ്യുകയും വേണം.

15. മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ എപ്പോഴും ആദരിക്കണം. അവരുടെ വാര്‍ദ്ധ ക്യത്തിലും രോഗാവസ്ഥയിലും അവരെ പൊന്നുപോലെ സംരക്ഷിക്കണം. എങ്കില്‍ അവര്‍ക്ക്‌ ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കും.

16. നിങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ വിവേകപൂര്‍ണ്ണമായിരിക്കണം. ധാര്‍മ്മികതയുള്ളവ രുമായി മാത്രമായിരിക്കണം നിങ്ങളുടെ സമ്പര്‍ക്കവും കൂട്ടുകെട്ടുകളും.

17. വൈരാഗ്യത്തോടെ മറ്റുള്ളവരോട്‌ പ്രതികരിക്കുന്നത്‌ മൃഗീയ സ്വഭാവമാണ്‌. എന്നാല്‍, മനുഷ്യമനസ്സിന്റെ ശക്തിയും വൈശിഷ്‌ഠ്യവും അടങ്ങിയിരിക്കുന്നത്‌ വിവേകവും ക്ഷമയും പ്രകടിപ്പിക്കുന്നതിലത്രെ.

18. സഹോദരങ്ങള്‍ക്കും മറ്റ്‌ കുടുംബാംഗങ്ങള്‍ക്കുമെതിരായി കേസുകള്‍ കോടതിയി ലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌. ഹൃദയങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലുവാന്‍ അത്‌

കാരണമാകും.

19. മറ്റുള്ളവരോട്‌ കടം വാങ്ങിച്ച്‌ ചെലവു ചെയ്യാതിരിക്കുവാന്‍ പരിശ്രമിക്കുക.

അല്ലെങ്കില്‍ അതിന്റെ കടബാദ്ധ്യത പിന്‍തലമുറകള്‍ക്ക്‌ ഭാരമാകും.

20. നീ സമ്പന്നനാണെങ്കില്‍ അത്‌ കൊട്ടിഘോഷിക്കരുത്‌. വിനീത ഭാവത്തോടെ ജീവിതം നയിക്കുവാന്‍ നീ പരിശ്രമിക്കുക. വിവാഹം തുടങ്ങിയ ആഘോഷങ്ങളില്‍

ആഢംബരം ഉപേക്ഷിക്കുക. ഒരു വൈയ്‌ക്കോല്‍ തുറുവില്‍ ആളിക്കത്തുന്ന തീ നൈമിഷികമാണ്‌. എന്നാല്‍ ഒരു വിളക്കില്‍ സദാ കത്തിനില്‍ക്കുന്ന ചെറിയ അഗ്‌നിനാളം കൂടുതല്‍ ശ്രേഷ്‌ഠമത്രെ.

21. ആഢംബരംപോലെതന്നെ ലുബ്‌ധും ഒരു തിന്മയാണ്‌. നിങ്ങളുടെ ധനം മനുഷ്യര്‍ക്കു വേണ്ടി ചെലവഴിക്കണം. അല്ലെങ്കില്‍ അത്‌ ധാര്‍മ്മികതയല്ല

22. ദൈവവിശ്വാസവും നിഷ്‌ഠയുമുള്ള കുടുംബങ്ങളുമായി വേണം നിങ്ങള്‍ ബന്ധുത സ്ഥാപിക്കേണ്ടത്‌ ഭൗതികസമ്പത്തായിരിക്കരുത്‌ പ്രധാന മാനദണ്‌ഡം.

23. നിങ്ങളുടെ കുടുംബങ്ങളില്‍ അദ്ധ്വാനശീലം നിലനില്‍ക്കണം. അലസമായി സമയം കളയരുത്‌. അലസത പല ദുര്‍ഗുണങ്ങള്‍ക്കും ആരംഭം കുറിക്കുന്നു.

