Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭൂപരിഷ്കരണനിയമഭേദഗതി-മന്ത്രിസഭാതീരുമാനം അവ്യക്തവും ആശങ്കാജനകവും: ഇന്‍ഫാം

Picture

കൊച്ചി: ഭൂപരിഷ്കരണ നിയമഭേദഗതി സംബന്ധിച്ചുള്ള സംസ്ഥാന മന്ത്രിസഭാതീരുമാനം അവ്യക്തവും ആശങ്കാജനകവുമാണെന്നും സംസ്ഥാനത്തുടനീളം വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യ്ന്‍.
കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പുപ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും സ്താവരംജംഗമവസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ 87-എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുമെന്നുമാണ് ഒക്‌ടോബര്‍ 23ന് ഇറക്കിയ മന്ത്രിസഭാതീരുമാനത്തില്‍ പറയുന്നത്.

 

1960കളില്‍ രൂപപ്പെടുത്തി 1964ല്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ട് അഞ്ചരപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നത് കാലഘട്ടത്തിനനുസരിച്ച് സമ്പൂര്‍ണ്ണ പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടപ്പോള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജനദ്രോഹനടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടക്കുന്നത് ശരിയായ നടപടിയല്ല. 1960കളിലെ കേരളത്തിലെ 1.5 കോടി ജനസംഖ്യ ഇന്ന് 3.5 കോടിയോളമെത്തിയിരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വിസ്തൃതി കൂടിയിട്ടില്ല. അതേസമയം സര്‍ക്കാര്‍ രേഖകളില്‍ വനവിസ്തൃതി കൂടിയിട്ടുമുണ്ട്. ഇക്കാലയളവില്‍ മൂന്നിലേറെ തലമുറകളിലൂടെ പലതവണ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പാരമ്പര്യമായി ലഭിച്ചതും കഠിനാധ്വാനത്തിലൂടെ ആര്‍ജിച്ചതുമായ ഭൂമി വീതംവെച്ച് കൊടുക്കുമ്പോള്‍ ഇളവുലഭിച്ച ഭൂമിയാണോയെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തിലുള്ള രജിസ്‌ട്രേഷന്‍ വകുപ്പാണ് നിയമതടസ്സമൊന്നുമില്ലാതെ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈമാറ്റം അനുവദിച്ചത്. ഭൂമി വില്‍ക്കാന്‍ പാടില്ലെന്ന ഭേദഗതിനിയമം 1908ലെ രജിസ്‌ട്രേഷന്‍ നിയമത്തിനെതിരാണ്. കൈമാറ്റം ലഭിച്ചഭൂമി വില്ലേജ് ഓഫീസുകളില്‍ പേരില്‍ കൂട്ടി കരമടച്ച് എല്ലാ നിയമബാധ്യതകളും നിര്‍വഹിച്ചിട്ട് സര്‍ക്കാര്‍ അഞ്ചരപതിറ്റാണ്ടു മുമ്പുള്ള നിയമങ്ങള്‍ പൊടിതട്ടിയെടുത്ത് ജനങ്ങളെ ദ്രോഹിക്കാതെ നിലവിലുള്ള അവസ്ഥയ്ക്ക് സാധൂകരണം നടത്താനുള്ള നിയമനടപടികളാണ് വേണ്ടത്.

 

ഭൂമിക്ക് ഓരോ പ്രദേശങ്ങളിലും താരിഫ് വില നിര്‍ണ്ണയിച്ചപ്പോള്‍ 81 (i)(e) പ്രകാരം ഇളവനുവദിച്ച ഭൂമി സര്‍ക്കാര്‍ പ്രത്യേകമായി കണ്ടില്ല. ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവദിച്ചതും സംസ്ഥാന സര്‍ക്കാരാണ്. തോട്ടങ്ങള്‍ വകമാറ്റാനാവില്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചതും അനധികൃതവുമായ ക്വാറിഖനനങ്ങള്‍ എങ്ങനെ തോട്ടങ്ങളില്‍ നിര്‍ബാധം നടക്കുന്നു. മലബാര്‍ മേഖലകളില്‍ തോട്ടമെന്നത് കരഭൂമിയും മധ്യകേരളത്തില്‍ തോട്ടം മിച്ചഭുമിയുമെന്നതിന്റെ പിന്നിലും സംസ്ഥാനത്തുടനീളം നടപ്പിലാക്കേണ്ട ഭൂ നിയമം ചില ജില്ലകളില്‍ മാത്രമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിലും ദുരൂഹതയുണ്ട്.

 

കടക്കെണിയും വിലത്തകര്‍ച്ചയും പ്രളയപ്രകൃതിദുരന്തങ്ങളുമായി ജീവിതം വഴിമുട്ടിനില്‍ക്കുന്ന കര്‍ഷകരെ പഴകിത്തുരുമ്പിച്ച ഭൂനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും 87-എ എന്ന പുതിയ നിയമം സൃഷ്ടിച്ചും വന്‍പ്രതിസന്ധിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്നതും കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ സ്വന്തം കിടപ്പാടം പോലും തട്ടിയെടുക്കാന്‍ നിയമം നിര്‍മ്മിച്ചിട്ട് കര്‍ഷകസ്‌നേഹം കൊട്ടിഘോഷിക്കുന്നതും വിരോധാഭാസമാണ്. വന്‍കിട ഭൂമാഫിയകളെ സംരക്ഷിച്ചുകൊണ്ട് നടത്തുന്ന നിയമഭേദഗതികള്‍ കേരളത്തിലുടനീളം കോടതിവ്യവഹാരങ്ങളിലൂടെ ചെറുകിട ഭൂവുടമകളെ തെരുവിലിറക്കുമെന്നും ഭൂവിനിയോഗ നിയമങ്ങളില്‍ ഇതരസംസ്ഥാനങ്ങളുടെ മാതൃകസ്വീകരിച്ച് ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

 

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code