അമേരിക്കന്‍ മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നിന്ന് ഒരു മലയാളി വിദ്യാര്‍ത്ഥി ശ്രദ്ധിക്കപ്പെടുന്നു. ലൈമാന്‍ ( Lyman ) ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സുകാരനായ ബഞ്ചമിന്‍ മണിപ്പാടം ഈയിടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ബഞ്ചമിന്‍ പഠിക്കുന്ന ഹൈസ്‌കൂളിലെ ആഡിറ്റോറിയത്തില്‍വച്ച് ഏപ്രില്‍ 16നു നടന്ന പ്രൗഡഗംഭീരമായ സമ്മാനദാന ചടങ്ങില്‍ ബഞ്ചമിന്‍ ആദരിക്കപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്‌ടര്‍ ബ്രയന്‍ ഉരിച്ച്‌ക്കോയില്‍ നിന്ന് നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഫൈനലിസ്റ്റ് ജേതാവായ ബഞ്ചമിന്‍ കാഷ് അവാര്‍ഡും ബഹുമതിപത്രവും അടങ്ങുന്ന നാസ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയാണു ശ്രദ്ധേയനായത്‌്.
പതിനായിരം ഡോളറും പ്രശസ്‌തിപത്രവുമടങ്ങുന്ന നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഫൈനലിറ്റ് പുരസ്‌കാരം, ആയിരം ഡോളറും പ്രശസ്‌തിപത്രവും, മറ്റ് സംസ്‌ഥാനങ്ങളിലെ പ്രതിഭകളുമായി മാറ്റുരച്ച് ഫൈനലിസ്‌റ്റായാല്‍ ലഭിക്കുന്ന പതിനായിരം ഡോളറിന്റെ മത്സരത്തിനായി വാഷിങ്ങ്‌ടണ്‍ ഡി.സി.യില്‍ ഒരുക്കുന്ന വേദിയിലേക്ക് യാത്രചെലവുള്‍പ്പെടെ ഒരാഴ്‌ചത്തെ താമസസൗകര്യം അടങ്ങുന്ന നാഷണല്‍ പീസ് എസ്സെ റീജിയനല്‍ (National Peace Essay Regional) പുരസ്‌കാരം, അഞ്ഞൂറു ഡോളറും പ്രശസ്‌തിപത്രവുമുള്‍കൊള്ളുന്ന നാഷണല്‍ സൊജോനര്‍ ഉപന്യാസ സ്‌കോളര്‍ഷിപ്പ് പുരസ്‌കാരം, (National Sojourner Essay Scholarship) പ്രമുഖ ബഹിരാകാശ പഠന വിദ്യാര്‍ഥി (outstanding aerospace engineering student) എന്നീപുരസ്‌കാരങ്ങളണു ബഞ്ചമിന്‍ ഏറ്റുവാങ്ങിയത്.
പഠന വിഷയങ്ങളുടെ ചട്ടകൂട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ബഞ്ചമിന്റെ താത്‌പ്പര്യങ്ങള്‍. ഉപന്യാസരചനയിലും കാവ്യനിരൂപണത്തിലും വൈദ്‌ഗ്‌ധ്യം തെളിയിച്ചിട്ടുള്ള ഈ യുവപ്രതിഭ കലാ-കായിക രംഗത്തും ശോഭിക്കുന്നു. പ്രഗത്ഭനായ ഒരു വയലിന്‍ വായനക്കാരനായ ബഞ്ചമിന്‍ ഫ്‌ളോറിഡ യംങ് ആര്‍ടിസ്‌റ്റ് (FYAO) ഓര്‍ക്കസ്‌ട്രയില്‍ വയലിന്‍ വായനക്കാരനും സ്‌കൂള്‍ ടെന്നിസ് ടീം അംഗവുമാണ്.
ഉദയനാപുരത്ത് മണിപ്പാടം ഔസേപ്പച്ചന്റേയും പരേതയായ ത്രേസ്യാമ്മയുടേയും പൗത്രനും, ഫ്‌ളോറിഡയില്‍ താമസമാക്കിയ മണിപ്പാടം ആന്റണിയുടേയും സ്‌നേഹമേരിയുടേയും പുത്രനുമാണു ബഞ്ചമിന്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല ആത്മകഥക്കുള്ള ജ്വാല പുരസ്‌കാരം നേടിയ (The Anatomy of Survival) എന്ന പുസ്‌തകം രചിച്ച സ്‌റ്റീഫന്‍ നടുക്കുടിയിലിന്റേയും ഭാര്യ മോളി സ്‌റ്റീഫന്റേയും മകളുടെ മകനുമാണ്.