24. മദ്യപാനം എന്ന ദുശ്ശീലം നിങ്ങളുടെ കുടുംബങ്ങളില്‍ പ്രവേശിക്കരുത്‌. അത്‌ കുടുംബബന്ധങ്ങളെ ശിഥിലമാക്കും

25. നിങ്ങള്‍ ബിസിനസ്സ്‌ നടത്തുമ്പോള്‍ നീതി കൈവെടിയരുത്‌. കളവും സൂത്രവും കൊണ്ട്‌ കെട്ടിപ്പടുത്ത സമ്പത്ത്‌ മഞ്ഞുപോലെ വേഗം അലിഞ്ഞുപോകും

26. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും സഹായമോ സേവനമോ ചെയ്യാത്ത ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്‌. നിങ്ങളുടെ ആയുസ്സിന്റെ കണക്കെടുപ്പില്‍ ദൈവം ആ ദിവസം ചേര്‍ക്കുകയില്ല. ഭിക്ഷക്കാര്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവരെ ആട്ടിപ്പായിക്കരുത്‌.

27. നിങ്ങളുടെ ജോലിക്കാര്‍ക്ക്‌ നീതിനിഷഠമായ വേതനം നല്‌കണം. പാവപ്പെട്ടവരെയും ബലഹീനരെയും നിന്ദിക്കരുത്‌. അവരുടെ കണ്ണീര്‍ക്കണങ്ങള്‍ നിങ്ങള്‍ക്കെതിരായി ദൈവത്തിന്റെ മുമ്പില്‍ നിലകൊള്ളും.

28. കുടുംബത്തില്‍ വെളിച്ചം നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഒരു സിദ്ധൗഷധമുണ്ട്‌, അതാണ്‌ വിശുദ്ധകുര്‍ബാന. കഴിയുമെങ്കില്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന്‌

ഒരാളെങ്കിലും വിശുദ്ധകുര്‍ബാനയില്‍ സംബന്ധിക്കുക.

29. കടമുള്ള ദിവസങ്ങളില്‍ വിശുദ്ധകുര്‍ബാനയില്‍ മാത്രം സംബന്ധിച്ചാല്‍ മതിയോ? പോരാ, അന്നേ ദിവസത്തിന്റെ അധികപങ്കും നാം നല്ല കാര്യങ്ങള്‍ ചെയ്യുവാനും നല്ല ഗ്രന്ഥങ്ങള്‍ വായിക്കുവാനും ദൈവവചനം ശ്രവിക്കുവാനും മാറ്റി വയ്‌ക്കണം. സാധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ സാധിക്കുന്ന സഹായം ചെയ്യുക. രോഗികളെ ചെന്നുകണ്ട്‌ അവരെ ആശ്വസിപ്പിക്കുക, കഴിവുപോലെ അവരെ ശുശ്രൂഷിക്കുക. ഇപ്രകാരം ആത്മാവിനുതകുന്ന സത്‌ക്കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചുകൊണ്ടു വേണം കടമുള്ള ദിവസങ്ങള്‍ ആചരിക്കുവാന്‍.

30. കുടുംബത്തില്‍ എത്രവലിയ വിശിഷ്‌ടാതിഥികള്‍ ഉണ്ടായിരുന്നാല്‍ തന്നെയും കുടുംബപ്രാര്‍ത്ഥന മുടക്കരുത്‌. അത്‌ നിശ്ചിതസമയത്തുതന്നെ നടത്തണം.

മറ്റുള്ളവര്‍ക്കു നിങ്ങളുടെ പ്രവൃത്തി ഒരു സാക്ഷ്യമാകട്ടെ.

(വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ 1868 ല്‍ തന്റെ മരണപത്രത്തില്‍ (ചാവരുള്‍) കുടുംബങ്ങള്‍ക്കായി നല്‌കിയ അനര്‍ഘ ഉപദേശങ്ങളാണിവ.)

1855 ല്‍ മാന്നാനം ആശ്രമ ദേവാലയത്തിന്റെ എട്ടുവട്ടത്തിനടിയില്‍ വരാപ്പുഴ മെത്രാപ്പോലീത്തായുടെ പ്രതിനിധിയുടെ മുമ്പില്‍ മുട്ടുകുത്തി വ്രതാനുഷ്‌ഠാനം നടത്തിയപ്പോള്‍ തിരുക്കുടുംബത്തിന്റെ കുര്യാക്കോസ്‌ ഏലിയാസ്‌ എന്ന പേരാണ്‌ ചാവറപിതാവ്‌ സ്വീകരിച്ചത്‌.

