Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മ: കര്‍മ്മം കൊണ്ട്‌ ജന്മത്തെ അനശ്വരമാക്കിയവള്‍   - സി. ജ്യോതി മരിയ സി.എം.സി

Picture

`ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്ടിച്ചു ;
തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു` ജ്ഞാനം 2 :23

ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ വിശുദ്ധ എവുപ്രാസ്യയായി മാറിയതെങ്ങനെയെന്നു ലോകം വിസ്‌മയത്തോടെ നോക്കി കാണുന്ന നാളുകളാണിത്‌. കര്‍മ്മല ഭവനത്തിന്റെ ഏകാന്തതയില്‍, പ്രാര്‍ത്ഥനയൂറുന്ന മിഴികളോടെ സക്രാരിയില്‍ കണ്ണുംനട്ടിരുന്ന്‌ ആത്മ മണവാളനായ ഈശോയോട്‌ സ്‌നേഹ സല്ലാപം നടത്തി, ലോകം മുഴുവനുംവേണ്ടി ജപമാല ചൊല്ലി, തന്നാലാവുന്ന സഹായങ്ങളെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്‌ത്‌, തനിക്കുവേണ്ടി തന്നെ യാതൊന്നും കരുതാതിരുന്ന ഒരു എളിയ സിസ്റ്റര്‍ കന്യകാലയത്തിന്റെ ചുവരുകള്‍ ഭേദിച്ച്‌ ലോകത്തിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. മനുഷ്യ ദൃഷ്ടിയില്‍ മഹനീയമെന്നു പറയപ്പെടാവുന്ന ഒന്നും അവര്‍ ചെയ്‌തിട്ടില്ല. എന്നിട്ടും ആയിരങ്ങളുടെ ഹൃദയത്തില്‍ ആരാധ്യമായ ഒരു സ്ഥാനം അവര്‍ നേടിയിരിക്കുന്നു.

1877 ഒക്ടോബര്‍ മാസം പതിനേഴാം തിയതി അന്നത്തെ തൃശ്ശൂര്‍ (ഇന്നത്തെ ഇരിങ്ങാലക്കുട) രൂപതയിലുള്ള എടത്തുരുത്തി ഇടവകയിലെ കാട്ടൂര്‍ ദേശത്ത്‌ എലുവത്തുങ്കല്‍ കുടുംബത്തില്‍ ജനിച്ച റോസ എന്നാ പെണ്‍കുട്ടി വളരെ ചെറുപ്പത്തിലെ തന്നെ ഭക്തയായ അമ്മയില്‍ നിന്ന്‌ ദൈവത്തെ അറിഞ്ഞു. അമ്മ അനുഷ്‌ഠിച്ചിരുന്ന ഭക്ത്യാദരങ്ങളും, ഉപവാസവും, മറ്റു പ്രാര്‍ഥനകളും അവര്‍ സ്വായത്തമാക്കി. ഒമ്പതാം വയസ്സില്‍ തന്നെ തന്റെ കന്യാത്വം ദൈവത്തിനു പ്രതിഷ്‌ഠിച്ച്‌ ഒരു കന്യാസ്‌ത്രീയാവാന്‍ നിശ്ചയിച്ചു. സമ്പന്നമായ ഒരു കുടുംബത്തിലെ ആദ്യജാതയായ റോസയെക്കുറിച്ച്‌ മാതാപിതാക്കള്‍ക്ക്‌ മോഹനമായ പല സ്വപ്‌നങ്ങളും ഉണ്ടായിരുന്നതിനാല്‍ അവളുടെ ലക്‌ഷ്യം നേടുന്നതിന്‌ ഒത്തിരിയേറെ സഹനങ്ങളിലൂടെ അവള്‍ക്കു കടന്നു പോകേണ്ടി വന്നു. വലിയൊരു വില നല്‌കിയാണ്‌ സമര്‍പ്പണ ജീവിതത്തിന്റെ വഴിത്താരയിലേക്ക്‌ അവള്‍ പ്രവേശിച്ചത്‌. ദൈവീകമായ ഇടപെടലുകളും, റോസയുടെ നിശ്ചയദാര്‍ട്യവും അതി തീക്ഷ്‌ണമായ പ്രാര്‍ഥനയും, ത്യാഗവും അവസാനം ഫലമണിഞ്ഞു. 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിതമായ ആദ്യത്തെ സന്യാസിനീ സമൂഹമായ കര്‍മ്മലമാതാവിന്റെ മക്കളുടെകൂടെ ചേര്‍ന്ന്‌ 1898 ല്‍ അവള്‍ സഭാവസ്‌ത്രം സ്വീകരിച്ചു. ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യയായി മാറി.

