Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ ചേന്നോത്ത്‌ ജപ്പാനിലെ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോ
  ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ ചേന്നോത്ത്‌ ജപ്പാനിലെ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോ


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_77761982.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_19073067.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഷിക്കാഗോ: ടാന്‍സാനിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്ന ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ ചേന്നോത്തിനെ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ പുതിയ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോ (വത്തിക്കാന്‍ അംബാസിഡര്‍) ആയി പരിശുദ്ധ പിതാവ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു.

ജപ്പാനില്‍ ഈയിടെയുണ്ടായ ഭൂമികുലുക്കത്തിലും, സുനാമിയിലും ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കാണ്‌ അദ്ദേഹത്തെ സേവനം അനുഷ്‌ഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്‌.

വിളിയോട്‌ വിധേയപ്പെട്ട ഒരു ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. ദൈവേഷ്‌ടമനുസരിച്ച്‌ ലോകത്തിന്റെ ഏതു ഭാഗത്തും പോകുവാനും ക്രിസ്‌തുവിന്റെ ജീവനിലും ദൗത്യത്തിലും അനേകരെ പങ്കാളികളാക്കുന്ന സഭയുടെ നയതന്ത്ര ജോലിയില്‍ അദ്ദേഹം വളരെ സന്തുഷ്‌ടനാണ്‌. ഇപ്പോള്‍ വത്തിക്കാന്‌ 174 രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ട്‌. കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയെ ലോക നേതാവായിട്ടാണ്‌ ലോകരാഷ്‌ട്രങ്ങള്‍ കാണുന്നത്‌.

ഭാരത അപ്പസ്‌തോലന്‍ വി. തോമാശ്ശീഹായുടെ പാദസ്‌പര്‍ശത്താല്‍ വിഖ്യാതമായ കോക്കമംഗലം ചേന്നോത്ത്‌ ജോസഫിന്റേയും, വെളിയനാട്‌ നാല്‍പ്പതാംകുളത്തില്‍ മറിയക്കുട്ടി (പുണ്യശ്ശോകനായ മാര്‍ ജയിംസ്‌ കാളാശേരി പിതാവിന്റെ സഹോദരി പുത്രി)യുടേയും എട്ടുമക്കളില്‍ ഏഴാമത്തെ മകനായി 1943 ഒക്‌ടോബര്‍ 13-ന്‌ ജോസഫ്‌ ചേന്നോത്ത്‌ ജനിച്ചു. കോക്കമംഗലം സെന്റ്‌ ആന്റണീസ്‌ പ്രൈമറി സ്‌കൂളിലും, ചേര്‍ത്തല ഗവണ്‍മെന്റ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ്‌ ചേന്നോത്ത്‌ 1960-ല്‍ എറണാകുളം പെറ്റി സെമിനാരിയില്‍ വൈദീകപഠനത്തിനായി ചേര്‍ന്നു. തുടര്‍ന്ന്‌ ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഒരുവര്‍ഷം ഫിലോസഫി പഠിച്ചു.

1963-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ തിരുമേനി ജോസഫ്‌ ചേന്നോത്തിനെ ഉപരിപഠനത്തിനായി റോമിലേക്ക്‌ അയച്ചു. അവിടെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും, തിയോളജിയിലും ബിരുദമെടുത്തു. 1969 മെയ്‌ നാലിന്‌ ഓസ്‌ട്രിയയില്‍ വെച്ച്‌ വൈദീകപട്ടം സ്വീകരിച്ചു. തുടര്‍ന്ന്‌ നാട്ടിലെത്തി ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി. 1972-ല്‍ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്റെ സെക്രട്ടറിയായും, എറണാകുളം ബസലിക്കയില്‍ സഹ വികാരിയായും സേവനം ചെയ്‌തു.

1973-ല്‍ വീണ്ടും റോമിലേക്ക്‌ പോയി. ഡിപ്ലോമസിയിലും, ഇന്റര്‍നാഷണല്‍ ലോയിലും ഡിപ്ലോമയും, കാനോന്‍ നിയമത്തില്‍ ഡോക്‌ടറേറ്റും നേടി. ലാറ്റിന്‍, ഫ്രഞ്ച്‌, സ്‌പാനീഷ്‌, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ്‌ ഭാഷകളില്‍ വൈദഗ്‌ധ്യം നേടിയ അദ്ദേഹത്തിന്റെ ആദ്യ ഡിപ്ലോമാറ്റിക്‌ നിയമനം കാമറൂണിലെ വത്തിക്കാന്‍ എംബസിയിലായിരുന്നു. ഇക്കാലത്ത്‌ പരിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്നും അദ്ദേഹത്തിന്‌ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.

