Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബീഫ് നിരോധനവും തീന്മേശയിലെ കുറ്റവാളികളും (ജോസഫ് പടന്നമാക്കല്‍)

Picture

 പശുവിനെ വ്യക്തിപരമായി സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഴകുള്ള പശുവും അതിന്റെ കിടാക്കളും ചെറുപ്പകാലങ്ങളില്‍ എന്റെയൊരു ഹരമായിരുന്നു. അവകളെ മേച്ചില്‍ സ്ഥലങ്ങളില്‍ കൊണ്ടുപോയി തീറ്റിക്കുന്നതും ആറ്റുകടവില്‍ കൊണ്ടുപോയി കുളിപ്പിക്കുന്നതും കിടാക്കളുമായി തുള്ളി കളിക്കുന്നതും ഇന്നും ബാല്യകാലസ്മരണകളിലുണ്ട്. പശുവധം ചൂടുപിടിച്ച ഒരു ദേശീയ വിഷയമായതുകൊണ്ട് ഞാന്‍ ആരുടെ കൂടെയെന്ന് കൃത്യമായി ഉത്തരം നല്‍കാനും കഴിയില്ല. കാരണം, ഇതൊരു ഭൂരിഭാഗം ജനതയുടെ വൈകാരിക പ്രശ്!നംകൂടിയാണ്. വളര്‍ത്തു മൃഗങ്ങളെ കശാപ്പുശാലകളില്‍ കാണുമ്പോഴുള്ള ദുഃഖം അതനുഭവിച്ചവര്‍ക്കേ അറിയാന്‍ സാധിക്കുള്ളൂ. കന്നുകാലികളെ കൊല്ലുന്നതു എക്കാലവും ഹിന്ദുക്കളുടെ വൈകാരികമായ ഒരു വിഷയമായിരുന്നു. ഹൈന്ദവ മതത്തില്‍ പശുവിനെ ദൈവികമായ ഒരു മൃഗമായിട്ടാണ് കരുതുന്നത്. ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ഗോവധ നിരോധനത്തെപ്പറ്റി അനുകൂലപ്രതികൂലവാദമുഖങ്ങളും മുഖവിലയ്‌­ക്കെടുക്കേണ്ടതായുണ്ട്.

ആയുര്‍വേദ ആചാര്യന്മാര്‍, ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരമല്ലാതെ ഒന്നും ഭക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ആയൂര്‍ ദൈര്‍ഘ്യം കുറയുന്ന കാരണവും ബീഫ് ഭക്ഷിക്കുന്നതുകൊണ്ടെന്നു വൈദ്യശാസ്ത്രം പറയുന്നു. അങ്ങനെയെങ്കില്‍ ബീഫ് ഭക്ഷിക്കുന്ന ചൈനാക്കാരും മത്സ്യം ഭക്ഷിക്കുന്ന ജപ്പാന്‍കാരും ആയൂര്‍ ദൈര്‍ഘ്യം കൂടുതലുള്ളവരായി കാണുന്നതും പരിഗണിക്കണം. കാന്‍സര്‍, കൊളസ്‌­ട്രോള്‍ രോഗാദികള്‍ക്കും കാരണം മാംസ ഭക്ഷണമെന്ന വാദവും എത്രത്തോളം ശരിയെന്നും അറിയില്ല. കാന്‍സര്‍ രോഗങ്ങള്‍ സസ്യാഹാരികളിലുമുണ്ട്. അപ്പോള്‍ ബീഫ് നിരോധനം ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തിന്റെ പേരിലല്ലെന്നും വ്യക്തമാണ്.

