ഫീനിക്സ്: അരിസോണ ഇൻഡ്യൻ നഴ്സസ് അസ്സോസിയേഷന്റെ (AZINA) ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾ ശനിയാഴ്ച മെയ് 13ന് വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ചാന്റ്ലർ സിറ്റിയിലെ ഇന്റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ഹാളാണ് ആഘോഷ പരിപാടികൾക്ക് വേദിയായത്.
ബഹു: ചാന്റ്ലർ സിറ്റി മേയർ കെവിൻ ഹാർട്കെ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ കൗൺസിൽ അംഗമായ ക്രിസ്റ്റിൻ എല്ലിസ്, അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റി ഡീൻ ആൻഡ് പ്രൊഫസ്സർ ഡോ. ജീൻ കാർഷ്മർ, കൊറിയൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സൺ ജോൺസ്, ഇന്റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ പാസ്റ്റർ ഡോ. റോയ് ചെറിയാൻ എന്നിവർ അതിഥികളായിരുന്നു.
കെരൺ കോശി പ്രാർത്ഥനാ ഗാനവും, ഓസ്റ്റിൻ ബിനു, അനിത ബിനു (അസീന ട്രഷറർ ) എന്നിവർ ചേർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. തുടർന്ന് മുഖ്യ അതിഥികൾ ചേർന്ന് നിലവിളക്കു തെളിയിച്ചതോടെ ഈ വർഷത്തെ നഴ്സസ് ദിനാഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കമായി.
സംഘടനയുടെ പ്രസിഡന്റ് എലിസബത്ത് സുനിൽ സാം സ്വാഗതം ആശംസിച്ചതോടൊപ്പം സംഘടനയുടെ ഇതുവരെയുള്ള വളർച്ചയുടെ നാള്വഴികളെക്കുറിച്ചും, പ്രവർത്തങ്ങളെക്കുറിച്ചും സദസ്സിനു വിശദീകരിച്ചു. ബഹു : മേയർ കെവിൻ ഹാർട്കെ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ അസീനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ഉണ്ടായി. തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾ വളരെ പ്രചോദനാത്മകമായ രീതിയിൽ നഴ്സസ് ദിനസന്ദേശങ്ങൾ നൽകി.
അസീനയുടെ ഈ വർഷത്തെ നഴ്സിംഗ് എക്സലൻസ് അവാർഡ് ഡോ. അമ്പിളി ഉമയമ്മ, ഡോ. ഗിരിജ മേനോൻ എന്നിവർക്ക് സമ്മാനിച്ചു. നഴ്സിംഗ് മേഖലയിൽ അവർ ചെയ്തിട്ടുള്ള പ്രവർത്തനമികവിനുള്ള അംഗീകാരമായാണ് ഈ അവാർഡ് നൽകപ്പെടുന്നത്. ഡോ. അമ്പിളി അസീനയുടെ സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് മെംബറുമാണ്. ഡോ. ഗിരിജ മേനോൻ അസീന യുടെ മുൻ ഇവന്റ് കമ്മിറ്റി ചെയറായി പ്രവർത്തിച്ചിട്ടുണ്ട്. അസീനയുടെ ഈ വർഷത്തെ ‘സ്റ്റുഡന്റ് സ്കോളർഷിപ്പ് അവാർഡിന് അർഹയായത് മേരി മിനു ജോജിയാണ്. മാസ്റ്റേഴ്സ് ഇൻ നഴ്സ് പ്രാക്ടീഷണർ കോഴ്സ് ചെയ്യുന്ന മിനു അസീനയുടെ മുൻ മെംബർഷിപ്പ് ചെയർ ആയിരുന്നു. സാറാമ്മ മാത്യുവിനെ ‘ലൈഫ്റ്റൈം അച്ചീവ്മന്റ്’ അവാർഡ് നൽകി ആദരിച്ചു. ഇൻഡ്യൻ നഴ്സസിന്റെ നാഷനൽ സംഘടനയായ നോർത്ത് അമേരിക്കൻ ഇന്ത്യൻ നഴ്സസ് അസോസിയേഷ ന്റെ (നൈന) "മേയ്ക് എ ഡിഫറെൻസ്" നഴ്സസ് അവാർഡ് കരസ്ഥമാക്കിയ അസീനയുടെ ഇവന്റ് ആൻഡ് അവാർഡ് കമ്മിറ്റി ചെയർ സുമ ജേക്കബിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അസീന ഭാരവാഹികൾ അറിയിച്ചു.
