Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇംപീച്ച്മെന്റിനെതിരെ പ്രതിരോധിക്കാന്‍ ട്രംപ് റൂഡി ജിയുലിയാനിയെ സമീപിക്കാന്‍ സാധ്യത   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബുധനാഴ്ച യുഎസ് കാപ്പിറ്റോളില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരെ വാദിക്കാന്‍ തന്റെ സ്വകാര്യ അഭിഭാഷകന്‍ റൂഡി ജിയൂലിയാനിയെ സമീപിച്ചേക്കാമെന്ന് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

25-ാം ഭേദഗതി നടപ്പാക്കാനും ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കാനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും ട്രംപിന്റെ ക്യാബിനറ്റിനും ഹൗസ് ഡമോക്രാറ്റുകള്‍ തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കുമെന്ന് പ്രതിനിധി ടെഡ് ലിയു പറഞ്ഞു.

 

""അമേരിക്കന്‍ സര്‍ക്കാരിനെതിരെ മനഃപ്പൂര്‍വ്വം അക്രമത്തിന് പ്രേരിപ്പിക്കുകയും, സര്‍ക്കാര്‍ സ്വത്തുവകകള്‍ നശിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും തെറ്റായ പ്രവര്‍ത്തനങ്ങളിലും ട്രംപ് ഏര്‍പ്പെട്ടു'' എന്ന് അവര്‍ ആരോപിക്കുന്നു.

ബുധനാഴ്ച, സായുധ പ്രക്ഷോഭകര്‍ യുഎസ് ക്യാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരുന്ന ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നത് നിര്‍ത്തലാക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസറടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും മന്ദിരത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. തന്റെ അനുയായികളോട് ക്യാപിറ്റോളിലേക്ക് പോകാനും, ശക്തി തെളിയിക്കാനും ട്രംപ് ആഹ്വാനം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

 

തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച ട്രംപിന്റെ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് റൂഡി ജിയൂലിയാനിയായിരുന്നു. അദ്ദേഹത്തിന്റെ സഹായം ട്രംപിന് ലഭിക്കുമെന്നാണ് ട്രംപിന്റെ വക്താക്കള്‍ പറയുന്നത്. ഇംപീച്ച്മെന്റ് ശ്രമങ്ങളില്‍ ജിയൂലിയാനി പ്രധാന പങ്കുവഹിക്കുമെന്ന് വൈറ്റ് ഹൗസിന്റെ ബാഹ്യ ഉപദേഷ്ടാവും പറയുന്നു.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ആരോപണത്തെക്കുറിച്ച് മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തില്‍ ആരോപണ വിധേയരായ മുന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത് പ്രസിഡന്റിന്റെ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതില്‍ പരിമിതികളുണ്ട്.

 

കഴിഞ്ഞ വര്‍ഷം ഇംപീച്ച്മെന്റ് വിചാരണയ്ക്കിടെ പ്രതിരോധ സംഘത്തെ നയിക്കാന്‍ സഹായിച്ച വൈറ്റ് ഹൗസ് കൗണ്‍സിലര്‍ പാറ്റ് സിപ്പോലോണ്‍, ക്യാപിറ്റോളിലെ ഉപരോധത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ദീര്‍ഘകാല അഭിഭാഷകരായ ജയ് സെകുലോയും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ സാധ്യതയില്ലെന്നറിയുന്നു.

ഹാര്‍വാര്‍ഡ് ലോ പ്രൊഫസര്‍ എമെറിറ്റസ് അലന്‍ ഡെര്‍ഷോവിറ്റ്‌സ് വെള്ളിയാഴ്ച പറഞ്ഞത് ട്രംപ് സഹായം ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തെ ബഹുമാനിക്കുമെന്നാണ്. എന്നാല്‍, ഞായറാഴ്ച താന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

 

25-ാം ഭേദഗതി പെന്‍സ് ആവശ്യപ്പെടുന്നില്ലെങ്കില്‍ ഡെമോക്രാറ്റുകള്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ഈ ആഴ്ച മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഞായറാഴ്ച പറഞ്ഞു. പെന്‍സ് പരാജയപ്പെട്ടാല്‍, ട്രംപിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ഡമോക്രാറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പെലോസി തന്റെ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code