മനുഷ്യന്‍ പശുവിന്റെ പേരില്‍ പരസ്പരം കൊല്ലുകയും അല്ലെങ്കില്‍ പശു കൊല്ലിക്കുകയും ചെയ്യുന്ന വര്‍ത്തമാന സംഭവങ്ങളാണ് നാമിന്നു വാര്‍ത്താ മീഡിയാകളിലും സോഷ്യല്‍ മീഡിയാകളിലും ശ്രവിക്കുന്നത്. രണ്ടായിരത്തി പതിനഞ്ചുമുതല്‍ ഭാരതത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ ഏകദേശം മുപ്പതു ശതമാനവും പശുവിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. നാലായിരത്തി ഇരുപതു മെട്രിക്ക് ടണ്‍ മാട്ടിറച്ചിയാണ് ഇക്കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ കയറ്റുമതി ചെയ്തത്. ഇതിനെ തകര്‍ക്കാനാണ് മതത്തിന്റെ തീവ്ര പ്രവര്‍ത്തനങ്ങളുമായി മുഴുകിയിരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഗോവധം എന്തിനെന്നുള്ള നിര്‍വചനമായി സംഘപരിവാര്‍ വീറോടും വാശിയോടുമാണ് ഇന്ന് ഭാരതം മുഴുവന്‍ സംഘര്‍ഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗോവധമെന്നുദ്ദേശിക്കുന്നത് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാത്രം കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ അല്ലെന്നും പശുവിനു പുരാതന കാലം മുതല്‍ ഹൈന്ദവര്‍ പവിത്രത കല്പിച്ചിട്ടുണ്ടെന്നും പോരാഞ്ഞു കാര്‍ഷിക പുരോഗമന പരിഗണനകളും ഗോവധ നിരോധം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും സംഘപരിവാര്‍ പ്രചാരണങ്ങള്‍ നടത്തുന്നു. പശുവധത്തിന്റെ പേരില്‍ പൊതുജനാഭിപ്രായ രൂപീകരണമാണ്, ഇത്തരം പ്രചാരണങ്ങളില്‍ക്കൂടി ലക്ഷ്യമിടുന്നത്. പശുക്കളെ കൃഷിയുടെ വികസനത്തിനായി സംരക്ഷിക്കുകയെന്നതു നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മുസ്ലിമുകള്‍ ഇന്ത്യയെ ആക്രമിച്ചതില്‍ പിന്നീടാണ് ഹിന്ദുക്കള്‍ മാട്ടിറച്ചി ഭക്ഷിക്കാന്‍ തുടങ്ങിയതെന്ന് ആര്‍.എസ്.എസും മറ്റും കഥകളുണ്ടാക്കി നിരോധനത്തെ ന്യായികരിക്കുന്നു. ഹിന്ദു മൗലികവാദികള്‍ പഴമയുടെ ഹൈന്ദവത്വം പ്രസംഗിച്ചുകൊണ്ടു മാട്ടിറച്ചി കഴിക്കുന്നവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌­ലാം മതം ഉണ്ടാകുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഹൈന്ദവ സംസ്ക്കാരത്തില്‍ മാട്ടിറച്ചി തിന്നിരുന്നതായി തെളിവുകളുണ്ട്. സനാതന ധര്‍മ്മഗ്രന്ഥങ്ങളെന്നു വിശേഷിപ്പിക്കുന്ന വേദങ്ങളും പുരാണങ്ങളും ഹൈന്ദവരുടെ മാംസാഹാര രീതികളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ളാം, ക്രിസ്തുമതം എന്നീ വൈദേശികമായ മതസംസ്ക്കാരങ്ങളെ ഇല്ലാതാക്കി ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരത്തെ പുനര്‍സ്ഥാപിക്കുമെന്നാണ് മതമൗലിക വാദികള്‍ വീമ്പടിക്കുന്നത്.

ഇന്ത്യയില്‍ വിശുദ്ധ പശുക്കളുടെ ചരിത്രം ചരിത്രാതീതകാലംമുതല്‍ ഹൈന്ദവ സംസ്­കാരങ്ങളുടെ ഭാഗമാണ്. പശുവിന്റെ ദിവ്യത്വത്തെ പുരാണങ്ങളിലും ദേവീ ദേവന്മാരുടെ കഥകളിലും വര്‍ണ്ണിച്ചിട്ടുണ്ട്. പശുവിന്റെ കഥ ഗോപാലകനായ കൃഷണ ഭഗവാനോടും അനുബന്ധിച്ചിരിക്കുന്നു. 'അമ്മ' പാല് തരുന്നപോലെ പശുവും പാല് തരുന്നതുകൊണ്ടു പശുവിനെയും അമ്മയുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. മത സാംസ്ക്കാരിക ചിന്താഗതികളില്‍ ഭാരതം മുഴുവനും വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ ഭാരതത്തില്‍ പുതിയ ഭരണകൂടങ്ങള്‍ വന്നതില്‍ പിന്നീട് സ്ഥിതിഗതികള്‍ ആകെ മാറിപ്പോയി. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ മുംബയില്‍ ബീഫ് വിഭവങ്ങള്‍ ഹോട്ടലുകളില്‍ വില്‍ക്കാന്‍ പാടില്ലാന്നുള്ള നിയമങ്ങള്‍ കര്‍ശനമാക്കി. അഞ്ചുകൊല്ലം വരെ ജയില്‍ ശിക്ഷ കിട്ടുന്ന വകുപ്പുകളും നിയമത്തിനൊപ്പം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രായ്ക്ക് പുറമെ ഹരിയാനയും ബീഫ് നിരോധനത്തിനുള്ള നിയമം പാസാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം പരിഗണിക്കുകയും ചെയ്യുന്നു. ഇത്തരം പൗരാണിക സങ്കല്‍പ്പ രൂപത്തിലുള്ള നിയമത്തില്‍ കേരളം ആശങ്കയിലുമാണ്. കേരള ജനതയ്ക്ക് അങ്ങനെയൊരു നിയമം ഒരിക്കലും സ്വീകാര്യവുമായിരിക്കില്ല.

