Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാവറയച്ചന്‍: പ്രാര്‍ത്ഥനയുടെ മനുഷ്യന്‍   - സിസ്റ്റര്‍. ആല്‍ഫി ഫിലിപ്പ്‌ സി. എം. സി

Picture

സ്വജീവിതത്തെ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ദൈവോപാസനകൊണ്ടും സമ്പുഷ്ടമാക്കിയ ഒരു ഭക്തകര്‍മ്മയോഗിയാണ്‌ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍. ചാവറയച്ചന്റെ വ്യക്തിത്വം പ്രഫുല്ലാമാക്കുന്ന വിലപ്പെട്ട ബഹുമതി അദ്ദേഹം ദൈവാനുഭൂതിയുറ്റ ദൈവത്തിന്റെ മനുഷ്യനായിരുന്നു എന്നതാണ്‌. ദൈവത്തിന്റെ മനുഷ്യനായി, ദൈവത്തെ സഹജര്‍ക്കു പ്രദാനം ചെയ്‌ത ഈ പുരുഷന്റെ പ്രാര്‍ത്ഥനാ ജീവിതത്തിലേക്കൊരു എതിനോട്ടമാണിവിടെ.

ആലപ്പുഴയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ മാറി കൈനകരി എന്ന സ്ഥലത്ത്‌ 1805 ല്‍ ചാവറ കുര്യാക്കോസ്‌ എലിയാസ്സച്ചന്‍ ജന്മം കൊണ്ടു. ഭക്തരായ മാതാപിതാക്കളില്‍ നിന്നും കൈമാറിക്കിട്ടിയ വിശ്വാസ ചൈതന്യം ഏറ്റുവാങ്ങി ആ തിരിനാളം അണയാതെ കാത്തുസൂക്ഷിക്കുക മാത്രമല്ല, അനേകര്‍ക്ക്‌
പകര്‍ന്നുകൊടുക്കുക കൂടി ചെയ്‌തു തന്റെ അര്‍പ്പണ ജീവിതത്തിലൂടെ. ദൈവത്തിന്റെ പരിപാലനാപരമായ സ്‌നേഹത്തില്‍ പ്രത്യാശയര്‍പ്പിച്ച്‌, നമ്മുടെ കര്‍ത്താവായ ഈശോയുടെ രക്ഷാകര സ്‌നേഹം അനുഭവിച്ച്‌, ഉള്ളില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ ശ്രവിച്ച്‌, പരിശുദ്ധ അമ്മയെപോലെ ദൈവഹിതം നിരന്തരം നിറവേറ്റി, ദൈവജനത്തിന്റെ ക്രിസ്‌തീയരൂപീകരണത്തിനായി ആത്മാര്‍പ്പണം ചെയ്‌തുകൊണ്ടു നിത്യ സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക്‌ അദ്ദേഹം വളര്‍ന്നു. അനേകരെ വളര്‍ത്തി.

ചാവറയച്ചന്റെ ധന്യജീവിതത്തിന്റെ രണ്ട്‌ നെടുംതൂണുകളായിരുന്നു ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതവും, മരിയോന്മുഖ ജീവിതവും. ധ്യാനനിര്‍ലീനതയില്‍ ദൈവത്തെ മാത്രം ഉറ്റുനോക്കിയ അദ്ദേഹത്തിന്റെ മനസ്സ്‌ ഇടമുറിയാതെ ദൈവത്തിലേക്ക്‌ സ്‌നേഹപൂര്‍വ്വം ഒഴുകിച്ചേര്‍ന്നതിന്റെ പരിണിതഫലമായിരുന്നു അദ്ദേഹത്തിന്റെ വിശ്വസാഹോദര്യ ചൈതന്യം. ജാതിമതഭേദമന്യേ, കുബേര കുചേല വ്യത്യാസംകൂടാതെ, സ്‌ത്രീയെന്നോ പുരുഷനെന്നോ ഉള്ള തരംതിരിവില്ലാതെ എല്ലാ മനുഷ്യരുടെയും ഭൗതികവും ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ചക്കായി അദ്ദേഹം യത്‌നിച്ചു.

