Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രൈം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി (വാല്‍ക്കണ്ണാടി കോരസണ്‍)

Picture

കേരളത്തിലെ മഹാപ്രളത്തിനു ശേഷം ലോകത്താകമാനമുള്ള മലയാളികള്‍ ഒന്നിച്ചത് ഇപ്പോഴാണ്. കൂടത്തായി കൂട്ടക്കൊലക്കേസിലെ ജോളിയുടെ വിചിത്രമായ ജീവിതത്തെയും ക്രൂരതകളെയുംപറ്റി കേട്ടു ഹൃദയമിടിപ്പോടെയാണ് ഓരോ ദിവസവും മലയാളി തള്ളി നീക്കുന്നത്. മലയാളികളില്‍ ആകെ ഒരു പാപിനിയും, ബാക്കിയുള്ള മൊത്തം മാലാഖമാരും എന്നതാണ് അവസ്ഥ!. എത്രപേര്‍ മനസ്സുകൊണ്ട് സയനൈഡ് ചേര്‍ത്ത് ഭക്ഷിക്കാന്‍ വച്ച് നീട്ടുന്നു .അല്‍പ്പം ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ എത്ര ജോളിമാര്‍ നമ്മുടെ ഇടയില്‍ കാവടിആടും എന്ന് ചിന്തിക്കാനാവുമോ.

 

"സയനൈഡ് കിട്ടുന്ന വിധം അറിയില്ല അല്ലെങ്കില്‍ ഇവളുമാരു എപ്പോളേ നമക്കിട്ടു സൂപ്പ് തന്നേനേ" ഒരു സുഹൃത്തിന്റെ തമാശ. അടക്കം അധിക്ഷേപിക്കുകയല്ല എന്നാലും, അധികാരവും സുഖവും പണവും അംഗീകാരവും മോഹിക്കാത്ത,അതിനുവേണ്ടി ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത എത്രപേര്‍ കാണും മലയാളികളില്‍? ഇത്തരം എത്രയോ സംഭവങ്ങള്‍ ശ്രദ്ധിക്കാതെ കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോയിക്കാണണം. ഒക്കെ വളരെ ഭദ്രം എന്ന് തോന്നിപ്പിക്കുന്ന ജീവിത നാടകങ്ങളില്‍ ഇത്തരം ചില ദാരുണ അനുഭവങ്ങളാണ് മനസ്സു തുറക്കാന്‍ സഹായിക്കുന്നത്. സൂക്ഷ്മതക്കുറവ്, ജാഗ്രതയില്ലായ്മ, മുതലെടുപ്പുകള്‍ തിരിച്ചറിയാതിരിക്കുക, അനുഭവങ്ങള്‍കൊണ്ട് ഒന്നും പഠിക്കാതിരിക്കുക ഒക്കെ നമ്മുടെ സമൂഹത്തെ അന്ധമാക്കുന്നു.

 

അക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു

 

അക്രമം സമൂഹത്തെ ഒന്നിപ്പിക്കുന്നു,(െ്രെകം യൂണൈറ്റ്‌സ് കമ്മ്യൂണിറ്റി) എന്ന ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞന്‍ എമിലി ദര്‍ഖേയിം (1858 - 1917) പറഞ്ഞപ്പോള്‍ മുഖം ചുളിച്ചവര്‍ ഏറെയായിരുന്നു. അക്രമോത്സുകതമായ, വഴിതെറ്റിയ പെരുമാറ്റരീതികള്‍ ആളുകളെ ഒന്നിപ്പിക്കുന്നു, അവര്‍ അക്രമിക്കെതിരായി ഒന്നായി പ്രതികരിക്കുന്നു, അങ്ങനെ സാമൂഹിക ഇടപെടലുകളെ ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നു. അക്രമങ്ങള്‍ ഒരു സാധാരണ സാമൂഹിക പ്രക്രിയ ആയി മാറുന്നു എന്നാണ് എമിലി ദര്‍ഖേയിം പറഞ്ഞത്.