കേരളത്തെ സംബന്ധിച്ച് ബീഫ് നിരോധനം പ്രായോഗികമായി നടപ്പാക്കാന്‍ എളുപ്പമല്ല. കാരണം, കേരളത്തില്‍ മധ്യതിരുവിതാകൂറില്‍ വസിക്കുന്നവര്‍ ഭൂരിഭാഗം പേരും സുറിയാനി ക്രിസ്ത്യാനികളാണ്. തലമുറകളായി മാട്ടിറച്ചി തിന്നു പരിചയിച്ച അവര്‍ക്ക് മാംസം വര്‍ജിക്കുകയെന്നത് എളുപ്പമല്ല. അവരുടെ പിന്തുണയില്ലാതെ ഒരു സര്‍ക്കാരും കേരളത്തില്‍ നില നില്‍ക്കുകയില്ല. ഇടതു പക്ഷങ്ങളും വലതുപക്ഷങ്ങളുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇസ്‌­ലാമിക ജനങ്ങളും െ്രെകസ്തവരും ദളിതരും ഒന്നടങ്കം ബീഫ് നിരോധിക്കണമെന്ന് പറയുന്നവര്‍ക്കെതിരെ അണിനിരക്കും. അങ്ങനെ ഒരു പ്രശ്!നം കേരളത്തില്‍ നടപ്പാക്കാന്‍ പ്രയാസമാണ്. ഒരു പക്ഷെ അതിന്റെ പേരില്‍ ഒരു ജനകീയ പോരാട്ടം തന്നെ ഉണ്ടാകാം. കലഹങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെടാം.

ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാരാണ് ഗോവധ പ്രശ്‌നത്തിന് കാരണമായത്. ഗോവധ നിരോധനം ആദ്യമായി 1893ല്‍ നടപ്പാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1966­ല്‍ ഗോവധ നിരോധനത്തിന്റെ പേരില്‍ തലസ്ഥാന നഗരിയില്‍ പട്ടാളത്തെ ഇറക്കേണ്ടി വന്നു. ഇന്ത്യാ ഭരിച്ച ഭരണാധികാരികള്‍ എന്നും തന്ത്രങ്ങളുപയോഗിച്ച് വിഭജിച്ചു ഭരിച്ചിരുന്നത് പശുവിനെ ആയുധമാക്കിയായിരുന്നു. ഐക്യരാഷ്ട്ര റി­പ്പോര്‍ട്ടനുസരിച്ച് അറുപതു ശതമാനം ജനങ്ങളും ഇന്ത്യയില്‍ മാംസാദികള്‍ കഴിക്കുന്നവരാണ്. മുപ്പതു ശതമാനം സസ്യഭുക്കുകളും പത്തു ശതമാനം മുട്ട കഴിക്കുന്നവരുമാണ്. ഭൂരിഭാഗം ഹൈന്ദവര്‍ തന്നെയാണ് മാംസാഹാരികളെന്നു ഇതില്‍നിന്നു വ്യക്തവുമല്ലേ!