ദൈവത്തെ `എന്റെ അപ്പാ' എന്ന്‌ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തക്ക ആഴമായ ദൈവാനുഭവം ചാവറയച്ചന്‍ സ്വന്തമാക്കിയിരുന്നു. ദിവ്യബലിയോടും ദിവ്യകാരുണ്യത്തോടും അഗാധമായ ഭക്തി ചാവറയച്ചന്‌
ഉണ്ടായിരുന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ധ്യാനനിര്‍ലീനനായ വേളകളില്‍ ദൈവവജനത്തിന്റെ അഭിവൃദ്ധിക്കു
വേണ്ടി തന്റെ നിഗൂഡവഴികള്‍ ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തി. ദിവ്യ കാരുണ്യ പ്രേഷിതന്‍, മരിയ ഭക്തന്‍, തിരുകുടുംബഭക്തന്‍, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ചാവറയച്ചന്‌ തന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരേയൊരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ നിത്യമായ സമ്പൂര്‍ണ സ്‌നേഹത്തിലേക്ക്‌ വളരുക, ദൈവജനത്തെ ആ സ്‌നേഹാനുഭവത്തിലേക്ക്‌ നയിക്കുക.

`ആബ്ബാ` അനുഭവം, ആത്മാവില്‍ അധിവസിക്കുന്ന തിരുസാന്നിധ്യത്തെക്കുറിച്ചുള്ള നിരന്തരമായ അവബോധം, ദൈവപരിപാലനയിലുള്ള സുദൃഡമായ വിശ്വാസം, നിരുപാധികമായ പ്രത്യാശ, വിനയാന്വിതമായും സന്തോഷത്തോടെയും നിരന്തരം ദൈവഹിതം ആരാഞ്ഞനുവര്‍ത്തിക്കുവാന്‍ പോരുന്ന സമ്പൂര്‍ണ സമര്‍പ്പണം, ഇവയാണ്‌ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ നമുക്കായി കരുതിവച്ചിരിക്കുന്ന പിതൃസ്വത്ത്‌. ദൈവത്തിന്റെ മനുഷ്യനായി ദൈവത്തിലേക്ക്‌ മനുഷ്യരെ നയിച്ച ആദ്ധ്യാത്മിക മനുഷ്യനെ യാണ്‌ നാം ചാവറയച്ചനില്‍ കണ്ടുമുട്ടുന്നത്‌.

ആദ്ധ്യാത്മിക രംഗത്ത്‌ ചാവറയച്ചനുള്ള ശ്രേഷ്‌ഠവ്യക്തിത്വവും മാഹാത്മ്യവും അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക കൃതികളിലും സാഹിത്യകൃതികളിലും തെളിഞ്ഞു നില്‌ക്കുന്നുണ്ട്‌. ദൈവത്തിന്റെ സ്വപ്‌നങ്ങള്‍ സദാ കണ്ടു കൊണ്ടിരുന്ന കര്‍മ്മയോഗിയാണദ്ദേഹം. `കാരുണ്യനാഥനാം ദൈവകുമാരന്റെ കാരുണ്യ ശോഭയെ കാണാകേണം` (ആത്മാനുതാപം). അതിനായി ദാഹിച്ചു മോഹിച്ചു ചാവറയച്ചന്‍. ഈശോയുടെ ദിവ്യ ജനനം മുതല്‍ സുവിശേഷത്തിലെ ഓരോ സംഭവത്തോടും ബന്ധപ്പെടുത്തി ക്രിസ്‌തുനാഥനെ `കാണാകേണം` എന്ന്‌ ആവര്‍ത്തിക്കുന്ന ചാവറയച്ചന്റെ ആത്മദാഹം അദ്ദേഹത്തിന്റെ സാഹിത്യ കൃതികളില്‍ ഒന്നായ അത്മാനുതാപത്തില്‍ വളരെ വ്യക്തമായി കാണാം.

