Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങൾ (സന്തോഷ് പിള്ള)

Picture

ഈ മാസത്തെ എല്ലാ വീക്കെൻറ്റും കല്യാണങ്ങൾ ഉള്ളതാ, അതിനെല്ലാം പങ്കെടുക്കുമ്പോൾ ഇത്രയും നരച്ച മുടിയുമായി പോകണ്ട. വേഗം ചെന്ന്‌ തലമുടി കറുപ്പിക്കൂ.

മനസ്സില്ലാ മനസ്സോടെ കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്നു.

കുറച്ചുനാൾ മുമ്പുവരെ, കറുകറുത്ത കാർമേഘക്കൂട്ടങ്ങൾക്കിടയിൽ വല്ലപ്പോഴും മിന്നുന്ന വെള്ളിവരെപോലെ കാണപ്പെട്ടിരുന്ന വെളുത്ത മുടികൾക്കുപകരം, ഇപ്പോൾ തുരുതുരെ എഴുന്നു നിൽക്കുന്ന വെള്ളമുടികൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അല്പം കറുത്തവ മാത്രം.”

സൂക്ഷിച്ച് വച്ചിരിക്കുന്ന ആദ്യത്തെ പാസ്സ്പോർട്ട് കയ്യിലെടുത്ത്, കൗമാരപ്രായത്തിലെടുത്ത അതിലെ ഫോട്ടോയിൽ നോക്കി.

ഇടതൂർന്നു വളർന്നുനിൽക്കുന്ന കറുത്ത കേശം കണ്ട് -------ഒന്ന് ദീർഘമായി നിശ്വസിച്ചു.

പാനാം ഫ്‌ളൈറ്റിൽ കയറി ഇവിടെ എത്തിയത് ഇന്നലെയാണെന്നു തോന്നുന്നു.

എത്ര വേഗത്തിലാണ് ആയുസ്സ്‌ തീരുന്നത്.--------

എവിടെയാണ് ബാല്യവും, കൗമാരവും, യൗവ്വനവുമെല്ലാം പോയ്മറഞ്ഞത്!

എവിടെയോ കളഞ്ഞു പോയ കൗമാരം
ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു
ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു
ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിൽ മേൽ നിഴൽ വീഴും നഗരത്തിലോ ---------

മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും
മരിക്കാത്ത വാചാല നിമിഷങ്ങളും
കൊതിയോടെ ഒരുനോക്കു കണി കാണുവാൻ. അതെ കൗമാരപ്രായത്തിലെ ബന്ധങ്ങൾ എങ്ങനെ മറക്കുവാൻ കഴിയും. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഏറ്റവും അടുത്ത സുഹൃത്ത് ഒരു ഗായകനായിരുന്നു. അദ്ധ്യാപകൻ ഇല്ലാതിരുന്ന സമയത്ത് ഈ സുഹൃത്ത് ക്ലാസ്സിനു നടുവിൽ എഴുന്നേറ്റു നിന്നുകൊണ്ട് സിനിമാ ഗാനങ്ങൾ അടിച്ചുതകർത്തിരുന്നു. അങ്ങനെ ഒരുദിവസം ഈ വിദ്വാൻ വായ്പാട്ട് ആരംഭിച്ചു.

"നക്ഷത്ര ദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപം ഒരുങ്ങി

രാജധാനി വീണ്ടും സ്വാതിതിരുനാളിൻ രാഗ സുധ സാഗരത്തിൽ നീരാടി.
ആറാട്ടു കടവിലും ആനക്കൊട്ടിലിലും ആസ്വാദക ലക്ഷം നിറഞ്ഞു നിന്നു ------------
നാലമ്പലത്തിനുള്ളിൽ !!!!!!!!!!!!!!!!
നാടകശാലക്കുള്ളിൽ !!!!!!!!!!!!!!!
നിശബ്ദരായി ജനം സ്വയം മറന്നുനിന്നു
നിശബ്ദരായി ജനം സ്വയം മറന്നുനിന്നു ഈ ഗാനം അന്ന് എല്ലാ കുട്ടികൾക്കും വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം കോറസ്സ് പാടാനുള്ള ഒരു മാർഗ്ഗം അവർ കണ്ടുപിടിച്ചിരുന്നു.

