Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കി സം‌തൃപ്തിയോടെ മാധവന്‍ ബി നായര്‍ പടിയിറങ്ങുന്നു

Picture

ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ ഔദ്യോഗിക പ്രസിഡന്റ് എന്ന പദവിയിൽ നിന്ന് മാധവൻ ബി നായർ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിനും സംഘടനയ്ക്കും അഭിമാനിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ ക്ഷേമത്തിനും സഹകരണത്തിനുമായി രൂപീകൃതമായ ഫൊക്കാനയുടെ  പ്രവർത്തന മേഖല ആദ്യ ഘട്ടങ്ങളിൽ അമേരിക്കൻ ഐക്യനാടുകളിൽ ഒതുങ്ങുന്നതായിരുന്നെങ്കിലും കാലക്രമേണ മലയാള നാടിന്റെയും ഭാഷയുടെയും പുരോഗമനത്തിലും അഭ്യുന്നതികളിലും സംഘടന ക്രിയാത്മകമായി തന്നെ പങ്കു ചേരുകയുണ്ടായി. എന്നാൽ, കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാധവൻ ബി നായരുടെ നേതൃത്വത്തിൽ ഭാരവാഹികൾ  സംഘടനയെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റി. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെയും സംഘടനയ്ക്കുള്ളിൽ നിന്നുണ്ടായ അന്തഃഛിദ്രങ്ങളെയും തരണം ചെയ്തുകൊണ്ടായിരുന്നു മാധവൻ ബി നായരുടെയും മറ്റ് ഭാരവാഹികളുടെയും പ്രവർത്തനം.



കൊറോണ തീർത്ത പ്രതികൂലാവസ്ഥകളെയും സംഘടനയെ അസ്ഥിരപ്പെടുത്തുവാനുള്ള നീക്കങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്ത മാധവൻ ബി നായർ അതിജീവനം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ അത് എങ്ങനെ വേണമെന്ന് തന്റെ കര്‍മ്മപഥത്തിലൂടെ തെളിയിച്ചു. തൊഴിൽപരമായി ചാർട്ടേഡ് ഫിനാൻഷ്യൽ കൺസൾട്ടന്റായ അദ്ദേഹം ഗണിത ശാസ്ത്രത്തിന്റെ കണിശതയാണ് സംഘാടനാ മികവിലും പ്രകടിപ്പിച്ചത്. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്ന വേളയിലാണ് കേരളത്തെ പ്രളയം അതിരൂക്ഷമായ ദുരിതങ്ങളിലാഴ്ത്തുന്നത്. ജന്മനാടിനോടും നാട്ടുകാരോടുമുള്ള സ്നേഹവും കാരുണ്യവും കരുതലും അദ്ദേഹം പ്രകടിപ്പിച്ചത് ഫൊക്കാനയുടെ നേതൃത്വത്തിൽ "ബിൽഡ് കേരള പദ്ധതി" ആവിഷ്ക്കരിച്ചുകൊണ്ടായിരുന്നു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട നിരവധി നിരാലംബര്‍ക്ക് പദ്ധതി താങ്ങും തണലുമായി. ഫൊക്കാനയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകിയ വീടുകൾ പ്രകൃതി ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് ചേക്കേറാൻ ഇടമൊരുക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ട ഈ സൽക്കർമ്മത്തെ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമൂഹവും പ്രശംസിച്ചിരുന്നു. മാധവൻ.ബി.നായർ അവതരിപ്പിച്ച ലോകമലയാളി കണക്റ്റ് പദ്ധതി 2020 ഉം സംഘാടക മികവിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയായി മാറുകയായിരുന്നു.



