Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യസമ്മേളനം നടത്തി   - ജോസഫ് പൊന്നോലി

Picture

ഹ്യൂസ്റ്റൺ: കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ യുഎസ് എ ജൂൺ 21 2020 ഞായറാഴ്ച സാഹിത്യസമ്മേളനം നടത്തുകയുണ്ടായി. പ്രസിഡൻറ് ഡോക്ടർ മാത്യു വൈരമൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. അദ്ദേഹം പിതൃദിനത്തിൻറെ ആശംസകൾ എല്ലാവർക്കും നേർന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. പബ്ലിഷിംഗ് കോ-ഓർഡിനേറ്റർ മാത്യു നെല്ലിക്കുന്ന് അടുത്ത വർഷത്തേക്കുള്ള സാഹിത്യ സമാഹരങ്ങളിലേക്കുള്ള രചനകൾ അംഗങ്ങളോടും എഴുത്തുകാരോടും നൽകാൻ അഭ്യർത്ഥിച്ചു.

 

ടെലികോൺഫറൻസ് വഴി നടത്തിയ ഈ മീറ്റിംഗിൽ ശ്രീ ബാബു കുരവയ്ക്കൽ "ഗ്യാരി ബ്രൗൺ " എന്ന തന്റെ കഥ അവതരിപ്പിച്ചു. കുരവയ്ക്കൽ തൻറെ കഥയിൽ ഗ്യാരി ബ്രൗൺ എന്ന വ്യക്തിയുടെ ജീവിതത്തിൻറെ രണ്ടു വശങ്ങൾ ചിത്രീകരിക്കുകയുണ്ടായി. നല്ലൊരു ജോലിക്കാരൻ പക്ഷേ വീടില്ല ഓഫീസിൽ അന്തിയുറങ്ങുന്നു. ഭാര്യ വഞ്ചിച്ചു കടന്നു പോയി. ജീവനാംശം കൊടുക്കാൻ വീഴ്ച വരുത്തിയതുകൊണ്ട് ഓഫീസിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതു് മാനേജർ നിസ്സഹായനായി നോക്കി നിൽക്കുന്നു. ഈ കഥയിലൂടെ അമേരിക്കയിലെ ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ, വിവാഹമോചനങ്ങൾ ഉയർത്തുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾ തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയിലേക്ക് കഥാകൃത്ത് വിരൽചൂണ്ടുന്നു.

 

തുടർന്ന് ജോൺ കുന്തറ അദ്ദേഹത്തിന്റെ "കലണ്ടർ 2020" എന്ന ലേഖനം അവതരിപ്പിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതത്തിലും കലണ്ടറുകളിലും വന്ന മാറ്റങ്ങൾ അദ്ദേഹം ചിത്രീകരിക്കുന്നു. കോവിഡ് കാരണം ഉണ്ടായ മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വം, റദ്ദു ചെയ്യപ്പെട്ട പരിപാടികൾ, യാത്രകൾ. കൂട്ടിലടയ്ക്കപ്പെട്ട കിളികൾ മാതിരി ജീവിക്കുന്ന മനുഷ്യരുടെ മനസ്സിലെ കാർമേഘങ്ങൾ പെരുമഴയായി മാറുന്നു. പുതുവർഷത്തിലെ ശുഭാപ്തിവിശ്വാസം ഭീതിയായി മാറുന്നു. ദിനചര്യകൾ മാറുന്നു. ഈ മഹാമാരിയെ നേരിടാൻ പുതിയ ആശയങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇന്ന് ഇരുട്ടിൽ ജീവിക്കുന്ന മനുഷ്യൻ ശുഭാപ്തി വിശ്വാസത്തോടെ പണ്ട് വസൂരി വന്ന ദിനങ്ങളെ അതിജീവിച്ചതുപോലെ മുന്നോട്ടു പോകണം എന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.