""നാലമ്പലത്തിനുള്ളിൽ"" കഴിഞ്ഞു വരുന്ന വയലിൻ ശബ്ദം അനുകരിച്ച് ക്ലാസ്സ് മുഴുവൻ

""എന്റമ്മോ എന്റമ്മോ"" എന്നും

""നാടകശാലക്കുള്ളിൽ"" എന്നുകഴിയുമ്പോളും വീണ്ടും ""എന്റമ്മോ എന്റമ്മോ"" ആവർത്തിച്ചും ഞങ്ങൾ ഈ ഗാനം അത്യധികം ആസ്വദിച്ചിരുന്നു.

നിശബ്ദരായി എന്ന അടുത്ത വരിയിലേക്ക് കടന്നതും, ബഹളം കേട്ട ഹെഡ് മാസ്റ്റർ നീളം കൂടിയ ഒരു ചൂരലുമായി ക്ലാസ്സ് മുറിയിലേക്ക് കടന്നതും ഒരുമിച്ചായിരുന്നു.

പൂങ്കാവ് പള്ളിയിലെ പെരുനാളുകാണുവാൻ ഈ സുഹൃത്തുമൊപ്പം ഒരിക്കൽ പോവുകയുണ്ടായി. കുപ്പിവള, ബലൂൺ, കപ്പലണ്ടി കച്ചവടക്കാർക്കിടയിലൂടെ, മരണക്കിണർ മോട്ടോർ സൈക്കിൾ അഭ്യാസം കാണാനായി ഞങ്ങൾ കടൽപ്പുറത്തേക്ക് നടന്നു നീങ്ങി.

അലങ്കാര തൊങ്ങലുകൾ വലിച്ചുകെട്ടിയ മുളയുടെ മുകളറ്റത്ത് എതിർദിശയിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കോളാമ്പി ഉച്ചഭാഷിണികൾ. ഈ കോളാമ്പികൾ ഒരിക്കലൂം ഇണങ്ങുകയില്ലേ? എപ്പോൾ നോക്കിയാലും പരസ്പരം മുഖം തിരിച്ചെ നിലകൊള്ളുക ഉള്ളു.

കടൽക്കാറ്റിന്റെ തണുപ്പ് ശരീരത്തിൽ ഒട്ടിപിടിക്കുന്നു. നിലാ വെളിച്ചത്താൽ ശുഭ്ര വസ്ത്ര ധാരിയായ ധരത്രി . ശാന്തമായ കടലിരമ്പത്തോടൊപ്പം ഒഴുകിയെത്തുന്നു ഒരു ശോക ഗാനം.

മിഴിയോരം നിലാവലയോ പനനീർമണിയോ കുളിരോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
ശിശിരങ്ങൾ കടം വാങ്ങും
ഓരോ രജനി യാമം
എങ്ങോ കൊഴിയും നേരം
എന്റെ ഹൃദയം തേങ്ങി!

ഈ ഗാനം ശ്രവിച്ചപ്പോൾ അറിയാതെ എൻ ഹൃദയവും തേങ്ങുന്നു.

ജെറി അമൽദേവ് എന്ന സംഗീത സംവിദായകനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. സംഗീതത്തെ നെഞ്ചിലേറ്റിയ സുഹൃത്ത് വിവരിച്ചു. മലയാളത്തിൽ ഇതിനുമുമ്പ് ഇങ്ങനെ ഒരു ഈണം ഉണ്ടായിട്ടില്ല. ആദ്യ ശ്രവണത്തിൽ തന്നെ ഉള്ളിനുള്ളിലേക്ക് അലിഞ്ഞു ചേരുന്ന ഒരനുഭൂതി.

പക്ഷെ എൻറെ മനസുടക്കിയത് അർത്ഥവത്തായ വരികളിലായിരുന്നു. ആരായിരിക്കും ഈ ഗാനത്തിന്റെ രചയിതാവ്?

ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് കെമിസ്ട്രി ട്യൂഷൻ. വെയിലത്ത് രണ്ട് മൈൽ സൈക്കിൾ ചവിട്ടി പ്രൊഫസ്സറിന്റെ വീട്ടിൽ എത്തുമ്പേഴേക്കും ആകെ വാടിത്തളർന്നിരിക്കും. ഇടറോഡിലൂടെ പോയാൽ തണൽ മരങ്ങളുടെ ശീതളഛായയിൽ റോഡരികിലെ വീടുകളിൽ നിന്നും കേൾക്കുന്ന ചലച്ചിത്ര ഗാനമൊക്കെ ആസ്വദിച്ച് ആയാസ രഹിതമായി ലക്ഷ്യത്തിലെത്താം. അങ്ങനെയുള്ള ഒരുയാത്രയിലാണ്

""ഒറ്റ കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ ഈ സ്വരഗതിയിൽ ഈ വരിശകളിൽ"" എന്ന ഗാനം എന്നെ തേടിയെത്തിയത്.

കൗമാര പ്രായത്തിലായിരുന്ന കോളേജ് കുമാരന്മാരുടെ കാമുക സങ്കല്പ്പങ്ങളെ അടിമുടി ആവാഹിച്ച ഈ ഗാനം, അനേകം നാളുകൾ കലാലയത്തിൽ, കുട്ടികൾ ആലപിച്ചു കൊണ്ടേയിരുന്നു.

വിദ്യുച്ഛക്തി നഷ്ടപെട്ട ഒരുരാവിൽ, കൊതുകിന്റെ മൂളലുകൾകേട്ട്, പി ഭാസ്കരന്റെ ""ഒറ്റക്കമ്പിയുള്ള തംബുരു""എന്ന പുസ്തകത്തിൽ നോക്കിയപ്പോൾ ലഭിച്ച പ്രചോദനമാണ് ഈ ഗാനരചനക്ക് പ്രചോദനമായത് എന്ന് കവി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ജീവിത ചക്രം വീണ്ടും മുന്നോട്ടു കറങ്ങി, സമയ രഥങ്ങളിൽ ഞങ്ങൾ മറുകര തേടി. മൂന്നു വയസ്സുകാരൻ മകനെ കുളിപ്പിക്കുമ്പോൾ ഞങ്ങളോടൊപ്പം അവനും പാടി,

"ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും ചെല്ല പൈങ്കിളി,
ബാലഗോപാലനെ എണ്ണതേക്കുമ്പോൾ പാടെഡി"
മലയാള അക്ഷരങ്ങൾ ഇളം പ്രായത്തിൽ പഠിച്ചെടുക്കുവാൻ മകനെ, ഈ വരികൾ വളരെ അധികം സഹായിച്ചു.

പെറുക്കി പെറുക്കി സംസാരിക്കാൻ ആരംഭിച്ച രണ്ടു വയസ്സുള്ള മകൾക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ""ഒരു മുറൈ വന്തു പാർത്തായ".
ഈ ഗാനം ശ്രവിക്കുമ്പോൾ തന്നെ പിഞ്ചു കൈകാലുകൾ കൊണ്ട്‌ നൃത്തം വച്ച്,
"പാർത്തായ,പാർത്തായ"" എന്നാവർത്തിച്ചാവർത്തിച്ച് പാടുമായിരുന്നു.

മലയാളികളുടെ നാവിൽ തേനും വയമ്പും ഇറ്റിച്ച്, കിലുകിൽ പമ്പരം കറക്കി, ഏഴു സ്വരങ്ങളും തഴുകിയെത്തിയ കാവ്യ സ്രോതസ്സായിരുന്നു ബിച്ചു തിരുമലയുടെ വിരൽത്തുമ്പുകൾ.

അദ്ദേഹത്തിന്റെ ഓർമ്മകൾ മുഴുക്കാപ്പ് ചാർത്തുകയും, വിയോഗത്താലുണ്ടായ ദുഃഖം, അഭിഷേകം നടത്തുകയും, കലശങ്ങൾ ആടുകയും ചെയ്യുന്നു ഈ വേളയിൽ, അദ്ദേഹം നമുക്കായി നല്കിയ ഉപദേശം ശിരസ്സാവഹിക്കാം.

കുഞ്ഞേ നീ പഠിച്ചു മിടുക്കനായി എത്ര വലിയവനായാലും! ""ഏതു ദേശമാകിലും
ഏതു വേഷമാകിലും
അമ്മതൻ അമ്മിഞ്ഞപ്പാലിൻറെ മാധുര്യം കാത്തിടേണമേ ""



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code