പശുവധ നിരോധനമെന്നുള്ളത് വളരെ വൈകാരികമായ ഒരു വിഷയമാണ്. ഗോക്കളെ കൊല്ലാന്‍ പാടില്ലായെന്നു ആദ്യം ആവശ്യപ്പെട്ടത് മഹാത്മാ ഗാന്ധിജിയായിരുന്നു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഗോക്കളെ കൊല്ലുന്ന നിരോധനമെന്നതു ഹിന്ദുത്വവാദികളുടെ മാത്രം അജണ്ടായെന്നാണ്. അത് ശരിയല്ല. ഇന്ത്യാ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് മൈസൂറില്‍ ബീഫ് നിരോധിച്ചിരുന്നു. അന്ന് അതിനെ പ്രശംസിച്ചു സംസാരിച്ചത് ഗാന്ധിജിയായിരുന്നു. "നാം പ്രകൃതിയെ സ്‌നേഹിക്കണം, പ്രകൃതിയാണ് പശുവെന്ന്" ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജിയുടെ പ്രധാന വീക്ഷണം പശുവധ നിരോധനമായിരുന്നു. ഇന്ന് ഗാന്ധിജിയുടെ കാലമല്ല. ഗാന്ധിജിയുടെ രാമരാജ്യം ആരും ചെവികൊള്ളുകയില്ല. വിവര സാങ്കേതിക വിദ്യകള്‍ വളരെയധികം മുമ്പോട്ട് പോയിരിക്കുന്ന കാലഘട്ടത്തില്‍ നമുക്കിനി പുറകോട്ടു പോകാന്‍ സാധിക്കില്ല. 'ഘര്‍ വാപസി' എന്ന മതമൗലിക സംഘടനയും പറയുന്നത് 'നാം നൂറ്റാണ്ടുകളപ്പുറത്തേയ്ക്ക് മടങ്ങി പോവാനാണ്'.

എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കുണ്ടെങ്കിലും ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നയമായിരുന്നു മാറി മാറി വന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് മതേതരത്വത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടു ഭൂരിപക്ഷത്തിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന ഒരു വ്യവ്യസ്ഥിതിയിലേയ്ക്ക് ഭാരതം മാറിക്കഴിഞ്ഞു. ഹിന്ദു സംസ്ക്കാരത്തില്‍ മറ്റുള്ള മതങ്ങളുടെ സംസ്ക്കാരവും ഉള്‍പ്പെടുത്തുകയെന്നതാണ് ഇന്ന് സങ്കീര്‍ണ്ണമായ പ്രശ്‌നമായിരിക്കുന്നത്. ചരിത്രാദിത കാലം മുതല്‍ ഹിന്ദു മതം പ്രായോഗികതാവാദത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് ഹൈന്ദവ ചിന്താഗതികള്‍ക്കൊപ്പം മറ്റുള്ള മതങ്ങളെയും എങ്ങനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്നുള്ളത് ഗഹനമായ ചിന്താവിഷയമാണ്.

മാട്ടിറച്ചി ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ദളിതരുടെയും ഭക്ഷണമാണ്. ദരിദ്രരായവരുടെ തീന്‍ മേശയിലെ ചട്ടിയില്‍ കൈയിട്ടു വാരാനാണ് ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. പശു പ്രകൃതിയുടെ സംരക്ഷണത്തിനും കൃഷിയുടെ വികസനത്തിനെന്നും പറയുന്നുണ്ടെങ്കിലും പശുമാംസ നിരോധനം വിഷയമായിരിക്കുന്നത് മതപരമായ വൈകാരിക നേട്ടങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിനും മാത്രമാണുള്ളതെന്നും സംശയമില്ല. പശു ദൈവമാണെങ്കില്‍, ദൈവമായ ആ പശുവിനെ കൊല്ലുന്നതു നിരോധിച്ചാല്‍ നാളെ മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യം പിടിക്കലും നിരോധിക്കേണ്ടി വരും. നമ്മുടെ വസ്ത്രം, ഭക്ഷണം, ജീവിത രീതികള്‍ എന്നിവകള്‍ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ല. പാവം പശുവിനെ ഇടയ്ക്കു നിര്‍ത്തി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എന്നും വിഭജിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യയില്‍ ഇരുപതോളം സംസ്ഥാനങ്ങളില്‍ പശുവധവും പശുക്കളെ ഭക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കേരളവും വെസ്റ്റ് ബംഗാളും ആന്ധ്രാപ്രദേശും മിസോറവും മേഘാലയവും നാഗാലാന്‍ഡും തൃപുരയും സിക്കിമും നാളിതു വരെ പശുവധത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.ഭരണഘടനയുടെ നാല്പത്തിയെട്ടാം വകുപ്പുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പശുവധം നിരോധിക്കാനുമുള്ള അധികാരം നല്‍കിയിട്ടുണ്ട്. ഓരോ സ്‌റ്റേറ്റിനും പശുക്കളെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ചില സ്‌റ്റേറ്റുകളില്‍ പ്രായമായതും രോഗം പിടിച്ച കന്നുകാലികളെയും കൊല്ലാന്‍ അനുവാദം കൊടുക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഏതു സാഹചര്യങ്ങളിലും കന്നുകാലികളുടെ ജീവനെ പരിരക്ഷിക്കേണ്ടതായുണ്ട്. 1976­ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പശുക്കളെ കൊല്ലുന്നതിനൊപ്പം മറ്റു എരുമ, ആട്, പോത്ത്, എന്നീ കന്നുകാലികളെ കൊല്ലുന്നതിനും പ്രത്യേകം ലൈസന്‍സ് വേണമെന്നുള്ള നിയമവും കൊണ്ടുവന്നു. ഇന്ത്യാ ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചാണ് ഇങ്ങനെയൊരു നിയമം സര്‍ക്കാര്‍ നടപ്പിലാക്കിയത്. പശുക്കളെ കൊല്ലുന്നത് പാപമെന്നു ഹൈന്ദവജനത വിശ്വസിക്കുന്നു. കൂടാതെ മാംസം ഉപേക്ഷിക്കുന്നമൂലം ഹൈന്ദവ ധര്‍മ്മമനുസരിച്ചുള്ള സസ്യാഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കാന്‍ സാധിക്കും. അങ്ങനെ അഹിംസാ സിദ്ധാന്തം പൂര്‍ണ്ണമായും നടപ്പാക്കാനുള്ള അജണ്ടയാണ് സനാതനത്വത്തിന്റെ മറവില്‍ ഹിന്ദുമത മൗലിക വാദികള്‍ക്കുള്ളത്.

