Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തുറ- കടലിലെ തിരമാല പോലെ സങ്കീര്‍ണമായ ജീവിതത്തെ തുറന്നു കാണിക്കുന്ന നോവല്‍; പ്രകാശനം ചെയ്ത് ജോണ്‍ ബ്രിട്ടാസ്

Picture

കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ജെജെ അടൂര്‍ എന്ന തൂലികാ നാമത്തില്‍ ആനുകാലിക പ്രസിദ്ധീകരങ്ങളില്‍ എഴുതാറുള്ള ജോസഫ് ജോണ്‍ കാല്‍ഗരിയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ നോവല്‍, ‘തുറ’ പ്രകാശനം ചെയ്തു. കടലിലെ തിരമാല പോലെ സങ്കീര്‍ണമായ തുറയിലെ ജീവിതത്തെ തുറന്നു കാണിക്കുന്ന നോവല്‍ ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് ആഴ്ച്ചവട്ടം ഓണ്‍ലൈനിന്റെ ചീഫ് എഡിറ്ററായ ഡോ. ജോര്‍ജ്ജ് കാക്കനാടന് നല്‍കി പ്രകാശനം ചെയ്തു.

മലയാള സാഹിത്യ ലോകത്തിന് പുതിയൊരു വാഗ്ദാനമാണ് ജെജെ അടൂരെന്ന് പ്രകാശന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. തുറയിലെ ജീവിതം വരച്ചുകാട്ടുന്നതില്‍ ജെ.ജെ. അടൂര്‍ വിജിയിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രവാസി എഴുത്തുകാരില്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമാണ് ജെജെ അടൂരെന്ന് ഡോ. ജോര്‍ജ്ജ് കാക്കനാട് അഭിപ്രായപ്പെട്ടു. അനുപമമായ ഭാഷാശൈലിയും കഥാപാത്രങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ട് വരച്ചുകാട്ടുന്ന പ്രതിഭയാണ് അദേഹമെന്നും ഡോ. ജോര്‍ജ്ജ് കാക്കനാട് പറഞ്ഞു.

കനേഡിയന്‍ ഫ്രീലാന്‍സ് ഗൈഡിന്റെ രൂപീകരണ അംഗവും, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനുമായ ജെ.ജെ. അടൂര്‍ പ്രവാസി എഴുത്തുകാര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഏറ്റവും വലിയ പത്രപ്രവര്‍ത്തക കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ജോസഫ് ജോണ്‍. കടലിന്റെ മക്കളെ കേന്ദ്രീകരിച്ചുള്ള കഥ അവരുടെ ജീവിതവ്യഥകളുടെ നേര്‍സാക്ഷ്യം കൂടിയാണ്.

ട്രാജിക് ഹീറോ എക്കാലവും ലോകത്തിന് പ്രിയപ്പെട്ടതാണ്. 33 ാം വയസില്‍ ലോകത്തിനായി ക്രൂശിലേറ്റപ്പെട്ട യേശു ക്രിസ്തുവിനെ ഇന്ന് ലോകം മുഴുവന്‍ ആരാധിക്കുന്നു. 39 ാം വയസില്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ട ചെഗുവേരയാണ് ഇന്നും ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരി. ചെയുടെ ജീവിതമാണ് പലര്‍ക്കും പ്രചോദനം. യേശു ക്രിസ്തു മുക്കുവര്‍ക്കിടയില്‍ നിന്നാണ് ലോക രക്ഷകനായി മാറിയത്. ‘ദാ, അവന്‍ വരുന്നു’ എന്ന് ലോകത്തോട് രക്ഷകന്റെ വരവ് വിളിച്ചു പറഞ്ഞത് യോഹന്നാനാണ്. അദ്ദേഹത്തിന്റെയും അന്ത്യം യാതനാപൂര്‍ണമായിരുന്നു.

‘തുറ’യിലെ രക്ഷകന്‍ ജൂലിയന്‍. ആ രക്ഷകന്റെ വരവറിയിച്ച പ്രവാചകന്‍ ലോപ്പസ്. തുറയിലച്ചന്റെ കാര്‍ക്കശ്യത്തിലും ക്രൂരതയിലും വലഞ്ഞ രക്ഷകനാണ് ജൂലിയന്‍. ഒടുവില്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ജൂലിയന്‍ എങ്ങോട്ടോ മറയുന്നിടത്താണ് നോവല്‍ പൂര്‍ണമാകുന്നത്. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന വായനാ സുഖം വായനക്കാരന് അനുഭവ വേദ്യമാകുന്നതാണ് ഈ നോവലിന്റെ ആകര്‍ഷണം.

തുറയിലെ ജീവിതം അതേപടി പകര്‍ത്താന്‍ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. റിയലിസ്റ്റിക് രീതിയിലുള്ള ആഖ്യാനം വായനക്കാരെ കഥാപാത്രങ്ങള്‍ക്കൊപ്പം കൊണ്ടുപോകും. ചുരുക്കം പറഞ്ഞാല്‍ മലയാള സാഹിത്യത്തിലേക്ക് ഒരു കസേര വലിച്ചിട്ട് ഇരിക്കുകയാണ് കഥാകൃത്തായ ജെജെ അടൂര്‍. ആദ്യ നോവല്‍ ഒരു സൂചനയാണെങ്കില്‍ ഉറപ്പിച്ചു പറയാം, ഈ തൂലികയില്‍ നിന്ന് ഇനിയും ഒരുപാട് കഥകള്‍ വിരിയും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code