ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് വിടാതെ കൈപ്പിടിയിലൊതുക്കുകയാണ് എൻ.ഡി.എ. എന്നാൽ, കഴിഞ്ഞ തവണത്തേതിനേക്കാൾ ബഹുദൂരം പിറകിലാണ്. ഒരുവേള മൂന്നൂറ് സീറ്റിൽ ലീഡ് നേടിയ അവർ ഇപ്പോൾ 290ൽ എത്തി. ഒട്ടും പിറകിലല്ല ഇന്ത്യാ സഖ്യം. അവർ 220 സീറ്റിൽ ലീഡ് ഉറപ്പാക്കിക്കഴിഞ്ഞു. വാരണാസിയിൽ ആദ്യം പിറകിൽ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചുപിടിച്ചു. രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും മികച്ച ലീഡ് ഉറപ്പാക്കി.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 16 മണ്ഡലങ്ങളിൽ മുന്നേറുന്നു. ആലത്തൂരിലും ആറ്റിങ്ങലും എൽഡിഎഫ്. തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ്ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ രണ്ടാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23,000 കടന്നു.
Comments