പറവൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരിയെന്ന് വിധിച്ച യുവതിക്ക് ജീവപര്യന്തം. ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ (42) ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരി വീട്ടില്‍ സജിതയ്ക്കാണ് (29) കോടതി തടവുശിക്ഷ വിധിച്ചത്. പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി അഹമ്മദ് കോയയാണ് വിധി പുറപ്പെടുവിച്ചത്.
2011 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. അടുപ്പക്കാരനായ കോട്ടയം പാമ്പാടി സ്വദേശി ടിസന് കുരുവിളക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹം മൂലം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സജിത തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം തോര്‍ത്ത് കഴുത്തില്‍ മുറുക്കിയും മുഖത്ത് തലയണവെച്ച് അമര്‍ത്തിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷന് കേസ്.
Comments