Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദ്യപാനം ആരോഗ്യത്തിനു ഹാനികരണമാണ്-(രാജു മൈലപ്രാ)

Picture

അയാളുടെ യഥാര്‍ത്ഥ പേര് ചാക്കോച്ചന്‍ എന്നാണെങ്കിലും-നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് 'അച്ചാന്‍' എന്നൊരു വിളിപ്പേരു അദ്ദേഹത്തിനു ബഹുമാനപുരസ്സരം നല്‍കിയിട്ടുണ്ട്.

 

എഴുപതിനും എണ്‍പതിനുമിടക്കു പ്രായം- മെല്ലിച്ച ശരീരം-വാര്‍ദ്ധക്യത്തിന്റെ ചില ബലഹീനതകള്‍ ചില അവയവങ്ങളെ ബാധിച്ചിട്ടുണ്ട് എന്നൊതൊഴിച്ചാല്‍ കാര്യമായ അസുഖമൊന്നുമില്ല. പിന്നെ ഒരു ഇച്ചിരെ പ്രഷര്‍, കുറച്ചു ഷുഗര്‍, കുറച്ചു കൊളസ്‌ട്രോള്‍-തീര്‍ന്നു.

 

സോളിഡ് ഫുഡിനേക്കാള്‍ ചായ് വ് ലിക്യുഡ് ഡയറ്റിനോടാണ്.
അയല്‍വാസിയും അഭ്യുയദകാംക്ഷിയും ആയതിനാല്‍ ചില ദിവസങ്ങളില്‍ രാവിലെ തന്നെ വീട്ടില്‍ വരും- കാര്യമൊന്നുമില്ല- വെറുതെ ബന്ധം ഒന്നു പുതുക്കിയിടാന്‍ സിറ്റൗട്ടിലെ ഒരു കസേരയില്‍ ഇരിപ്പുറപ്പിക്കും.

അന്തരീക്ഷം നല്ല ചൂടാണെങ്കില്‍ത്തന്നെയും അച്ചാനു ആകപ്പാടെ ഒരു വിറയലുണ്ട്. 'പാര്‍ക്കിന്‍സന്‍സ്' രോഗമൊന്നുമല്ല-ശരീരം വിറക്കുവാനും വിയര്‍ക്കുവാനും മറ്റെന്തെല്ലാം കാരണങ്ങള്‍ കിടക്കുന്നു.

 

അങ്ങിനെ ഒരു ദിവസം, അതിരാവിലെ എത്തിയ അതിഥി ആരാണെന്നറിയുവാന്‍, എന്റെ പ്രിയതമ പുഷ്പ പൂമുഖവാതിലിലേക്കു വന്നു.
'ചാക്കോച്ചായനായിരുന്നോ? എന്തുണ്ട് വിശേഷം?'
'ഓ- എന്നാ പറയാനാ പുഷ്‌പേ! അങ്ങു പോയിക്കിട്ടിയാല്‍ മതിയായിരുന്നു!
'എങ്ങോട്ടു പോകാനാ?'
'അങ്ങു മോളിലോട്ട്-അല്ലാതെവിടെപ്പോകാനാ?'
വിശേഷങ്ങള്‍ കൈമാറുന്നതില്‍ അച്ചാന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചില്ല.
'എടാ ചെറുക്കാ- വല്ലം ഇരിപ്പുണ്ടോടാ- ഒരു ശകലം മതി-വല്ലാത്ത വിറയല്‍'- അച്ചാന്‍ കാര്യത്തിലേക്കു കടന്നു.

 

ഇത്രയും പ്രായമൊക്കെ ആയില്ലയോ ചാക്കോച്ചായാ-ഇനിയെങ്കിലും ഈ കള്ളു കുടിയങ്ങു നിര്‍ത്തരുതോ(മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരണമാണെന്നുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പ്).

