സ്നേഹത്തിൻ പാലാഴി ഹൃത്തിൽ ചുമക്കുന്ന
സ്നേഹിതൻ മക്കൾക്കു സ്വന്തമച്ഛൻ!
സന്തോഷമാകിലും സന്താപമാകിലും
സന്തതം മക്കളോടൊപ്പമുള്ളോൻ!
തൻ മക്കളും ധർമ്മ പത്നിയും മാത്രം താൻ
നന്മ നിറഞ്ഞൊരാ ഹൃത്തിലെന്നും!
ക്ലേശങ്ങളേശാതെ മക്കളെ പോറ്റുവാൻ
ലേശവും വൈമുഖ്യം കാട്ടാത്തവൻ!
ഭക്ഷണം വേളയ്ക്ക് നല്കുവാനാമ്മയും
ശിക്ഷണം നൽകുവാനച്ഛനുമായ്!
ബാല്യത്തിൽ സർവ്വവും അച്ഛനും അമ്മയും
അല്ലാതെ വേറൊരു ചിന്തയില്ല!
ഒത്തിരി സ്നേഹം പരസ്പരം കൈമാറി
ഒത്തൊരുമയോടെ വാണു ഞങ്ങൾ!
വറ്റാത്ത സ്നേഹത്തിൻ പാലാഴിയാണച്ഛൻ
മറ്റാരു മാവില്ലതിൻ പകരം!
അച്ഛനും അമ്മയും സ്നേഹത്തിടമ്പുകൾ
ഇച്ഛിപ്പോർ നമ്മുടെ സൗഖ്യമെന്നും!
പ്രത്യക്ഷ ദൈവങ്ങളാണവരെന്നാളും
പ്രതിദിന മോർക്കേണ്ട പുണ്യാത്മാക്കൾ!
'അമ്മ മഹാനദിയാണു മക്കൾക്കെങ്കിൽ
അച്ഛനൊരു മഹാ സാഗരവും!
അമ്മയാകും നദി അച്ഛനാം സാഗരം
മക്കളും ചേർന്നാൽ കുടുംബമാകും!
Comments