Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമലയില്‍ രോഗവ്യാപനവും ആചാരലംഘനവും സാധ്യമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണം: സുരേന്ദ്രന്‍ നായര്‍

Picture

അധികാരം തലയ്ക്കുപിടിച്ചൂ സമനില തെറ്റിയതായി കേരളസമൂഹം സംശയിക്കുന്ന മുഖ്യമന്ത്രിയും, ക്ഷേത്ര സങ്കല്‍പ്പങ്ങളുടെ പൊരുളറിയാത്ത ഒരു ദേവസ്വം ബോര്‍ഡും കോവിഡ് മഹാമാരിയുടെ മറവില്‍ വീണ്ടും ശബരിമല വിശ്വാസികളില്‍ ആശങ്കയുടെ വിത്ത് വിതയ്ക്കുന്നു.

 

രണ്ടുവര്‍ഷം മുന്‍പ് സുപ്രിംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ നടന്നുവന്നിരുന്ന ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും തച്ചുതകര്‍ത്തു അവിടത്തെ പ്രതിഷ്ഠാ സങ്കല്‍പ്പത്തെ പോലീസിന്റെ സഹായത്താല്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഹീനമായ ശ്രമങ്ങളും, ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ അത് പരാജയമടഞ്ഞതും ആരും മറന്നിട്ടില്ല. തുടര്‍ന്നുണ്ടായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച തിരിച്ചടിയില്‍ നിന്നും അവര്‍ ഒന്നും പഠിച്ചിട്ടില്ലായെന്നതാണ് ഇപ്പോള്‍ വീണ്ടും ശബരിമലയില്‍ പിടിമുറുക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്.

 

നിരവധി കണ്‍സള്‍ട്ടന്‍സികളും അതിലൂടെ കോടികളുടെ കമ്മീഷന്‍ സാധ്യതകളും ഉറപ്പാക്കി കമ്മ്യൂണിസം നടപ്പാക്കുന്ന ഒരു ഭരണം കേരളത്തില്‍ നടാടെയാണ്. കമ്മീഷനും കള്ളക്കടത്തും കസ്റ്റംസ് അന്വേഷണങ്ങളും കോടതിവ്യവഹാരങ്ങളും എന്‍ഐഎയും, സിബിഐയും ഒക്കെച്ചേര്‍ന്നു ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു മുഖ്യമന്ത്രിക്ക് ധനത്തിനോടുള്ള ആര്‍ത്തി മാത്രമാണ് ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ചു പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ലോകം ആദരിക്കുന്ന ഹൈന്ദവ ആധ്യാത്മിക ദര്‍ശനങ്ങളും, വിശ്വമാനവികതയും വിസ്മരിച്ചു കാണിക്ക വഞ്ചിയിലും വഴിപാടുകളിലും മാത്രം കണ്ണുംനട്ട് കാലം കഴിക്കുന്ന ഒരു ദുര്യോഗമായി കേരളത്തിലെ ദേവസ്വം ഭരണം അധഃപതിച്ചിരിക്കുന്നു.

പ്രതിദിന കോവിഡ് വ്യാപനം പതിനായിരത്തിനോടടുക്കുന്ന കേരളത്തിലെ വരുന്ന മണ്ഡലകാലം ഭക്തര്‍ക്കായി മലര്‍ക്കെ തുറക്കുന്നതിന്റെ പൊരുള്‍ അയ്യപ്പസ്വാമിയോടുള്ള സര്‍ക്കാരിന്റെ ആരാധനയാണെന്നു ആരും കരുതുന്നില്ല. ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയതാകട്ടെ ഏതാനും ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട ഒരു സമിതിയുടെ നിര്‍ദ്ദേശങ്ങളും.

 

മറ്റു ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായ വൈദിക താന്ത്രിക വിധിപ്രകാരം തപോനിഷ്ഠനായി അയ്യപ്പന്‍ കുടികൊള്ളുന്ന ശബരിമല ദേവസ്ഥാനത്തു അനുവര്‍ത്തിച്ചു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ക്ഷേത്രം തന്ത്രിയും അയ്യപ്പന്റെ പിതൃ സ്ഥാനീയനായ പന്തളം കൊട്ടാരം പ്രതിനിധിയുമാണ്. അവരെയൊക്കെ നോക്കുകുത്തിയാക്കിയും ഹിന്ദു ധര്‍മ്മാനുസാരികളായ ആധ്യാത്മിക ആചാര്യന്മാരെ അവഗണിച്ചും അയ്യപ്പ സേവാ സംഘം, സേവാ സമാജം തുടങ്ങി മുഴുവന്‍ ഹൈന്ദവ സംഘടനകളെയാകെ അകറ്റിനിര്‍ത്തിയും സര്‍ക്കാര്‍ രൂപംകൊടുത്ത ഉദ്യോഗസ്ഥ സമിതിയുടെ അജണ്ട ദുരുപദിഷ്ടമാണ്.