ഗോമാംസ നിരോധനം വാദിക്കുന്നവര്‍ അതിന്റെ ഭവിഷ്യത്തുക്കളെ ചിന്തിക്കാറില്ല. ഗോമാംസം വില്‍പ്പന ഉപജീവനങ്ങളായിട്ടുള്ളവര്‍ തൊഴില്‍ രഹിതരാകുന്ന സാഹചര്യങ്ങള്‍ വരുമെന്നുള്ളതും നിയമം കൊണ്ടുവരുന്നവര്‍ പരിഗണിക്കാറില്ല. മാട്ടിറച്ചിയില്‍ ഒരു മനുഷ്യനുവേണ്ട എല്ലാ പോഷക പദാര്‍ത്ഥങ്ങളുമുണ്ട്. നിരോധനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന വിഭാഗം സാധുജനങ്ങളായിരിക്കും. കൃഷിക്കാര്‍ക്ക് പശുക്കള്‍ക്ക് പകരം എരുമ പോത്ത് മറ്റു മാടുകളെയും വളര്‍ത്തേണ്ടി വരും. അത്തരം മൃഗങ്ങളെ സംരക്ഷിക്കുകയെന്നതും ബുദ്ധിമുട്ടു പിടിച്ച ജോലിയാണ്. മാത്രവുമല്ല പശുക്കളെ നിലനിര്‍ത്തുന്ന വഴി കൃഷിക്കാരുടെ ഒരു വരുമാനമാര്‍ഗവും ഇല്ലാതാകും. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന ഗോമാംസം വ്യവസായവും നിലയ്ക്കും. ഔഷധങ്ങളുടെ ഉല്‍പാദനത്തിനും ഗോമാംസം ഉപയോഗിക്കുന്നുണ്ട്.

തലമുറകളായി നാം പരിശീലിച്ചു വന്ന ഭക്ഷണരീതികള്‍ക്കു മാറ്റം വരുത്തി ഒരു മതവിഭാഗത്തിന്റെ താത്പര്യമനുസരിച്ചു മറ്റു മതക്കാരും അനുസരിക്കേണ്ടതുണ്ടോ? അതില്‍ സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ശരിയോ? അങ്ങനെയെങ്കില്‍ അത് തികച്ചും ഏകാധിപത്യമെന്നെ പറയാന്‍ സാധിക്കുള്ളൂ. ഇങ്ങനെയുള്ള നിയമങ്ങള്‍ കന്നുകാലി സമ്പത്തിനെയും കന്നുകാലി വ്യവസായത്തെയും ബാധിക്കും. ലാഭമില്ലാത്ത കന്നുകാലി വ്യവസായങ്ങളോ കന്നുകാലികളെ വളര്‍ത്താനോ ആരും തയാറാവുകയില്ലായെന്ന വസ്തുതയും കണക്കിലാക്കണം. അതെ സമയം ഇറക്കുമതി ചെയ്യുന്ന മാംസാദി വിഭവങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. അമേരിക്കയില്‍ നിന്നും ഓസ്‌­ട്രേലിയായില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇറച്ചി വിഭവങ്ങള്‍ വിളമ്പുന്ന അനേക റസ്‌റ്റോറന്റുകള്‍ ഇന്ത്യയിലുണ്ട്.