ദൈവസ്‌നേഹം സഹജസ്‌നേഹത്തിലൂടെ പ്രകാശിതമാക്കണമെന്നും, അതിനുള്ള ഉപാധികള്‍ സഹജരുടെ സാമൂഹികവും സാംസ്‌കാരികവുമായ മണ്ഡലങ്ങളില്‍ സേവനമര്‍പ്പിക്കുകയുമാണെന്ന്‌ ചാവറയച്ചന്‍ വിശ്വസിച്ചു. `അന്യന്മാര്‍ക്ക്‌ വല്ല ഉപകാരം ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ ദിവസങ്ങളുടെ കണക്കില്‍ കൂട്ടുന്നതല്ല` എന്ന്‌ ചാവറയച്ചന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ചാവറയച്ചന്റെ സമുന്നത വ്യക്തിത്വത്തിന്റെ മധുരദീപ്‌തമായ ഘടകം അദ്ദേഹം സാക്ഷാല്‍ ദൈവത്തിന്റെ മനുഷ്യനാ യിരുന്നു എന്നതാണ്‌. ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസം സംഭവബഹുലമായ ആ ജീവിതത്തിന്റെ ഓരോ സ്‌പന്ദനത്തിലും ദര്‍ശിക്കാമായിരുന്നു.

ദിവ്യകാരുണ്യ സന്നിധിയില്‍ ചാവറയച്ചന്റെ നില മനോഹരമായ ഒരു കാഴ്‌ച്ചയായിരുന്നു. ആ സമയത്ത്‌ മനുഷ്യന്‍ എന്നതിനേക്കാള്‍ മാലാഖ എന്ന്‌ തോന്നിപ്പോകുമെന്ന്‌ അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവ്യകാരുണ്യഭക്തിയെ കേരള സഭാമക്കളുടെ ആദ്ധ്യാത്മികജീവിത നവോത്ഥാനത്തിന്‌ കരുവാക്കിയ ചാവറയച്ചന്റെ പ്രാര്‍ത്ഥനാജീവിതം ഭാരതസഭാ മക്കള്‍ക്ക്‌ മാതൃകയാകട്ടെ. വാഴ്‌ത്തപ്പെട്ട ചാവറയച്ചനെ പ്പോലെ നമുക്കും ദിവ്യകാരുണ്യ സന്നിധിയില്‍ ഏകാഗ്രമാകാം. ദൈവത്തിന്റെ മനുഷ്യരായി ദൈവത്തെ സഹജര്‍ക്കു പ്രദാനം ചെയ്യുന്ന പുണ്യവ്യക്തികളാകാന്‍ ചാവറയച്ചന്‍ നമുക്കായി മാദ്ധ്യസ്ഥം വഹിക്കട്ടെ. അതിനുള്ള പ്രാര്‍ത്ഥനയോടെ നമുക്ക്‌ ദൈവസന്നിധിയില്‍ മൗനമാകാം.

സിസ്റ്റര്‍. ആല്‍ഫി ഫിലിപ്പ്‌ സി. എം. സി


Reference:

ചാവറയച്ചന്‍ കടന്നുപോയ വഴികള്‍: എഡിറ്റര്‍ ഡോ. ജെ. എസ്‌. തേക്കുങ്കല്‍ സി. എം. ഐ
ചാവറയച്ചന്‍ ദൈവജന നവോദ്ധാരകന്‍: ഡോ. പോള്‍ കല്ലുവീട്ടില്‍ സി. എം. ഐ
സി. എം. സി പ്രമാണരേഖ, മൗണ്ട്‌ കാര്‍മ്മല്‍ ജനറലേറ്റ്‌, ആലുവാ 1998

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code