തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നല്‍കാനെന്ന വ്യാജേനെ പതിനായിരത്തിലേറെ രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷം തിരികെ മെഡിക്കല്‍ സ്റ്റോറില്‍ നല്കി പണം തട്ടിയ കേസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് മെയില്‍ നഴ്സുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ആയിരക്കുഴി സ്വദേശി ഷമീര്‍ (29), ഓരുടമ്പലം മന്നടിക്കോണം സ്വദേശി ബിവിന്‍ (33) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മകന് വിപിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ കാര്യവട്ടത്തിന് സമീപം നടന്ന അപകടത്തില്‍ കട്ടൈക്കോണം സ്വദേശിനി ബേബിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ബേബിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വില കൂടിയ മരുന്നുകള്‍ വാങ്ങാന്‍ ഡ്യൂട്ടി നഴ്സുമാര്‍ കുറിപ്പടി നല്കി. ആശുപത്രിക്ക് പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 10,793 രൂപയുടെ മരുന്നാണ് വാങ്ങിയത്. ഓപ്പറേഷന് തിയേറ്ററിലേക്ക് മരുന്ന് കൈമാറവെ, ബില്ല് കൂടി സ്റ്റാഫ് നഴ്സ് ഷമീര്‍ രോഗിയുടെ ബന്ധുക്കളില്‍ നിന്ന് കൈക്കലാക്കി.
കഴിഞ്ഞ ദിവസം ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യപെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോഴാണ് രണ്ട് പേര് മരുന്നും ബില്ലും തിരികെ നല്കി പണം കൈപ്പറ്റിയതായി അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് എസ്.ഐ ആര്.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ ഇതിന് മുന്‍പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സി.ഐ. അരുണ്‍കുമാര്‍ കെ.എസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments