നന്ദിയെന്നതാംപദം കേവലം രണ്ടക്ഷരം
നാന്ദിയാണതു ചെയ്‌ത നന്മതന്‍ പ്രത്യുത്തരം!
ഈശ്വരന്‍ നമുക്കുള്ളില്‍ നിക്ഷേപിച്ചൊരീഗുണം
ഈവിശ്വമാകെയിന്നു കാണുവാന്‍ യത്‌നിക്കണം!
ആദ്യമായ് നന്ദിക്കടം നമുക്കു സര്‍വ്വസ്വവും
ഹൃദ്യമായ് നല്‍കും ജഗദീശനോടല്ലേ ചൊല്ലൂ?
വാക്കിനാലൊരിക്കലും തീര്‍ക്കുവാനാവില്ലല്ലോ
നാക്കിന്റെയഗ്രത്തെത്തും നന്ദിചിന്തകളെല്ലാം!
മാതാപിതാക്കള്‍ ചെയ്യും നന്മകള്‍ക്കെല്ലാം നമ്മള്‍
ആജീവനാന്തം നന്ദിയുള്ളോരായിരിക്കണം!
ഗുരുഭൂതന്മാര്‍ നമ്മള്‍ക്കേകിടും വിദ്യയ്‌ക്കെല്ലാം
ഉരുവാകേണം നന്ദി നമ്മുടെ ഹൃദയത്തില്‍!
ഉപകാരങ്ങള്‍ ചെയ്‌തു നമ്മളെ സഹായിക്കും
ഉറ്റവരെല്ലാവരേം നന്ദിയില്‍ സ്‌മരിക്കണം!
ഉലകില്‍ സകലരും നന്ദിയില്‍ വര്‍ത്തിക്കുകില്‍
ഉണ്ടാകില്ലൊരിക്കലും വഴക്കും വക്കാണവും!
നാലുനാളടുപ്പിച്ചു ഭക്ഷണം നല്‍കീടുകില്‍
നായയും വാലാട്ടുന്നു നന്ദിസൂചകമായി!
മാനവര്‍ നമ്മളെത്ര ശ്രേഷ്‌ഠമാംകുലജാതര്‍
മനസ്സില്‍ സൂക്ഷിക്കേണ്ട നന്ദിയും മര്യാദയും?
രാപകലുണര്‍വ്വോടെ നമ്മളെ രക്ഷിച്ചിട്ടും
കാര്‍പ്പണ്യമറിയാതെ നമ്മളെ വളര്‍ത്തീടും
ഇച്ഛിപ്പതെല്ലാം തന്നു നമ്മളെ പോഷിപ്പിക്കും
ഈശ്വരനല്ലേയാദ്യം നമ്മുടെ നന്ദിയ്‌ക്കര്‍ഹന്‍?
Comments