`എന്റെ മകനെ, നീ കര്‍തൃശുശ്രൂഷയ്‌ക്ക്‌ ഒരുങ്ങുന്നുവെങ്കില്‍
പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക` പ്രഭാ 2 :1

`എന്തെന്നാല്‍ സ്വര്‌ണം അഗ്‌നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു ;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിന്‌ സ്വീകാര്യമായ മനുഷ്യരും` പ്രഭാ 2 :5

ആത്മീയ ജീവിതത്തിനായി ഇറങ്ങി പുറപ്പെടുന്ന ഒരുവന്‌ പ്രതിബന്ധമായി നില്‍ക്കുന്ന 3 കാര്യങ്ങളുണ്ട്‌ ലോകം, പിശാച്‌, ശരീരം. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ പിടിയില്‍ ഓരോരുത്തരും വീണു പോകുന്നു. എന്നാല്‍ തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ഉത്തമബോധ്യം ഉണ്ടായിരുന്ന എവുപ്രാസ്യ ലോകത്തെ ത്രിണവല്‍ഗണിച്ച്‌, ശരീരത്തെ കാല്‍കീഴിലാക്കി, പിശാചുക്കളുടെ സകല തന്ത്രങ്ങളെയും, ആക്രമണങ്ങളെയും നാരകീയ ശക്തികളുടെ തലതകര്‍ത്തവളായ പരിശുദ്ധ അമ്മയുടെ സഹായത്താല്‍ കീഴ്‌പ്പെടുത്തി. അവളുടെ അനുഭവപ്പെട്ട നാനാവിധമായ സഹനങ്ങളെല്ലാം ആത്മാക്കളെ രക്ഷിക്കാനും, സ്വയം വിശുദ്ധീകരിക്കാനുമുള്ള ഉപാധികളാക്കി അവള്‍ മാറ്റി. `നമ്മുടെ കര്‍ത്താവിനെപ്രതി പാടുപെടാത്തദിവസം ഒന്നുമല്ലാത്തതായി തോന്നുന്നു..` എന്ന്‌ പറയത്തക്കവണ്ണം ക്ലേശങ്ങളെ അവള്‍ ആഗ്രഹിച്ചിരുന്നു. `എന്റെ ദൈവമേ, അങ്ങയോടുള്ള സ്‌നേഹത്താല്‍ കത്തിയെരിയുന്ന ഒരു ഹൃദയം എനിക്ക്‌ തരണമേ..` എന്നതായിരുന്നു അവളുടെ നിരന്തരമായ പ്രാര്‍ത്ഥന. ഓ! ആകാശമേ, ദൈവത്തിന്റെ ആലയമേ, നിന്നെ നോക്കി ഞാന്‍ നെടുവീര്‍പ്പെടുന്നു..` എന്ന്‌ നിലവിളിക്കത്തക്കവണ്ണം ദൈവവുമായി ഒന്നുചെരാനുള്ള ദാഹം അവളില്‍ അത്ര തീവ്രമായിരുന്നു. ഈ ലോകവും അതിലുള്ളവയും അവള്‍ക്കു എത്രയും വിരസമായിരുന്നു.