അസീനകൂട്ടായ്മയിലേക്ക് കൂടുതൽ അംഗങ്ങളെ ആകർഷിക്കുവാൻ മെംബർഷിപ് ചെയർ ഷാജു ഫ്രാൻസിസ്, ബിന്ദു സൈമൺ എന്നിവർ കൊണ്ടുവന്ന "ബ്രിങ്ങ് എ ബഡ്ഡി റ്റു അസീന" എന്ന പുതിയ ആശയം ഡോ. അമ്പിളി ഉമയമ്മ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ലക്ഷ്മി നായറുടെ നേതൃത്വത്തിൽ "അസീന മെന്റൽ ഹെൽത് ഇനിഷിയറ്റിവ് " (AMHI) എന്ന പുതിയ ഒരു സംരംഭം കുട്ടികൾക്കുവേണ്ടി തുടക്കം കുറിച്ചു. കുട്ടികളുടെ മാനസീകാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാതാപിതാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുന്ന ഒരു ലഘു നാടകം യൂത്ത് ചാംബിയൻസ് അവതരിപ്പിച്ചു. ആമി(AMHI) ലീഡേഴ്സും വോളന്റിയഴ്സും മെയ് 6 നു ഫീനിക്സ് സ്റ്റീൽ ഇൻഡ്യൻ സ്കൂൾ പാർക്കിൽ സംഘടിപ്പിച്ച അവെയർനസ് പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആമി ധനശേഖരണത്തിൽ എറ്റവും കൂടുതൽ തുക സമാഹരിച്ച മാസ്റ്റർ സിദ്ദാർത്ഥ് നായർക്കും, ആമി ലോഗൊ മൽസ്സരത്തിൽ വിജയിയായ ഈഷ അനറ്റ് സാമിനും സമ്മാനങ്ങൾ വിതരണം ചെയ്തു. കെയർ ഹോമുകളിൽ സീനിയർ സിറ്റിസൺസിന്റെ ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായമാകുന്ന " കെയർ ജീനി" എന്ന പുതിയ സംരംഭത്തെ ചെറിയാൻ ജേക്കബ് അവതരിപ്പിച്ചു. അസീന സെക്രട്ടറി അൻജു രസ്തോഗി ഈ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതഞ്ഞത രേഖപ്പെടുത്തി.
തുടർന്ന് അസീനയുടെ ഭാരവാഹികൾ കേക്ക് മുറിച്ച് അസീന ജന്മദിനം ആഘോഷിച്ചു. റാഫിൾ റ്റിക്കറ്റ് വിന്നേഴ്സിനു മസാല കോഫീ മുസിക്കൽ ഷോയിലേക്കുള്ള ടിക്കറ്റുകളും കെയർ ജീനിയുടെ പ്രോഡക്റ്റും സമ്മാനിച്ചു. വോളന്റിയറിംഗ് ചെയ്ത യൂത്തിനു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ലഘുഭക്ഷണത്തോടെ ഈ വർഷത്തെ നഴ്സിംഗ് ദിനാഘോഷങ്ങൾക്ക് സമാപനമായി. പ്രോഗ്രാമ്മിന്റെ അവതാരകനായി വൈസ് പ്രസിഡന്റ് ലക്ഷ്മി നായരും ബൈയിലൊ കമ്മിറ്റിചെയർ സിൻസി തോമസും പ്രവർത്തിച്ചു.
കോവിഡിനുശേഷം ആദ്യമായ് വെർച്ചുവൽ പ്ലാറ്റ്ഫൊം വിട്ട് നേരിട്ട് നടത്തിയ അസീനയുടെ നഴ്സസ് ദിനാഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ നഴ്സുമാർക്കും കുടുംബാംഗങ്ങൾക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കും, അസീനയുടെ പ്രവർത്തനങ്ങൾക്കായ് ഉദാരമായ സംഭാവനകൾ നൽകിയ എല്ലാ സ്പോൺസേഴ്സി നും അസീനയുടെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
Comments