ഗോവധ നിരോധന നിയമം കര്‍ശനമാക്കിയതിനാല്‍ മഹാരാഷ്ട്രയിലെ റെസ്‌റ്റോറന്റുകള്‍ പാപ്പരാവുകയും കശാപ്പുകാരുടെയും ഇറച്ചി വില്പനക്കാരുടെയും തൊഴിലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. കൊടുംപട്ടിണി മൂലം അനേകര്‍ തെരുവുകളിലും അലയുന്നു. ലതര്‍ വ്യവസായം പാടെ തകര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. മാട്ടിറച്ചി കഴിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമല്ല താണ ജാതിക്കാരായ ഹിന്ദുക്കളുടെ ഭക്ഷണവുംകൂടിയാണ്. മാട്ടിറച്ചി, അവരെ സംബന്ധിച്ച് ചെലവു ചുരുക്കിക്കൊണ്ടുള്ള പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണമായിരുന്നു. ദളിതരും മറ്റു വിഭാഗങ്ങളും മാട്ടിറച്ചിയുടെ നിരോധനത്തില്‍ പ്രതിക്ഷേധങ്ങളുമായി നാടാകെ സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അനേകം മുസ്ലിം യുവാക്കളെ മാടിനെ കൊന്നതിന്റെ പേരില്‍ അറസ്റ്റും ചെയ്തു. 'അമ്മയായ പശുവിനു'വേണ്ടി ദളിതരെ ചുട്ടുകരിച്ച വര്‍ത്തമാനകാലത്തിലെ കഥകളുമുണ്ട്.

പശുവധ നിരോധനം മൂലം പ്രായമായ പശുക്കളെയും രോഗം ബാധിച്ച പശുക്കളെയും സംരക്ഷിക്കേണ്ടതായുണ്ട്. അത് വളരെ ചെലവുള്ള കാര്യവുമാണ്. ഒരു കൃഷിക്കാരനെ സംബന്ധിച്ച് വരള്‍ച്ചയുടെ കാലഘട്ടത്തില്‍ കന്നുകാലികളെ പോറ്റുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
പശുക്കളുടെ ക്രമാതീതമായ വര്‍ദ്ധനവുമൂലം കൃഷിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോള്‍ പശുക്കളെ വിറ്റാലും ആരും വാങ്ങിക്കാന്‍ കാണില്ല. എന്നാല്‍ അതിന്റെ ചാണകവും മൂത്രവും ജൈവ കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. പശുക്കളുടെ പാലും ഉപയോഗിക്കാന്‍ സാധിക്കുന്നു. നിലം ഉഴുതാനും കന്നുകാലികള്‍ പ്രയോജനപ്പെടും. ചാണകം കൊണ്ട് അടുക്കളയാവശ്യത്തിന് തീ കത്തിക്കാനും സാധിക്കും.

പശുക്കളെ ഒരു സ്‌റ്റേറ്റില്‍നിന്ന് മറ്റൊരു സ്‌റ്റേറ്റിലേയ്ക്ക് കയറ്റി അയക്കുന്നത് നിയമ വിരുദ്ധമാണ്. എങ്കിലും പശുക്കളെ കശാപ്പു ചെയ്യുന്നതില്‍ നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് നിയമപരമല്ലാതെ മാടുകളെയും പശുക്കളെയും എത്തിക്കാറുണ്ട്. ചെന്നൈയിലും മുംബൈയിലും ആയിരക്കണക്കിന് പശുവധ അറവുശാലകളുണ്ട്. അത്തരം അറവുശാലകള്‍ നിര്‍ത്തല്‍ ചെയ്യാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 2013­ല്‍ ആന്ധ്രയില്‍ തന്നെ മൂവായിരത്തില്‍പ്പരം അറവുശാലകള്‍ ഉണ്ടായിരുന്നതായി കണക്കുകള്‍ പറയുന്നു. ബീഫ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നു. ലോകത്തില്‍ ബീഫ് കഴിക്കുന്ന ജനവിഭാഗങ്ങളില്‍ ഇന്ത്യ ഏഴാംസ്ഥാനത്തും ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കൂടുതലും പുറം രാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നത് പോത്തിന്റെ ഇറച്ചിയാണ്. പോത്തിനെ ഹിന്ദുമതത്തില്‍ വിശുദ്ധ മൃഗമായി കണക്കായിട്ടില്ല.