 

തിരുവിതാംകൂര്‍ രാജാവും കൊച്ചിരാജാവും അന്നത്തെ കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് രൂപംകൊടുത്ത കവനന്റ് പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍വന്നത്. ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാന്‍ അധികാരമുള്ള ദേവസ്വം ബോര്‍ഡിനുമേല്‍ ഇല്ലാത്ത അധികാരങ്ങള്‍ സ്വയം ഏറ്റെടുത്തു സര്‍വ്വാധികാരിയായി സംസാരിക്കുന്ന മുഖ്യമന്ത്രി ഒരു മതവിശ്വാസികളെയാകെ വെല്ലുവിളിക്കുകയാണ്. കവനന്റ് വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും വിശ്വാസങ്ങളിലും നടത്തുന്ന കടന്നുകയറ്റം പതിനായിരക്കണക്കിന് ഭക്തരുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നതാണ്.

 

പള്ളിത്തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി അനുസരിക്കാത്തവരെ അനുനയിപ്പിക്കാന്‍ നിരന്തരം ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജുമാ നമസ്കാരം ക്രമീകരിക്കാന്‍ ഇസ്ലാമിക പണ്ഡിതന്മാരുമായി കുടിക്കാഴ്ച്ചയ്ക്ക് ഓടിനടന്ന മുഖ്യമന്ത്രി ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ ആചാരങ്ങള്‍ ക്രമീകരിക്കുമ്പോള്‍ മാത്രം അവരുടെ ആചാര്യന്മാരെ ഒഴിച്ചുനിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

 

ശബരിമല തീര്‍ഥാടനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഏകപക്ഷിയമായ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണ്. കോവിഡ് കാലമാകയാല്‍ പ്രതിദിനം ആയിരം അയ്യപ്പന്മാര്‍ക്കു ദര്ശനാനുമതി, ശനി ഞായര്‍ ദിവസങ്ങളില്‍ അത് രണ്ടായിരം. മഹാമാരി നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഈ നാളുകളില്‍ ഇങ്ങനെയൊരു തീര്‍ത്ഥാടനത്തിനായി ആരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

 

ഭക്തരെ കോവിഡ് പരിശോധന ഉറപ്പാക്കി മാത്രം കടത്തിവിടും എന്ന് വീമ്പു പറയുന്ന പിണറായി, അത് പ്രായോഗികമാക്കാന്‍ നിലവിലുള്ള ഗുരുതര സാഹചര്യത്തില്‍ കഴിയില്ലായെന്ന മെഡിക്കല്‍ അസോസിയേഷനുകളുടെ അറിയിപ്പ് അവഗണിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെമ്പാടും അതിജീവനത്തിനായി തൊഴില്‍തേടി തെരുവിലിറങ്ങുന്ന ആയിരങ്ങളെ സാമൂഹ്യ അകലത്തിലാക്കാന്‍ പെടാപാടുപെടുന്ന പോലീസ് സേനയില്‍ നിന്നും എത്രപേരെ ശബരിമലയില്‍ വിന്യസിക്കാന്‍ കഴിയും എന്നതും ഉറപ്പില്ല. ഭക്തര്‍ തിങ്ങിനിറയുന്ന സന്നിധാനത്തും പതിനെട്ടാം പടിയിലും എന്ത് സാമൂഹ്യ അകലമാണ് ഉണ്ടാകാന്‍ പോകുന്നത് .നാമമാത്രമായ ദേവസ്വം ഗാര്‍ഡുകളുടെ സുരക്ഷാ ക്രമീകരണം ഒരിക്കലും കരണീയമാകാന്‍ സാധ്യതയുമില്ല.

 

ലോകത്തിന്റെ നാനാഭാഗത്തുനിന്നും പമ്പയിലെത്തുന്ന ഭക്തന്മാര്‍ മലകയറ്റം ആരംഭിക്കുന്നത് പമ്പാസ്‌നാനം എന്ന പവിത്രമായ ചടങ്ങോടെയാണ്. അതിനു മുഖ്യമന്ത്രി നിരോധനം ഏര്‍പ്പെടുത്തുന്നു, ശരീര ശുദ്ധിവരുത്തി ആത്മശുദ്ധി അന്വേഷിക്കുന്ന ഹൈന്ദവ വിശ്വാസമാണ് ഇവിടെ ഇല്ലാതാകുന്നത്. അയ്യപ്പന്മാര്‍ പമ്പയില്‍ കുളിക്കുന്നതും, പള്ളിക്കെട്ടിന്റെ കാര്‍മ്മികത്വം വഹിക്കേണ്ട പ്രായമുള്ള ഗുരുസ്വാമിമാരെ ഒഴിവാക്കി മലകയറുന്നതും നവോഥാനമായി ഹിന്ദുക്കള്‍ മാത്രം അനുസരിക്കേണ്ട നിയമമാണോ. ഭക്തന്മാര്‍ വൃതനിഷ്ഠയോടെ നിറച്ചുകൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യാനുള്ള അവകാശം തുടര്‍ന്ന് നിഷേധിക്കുന്നതിലൂടെ ജീവാത്മാവിന്റെ ഭാഗമായ നെയ്യ് പരമാത്മ സ്വരൂപമായ അയ്യപ്പന് അഭിഷേകം ചെയ്യുന്നു എന്ന ഭക്തന്റെ ആത്മനിര്വൃതിയെയാണ് ഹനിക്കുന്നത്.