 

'അക്രമം' ഒരു സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ്. ഒരു കുറ്റകൃത്യം ഉണ്ടാകുമ്പോള്‍ സാമൂഹിക ഇടപെടലുകളില്‍ വേണ്ട തിരുത്തലുകള്‍ ഉയര്‍ന്നുവരികയും, പെരുമാറ്റച്ചട്ടം,ആദര്‍ശം, മൂല്ല്യം,വിശ്വാസം,ധര്‍മ്മം ഇവയെക്കുറിച്ചു പുതിയ അളവുകോലുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യും. സാമൂഹിക ഇടപെടലുകളിലെ ജൈവമായ പരിണാമക്രമം, വ്യതിയാനം സമൂഹത്തെ കൂടുതല്‍ ഭദ്രമാക്കുകയും കോട്ടങ്ങള്‍ പരിഹരിക്കയും ചെയ്യപ്പെടും.

 

കുറ്റകൃത്യം ഒഴിവാക്കാനാവാത്ത സാമൂഹിക പ്രക്രിയയാണ്. അത് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഉണ്ടാകുന്നുണ്ട് എന്ന് പുരാണങ്ങള്‍ പോലും പറയുന്നു. സാമൂഹിക ക്രമങ്ങള്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ നിയമങ്ങള്‍ ഉണ്ടായി, സ്വാഭാവികമായും അതിനു യോജിപ്പില്ലാത്തവര്‍ കലഹം ഉണ്ടാക്കി, അഭിപ്രായ വ്യത്യാസത്തില്‍ നിന്നും പകയുംഅക്രമവുമായി മാറി. പുതിയ അക്രമണരീതികള്‍ പുതിയ പെരുമാറ്റ ചട്ടങ്ങള്‍ നിര്‍മ്മിക്കുകയും ചിലവ ഒഴിവാക്കാക്കിക്കൊണ്ടുമിരുന്നു. ശിക്ഷയെക്കുറിച്ചും അവ എങ്ങനെ നടപ്പാക്കണം എന്നും വീണ്ടും ചര്‍ച്ചകള്‍ ഉണ്ടായി. അങ്ങനെ ഓരോ പ്രമാദമായ കുറ്റകൃത്യം ഉണ്ടാകുമ്പോഴും ന്യായത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അടിസ്ഥാനപരമായ വിചിന്തനം രൂപപ്പെടും.

 

അനിവാര്യമായ തിരുത്തലുകള്‍

 

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര ഇപ്പോള്‍ ഇത്തരം ഒരു സാമൂഹിക തിരുത്തലിനു വിധേയമാക്കുകയാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്ന സുരക്ഷിതത്വം, സുഖം,തണല്‍, സാമൂഹിക നിലവാരം, ശീലങ്ങള്‍, പെരുമാറ്റം ഒക്കെ പുരുഷന്മാര്‍ എങ്ങനെ കാണുന്നു. അതുപോലെ പുരുഷന്‍ സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധേയത്വം, തലോടല്‍, കൈത്താങ്ങുകള്‍, സംതൃപ്തി, സ്വാതന്ത്ര്യം ഒക്കെ പുതിയ അളവില്‍ നിരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. കൂട്ടുകുടുംബങ്ങളിലും, ഒറ്റപ്പെട്ട കുടുംബങ്ങളിലും ഇന്നും നടമാടുന്ന രീതികള്‍, സമീപനങ്ങള്‍ ഒക്കെ പുതിയ സദാചാര നിലവാരത്തിലേക്ക് കൊണ്ടുപോകണം.

 