ആത്മീയഐക്യം

ചാവറപിതാവ്‌ കുടുംബചട്ടങ്ങളില്‍ പറയുന്നു ?രക്തത്താലും സ്‌നേഹത്താലും ബന്ധിതരായിരിക്കുന്ന വ്യക്തികള്‍ കാരണവന്മാരോടും തമ്മില്‍തമ്മിലും അനുസരണത്തോടും ആദരവോടും പരസ്‌പരഐക്യത്തിലും വര്‍ത്തിക്കണം. ഓരോ വ്യക്തിയും തന്റെ ജീവിതാന്തസ്സിനോട്‌ നീതി പുലര്‍ത്തണം. എല്ലാ പ്രവര്‍ത്തനരംഗങ്ങളിലും നിത്യരക്ഷയെ ലക്ഷ്യം വച്ച്‌ ജീവിക്കണം.?

പരസ്‌പരസ്‌നേഹം

പരസ്‌പര സ്‌നേഹമുള്ള കുടുംബങ്ങളില്‍ വളരുന്ന വ്യക്തികള്‍ പ്രത്യേകിച്ചും കുട്ടി

കള്‍ ആത്മവിശ്വാസമുള്ളവരും ജീവിതപ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രാപ്‌തരും ആയിരിക്കും. മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നും ലോകത്തിന്റെ വിശാലതയി

ലേക്ക്‌ കടന്നു വരുമ്പോള്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളില്‍ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന കരുത്താണ്‌ അവര്‍ക്കാശ്വാസം.

കുടുംബദര്‍ശനം മനുഷ്യനെ നവീകരിക്കാന്‍

* അന്യന്റെ കുറ്റങ്ങള്‍ നിന്റെ വീട്ടില്‍ പറയപ്പെടുമ്പോള്‍ ആ കുറ്റത്തിനുള്ള ശിക്ഷ നിന്റെ ഭവനത്തിന്മേല്‍ വന്നുചേരുമെന്ന്‌ കരുതിക്കൊള്ളുക.? യെന്ന ചാവറപിതാവിന്റെ മുന്നറിയിപ്പ്‌ അന്യന്റെ കാര്യത്തില്‍ ആവശ്യമില്ലാതെ ഇടപെടരുത്‌ എന്ന ഉപദേശമാണ്‌്‌. അദ്ധ്വാനശീലത്തെ ഏറ്റം വിലമതിച്ച ചാവറപിതാവ്‌ പറയുന്നു,

ഓരോരുത്തരും തങ്ങളുടെ അന്തസ്സിന്‌ തക്കവണ്ണം വേലയെടുക്കുക. ഓരോരുത്തരും അവരവര്‍ക്ക്‌ യോജിച്ച തൊഴിലുകളില്‍ ഏര്‍പ്പെട്ട്‌ ജീവിച്ചാല്‍ മറ്റുള്ളവന്റെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച്‌ കണ്ട്‌പിടിക്കുവാന്‍ സമയം കിട്ടുകയില്ല. ഈ ആത്മീയചിന്ത മുല്യബോധമുള്ള ഒരു കുടുംബത്തെയും അതുവഴി സമൂഹങ്ങളെയും രൂപപ്പെടുത്താനാവുമെന്ന ബോധ്യം നമ്മുടെ ജീവിതത്തിലുണ്ടാകാന്‍ ചാവറപിതാവ്‌ ആഗ്രഹിക്കുന്നു.

ചാവറപിതാവ്‌ പറയുന്നു. നിന്റെ കുടുംബത്തില്‍ എത്ര വലിയ വിശിഷ്‌ടാതിഥികള്‍ ഉണ്ടായിരുന്നാല്‍ തന്നെയും കുടുംബപ്രാര്‍ത്ഥന മുടക്കരുത്‌. അത്‌ നിശ്ചിത സമയത്തുതന്നെ നടത്തണം. നിങ്ങളുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക്‌ ഒരു സാക്ഷ്യമാകട്ടെ.