 

ഓ-അതൊരിക്കലും നടക്കത്തില്ല പുഷ്‌പേ. പതിനാലാമത്തെ വയസ്സില്‍ തുടങ്ങിയതാ- ഇത്രയും പ്രായം വരെ ജീവിച്ചില്ലിയോ? ഇനി നിര്‍ത്തി എന്നാ കാണിക്കാനാ? പോകുമ്പോള്‍ അങ്ങു പോട്ടെ'- അച്ചാന്‍ തന്റെ തീരുമാനം അടിവരയിട്ടു പറഞ്ഞു.
അച്ചായന്‍ മരിച്ചാല്‍ പിന്നെ അമ്മാമയ്ക്ക് ആരാ ഉള്ളത്?
ഹൂ കെയേഴ്‌സ്- ആ പിശാചിന്റെ കൂടെയുള്ള ജീവിതം മടുത്തു- ഒരു നിമിഷം സൈര്യം തരത്തില്ല-എല്ലാവരും പെണ്ണുകെട്ടി-ഞാനും പെണ്ണു കെട്ടി! ആ വാചകത്തിന് ഒരു നെടുവീര്‍പ്പ് അകമ്പടി സേവിച്ചു.

 

'ഞാന്‍ കിടപ്പിലായാല്‍ എനിക്കാരും കള്ളു വാങ്ങിച്ചു വീട്ടില്‍ കൊണ്ടു തരത്തില്ല- അതുകൊണ്ടു നടക്കാനുള്ള കാലത്തോളം ഞാന്‍ കള്ളു കുടിക്കും-' ഭാവിയെക്കുറിച്ച് ഒരു ചെറിയ കാല്‍ക്കുലേഷനൊക്കെയുണ്ട് അച്ചാന്.
എനിക്കൊറ്റ പ്രാര്‍ത്ഥനേയേയുള്ളൂ-

കിടന്നു മരിക്കരുത്
മരിച്ചു കിടക്കണം'-
അച്ചാന്‍ ഫിലോസഫി വിളമ്പിയപ്പോള്‍ വിറയലൊന്നു കൂടി.

'എടാ- വല്ലതും ഇരിപ്പൊണ്ടേല്‍ കുറച്ചിങ്ങ് എടുക്ക്'- അച്ചന്റെ ക്ഷമ നശിച്ചു തുടങ്ങി.
തീ പാറുന്ന കണ്ണുകളുമായി എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് ഭാര്യ അകത്തേക്കു വലിഞ്ഞു.

 

വരുന്നതു വരട്ടെ! ആ അവസരം മുതലെടുത്ത് ഞാന്‍ കൊടുത്ത 'ജീരകവെള്ളം' അയാള്‍ ഒറ്റ വലിക്ക് അകത്താക്കി- പിന്നെ ഒന്നു രണ്ടു നിമിഷത്തേക്ക് കണ്ണുകളടച്ചു ഒരു ധ്യാന പോസില്‍ ഇരുന്നു-
വിറയലു കുറഞ്ഞു.

'ഞാന്‍ പോകുവാ- അല്ലെങ്കില്‍ ആ ഭദ്രകാളി ഇന്ന് എന്നെ കൊല്ലും-' ഭാര്യയോടുള്ള വിധേയത്വം ബഹുമാനപുരസ്സരം രേഖപ്പെടുത്തിയിട്ട് അച്ചാന്‍ ഉറച്ച കാലുകളോടെ നടന്നു നീങ്ങി. അടുത്ത ദിവസവും അച്ചാന്‍ വന്നു.
'എടാ! ഇതൊരു രോഗമാ- അഡിക്റ്റ് ആയിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താന്‍ വലിയ പ്രയാസമാണ്-' മദ്യപാനത്തിന് അടിമപ്പെട്ടതിന്റെ കാരണം അച്ചാന്‍ വ്യക്തമാക്കി-
മറ്റു രോഗങ്ങളുടെ നിയന്ത്രണത്തിനായി ഇടയ്ക്കിടെ ഡോക്ടറെക്കാണുവാന്‍ പോകും- കൂട്ടത്തില്‍ ഭാര്യയും കാണും- പ്രഷറും ഷുഗറും ഒന്നുമല്ല അവരുടെ വിഷയം-
'എന്റെ പൊന്നു ഡോക്ടറേ! ഇങ്ങരോട് ആ ഒടുക്കത്തെ കുടിയൊന്നു നിര്‍ത്താന്‍ പറ- എന്നു ഞാനിയാളുടെ തലേക്കേറിയോ, അന്നു മുതല്‍ തീ തിന്നുകയാ- ഇങ്ങിനെയുണ്ടോ ഒരു കുടി'-