കേരളം പ്രളയ ദുരിതങ്ങളിൽ നിന്ന് കരകയറി തുടങ്ങുന്ന വേളയിലാണ് കേരളത്തെയെന്ന പോലെ ലോകത്തെയും കോവിഡ് - 19 മഹാമാരി ഗ്രസിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത ദുരിതങ്ങളാണ് മഹാമാരി ലോകത്തിന് സംഭാവന ചെയ്തത്. ഈ സന്ദർഭത്തിലും വളരെ ക്രിയാത്മകമായ പദ്ധതികളാണ് അദ്ദേഹം ഫൊക്കാനയിലൂടെ രോഗപ്രതിരോധത്തിനും മറ്റ് സന്നദ്ധ സേവനങ്ങൾക്കുമായി ആവിഷ്ക്കരിച്ചത്. ഇവിടെ അദ്ദേഹം ഒരിക്കലും ഒരു കാഴ്ചക്കാരനായിരുന്നില്ല. അമേരിക്കയിൽ താമസിക്കുന്ന മലയാളികൾക്ക് രോഗബാധയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും മറ്റ് സഹായങ്ങൾ ലഭ്യമാക്കുവാനുമായി ആരംഭിച്ച കൊറോണ ഹെൽപ്പ് മിഷൻ മലയാളി പ്രവാസി സമൂഹത്തിന് വളരെ ഗുണകരമായി. വൈറസ് വ്യാപനത്തിനെതിരെയുള പ്രതിരോധനിര ശക്തമാക്കാൻ രൂപീകരിച്ച ഫൊക്കാന 'ഗോ കൊറോണ ആർമി,' 'കോവിഡ് പ്രതിരോധ ഫൊക്കാന കർമ്മ സമിതി' എന്നിവയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹം മുൻകൈയെടുത്ത് നടപ്പിലാക്കിയ ആയുർവേദ ആരോഗ്യ പരിരക്ഷ വെർച്വൽ ബോധവൽക്കരണ പരിപാടികൾ, പ്രാർത്ഥനാ യോഗങ്ങൾ, മാനസിക പിരിമുറുക്കം കുറയ്ക്കുവാനുള്ള കൂട്ടായ്മകളും കൗൺസിലിംഗ് സെഷനുകളും എല്ലാം അപര സ്നേഹത്തിന്റെ തെളിവുകളാണ്.



അതേസമയം കേരളം കൊറോണ പ്രതിരോധ മാർഗ്ഗങ്ങളിൽ കൈവരിച്ച മികവിനെയും ആതുര ശിശ്രൂഷ രംഗത്ത് കേരളത്തിലെ വനിതകൾ പ്രകടിപ്പിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെയും ആദരിക്കാൻ ഫൊക്കാന മഹിളാ രത്ന പുരസ്കാരവും അദ്ദേഹം പ്രഖ്യാപിച്ചു. രത്നം പതിപ്പിച്ച പതക്കവും പ്രശസ്തി പത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം ആതുര സേവന രംഗത്തിനായി പ്രഖ്യാപിക്കപ്പെട്ട അംഗീകാരങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണ്. കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കാണ് പ്രഥമ പുരസ്കാരം സമർപ്പിച്ചിരിക്കുന്നത്.

സ്വയം പ്രവാസിയാണെങ്കിലും മാധവൻ ബി നായരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ജിവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന തരത്തിലാണ് എന്നുള്ളത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അമേരിക്കൻ വ്യവസായ രംഗത്ത് നിക്ഷേപം നടത്തുവാനും വ്യവസായം രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നവർക്കുമായി ഫൊക്കാന സംഘടിപ്പിച്ച അന്തർദേശീയ ബിസിനസ് സമ്മിറ്റ്, ഫൊക്കാന ഗ്രാൻഡ് സംരംഭകത്വ സെമിനാർ, ഫൊക്കാന ഫ്ലവേഴ്സ് സ്റ്റുഡന്റ്സ് സ്റ്റാർട്ടപ്പ്, ഫൊക്കാന മിസ് വേൾഡ് മത്സരം എന്നിവ ഉദാഹരണം.



കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാർ, എം.എൽ.എമാർ, ഔദ്യോഗിക രംഗത്തെ പ്രമുഖർ, പ്രശസ്ത വ്യക്തികൾ തുടങ്ങിയവരെയെല്ലാം ഉൾക്കൊളളിച്ച് അദ്ദേഹം സംഘടിപ്പിച്ച സംവാദങ്ങളും ചർച്ചകളും സർഗ്ഗാത്മകവും ദിശാബോധം നൽകുന്നവയുമായിരുന്നു. നാടും പ്രവാസി ലോകവും തമ്മിലുള്ള അകലം കുറയ്ക്കുകയും സഹകരണം വളർത്തുകയും ചെയ്യുന്നവയായി ഓരോ വെർച്വൽ മീറ്റിംഗുകളും. കൊറോണ വ്യാപനം സാമൂഹിക അകലം നിർബന്ധമാക്കിയിരിക്കുന്ന വേളയിൽ തന്നെയാണ് മനുഷ്യന്റെ സാമൂഹിക ജീവിതം മാധവൻ നായർ വെർച്വൽ ലോകത്തിലൂടെ സജീവമാക്കിയത്. കൊറോണയുടെ അടച്ചിരിപ്പുകാലം കുടുംബാംഗങ്ങളിൽ വൈരസ്യവും നിരുത്സാഹവും നിറയ്ക്കുന്നത് ഒഴിവാക്കാൻ സംഘടിപ്പിക്കപ്പെട്ട കുടുംബ സദസുകളും അതിജീവനത്തിന്റെ പ്രതീക്ഷയും പ്രത്യാശയും പകരുന്ന പങ്കുവയ്ക്കലുകളായി. ഫൊക്കാനയുടെ ഓൺലൈൻ ഓണാഘോഷ പരിപാടികളും സമൃദ്ധമായാണ് അദ്ദേഹം സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവൻഷനും സംഘാടന മികവിനാൽ വൻ വിജയമായിരുന്നു. കൺവൻഷനിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിനുള്ള പ്രമുഖരുടെ പങ്കാളിത്തം കൺവൻഷനെ അവിസ്മരണീയമാക്കി. അദ്ദേഹത്തിന്റെ കരുതലും സഹജീവി സ്നേഹവും സമൂഹം അംഗീകരിക്കുന്നതിന്റെയും ആദരവിന്റെയും തെളിവാണ് അദ്ദേഹത്തെ തേടിയെത്തുന്ന പുരസ്കാരങ്ങൾ.



ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐ.എ.പി.സി) അന്താരാഷ്ട മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്  മാധവന്‍ ബി. നായര്‍ക്കാണ് ലഭിച്ചത്. അദ്ദേഹം സമൂഹത്തിനിടയിലും ജന്മനാട്ടിലും നടത്തിവരുന്ന സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളെ ഐ.എ.പി.പി.സിയുടെ മുഖ്യ ഭാരവാഹി ഡോ. പരീഖ്  പ്രത്യേകം പരാമർശിച്ചു. എംബിഎന്‍ എന്നറിയപ്പെടുന്ന മാധവന്‍ ബി നായര്‍ എല്ലായ്പ്പോഴും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭകനാണ്.



 അദ്ദേഹം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേരളത്തിലെ 10 ജില്ലകളില്‍ 100 വീടുകള്‍ക്ക്‌ കേരള സര്‍ക്കാരിന്റെ ഭവനം ഫൌണ്ടേഷനുമായി ചേര്‍ന്നു ഫൊക്കാന ഭവന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുവാൻ  പ്രധാന പങ്കുവഹിച്ചു എന്നുള്ളതും അവാർഡ് കമ്മിറ്റി വിലയിരുത്തി. സാമൂഹ്യ സേവനങ്ങള്‍ക്കായി മാധവൻ ബി നായരെ തേടി അംഗീകാരങ്ങൾ മുൻപും എത്തിയിട്ടുണ്ട്. 2018ല്‍ 'വേലുത്തമ്പി ദളവ ദേശീയ അവാര്‍ഡ്,' യുകെ മലയാളി അസോസിയേഷനുകളുടെ യൂണിയനായ യുക്മ 2020 ഫെബ്രുവരിയില്‍ ലണ്ടനില്‍ വച്ച് നൽകിയ മികച്ച 'ട്രാന്‍സ്-അറ്റ്‌ലാന്റിക് നേതാവ് അവാര്‍ഡ്,' സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്  ആദി ശങ്കര ഗ്രൂപ്പിന്റെ 2019ലെ 'ആദി ശങ്കര എക്‌സലന്‍സ് അവാര്‍ഡ്,' 'NAMAM എക്‌സലന്‍സ് അവാര്‍ഡ്' തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മലയാളികള്‍ക്കു ലഭിക്കാവുന്ന മികച്ച പുരസ്‌കാരങ്ങളില്‍ ഒന്നാണിത്.



സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന മാധവൻ ബി നായർ സമകാലിക ലോകത്തെ സംഭവ വികാസങ്ങളിൽ തന്റേതായ അഭിപ്രായവും നിരീക്ഷണവും വച്ചുപുലർത്തകയും ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിവരുന്ന പംക്തികളിലൂടെ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കേരള കൗമുദി ഇംഗ്ലീഷ് ഓൺലൈനിലും ജന്മഭൂമിയിലും അദ്ദേഹം എഴുതി വരുന്ന പംക്തികൾ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തുന്ന രചനകളാണ്.



ഫൊക്കാനയുടെ പ്രസിഡന്റ് പദം മാധവൻ ബി നായർ അലങ്കരിച്ചപ്പോൾ ധന്യതയുടെയും സാക്ഷ്യത്ക്കാരത്തിന്റെയും ദിനങ്ങളാണ് സംഘടനയും മലയാളി സമൂഹവും അറിഞ്ഞതെന്ന് നിസ്സംശയം പറയാം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code