Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണപ്പിറ്റേന്ന് (രാജു മൈലപ്രാ)

Picture

പാതാളത്തില്‍ നിന്നും റിട്ടേണ്‍ ടിക്കറ്റുമെടുത്തുവന്ന മഹാബലിത്തമ്പുരാന്‍, സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചു പാതാളത്തിലെ കൊട്ടാരത്തിലെത്തിയിട്ട് മാസം ഒന്നു കഴിഞ്ഞു. എന്നിട്ടും അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 'അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷം' എന്ന് ഒരു പത്ത് സംഘടനകളെങ്കിലും അവകാശപ്പെടുന്നുണ്ട്. നല്ലതുതന്നെ. 

പണംകൊടുത്ത് മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടും പലര്‍ക്കും സദ്യ കിട്ടിയില്ല എന്നൊരു പരാതി പല സ്ഥലങ്ങളില്‍ നിന്നും കിട്ടിയെന്ന് വാര്‍ത്തകളില്‍ കണ്ടു. വലിയ കൊട്ടും കുരവയുമായി നമ്മുടെ സ്പീക്കര്‍ സംഘടിപ്പിച്ച ഓണസദ്യയിലും കല്ലുകടി ഉണ്ടായി എന്നു കേട്ടു. അദ്ദേഹത്തിനും പരിവാരങ്ങള്‍ക്കും പഴം തിന്ന് തൃപ്തിപ്പെടേണ്ട അവസ്ഥ വന്നു. 

അഞ്ഞൂറ് ആളുകള്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്ന ഒരു വിരുന്നിന്, നാനൂറ് പേര്‍ക്കുള്ള ഓര്‍ഡര്‍ മാത്രമെ കൊടുക്കുകയുള്ളൂ എന്ന് കേറ്ററിംഗ് നടത്തിപ്പുകാരായ എന്റെ പല പരിചയക്കാരും പരാതി പറഞ്ഞിട്ടുണ്ട്. അവസാനം ഫുഡ് തികഞ്ഞില്ലെങ്കില്‍ പഴി പാചകക്കാരന്റെ തലയില്‍ കെട്ടിവയ്ക്കും- അത് അമേരിക്കന്‍ മലയാളികളുടെ ഒരു ശീലമായിപ്പോയി. 'കരടി കടലില്‍ ചെന്നാലും കപ്പിലേ കുടിക്കൂ' എന്നൊരു പഴഞ്ചൊല്ലുണ്ട്. 

ആദ്യകാലങ്ങളില്‍, അസോസിയേഷന്‍ ഭാരവാഹികള്‍, അവരുടെ വീടുകളില്‍ പാകംചെയ്ത വിഭവങ്ങളുമായായിരുന്നു ഓണസദ്യ നടത്തിയിരുന്നത്. തികച്ചും സൗജന്യമായിതന്നെ. അന്ന് ആഘോഷങ്ങളില്‍ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല എന്നുള്ളത് മറ്റൊരു സത്യം. 

പണം വാങ്ങിച്ചിട്ടാണെങ്കിലും, അല്ലെങ്കിലും ഏതെങ്കിലും പരിപാടി നടത്തുന്ന ഭാരവാഹികള്‍ കുറച്ചുകൂടി ചുമതലാബോധം കാണിക്കണം. അല്ലാത്തവര്‍ ഈ പണിക്ക് പോകരുത്. അത് ഈ എളിയവന്റെ ഒരു അപേക്ഷയാണ്.

****** ****** ****** ****** 

ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതിനുശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ ഓണമായിരുന്നു ഇത്. 

അതുകൊണ്ടുതന്നെ ഞങ്ങള്‍ കൊച്ചുമക്കള്‍ക്കുവേണ്ടി ഒരു ചെറിയ ഓണസദ്യയൊരുക്കി. അവര്‍ക്കുവേണ്ടി നാട്ടില്‍ നിന്നും കൊണ്ടുവന്ന ഓണക്കോടികള്‍ ധരിപ്പിച്ചു. ഒന്നിനും ഒരു കുറവും വരരുതെന്നു കരുതി കുറച്ച് വാഴയിലയൊക്കെ കരുതിയിരുന്നു. 

ഇലയില്‍ സദ്യ വിളമ്പുന്നത് കണ്ടപ്പോള്‍ തന്നെ നാലുവയസുകാരി വിക്കിച്ചുവിന്റെ മുഖഭാവം മാറി. മുഖത്തൊരു രൗദ്രഭാവം വരുത്തിക്കൊണ്ട് ഇലയിലേക്ക് സൂക്ഷിച്ചുനോക്കി കൊണ്ട് കൊച്ച് കുറച്ച് കമന്റ് പാസ്സാക്കി. 

What the heck is this? Is this for real? Are you kidding?

പപ്പടം പൊട്ടിച്ച് ദൂരെ കളഞ്ഞു. എന്തോ മധുരമാണെന്നു കരുതി, അല്പം ഇഞ്ചിക്കറി തൊട്ട് നാവില്‍ വച്ചു. എരികൊണ്ട് പൊരിഞ്ഞ കൊച്ച്, അവളുടെ പ്രായത്തില്‍ കവിഞ്ഞ എന്തോ അസഭ്യം പറഞ്ഞത് ഞങ്ങള്‍ കേട്ടില്ലെന്നു നടിച്ചു. 

ഒരു ഇരുപത്തഞ്ച് കൊല്ലം കഴിയുമ്പോള്‍ ഈ കുട്ടികളാണ് ഓണം നടത്തേണ്ടത്- കാത്തിരുന്ന് കാണാം. 

****** ****** ****** ****** 

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. ഏത് തരംഗമാണെങ്കിലും പ്രതീക്ഷിച്ചതുപോലെ തന്നെ ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. 

അപ്പോഴിതാ ഒരു ഇടിമിന്നല്‍ പോലെ വീണ്ടും വരുന്നു സരിതാ തരംഗം. ഉമ്മന്‍ചാണ്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അധികാരമോഹികളായ, പ്രതികാര ദാഹികളായ ചില ക്രൂരജന്തുക്കളുടെ ഗൂഢാലോചനയുടെ ഫലമായാണ് ആ നല്ല മനുഷ്യനെ ക്രൂശിലേറ്റിയതെന്നും സി.ബി.ഐ, യാതൊരു സംശയത്തിനും ഇടംകൊടുക്കാതെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്രേ!

ആ പാവത്തിനെ ജീവിച്ചിരുന്ന കാലത്ത്, പാര്‍ട്ടി ഭേദമെന്യേ ഇടത്തും വലത്തുമുള്ളവര്‍ കണ്ടമാനം കണ്ണീര് കുടിപ്പിച്ചു.ഇനി ഏത് അന്വേഷണം വന്നാലും, ആരൊക്കെ എന്തൊക്കെ ന്യായീകരണങ്ങള്‍ നടത്തിയാലും, മരിച്ചുപോയ ആ മനുഷ്യന് എന്തു നീതി കിട്ടുവാനാണ്?

ഒരു പാഴ് ജന്മമായ ആ സ്ത്രീയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലേക്ക് അദ്ദേഹത്തെ എന്തിന് വീണ്ടും വലിച്ചിഴയ്ക്കണം. 

അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ആത്മാവിനെയെങ്കിലും വെറുതെവിട്ടുകൂടെ?

News Courtesy to: George Joseph (അമേരിക്കന്‍ വീക്ഷണം)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code