Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആര്‍സിഇപി കരാറില്‍ നിന്നു പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം: വി.സി.സെബാസ്റ്റ്യന്‍

Picture

കൊച്ചി: ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുന്ന ആര്‍സിഇപി കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറില്‍ നിന്നുള്ള പിന്മാറ്റം തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടന തകര്‍ക്കുന്ന നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നയം കര്‍ഷകദ്രോഹപരമാണ്. ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ വന്‍ ആഘാതങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിച്ചിരിക്കുമ്പോള്‍ ചൈനകൂടി പങ്കാളിയായ ആര്‍സിഇപി കരാറിന്റെ ചര്‍ച്ചകള്‍ തുടരുന്നത് ശരിയല്ല. കരാറുകളൊന്നുമില്ലാതെ ഇന്ത്യയുടെ ആഭ്യന്തരവിപണിയില്‍ ചൈനയുടെ സാന്നിധ്യം കുതിച്ചുയര്‍ന്നിരിക്കുന്നത് നിസാരവല്‍ക്കരിക്കരുത്. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാതെ ഇന്നും വാഗ്ദാനങ്ങളായി നിലനില്‍ക്കുന്നു. കര്‍ഷകന് ഇരട്ടി വരുമാനവും ഉല്പന്ന സംഭരണവും അടിസ്ഥാനവിലയും ഇറക്കുമതി നിയന്ത്രണവും പാഴ്‌വാക്കായി കടക്കെണിയും വിലത്തകര്‍ച്ചയും സൃഷ്ടിക്കപ്പെട്ട് രാജ്യത്തുടനീളം കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും ആര്‍സിഇപി കരാറിനായി രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നത് കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവില്ല. ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന സാമ്പത്തിക കണക്കില്‍ കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് രാജ്യത്തിന്റെ കടബാധ്യത 49 ശതമാനം വര്‍ദ്ധിച്ചത് കാര്‍ഷികത്തകര്‍ച്ചയും നോട്ടുനിരോധനവും സൃഷ്ടിച്ച ആഘാതങ്ങളാലാണ്.

2018 നവംബറില്‍ സിംഗപ്പൂരില്‍ നടന്ന ആര്‍സിഇപി ഉച്ചകോടിയുടെ 24-ാം റൗണ്ട് ചര്‍ച്ചകള്‍ക്കുശേഷം അംഗരാജ്യങ്ങളുമായി ഇന്ത്യ അകല്‍ച്ച പാലിക്കുന്നത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്ന് കര്‍ഷകപ്രസ്ഥാനങ്ങള്‍ തിരിച്ചറിയുന്നു. കരാര്‍ ഒപ്പിട്ടാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയും കര്‍ഷക എതിര്‍പ്പുകളെയും മോദിസര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത്തരം അടവുനയങ്ങളിലൂടെ കര്‍ഷകരെ വിഢിവേഷം കെട്ടിക്കുകയല്ല, ഇന്ത്യയുടെ കാര്‍ഷികഭാവിക്കായി കരാറില്‍ നിന്നു പിന്മാറുവാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഫെബ്രുവരി ആദ്യവാരം ഇന്തോനേഷ്യയില്‍ ആര്‍സിഇപി 25-ാം റൗണ്ട് ചര്‍ച്ച നടത്തുവാനൊരുങ്ങുന്നു. ഈയവസരം മുതലാക്കി കര്‍ഷകദ്രോഹ കരാറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code