1984 മുതല്‍ രണ്ടുവര്‍ഷം വത്തിക്കാന്‍ വിദേശകാര്യ വകുപ്പിലും 1986 മുതല്‍ ടര്‍ക്കിയില്‍ മൂന്നു വര്‍ഷക്കാലവും, ലക്‌സംബര്‍ഗ്‌, ബല്‍ജിയം, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും, 1990 മുതല്‍ മൂന്നുവര്‍ഷം സ്‌പെയിനിലും, 1993 മുതല്‍ ഡെന്‍മാര്‍ക്ക്‌, സ്വീഡന്‍, നോര്‍വെ, ഫിന്‍ലാന്റ്‌ എന്നിവിടങ്ങളില്‍ കൗണ്‍സിലറായും, 1999-ല്‍ തയ്‌വാനില്‍ ചാര്‍ജ്‌ ഡി'അഫയേഴ്‌സ്‌ ആയും സേവനം അനുഷ്‌ഠിച്ചിരുന്നപ്പോഴാണ്‌ ന്യൂണ്‍ഷ്യോ ആയി അദ്ദേഹം നിയമിക്കപ്പെട്ടത്‌. പിന്നീട്‌ അദ്ദേഹത്തെ സെന്‍ട്രല്‍ ആഫ്രിക്കയിലേക്കും, തുടര്‍ന്ന്‌ ടാന്‍സാനിയയിലേക്കും ഇപ്പോള്‍ ജപ്പാനിലേക്കും അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യോ (അംബാസിഡര്‍) ആയി നിയമിച്ചിരിക്കുന്നത്‌.

നാല്‍പ്പത്‌ വര്‍ഷമായി നയതന്ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചേന്നോത്ത്‌ പിതാവ്‌ ഇപ്പോഴുള്ള മൂന്ന്‌ സീറോ മലബാര്‍ ന്യൂണ്‍ഷിയോമാരില്‍ ഏറ്റവും സീനിയര്‍മോസ്റ്റ്‌ ആണ്‌. മാര്‍ ജോര്‍ജ്‌ കോച്ചേരി, മാര്‍ ജോര്‍ജ്‌ പാനിക്കുളം എന്നിവരാണ്‌ മറ്റു രണ്ടുപേര്‍.

ഇപ്പോള്‍ വാഴ്‌ത്തപ്പെട്ട പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ അദ്ദേഹത്തിന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനം നല്‍കിയത്‌. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചപ്പോള്‍ റോമില്‍ നിന്നും അദ്ദേഹത്തോടൊപ്പം അനുയാത്ര ചെയ്യുകയും പരിശുദ്ധ പിതാവിനെ മലയാളം സംസാരിക്കുവാന്‍ പഠിപ്പിക്കാനുള്ള ഭാഗ്യവും ചേന്നോത്ത്‌ പിതാവിന്‌ ലഭിച്ചിട്ടുണ്ട്‌.

വിശുദ്ധ തോമാശ്ശീഹായാല്‍ സ്ഥാപിതമായതും, ചേന്നോത്ത്‌ പിതാവിന്റെ മാതൃഇടവകയുമായ എറണാകുളം രൂപതയിലെ കോക്കമംഗലം ഇടവക `ക്രിസ്‌തു ജയന്തി രണ്ടായിരാമാണ്ട്‌' ആഘോഷിച്ച വേളയില്‍, ചേന്നോത്ത്‌ പിതാവിന്റെ ശ്രമഫലമായി, ഇറ്റലിയിലെ ഓര്‍ത്തോണ്ടായില്‍ നിന്നും വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പ്‌ കൊണ്ടുവന്ന്‌ ആഘോഷമായി കോക്കമംഗലം പള്ളിയില്‍ സ്ഥാപിച്ചു.

അതുപോലെതന്നെ 2006-ല്‍ ദുക്‌റാന തിരുനാളിനോട്‌ അനുബന്ധിച്ച്‌ വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പ്‌ ഓര്‍ത്തോണ്ടായില്‍ നിന്നും അഭിവന്ദ്യ ചേന്നോത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ കൊണ്ടുവരികയും, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ ബല്‍വുഡിലെ അതിമനോഹരമായ കത്തീഡ്രലില്‍ സ്ഥാപിക്കുകയും ചെയ്‌തു. രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റേയും വികാരി ഫാ. ആന്റണി തുണ്ടത്തിലിന്റേയും നിരവധി വൈദീകരുടേയും ആയിരക്കണക്കിന്‌ വിശ്വാസികളുടേയും സാന്നിധ്യത്തിലാണ്‌ പ്രതിഷ്‌ഠാകര്‍മ്മം നടന്നത്‌.

വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പിനോടൊപ്പം മറ്റ്‌ നിരവധി വിശുദ്ധന്മാരുടേയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സീറോ മലബാര്‍ സഭയുടെ അഭിമാനമായി വിരാജിക്കുന്ന ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ദേവാലയം ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്‌.

ഒക്‌ടോബര്‍ 15-ന്‌ ജപ്പാനിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന അഭിവന്ദ്യ ചേന്നോത്ത്‌ പിതാവിന്‌ സ്‌നേഹോഷ്‌മളവും, വര്‍ണ്ണാഭവുമായ യാത്രയയപ്പ്‌ നല്‍കുന്നതിന്‌ ടാന്‍സാനിയയില്‍ തയാറെടുപ്പുകള്‍ നടന്നുവരുന്നു.

ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ ചേന്നോത്തിന്റെ സഹോദരപുത്രന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.