കുടുംബത്തിലെ പണമിടപാടുകള്‍ ആര് ഏറ്റെടുക്കണം?അവരാണ് കുടുംബത്തിന്റെ നേതാവ് എന്ന ധാരണ. ഇടപാടുകളിലെ സുതാര്യത, വ്യക്തത, ഏതുവരെ സത്യം പറയാം, പറയേണ്ട, ആരാണ് അന്ത്യമായ നേട്ടക്കാരന്‍. തമ്മിലുള്ള വായ്പകള്‍, തിരിച്ചു ചോദ്യങ്ങള്‍ , അപ്പോഴുണ്ടാകുന്ന അപസ്വരങ്ങള്‍ ഒക്കെ മതിലിനു പുറത്തു ആരും അറിയാതിരിക്കുക, അഥവാ അറിഞ്ഞാലും, ഇടപെടാതിരിക്കുക. ഓരോ അവസ്ഥയിലും എടുത്തണിയുന്ന കപടതയുടെ മുഖപടങ്ങള്‍! തോറ്റുപോകുന്ന മതത്തിന്റെ ധാര്‍മ്മികത, കടമകള്‍, ഉത്തരവാദിത്തം, ഒക്കെ വെറും വേഷംകെട്ടുകള്‍ എന്ന ധാരണകള്‍. മറ്റുള്ളവരില്‍ നിന്നും ബഹുമാനം പിടിച്ചുവാങ്ങാന്‍ കാട്ടുന്ന കോപ്രായങ്ങള്‍. വിശ്വാസം എന്ന കെട്ടുകഥ. എല്ലാം ആത്യന്തികമായി തന്നിലേക്ക് തന്നെ തറച്ചുനില്‍ക്കുന്ന കടുത്ത സ്വാര്‍ത്ഥത ഒക്കെ ഒന്ന് കൂടി തിരിച്ചറിയണം.

 

വിവാഹ ബന്ധത്തിന് തയ്യാറാകുമ്പോള്‍ സൗന്ദര്യത്തേക്കാള്‍ കുടുംബ പശ്ചാത്തലവും, ചുറ്റുപാടുകളും ചോദിച്ചറിയുക എന്നത് ഇപ്പോള്‍ പഴങ്കഥയായി. ഒക്കെ സ്വന്തമായി തീരുമാനിക്കപ്പെടുമ്പോള്‍ കുറെയേറെ വലിയ കാര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. സ്വന്തം അരക്ഷിതാവസ്ഥയില്‍ വീര്‍പ്പുമുട്ടുന്ന ദാമ്പത്യത്തിലെ ഒരുഭാഗം മറുഭാഗത്തെ പ്രതിരോധത്തില്‍ തളച്ചിടുകയാണ്. എങ്ങനെയും തകര്‍ക്കുക ഒറ്റപ്പെടുത്തുക എന്ന രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ യുദ്ധസമാനമായ അവസ്ഥയാണ് ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നത്. വിവാഹ ബന്ധത്തില്‍പ്പെടുന്ന രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിയാണ് പലേടത്തും വരച്ചിരിക്കുന്നത്.

 

സഹോദരങ്ങള്‍ തമ്മിലുള്ള വിശ്വാസവും കരുതലും, നേട്ടങ്ങളെക്കുറിച്ചുള്ള മത്സരത്തില്‍ അലിഞ്ഞുപോയി. കുടുംബ കൂട്ടായ്മകള്‍ക്കുള്ളില്‍പോലും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന രീതിയില്‍ തുറന്നു സമീപിക്കുന്ന സ്ത്രീപുരുഷമാരുടെ സൗഹൃദങ്ങള്‍, പരിധിവിട്ടാല്‍ വിനാശകരമായ നിലയില്‍ എത്തും. സ്ത്രീകള്‍ തങ്ങളുടെ സാമര്‍ഥ്യം കൊണ്ട് കുടുംബത്തില്‍ ചില്ലറ കാര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ , അതാണ് ശരിയായ രീതി എന്ന് വിട്ടുകൊടുക്കുന്ന പുരുഷന്‍മാരും വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് അറിയുമ്പോഴേക്കും ഒക്കെ കൈവിട്ടു പോകും.

 