 

പരമ്പരാഗതമായി നടന്നുവരുന്ന ഇത്തരം ആചാരങ്ങളെ നിഷേധിക്കുന്നതും നിയന്ത്രിക്കുന്നതും ഏതു ദൈവജ്ഞന്റെ ഹിതം നോക്കിയിട്ടാണ്, അതാണ് നടപ്പു രീതി. ആചാരാനുഷ്ടാനങ്ങളുടെ നിര്‍ണയാവകാശം തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായ ദേവനീതിയാണ്.

കീഴ്ക്കാംതൂക്കായ നീലിമലയില്‍ മാസ്ക് ധരിച്ചുകൊണ്ട് മാത്രം യാത്ര എന്ന നിബന്ധന വ്യാപകമായി ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ട് അതിന്റെ ഫലമായി രോഗം പൂര്‍ണ്ണമായും അനിയന്ത്രിതമാകുകയും ചെയ്യും, എന്ത് ഭക്തിയാണ് ഇവിടെ പരീക്ഷിക്കപ്പെടുക.
അതിനും ഉത്തരമുണ്ടാകില്ല.

 

ഏതു ക്ഷേത്രത്തിന്റെയും ദേവസാന്നിധ്യം പൂര്‍ണ്ണമാകുന്നത് അവിടെ നടത്തുന്ന നിത്യ പൂജകളിലൂടെയും ദേവന് വച്ചു നിവേദിക്കുന്നതിലൂടെയുമാണ്. അത് മുടങ്ങിയാല്‍ ക്ഷേത്ര ചൈതന്യം തന്നെ നിലക്കും. രാത്രിയുടെ യാമങ്ങളില്‍ യുവതികളെ ഒളിച്ചുകടത്തി ആചാരഭംഗം നടത്താന്‍ തുനിഞ്ഞിറങ്ങിയ അതെ രീതിയില്‍ പൂജ മുടക്കി നടയടപ്പിക്കുവാന്‍ ഉള്ള ഒരു ശ്രമവും ഇതിന്റെ പിന്നില്‍ ഉള്ളതായി ഭക്തര്‍ സംശയിക്കുന്നു.

 

ഒരു വര്‍ഷക്കാലമത്രയും അയ്യപ്പഭജനവും പൂജയുമായി സന്നിധാനത്തു താമസിക്കേണ്ട പുറപ്പെടാ ശാന്തികളായ മേല്‍ശാന്തിമാര്‍ ഭക്തജന തിരക്കില്‍ രോഗത്തിന് അടിമപ്പെട്ടാല്‍ പൂജ മുടങ്ങി നട അടക്കപ്പെടും. മൂലമന്ത്രവും പ്രധാന പൂജയും മറ്റൊരാള്‍ക്ക് ഇതിനിടയില്‍ കൈമാറ്റം ചെയ്യുന്ന പതിവും നിലവിലില്ല. ഇതിന്റെയൊക്കെ സാദ്ധ്യതകള്‍ ആരായാന്‍ ഐഎഎസ് മേല്‍ക്കോയ്മയോ അധികാരത്തിന്റെ ചെങ്കൊലോ പോരാ, വേദപണ്ഡിതരും ശാസ്ത്ര വിശാരദരും, തന്ത്രി മുഖ്യന്മാരും പ്രതിനിധാനം ചെയ്യുന്ന ദാര്‍ശനിക വേദിയുടെ ഉപദേശമാണ് തേടേണ്ടത്.

 

അയ്യപ്പഭക്തന്മാരെ രോഗാതുരരാക്കാനും ക്ഷേത്രസങ്കേതങ്ങളെ പ്രതിഷേധ വേദികളാക്കാനും തലമുറകള്‍ താലോലിച്ചുവരുന്ന വിശ്വാസങ്ങളെ അട്ടിമറിക്കാനും ലക്ഷ്യമിടുന്ന ഈ പ്രഖ്യാപനങ്ങള്‍ കേരള സര്‍ക്കാര്‍ സത്വരമായി പിന്‍വലിക്കണമെന്ന് സേവ് ശബരിമല യൂഎസ്എ എന്ന നോര്‍ത്ത് അമേരിക്കന്‍ അയ്യപ്പഭക്ത കൂട്ടയ്മ ആവശ്യപ്പെടുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code