ഭരണഘടന പറയുന്നത് കൃഷിയ്ക്കുപകാരപ്രദമായ കന്നുകാലികളെയും അതിന്റെ കിടാങ്ങളെയും സംരക്ഷിക്കണം. അതിന്റെ ചുമതലകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. അതിന്റെയര്‍ത്ഥം പശു ഒരു മതത്തിന്റെ ഭാഗമായ ദൈവിക മൃഗമെന്നല്ല. ബീഫ് നിരോധിക്കണമെന്നു പറയുന്നവര്‍ ബീഫ് ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ണ്ണായകമായ രോഗങ്ങള്‍ വരാമെന്നു പ്രചാരണം നടത്താറുണ്ട്. അവരുടെ മനുഷ്യ സ്‌നേഹം എത്രമാത്രമെന്നും പറയാന്‍ സാധിക്കില്ല. ഒരു കക്ഷണം ബീഫ് കണ്ടാല്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന മനസ്ഥിതിയാണ് അനേക ബീഫ് വിരുദ്ധ വാദികള്‍ക്കുള്ളത്. അവിടെ മനുഷ്യസ്‌നേഹമെന്നത് എന്ത് പ്രസക്തിയെന്നും ചിന്തിക്കണം. നൂറു ഗ്രാം മാംസം ഒരു ടിന്നില്‍ അടച്ചിട്ടാല്‍ ഏഴുവര്‍ഷം ജയില്‍ ശിക്ഷ കൊടുക്കുന്ന നിയമ വ്യവസ്ഥയാണ് മധ്യപ്രദേശില്‍ ഉള്ളത്. അതെ സമയം ബലാത്സംഗം ചെയ്യുന്നവരുടെ ശിക്ഷ വെറും രണ്ടു വര്‍ഷവും. ഇത് തീര്‍ച്ചയായും ബുദ്ധിശൂന്യരായ നിയമ നിര്‍മ്മാതാക്കളുടെ ഒരു ഭ്രാന്തന്‍ നിയമമല്ലേ? ഇതിന്റെ പേരില്‍ പന്തീരായിരം ആളുകള്‍ മധ്യപ്രദേശ് ജയിലില്‍ കിടപ്പുണ്ട്.

ഗോവധ നിരോധനം വിവിധ സ്‌റ്റേറ്റുകളില്‍ നടപ്പാക്കിയത് ഇപ്പോഴത്തെ ബിജെപി സര്‍ക്കാരെന്നും പറയാന്‍ സാധിക്കില്ല. ഇരുപതു സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കിയത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. ഇത്രമാത്രം ബീഫ് പ്രശ്‌നത്തില്‍ സമരങ്ങളും കലഹങ്ങളും കോലാഹലങ്ങളുമുണ്ടായിട്ടും കോണ്‍ഗ്രസുകാര്‍ നിശബ്ദരായിരിക്കുന്നതിനും കാരണമതാണ്. ബീഫ് തിന്നുന്ന ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടി പോലും ബീഫ് നിരോധിക്കുന്നത് തെറ്റെന്നു നാളിതുവരെ പറയാത്ത രഹസ്യവും അതുതന്നെയാണ്. ഗോവധ നിരോധനത്തില്‍ ബി.ജെ.പി യ്ക്ക് കാര്യമായി പങ്കില്ലെങ്കിലും ആ നിയമത്തെ കൂടുതല്‍ കര്‍ശനമാക്കിയത് അവരാണ്. 'ഗോക്കള്‍' വിശുദ്ധമാണെന്നു സ്ഥാപിക്കുന്ന ഒരു അജണ്ടയാണ് ബി.ജെ.പി യ്ക്കുള്ളത്.

മഹാരാഷ്ട്രയില്‍ ചുവന്ന തെരുവെന്ന ഒരു സ്ഥലമുണ്ട്. അവിടെ സ്ത്രീകള്‍ വ്യപിചാര വൃത്തിയില്‍ക്കൂടി മാംസം വില്‍ക്കുന്നത് കുറ്റകരമല്ല. അതെ സമയം നൂറു ഗ്രാം ബീഫ് കൈവശം വെയ്ക്കുന്നവന് ഏഴു വര്‍ഷം കഠിനതടവും. ഇത്തരം ഒരു നിയമം കിരാതയുഗത്തിലെ ഭരണാധികാരികളുടെ കാലങ്ങളില്‍പ്പോലും കാണില്ല. ഗോവധ നിരോധനം പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരുകള്‍ എന്ത് നീതിയാണ് ചെയ്യുന്നതെന്നും അവ്യക്തമാണ്.