കുടുംബത്തിനകത്തുള്ള വഴക്കുകള്‍ പോലെ തന്നെ നാശകാരമാണ്‌ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കുകളും. എത്രന്യായമുള്ള കാര്യങ്ങള്‍ക്കായാലും കേസിന്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌.? എന്ന്‌ ചാവറപിതാവ്‌ നമ്മെ അനുസ്‌മരിപ്പിക്കുമ്പോള്‍ ഒരു വലിയ നാശത്തില്‍ നിന്ന്‌ കുടുംബങ്ങളെ രക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌.

കുടുംബദര്‍ശനത്തില്‍ സ്‌ത്രീക്ക്‌ നല്‌കിയ മഹത്വം

സമൂഹത്തിന്റെയും കുടുംബത്തിന്റെയും പുരോഗതിയില്‍ സ്‌ത്രീക്കുള്ള സ്ഥാനം അംഗീകരിക്കപ്പെടാത്ത ഒരു കാലഘട്ടമായിരുന്നു 19-ാം നൂറ്റാണ്ട്‌. സ്‌ത്രീ എപ്പോഴും മറ്റുള്ളവരെ പ്രത്യേകിച്ചും പുരുഷന്മാരെ ആശ്രയിച്ച്‌ ജീവിക്കേണ്ട ദയനീയ സാഹചര്യം ചാവറപിതാവിനെ ആഴത്തില്‍ ചിന്തിപ്പിച്ചു. സ്വന്തം ഭവനത്തില്‍പോലും സ്‌ത്രീസ്വാതന്ത്ര്യം അംഗീകരിച്ചിരുന്നില്ല. അവര്‍ക്ക്‌ വിദ്യാഭ്യാസം ആവശ്യമില്ലായെന്ന ചിന്തയ്‌ക്കായിരുന്നു മുന്‍തൂക്കം നല്‌കിയിരുന്നത്‌. പൊതുരംഗങ്ങളില്‍ വരാനോ ഇടപെടാനോ സ്‌ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാല്‍ കുടുബങ്ങളുടെ ഉന്നമനത്തിന്‌ സ്‌ത്രീകളെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ചാവറപിതാവ്‌ മനസ്സിലാക്കി.

സ്‌ത്രീക്ക്‌ വിദ്യാഭ്യാസം കൊടുത്തും, തൊഴില്‍ ചെയ്യുന്നതിന്‌ പ്രാപ്‌തയാക്കി സ്‌ത്രീ സമുദ്ധാരണത്തിന്‌ പരിശ്രമിച്ചതിനോടൊപ്പം തന്നെ വസ്‌ത്രധാരണത്തിലും പെരുമാറ്റത്തിലും സ്‌ത്രീ അടക്കം പാലിക്കണമെന്ന ആശയത്തിനും പിതാവ്‌ പ്രാധാന്യം നല്‌കി. യുറോപ്യന്‍ രാജ്യങ്ങളില്‍ സന്യാസിനികള്‍ വഴി കുടുംബങ്ങള്‍ക്കുണ്ടായിട്ടുള്ള നന്മകളും സ്‌ത്രീ സമുദ്ധാരണവും ചാവറപിതാവിന്‌ നല്ല ബോധ്യമുണ്ടായിരുന്നു.

കുടുംബദര്‍ശനത്തില്‍ സന്യാസകൂട്ടായ്‌മ

പുരുഷന്മാരുടെ സന്യാസകൂട്ടായ്‌മയിലൂടെ സമൂഹത്തിന്‌ നന്മ ചെയ്യാന്‍ സാധിക്കുമെങ്കില്‍ സ്‌ത്രീസമൂഹത്തിന്‌ ഇത്‌ എളുപ്പമായിരിക്കുമെന്ന്‌ ചാവറപിതാവ്‌ ചിന്തിച്ചു. ഇതിനായി സ്‌ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാകണം. 1866 ല്‍ സ്‌ത്രീകള്‍ക്കായി ഏതദ്ദേശീയ സന്യാസസഭയായ സി.എം.സി.ക്ക്‌ രൂപം കൊടുത്തു. മഠം പണി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംങ്ങ്‌ സ്‌കൂളും തുടങ്ങി. പെണ്‍കുട്ടികളുടെ പഠനത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട്‌ ഒരു കുടുംബാരൂപി വിഭാവനം ചെയ്‌തു. തയ്യല്‍, പാചകം, സംഗീതം, റേന്തപ്പണി, പുഷ്‌പാലങ്കാരം തുടങ്ങിയവ പഠിപ്പിക്കാന്‍ തുടങ്ങി. ഈ സി.എം.സി. സഭ ഇന്ന്‌ ലോകത്തിന്റെ എല്ലാ ഭാഗത്തും നല്ല കുടുംബത്തിനും സമൂഹത്തിനും രൂപം നല്‌കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നു. ഇത്‌ പിതാവിന്റെ സമഗ്രമായ കുടുംബദര്‍ശനമായിരുന്നു.

