Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കയില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ല: ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്

Picture

ന്യു യോർക്ക്: രണ്ട് പെട്ടിയുമായാണ് മിക്കവരും അമേരിക്കയ്ക്ക് വരുന്നതെന്ന് ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷത്തിൽ സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ആറു മാസത്തിനുള്ളില്‍ അതിലെ എല്ലാ വസ്തുക്കളും തീര്‍ന്നിരിക്കും. എന്നാല്‍ നാം കൊണ്ടുവന്ന വിശ്വാസം മാത്രം ഒരിക്കലും ഇല്ലാതാകുന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ തുടക്കം മുതല്‍ നാം അതില്‍ പങ്കാളികളായി എന്നതില്‍ അഭിമാനിക്കണം. യൂറോപ്പില്‍ എത്തുന്നതിനു മുമ്പ് തന്നെ ക്രിസ്തുമതം ഇന്ത്യയില്‍ എത്തി.

ഇന്നിപ്പോള്‍ നാം ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. അതു നമ്മെ വേദനിപ്പിക്കുന്നു. അവര്‍ക്ക് വേണ്ടി നിലകൊള്ളാനും പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിക്കാനും നാം ബാധ്യസ്ഥരാണ്. പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം ശക്തിപ്പെടുന്നതായി ബൈബിളില്‍ പറയുന്നു. അവര്‍ അതിനെ ധൈര്യപൂര്‍വ്വം നേരിട്ടു. ആരംഭകാലം മുതല്‍ തന്നെ നാം പീഡനം നേരിട്ടിട്ടുണ്ട്. യേശു പറഞ്ഞത് ചെന്നായ്ക്കള്‍ക്കിടയിലേക്ക് ആടുകളെ എന്നപോലെ നിങ്ങളെ അയയ്ക്കുന്നു എന്നാണ്. മണിപ്പൂരിലെ വിശ്വാസികൾ ഇന്ന് വേദനയുടെ കടന്ന് പോകുന്നു. ഒരുമിച്ച് നിന്ന് നമുക്ക് അവരെ ശക്തിപ്പെടുത്താം. പീഡനങ്ങൾ വരുമ്പോൾ യേശുവിലുള്ള അചഞ്ചലമായ സ്നേഹം അവ നേരിടാൻ നമ്മെ പ്രാപ്തരാക്കും.

അമേരിക്കയില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ല. ഇപ്പോള്‍ നമുക്ക് എല്ലാം ഉണ്ടെന്ന് കരുതുന്നു. പക്ഷെ ഭാവിയില്‍ എന്തുണ്ടാകുമെന്ന് നമുക്ക് അറിയില്ല. അതിനാല്‍ ഒരുമിച്ച് നില്‍ക്കണം. പ്രാര്‍ത്ഥിക്കണം - അദ്ദേഹം പറഞ്ഞു. ഭാരതം കതിര് കണ്ടു എന്ന ഗാനവും അദ്ദേഹം ആലപിച്ചു. സെന്റ് തോമസ് ദിനമായ ജൂലൈ 3 ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനമായി എല്ലായിടത്തും ആചരിക്കാനാണ് തീരുമാനമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസഷൻസ് പ്രസിഡന്റ് കോശി ജോർജ് (ഫിയക്കോന) ചൂണ്ടിക്കാട്ടി. തലേന്ന് ബോസ്റ്റണില്‍ ആഘോഷം നടന്നു. ജൂലൈ 3നു ഇന്ത്യയിലും. രണ്ടായിരം വര്‍ഷത്തെ പഴക്കം ക്രിസ്തുമത്തിനു ഇന്ത്യയില്‍ ഉണ്ടെങ്കിലും അങ്ങനെയല്ല എന്ന പുതിയ ധാരണ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. എ.ഡി 52-ല്‍ വന്ന തോമാശ്ശീഹാ എ.ഡി 72 ജൂലൈ 3-ന് രക്തസാക്ഷിയായി.