 

തുടർന്ന് ജോൺ തൊമ്മൻ തന്റെ “പൂജാ കൗൺസിലിംഗ് സെൻറർ” എന്ന കഥ വായിക്കുകയുണ്ടായി. കുമാരൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് കുമാരന്റെ ജീവിതത്തിന്റെ വളർച്ചയും തളർച്ചയും ഭംഗിയായി കഥാകൃത്ത് ചിത്രീകരിക്കുന്നു. ഒരു മരത്തിൽ നിന്നും വീണ വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളർബാധ രോഗിയായി മാറുന്ന കുമാരനെ പരിപാലിക്കാൻ ബുദ്ധിമുട്ടു കാണിക്കുന്ന ബന്ധുക്കൾ, അനാഥ ശാലയിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്ന സഹോദരങ്ങൾ ഇവ മലയാളി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരിൽ നിന്നും രക്ഷപെട്ട് സ്വതന്ത്രനായി ജീവിതം കരുപ്പിടിപ്പിക്കുന്ന കുമാരൻ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നു. പലരുടേയും ജീവിതത്തിന് അത്താണിയായി ഉപദേശകനായി സ്വന്തം കടയിൽ കഴിഞ്ഞുകൂടുന്നു. വായനയായിരുന്നു കുമാരന്റെ ജീവിതത്തിൻറെ വഴികാട്ടി. വായനയിൽ നിന്നും നേടിയ അറിവ് ഉപയോഗിച്ച് കുമാരൻ നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. പലരുടേയും ഉപദേശകനായി മാറുന്നു. തൻറെ ഉപദേശം സ്വീകരിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങിത്തിരിക്കുന്ന വിൻസെന്റ് അവസാനം സാംസ്കാരിക മന്ത്രിയായി കുമാരന്റെ നാട്ടിൽ വന്ന് കുമാരന് സ്വീകരണം ഏർപ്പാട് ചെയ്യുന്നതോടൊപ്പം കുമാരന്റെയും ജമീല എന്ന കൗൺസിലറുടേയും ജീവിത സ്വപ്നങ്ങൾക്ക് അംഗീകാരം നൽകി അവരെ ബന്ധിപ്പിക്കുന്നു. അവരുടെ വിവാഹം നടത്തി പൂജാ കൗൺസിലിംഗ് സെൻറർ ഉത്ഘാടനം ചെയ്യുന്നു. കുമാരനും ജമീലയും നാടിൻറെ നന്മയായി തുടരുന്നു.

 

സാഹിത്യ ചർച്ചയിൽ സർവ്വശ്രീ ടി.ജെ. ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, എ.സി. ജോർജ് , ഡോക്ടർ വൈരമൺ , മാത്യു കുരവയ്ക്കൽ, മേരി കുരവയ്ക്കൽ, ജോൺ മാത്യു, ജോൺ കുന്തറ, കുര്യൻ മാലിൽ, ഈശോ ജേക്കബ്, ജോൺതൊമ്മൻ , ടി എൻ. സാമുവൽ , ഡോ. സണ്ണി എഴുമറ്റൂർ, ജോസഫ് തച്ചാറ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, റവ. തോമസ് അമ്പലവേലിൽ എന്നിവർ സജീവമായി പങ്കെടുത്തു. ജോസഫ് പൊന്നോലി മോഡറേറ്റർ ആയിരുന്നു. ശ്രീ മാത്യു മത്തായി ടെഷറർ നന്ദി രേഖപ്പെടുത്തി.

 

അടുത്ത മീറ്റിംഗ് ജൂലൈ 19, 2020 ഞായറാഴ്ച വീണ്ടും ടെലി കോൺഫറൻസ് മുഖേന നടത്തുന്നതായിരിക്കും. അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ വിവാദമാകുന്ന ഇലക്ടറൽ വോട്ടുകളുടെ ചരിത്രം, നിയമ വശങ്ങൾ, സാങ്കേതികത, ആവശ്യകത , പ്രായോഗിക വശങ്ങൾ, പ്രശ്നങ്ങൾ ഇവ ചർച്ച ചെയ്യുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code