തര്‍ക്കങ്ങള്‍ ഒതുങ്ങാതെയാകുമ്പോള്‍ ഉള്‍പ്പെടുന്ന വ്യവഹാരങ്ങള്‍, തീരുമാനം ആയാലും വിശ്വാസത ചോദ്യം ചെയ്യപ്പെടുന്ന നീതിന്യായ മര്യാദകള്‍, നിഷ്ക്രിയരായി, നിസ്സഹായകരായി കൈ മലര്‍ത്തുന്ന ഭരണക്രമങ്ങള്‍, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, വിശ്വാസത നഷ്ട്ടപ്പെടുന്ന പൊതു മാധ്യമങ്ങള്‍, വഴുവഴുപ്പന്‍ രാഷ്ട്രീയ നിലപാടുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍ ഒക്കെ നമ്മെ അങ്കലാപ്പു സൃഷ്ട്ടിക്കുന്ന ഗോത്ര സംസ്കാരത്തിലേക്ക് തരം താഴ്ത്തുകയാണ്. എന്തിനെയും എല്ലാത്തിനെയും ഭയന്നുള്ള ഒളിച്ചോടലുകള്‍, കടുത്ത ലൈംഗിക അരാജകത്വം, അസംതൃപ്തി, മൂടിവച്ച വൈകൃതങ്ങള്‍, ഒടുങ്ങാത്ത അഭിനിവേശങ്ങള്‍ , മതിവരാത്ത ആര്‍ത്തി, ആസക്തി, അന്ധ വിശ്വാസങ്ങള്‍, പാപവും പുണ്യവും താന്‍ തന്നെ തീരുമാനിക്കും, സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ എന്ന അഹങ്കാരം ഒക്കെ നമ്മെ കൊണ്ടെത്തിക്കുന്നത് ഏതു തമോഗര്‍ത്തത്തിലേക്കാണ്?

 

ശുദ്ധമായതും നേര്‍ത്തതും കനിവുള്ളതും ഒക്കെ പരാജയത്തിന്റെ പര്യായമായി. വെട്ടിപ്പിടിച്ചും പിടിച്ചു പറിച്ചും ദ്രോഹിച്ചും കൊള്ളയിട്ടും നേടുന്ന നേട്ടങ്ങള്‍ വിജയത്തിന്റെ അടയാളങ്ങളായി. തകിടുകളിലും ചരടുകളിലും ആഭിചാരത്തിലും മഷിനോട്ടങ്ങളിലും വിശ്വാസം കൂടി, അവിടവിടെയായി നിലനിന്ന സമൂഹത്തിന്റെ ചുമടുതാങ്ങികള്‍ അപ്രത്യക്ഷങ്ങളായി, ആര്‍ക്കും ആരെയും വേണ്ടാതായി. നഷ്ടപ്പെട്ടത് മറ്റൊന്നുമല്ല, പരസ്പരം നിലനില്‍ക്കാനുള്ള വിശ്വാസത്തിന്റെ പാലാരിവട്ടം പാലമാണ് ഇടിഞ്ഞുവീണത്.

 

വ്യാസന്‍ പറഞ്ഞ കഥ

 

വ്യാസന്‍ പറഞ്ഞ ഒരു കഥയുണ്ട്. മൈത്രേയന്‍ എന്ന രാജാവ് വേട്ടക്ക് പോയി ഒരു വനത്തില്‍ രാത്രി കുടുങ്ങി. ഒരു മരത്തിനു മുകളില്‍ രാത്രി ചിലവഴിക്കാന്‍ എത്തിയ രാജാവിനെ, മരത്തില്‍ കയറി വന്ന ഒരു കരടി നേരിടുന്നു. കരടിയെ ഓടിച്ചു കൊണ്ടുവന്ന സിംഹം മരത്തിനു താഴെ നിലയുറപ്പിച്ചതുകൊണ്ടു അവര്‍ തമ്മില്‍ ഒരു ധാരണ ഉണ്ടാക്കുന്നു. രാത്രി പകുതി വരെ രാജാവ് ഉറങ്ങും, കരടി കാവലിരിക്കും, ബാക്കി സമയം രാജാവ് കരടിക്കു കാവലിരിക്കണം, അപ്പോഴേക്കും സിംഹം പൊയ്‌ക്കൊള്ളും. രാജാവ് ഉറക്കം തുടങ്ങിയപ്പോള്‍ സിംഹം കരടിയോടു, ആ രാജാവിനെ ഇങ്ങോട്ടു തട്ടിയിട്ടുകൊള്ളൂ, നിന്നെ ഉപദ്രവിക്കില്ല എന്ന ഒരു വിലപേശല്‍. ധാര്‍മ്മികനായ കരടി അതിനു വഴങ്ങിയില്ല. രാജാവിന്‍റെ ഊഴം വന്നപ്പോളും സിംഹം, കരടിയെ ഇങ്ങോട്ടു തട്ടിയിട്ടോളൂ നിന്നെ ഉപദ്രവിക്കില്ല എന്ന് വിലപേശി. രാജാവ് സമ്മതിച്ചില്ല എങ്കിലും, സിംഹം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ രാജാവ് , കരടിയെ താഴേക്ക് തട്ടി. താഴെവീഴാതെ കരടി മരക്കമ്പില്‍ പിടിച്ചു രക്ഷപെട്ടു. പിന്നീട് ധാര്‍മ്മികനായ കരടിയും ആഹാരത്തിനായി വിലപേശുന്ന സിംഹവും ശാപമോക്ഷം നേടുന്നു, ആത്മശിക്ഷണം നഷ്ട്ടപ്പെട്ട രാജാവ് കടുത്ത ശാപത്തിനിരയാകുന്നു.