വിശുദ്ധ അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു തന്റെ യൗവനകാലം മുഴുവന്‍ ആഗ്രഹിക്കാവുന്ന സന്തോഷങ്ങളുടെയെല്ലാം പുറകേ പോയി. കിട്ടാവുന്നതെല്ലാം നേടിയെടുത്തിട്ടും ശൂന്യതയും, നഷ്ടബോധവും, നിരര്‍ത്ഥകതയുമാണ്‌ ബാക്കിവന്നത്‌. എന്നാല്‍ കര്‍ത്താവിനെ കണ്ടെത്തി ജീവിതം സമര്‍പ്പിച്ചപ്പോള്‍ അത്യധികമായ ആനന്ദവും, സംതൃപ്‌തിയും, പ്രത്യാശയുമായി. അതിനാലാണ്‌ അദ്ദേഹം പറഞ്ഞത്‌ `ദൈവമേ, നീയെന്നെ നിനക്കായി സൃഷ്ടിച്ചു, നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്‌തമായിരിക്കും` എന്ന്‌. വാഴ്‌ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ ജിവിതം മുഴുവന്‍ ദൈവത്തിനായി തുറന്നുവച്ചതും, ദൈവം മാത്രം നിറഞ്ഞുനില്‍ക്കുന്നതുമായിരുന്നു. ദൈവത്തിനായി ചലിക്കാത്ത ഒരു തന്ത്രിയും അവളില്‍ ഉണ്ടായിരുന്നില്ല. അനന്തതയുടെ സാദൃശ്യത്തില്‍ അനശ്വരതക്കായി സൃഷ്ടിക്കപ്പെട്ട തന്റെ ആത്മാവ്‌ വസിക്കുന്ന ശരീരം, അത്യന്തം പവിത്രതയോടെ അവള്‍ സൂക്ഷിച്ചു. ഓരോ മനുഷ്യനിലുമുല്ല ആത്മാവ്‌ എത്രയോ വിശിഷ്ടമാണെന്നും, കര്‍ത്താവ്‌ തന്റെ രക്തം ചിന്തി വീണ്ടെടുത്ത ഇവര്‍ ഒരിക്കലും നശിച്ചുപോകാന്‍ പാടില്ലെന്നും ബോധ്യമുണ്ടായിരുന്ന അവള്‍ ആത്മാക്കളുടെ രക്ഷക്കായി അത്യധ്വാനം ചെയ്‌തു. അവിടുത്തെ പാടുപീഡകളെകുറിച്ചുള്ള ഓര്‍മ്മ അവളില്‍ സജീവമായിരുന്നു. അതിതീവ്രമായിരുന്നു അവളുടെ ദിവ്യകാരുണ്യ ഭക്തി. അതിനാലാണ്‌ ജീവിച്ചിരുന്ന കാലത്തുതന്നെ `ജീവനുള്ള സക്രാരി`, `സഞ്ചരിക്കുന്ന സക്രാരി` , `സക്രാരിയുടെ കാവല്‍ക്കാരി` , `പ്രാര്‍ഥിക്കുന്ന അമ്മ` തുടങ്ങിയ പേരുകളാല്‍ അവള്‍ അറിയപ്പെട്ടിരുന്നത്‌.

സ്‌മാര്‍ട്ട്‌ ഫോണും, ഫേസ്‌ ബുക്കും, മറ്റതുപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കും ഭരണം നടത്തുന്ന ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനുഷ്യന്‍ തന്റെ അസ്‌തിത്വവും, ലക്ഷ്യവും മറന്നുപോകുന്നു. ഈ ലോകജീവിതം മാത്രം ലക്ഷ്യമാക്കിയുള്ള യാത്രയാണ്‌ അവന്റേത്‌. പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ വിശ്വാസമാകുന്ന കയറില്ല; കര്‍ത്താവാകുന്ന പാറയില്ല. ഇവിടെയാണ്‌ വാഴ്‌ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ ജീവിതദര്‍ശനങ്ങളുടെ പ്രസക്തി. ജീവിതത്തില്‍ ദൈവമില്ലെങ്കില്‍ സര്‍വതും നഷ്ടമാണെന്ന്‌ തിരിച്ചറിയുക. സത്യത്തെ അന്വേഷിക്കുന്ന, നന്മയെ സ്‌നേഹിക്കുന്ന, ദൈവത്തെ ആഗ്രഹിക്കുന്ന ഒരാത്മാവ്‌ നമ്മില്‍ എല്ലാവരിലും ഉണ്ട്‌. അനുദിന ജീവിതത്തിന്റെ അനിവാര്യമായ അനേകം തിരക്കുകള്‍ക്കിടയിലും ഇത്തിരിനേരം സ്വസ്ഥമായിരുന്ന്‌ ഈ ആത്മാവിന്റെ ആവശ്യം ശ്രദ്ധിക്കാനുള്ള സന്മനസ്സു നാം കാണിക്കണം. എന്നാല്‍ നമ്മുടെ ജീവിതം സൗഭാഗ്യവും, സ്വസ്ഥതയും, നന്മയും നിറഞ്ഞതാകും. ഈ ലോകം അല്‌പംകൂടി സുന്ദരമാകും. മരിച്ചാലും മറക്കില്ലെന്നു പറഞ്ഞു കടന്നുപോയ വാഴ്‌ത്തപ്പെട്ട എവുപ്രാസ്യമ്മ നമുക്കെല്ലാവര്‍ക്കും വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code