Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ ബോര്‍ഡ് ലാബുകളുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടി: ഇന്‍ഫാം

Picture

കൊച്ചി: റബര്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കേരളത്തിലെ ഏഴു കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഡിആര്‍സി പരിശോധനാ ലാബുകള്‍ നിര്‍ത്തലാക്കി കൈമാറ്റം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് വന്‍ ഇരുട്ടടിയാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
 

സംസ്ഥാനത്ത് കോഴിക്കോട്, തൃശൂര്‍, മൂവാറ്റുപുഴ, പാല, കാഞ്ഞിരപ്പള്ളി അടൂര്‍, നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന  പരിശോധനാ ലാബുകള്‍ നിര്‍ത്തലാക്കിയാണ് ഉത്തരവ്. റബ്ബര്‍ പാല്‍ വിപണനത്തില്‍ ഉണ്ടാകാവുന്ന ചൂഷണം ഇല്ലാതാക്കാന്‍വേണ്ടി നടത്തുന്ന ഡി ആര്‍ സി പരിശോധന, റബ്ബര്‍ തോട്ടങ്ങളില്‍ വളപ്രയോഗത്തിന് ആവശ്യമായ മണ്ണ് പരിശോധന എന്നീ സേവനങ്ങള്‍ക്കാണ് റബ്ബര്‍ ബോര്‍ഡ് തന്നെ മരണമണി മുഴക്കിയിരിക്കുന്നത്.ഡിആര്‍സി  നിര്‍ണ്ണയിച്ച് നല്‍കുവാനുള്ള അനുമതി തങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് റബ്ബര്‍ ബോര്‍ഡ് വകാശപ്പെടുന്ന റബ്ബര്‍ പാല്‍ വിപണന കമ്പനികള്‍ക്ക് ഏല്പിച്ചു കൊടുത്തതു വഴി റബ്ബര്‍ വിപണിയില്‍ വന്‍ അഴിമതിക്കും ചൂഷണത്തിനുമാണ് കളമൊരുങ്ങിയിരിക്കുന്നത്.


റബര്‍ കമ്പനികള്‍ റബര്‍ ലാറ്റക്‌സിന്റെ ഗുണമേന്മ നിര്‍ണ്ണയിക്കുന്ന സാഹചര്യം കര്‍ഷകന് നീതി ലഭിക്കുന്നതല്ല. വ്യവസായികളെ സംരക്ഷിക്കാന്‍ റബര്‍ബോര്‍ഡിന് ലാബ് പരിശോധനയിലൂടെ ലഭിച്ചിരുന്ന വരുമാനംപോലും നഷ്ടപ്പെടുത്തുന്ന കെടുകാര്യസ്ഥത വന്‍ ഭവിഷ്യത്തുകള്‍ ഭാവിയില്‍ ക്ഷണിച്ചുവരുത്തും.  


പ്രതിദിനം ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നമായ റബ്ബര്‍ ലാറ്റക്‌സ് വില്‍ക്കുന്നതിന് അത്യന്താപേക്ഷിതമായ ഡിആര്‍സി പരിശോധനാ സംവിധാനത്തിന്റെ വിശ്വാസ്യതയും സൂക്ഷ്മതയും കാര്യക്ഷമതയും  ഈ ഉത്തരവിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. റബര്‍ കമ്പനികള്‍ക്ക് തങ്ങളുടെ ഇഷ്ടം പോലെ ഡിആര്‍സി നിര്‍ണ്ണയിച്ച് വന്‍തട്ടിപ്പ് നടത്താനുള്ള  അവസരമാണ് റബ്ബര്‍ബോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.
 

സംസ്ഥാനത്ത് ഏഴുകേന്ദ്രങ്ങളിലുള്ള ലാബുകളിലായി പന്ത്രണ്ട് സയന്റിഫിക് ഉദ്യോഗസ്ഥരും ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഗവേഷണ കേന്ദ്രത്തിലെ ഒരു പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും അടങ്ങുന്ന സംവിധാനമാണ് പുതിയ ഉത്തരവിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഡി ആര്‍ സി പരിശോധന റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കിയെന്നും ഇനി മുതല്‍ പരിശോധന റബര്‍ കമ്പനികള്‍ക്ക് വിട്ടുകൊടുത്തു എന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്.  .കര്‍ഷകരില്‍ നിന്ന് ധനം സമാഹരിച്ച് മോഹന വാഗ്ദാനങ്ങള്‍ നല്‍കി റബ്ബര്‍ ബോര്‍ഡ് രൂപം നല്‍കിയ റബര്‍ കമ്പനികള്‍ കെടുകാര്യസ്ഥതയും ഭരണ വൈകല്യവും മൂലം വന്‍ നഷ്ടത്തിലായി  ബാങ്കുകളില്‍ കോടികളുടെ കട ബാധ്യതയിലുമാണ്. റബ്ബര്‍ പാലും ഷീറ്റും നല്‍കിയതു വഴി കോടികളാണ് ഈ കമ്പനികള്‍ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ളത്. നികുതി ദായകരുടെ പണം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ആരംഭിച്ച ലാബ്‌സംവിധാനത്തിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ പൊതു മാനദണ്ഡങ്ങള്‍ പാലിക്കാതെ റബ്ബര്‍ മേഖലയക്ക് ഒരു നന്മയും ഇതിനോടകം ചെയ്യാന്‍ സാധിക്കാത്ത  കമ്പനികള്‍ക്ക് സൗജന്യമായി നല്‍കുന്നത്  നീതികരിക്കാനാവില്ല.
 

റബര്‍ കമ്പനികള്‍ നടത്തുന്ന ഗുണപരിശോധനയില്‍ തര്‍ക്കമുണ്ടായാല്‍ റബര്‍ ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്നും ഉത്തരവില്‍ പറയുമ്പോള്‍ കര്‍ഷകര്‍ നേരിടാനിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. റബര്‍ ബോര്‍ഡ് ഉന്നതര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന തുഗ്ലക് പരിഷ്‌കാരങ്ങള്‍ വന്‍ പരാജയമാണെന്ന് വ്യക്തമായിട്ടും റബര്‍ ബോര്‍ഡിന്റെയും റബര്‍ കൃഷിയുടെയും അടിത്തറ മാന്തുന്ന ഇത്തരം കര്‍ഷകദ്രോഹ നടപടിയില്‍ നിന്ന് റബര്‍ ബോര്‍ഡ് പിന്മാറണമെന്നും ലാബുകള്‍ രൈമാറുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഇതിനെതിരെ കര്‍ഷകസംഘടനകള്‍ സംഘടിച്ചു മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി  
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code