 

ഇവിടെ നഷ്ടപ്പെടുന്നത് ചില ധാരണകളാണ്, വിശ്വാസങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ആധാരങ്ങളാണ് കൈമോശം വരുന്നത്. നമ്മുടെ സമൂഹത്തിനു ശാപമോഷം ഉണ്ടാകണമെങ്കില്‍, ഇന്നത്തെ നമ്മുടെ സാമൂഹിക അവസ്ഥയെക്കുറിച്ചു ഒരു സൂക്ഷമ പരിശോധന ഉണ്ടാവണം. അത് എല്ലാതലങ്ങളില്‍നിന്നും ഉണ്ടാവാനുള്ള ആര്‍ജ്ജവം കാട്ടണം. അതിനു കൂടത്തായി കൂട്ടക്കൊലക്കേസ് ഒരു നിമിത്തമാകട്ടെ. െ്രെകം യൂണൈറ്റ്‌സ് മലയാളി കമ്മ്യൂണിറ്റി.

 

എന്താണ് വേണ്ടത്

 

ഓരോ നിമിഷവും അപ്പുറവും ഇപ്പുറവും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയുന്ന ഡിജിറ്റല്‍ യുഗത്തില്‍, അക്രമവാസനയും അവിശ്വസ്തതയും പത്തിവിടര്‍ത്തിയാടുന്ന സീരിയല്‍ നാടകങ്ങളും നമ്മുടെ സമൂഹത്തെ വല്ലാത്ത ഒരു രീതിയിലേക്ക് മാറ്റുന്നുണ്ട്. പ്രതിവിധികള്‍ രൂപപ്പെടണം. ആരോഗ്യപരമായ സാമൂഹിക ബന്ധങ്ങള്‍ക്ക് വഴിമരുന്നിടുന്ന പഠന ക്രമങ്ങള്‍ ചെറിയ ക്ലാസുകള്‍ മുതല്‍ ആരംഭിക്കണം.

 

ആശയ വിനിമയത്തില്‍ സാങ്കേതികവിദ്യ പ്രധാനപ്പെട്ട പങ്കുവഹിക്കുമ്പോള്‍, ആദരവ്, സ്‌നേഹം, കരുണ, ശരിയായ ആശയവിനിമയം എന്ന സാമൂഹിക സങ്കല്‍പ്പങ്ങള്‍ സമഗ്രപഠനത്തിനു വിധേയമാക്കണം. അത് സര്‍ക്കാരുകള്‍ നേരിട്ട് ഏറ്റെടുക്കേണ്ട കര്‍ത്തവ്യമാണ്. സദാചാര ചിന്തകള്‍ ചൂണ്ടിക്കാണിക്കേണ്ട മതസംവിധാനങ്ങള്‍ , മനുഷ്യരെ തമ്മിലടിപ്പിക്കുന്ന കോമരങ്ങളായി അധഃപതിക്കുമ്പോള്‍ ആ വിടവ് നികത്തേണ്ടത് സമൂഹത്തിന്റെ സാംസ്കാരിക നേതൃത്വമാണ്. അതിനെ പരിപോഷിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. സാംസ്കാരിക വകുപ്പ് കൂടുതല്‍ ഉത്തരവാദിത്തത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം.

 

"There is no power for change greater than a communtiy discovering what it cares about."
– Margaret J. Wheatley

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code