ക്രൈസ്തവര്‍ക്കിടയില്‍ ആയിരക്കണക്കിന് വിഭാഗങ്ങളുണ്ട്. പക്ഷെ നാമെല്ലാം ആരാധിക്കുന്നത് യേശുവിനെയാണ്. ത്രിത്വത്തിലാണ് വിശ്വസിക്കുന്നത്. അങ്ങനെയുള്ള നാം ഭിന്നതകളൊക്കെ മാറ്റിവച്ച് ഒരു ദിവസമെങ്കിലും ഒത്തുകൂടുന്നത് ഏറ്റവും അഭികാമ്യമല്ലേ എന്നദ്ദേഹം ചോദിച്ചു. സെന്റ് തോമസ് സ്ഥാപിച്ച ഏഴര പള്ളികളുടെ ചരിത്രവും ഇന്ത്യയിലെ അതിക്രമങ്ങളുടെ റിപ്പോര്‍ട്ടും അതിഥികള്‍ക്ക് നല്‍കി. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ലു, ഗവര്‍ണറുടെ ഓഫീലിലെ ഏഷ്യന്‍ ഔട്ട് റീച്ച് ഓഫീസര്‍ സിബു നായര്‍, റവ. ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. റവ. വില്‍സണ്‍ ജോസ് പ്രാരംഭ പ്രാര്‍ത്ഥനയും ഫാ. ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനയും നടത്തി. മണിപ്പൂരിന് വേണ്ടി റവ. എൻ.കെ. മത്തായി പ്രത്യേക പ്രാർത്ഥന നടത്തി.

നന്ദി പറഞ്ഞ ജോര്‍ജ് ഏബ്രഹാം കേരളത്തില്‍ നിന്നുവന്ന നമുക്ക് ആഭ്യന്തര യുദ്ധത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് ഏതെങ്കിലും സ്‌കൂളിന്റെ മൂലയ്ക്ക് ഭാവിയെപ്പറ്റി ആശങ്കാകുലരായിരിക്കേണ്ട അവസ്ഥ നമുക്ക് അറിയില്ല. അത്തരം അവസ്ഥ നേരിട്ട് കണ്ടവരെ നമുക്ക് സഹായിക്കാം. ഗുജറാത്തിലെ ഡാംഗ്സ് ജില്ലയില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണം ഉണ്ടായപ്പോഴാണ് ഫിയക്കോന രൂപംകൊള്ളുന്നത്. പിന്നീട് ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നു. ഫിയക്കോനയെപ്പറ്റി അധികമാര്‍ക്കും അറിയില്ല. എന്നാല്‍ അത് പിന്നണിയില്‍ നിന്ന് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിനായി അര്‍പ്പണബോധത്തോടെ പലരും പ്രവര്‍ത്തിക്കുന്നു. തുടക്കമിട്ട ജോണ്‍ പ്രഭുദോസിനെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. ഇപ്പോള്‍ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് നേരേ സര്‍ക്കാര്‍ തിരിഞ്ഞിരിക്കുന്നു. ഒസിഐ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. പീഡനത്തിനെതിരേയൊന്നും മിണ്ടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒസിഐ കാര്‍ഡ് അങ്ങനെ രാഷ്ട്രീയായുധമായി.

മനുഷ്യാവകാശങ്ങളും ഭരണഘടന നല്‍കുന്ന അവകാശങ്ങളുമൊക്കെ വിവേചനമില്ലാതെ അനുഭവിക്കാന്‍ പൗരന്മാര്‍ക്ക് കഴിയുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഫിയക്കോന തുടരും- അദ്ദേഹം പറഞ്ഞു. സി.എഎസ് . ഐ. ജൂബിലി കൊയർ, ന്യൂ യോർക്ക് മെൻസ് വോയിസസ്, ഐപിസി ജമൈക്ക കൊയർ റവ. മിൽട്ടൺ ജെയിംസ് (സോളോ), ബെത്ലഹം പഞ്ചാബി ചർച്ച് എന്നിവ ഗാനങ്ങളാലപിച്ചു. കോശി ജോർജ്, ഡോ. ലെനോ തോമസ്, മേരി ഫിലിപ്പ്, ഡോ. അന്നാ ജോർജ്, കോശി തോമസ്, പോൾ ഡി പനയ്ക്കൽ, ജോർജ് എബ്രഹാം, രാജു എബ്രഹാം, മാത്യു പി തോമസ്, മാത്യു ഈപ്പൻ, ജെറിൻ ജോ ജെയിംസ്, പാസ്റ്റർ ജേക്കബ് ജോർജ്,, ഷൈമി ജേക്കബ്, കോശി തോമസ്, റെവ. മിൽട്ടൺ ജി ജെയിംസ് (സീനിയർ), ജോർജ് ചാക്കോ, ജോൺ ജോസെഫ്, ചക് പിള്ളൈ, ഡോൺ തോമസ്, ഡോ. സിന്തിയ പ്രഭാകർ, റെവ. അനധശേഖർ മാനുവൽ, റെവ. ക്രിസ്റ്റർ സോളമൻ, ലോന എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code