പരിസരബോധമില്ലാ അവര്‍ ഉച്ചത്തില്‍ പുലമ്പികൊണ്ടിരിക്കും.
ചാക്കോച്ചനു മദ്യപാനം നിര്‍ത്തിക്കൂടേ? ഡോക്ടര്‍ ചോദിച്ചു-
'രണ്ടെണ്ണം വിട്ടില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല ഡോക്ടര്‍'
'അതിനു ഞാന്‍ ചെറിയൊരു ഡോസില്‍ ഉറക്കഗുളിക തരാം-'

 

എന്റെ പൊന്നു ഡോക്ടറെ എനിക്ക് ഉറക്കഗുളിക വേണ്ടാ- രണ്ട് ലാര്‍ജ് വീശിയിട്ട് കിടന്നുറങ്ങുന്നതിന്റെ സുഖമൊന്നു വേറയാ- സംശയമുണ്ടെങ്കില്‍ ഡോക്ടര്‍ ഒന്നു പരീക്ഷിച്ചു നോക്ക്'- ഡോക്ടര്‍ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അച്ചാന്‍ ആളു ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടില്‍ കള്ളുകുപ്പിയുമായി വരുന്നത് ഭാര്യ കാണാതിരിക്കുവാന്‍ കുപ്പി അരയില്‍ തിരുകിയാണ് വരവ്.

 

ഒരിക്കല്‍ അച്ചാന്‍ വീടിനകത്തോട്ടു കയറിയപ്പോള്‍, ഭാര്യ മുറിയില്‍ നിന്നും പുറത്തേക്കു വരുന്നു. കുപ്പി ഒളിപ്പിക്കുവാനുള്ള തന്ത്രപ്പാടില്‍, അവിടെ മേശപ്പുറത്തിരുന്ന പരുമല തിരുമേനിയുടെ ഫോട്ടോക്കു പിന്നിലേക്കു വെച്ചു- കൈ തട്ടി ഫോട്ടോ താഴെ വീണുടങ്ങ് ചില്ലു നാലു പാടു തെറിച്ചു.

 

മറ്റൊരു ദിവസം ഈ ഒളിപ്പിക്കല്‍ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു-മുണ്ടും ഷര്‍ട്ടും മാറി, ഒരു കൈലിയുമുടുത്ത് സോഫായില്‍ വളരെ കൂളായിരുന്നു.
'ഇതെന്താ മനുഷ്യ വയറ്റത്ത് ഒട്ടിച്ചു വെച്ചിരിക്കുന്നത്'
ശരിയാണല്ലോ! വയറ്റത്തൊരു സ്റ്റിക്കര്‍. ഭാര്യ അത് ഇളക്കിയെടുത്തു വായിച്ചു.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം-
മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണ്.
'ഇവിടെയെത്ര വാഹനമാ ഇരിക്കുന്നത് കള്ളുകുടിച്ചേച്ച് ഓടിക്കുവാന്‍?'
'ത്ഭൂ' എന്നു നീട്ടിത്തുപ്പിയിട്ട് അവര്‍ അകത്തേ കയറിപ്പോയി.
ആ തുപ്പല്‍ വീണത് അച്ചാന്റെ മുഖത്താണ്.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code