തുകലു വ്യവസായത്തില്‍ ലോകത്തു രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. തുകലുമായി ബന്ധപ്പെട്ട വാണിജ്യത്തില്‍ ഏകദേശം രണ്ടു ലക്ഷം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഭൂരിഭാഗം സ്ത്രീകളാണ്. ഗോവധ നിരോധനം വഴി അവരെയെല്ലാം തൊഴില്‍രഹിതരാക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കണമോ? എന്ത് ഭക്ഷിക്കണമെന്ന അധികാരം ഒരു പൗരനുണ്ട്. ഇവിടെ മാനുഷിക മൂല്യങ്ങളെ പൂര്‍ണ്ണമായി തിരസ്ക്കരിച്ചുകൊണ്ട് പശുക്കളുടെ സംരക്ഷകരായി സര്‍ക്കാരിടപെടുകയാണ്. അതുപോലെ കന്നുകാലിയുടെ തുകല്‍ പ്രോസസ്സ് ചെയ്താണ് ബാറ്റായും മറ്റും ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഈ ചെരുപ്പ് കാലില്‍ ഇട്ടു നടക്കുന്നത് മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണരെന്നുള്ളതാണ് സത്യം.

പശുക്കള്‍ ദിവ്യങ്ങളാണെന്നും അതിനെ വധിക്കാന്‍ പാടില്ലാന്നും പുരാണങ്ങളിലുണ്ടെന്നുള്ള ഹിന്ദുത്വവാദികളുടെ അബദ്ധ പ്രചാരണങ്ങളും ഹൈന്ദവരില്‍ സംശയമുണ്ടാക്കുന്നു. വൈദിക കാലങ്ങളിലെ വേദഗ്രന്ഥങ്ങളില്‍ ഗോക്കളെ കൊന്നിരുന്നതായും വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ സല്‍ക്കരിച്ചിരുന്നത് ഗോമാംസം കൊടുത്തായിരുന്നുവെന്നും വൈദികകാല ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഡോക്ടര്‍ അംബേദ്ക്കറിന്റെ പുസ്തകങ്ങളില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചിട്ടുമുണ്ട്. വൈദിക കാലങ്ങളില്‍ സനാതന വാദികള്‍ വേദങ്ങളെ സംബന്ധിച്ച് ബുദ്ധന്മാരും ജൈനന്മാരും തമ്മില്‍ താര്‍ക്കിക വിഷയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അക്കാലങ്ങളില്‍ ബുദ്ധമതക്കാരോട് ഒരു വെല്ലുവിളിയെന്നോണം ബ്രാഹ്മണ സമുദായം ഗോക്കളെ ദിവ്യത നിറഞ്ഞ ഒരു മൃഗമായി തിരഞ്ഞെടുത്തു. അതിനുമുമ്പുള്ള കാലങ്ങളില്‍ സനാതനികള്‍ ഗോക്കളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. മനുപോലും ഗോക്കളെ കൊല്ലുന്നതു മഹാപാപമായി കണ്ടില്ല. ചെറിയ കുറ്റമായി മാത്രമേ ഗോവധത്തെ അദ്ദേഹം കണ്ടിരുന്നുള്ളൂ.

അശ്വമേധത്തിന്റെ അവസാനത്തില്‍ ഇരുപത്തിയൊന്ന് പശുക്കളെ ബലി കഴിക്കണമെന്നു വാല്മീകി പറയുന്നുണ്ട്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' യെന്നു മാത്രം നാം പഠിച്ചു. എന്നാല്‍ അതിനൊപ്പം രാജാവിനു സുഖമായി ഭരിക്കാനുള്ള അവസരം കൊടുക്കുകയും ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കും സൗഖ്യം നല്‍കണമെന്നും അടുത്ത ശ്ലോകത്തില്‍ പറയുന്നുണ്ട്. അങ്ങനെ ബ്രാഹ്­മണ്യധികാരത്തില്‍ 'ഗോക്കള്‍' പശു ഭക്തരുടെ മാതാക്കളായി മാറി. പശു മാതാവാണെങ്കിലും അതിന്റെ ഉപയോഗം കഴിഞ്ഞു കറവയും പറ്റി ചത്തു പോയാല്‍ അതിനെ കുഴിച്ചിടാന്‍ ദളിതരെ ഏല്‍പ്പിക്കും. പശു അമ്മയാണെങ്കില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തേണ്ടത് മക്കളല്ലേ? അതിനു പകരം പശുവിനെ കുഴിച്ചിടുന്ന സമയത്തുപോലും അവര്‍ എത്തി നോക്കുകയില്ല. 

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code