കുടുംബദര്‍ശനത്തില്‍ ഭക്ഷണവും


അരിയും ചൂടുകഞ്ഞിയും കേരളത്തിലെ കുടുംബങ്ങളില്‍ പ്രധാനപ്പെട്ട പങ്ക്‌ വഹിക്കുന്നുണ്ട്‌ . മഴക്കാലമാകുമ്പോള്‍ കേരളത്തില്‍ പനിയുണ്ടാവുക സ്വാഭാവികമാണ്‌. അപ്പോള്‍ ചൂടുകഞ്ഞിയാണ്‌ ഒരു കാലത്ത്‌ പ്രധാനമായും നല്‌കിയിരുന്നത്‌. ചൂടുകഞ്ഞി ശരീരത്തെ വിയര്‍പ്പിക്കും. പനി വിടാന്‍ ഇത്‌ ഔഷധമാണ്‌.

തമിഴ്‌നാട്ടില്‍ കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞി പ്രാബല്യത്തില്‍ വരുന്നതിന്‌ മുന്‍പ്‌ തന്നെ ചാവറപിതാവ്‌ കേരളത്തിലെ കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞി വിളമ്പി. കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞി കൊടുക്കാന്‍ കാരണമുണ്ട്‌. വിദ്യാഭ്യാസത്തോടൊപ്പം ഒരു കുട്ടിയുടെ ശാരീരികവളര്‍ച്ചയും പ്രധാനമാണെന്ന്‌ ചാവറപിതാവ്‌ അറിഞ്ഞിരുന്നു. ഇത്‌ പ്രായോഗികമാക്കണമെങ്കില്‍ സാര്‍വ്വത്രികമായ ഉദാരത ആവശ്യമാണ്‌. അതിനാല്‍ ഭവനങ്ങളില്‍ ഭക്ഷണത്തിന്‌ അരി എടുക്കുമ്പോള്‍ ഒരു പിടി അരി മാറ്റി വയ്‌ക്കണം എന്ന്‌ ചാവറപിതാവ്‌ നിഷ്‌ക്കര്‍ഷിച്ചു. അത്‌ സ്‌ക്കൂളില്‍ എത്തിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി ഇത്‌ പാവങ്ങളെ സഹായിക്കാന്‍ ഒരു മാര്‍ഗ്ഗമാക്കാന്‍ പിതാവ്‌ എഴുതി വച്ചു. എന്തെങ്കിലും നന്മചെയ്യാത്ത ദിവസം അത്താഴം കഴിക്കരുത്‌ എന്നും പിതാവ്‌ ഉദ്‌ബോധിപ്പിച്ചു. കുടുംബദര്‍ശനത്തിന്റെ ഒരു ഭാഗമായി പിടിയരിയും ഉച്ചക്കഞ്ഞിയും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞ ചാവറപിതാവ്‌ നമ്മുടെ കുടുംബങ്ങളിലും കുഞ്ഞുങ്ങളിലും ജനഹൃദയങ്ങളിലും മായാതെ ഒരു വിശുദ്ധനായി നിലകൊള്ളട്ടെ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌.


ഫാ. ജെയിംസ്‌ മഠത്തിക്കണ്ടം സി.എം.ഐ.
വൈസ്‌ പോസ്റ്റുലേറ്റര്‍
ചാവറ നാമകരണ ഓഫീസ്‌,മാന്നാനം, കോട്ടയം.

(കടപ്പാട്‌: സിറിയക്‌ സ്‌കറിയ) San Antonio,Tx

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code