നെയ്റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. ഫാ.ജോണ്‍ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയില്‍ വൈദികന് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കിനൂ ഇടവക വികാരിയായ അദ്ദേഹം, ഡിസംബര്‍ പത്തിന് വിശ്വാസികള്‍ സ്തോത്ര കാഴ്ചയര്‍പ്പിച്ച പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ പോകും വഴിയാണ് മോഷ്ടാക്കളുടെ ആക്രമണം. ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെ കികുയ നഗരത്തിലെ വിജനമായ റോഡിലാണ് സംഭവം അരങ്ങേറിയത്.
ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന വൈദികനില്‍ നിന്നും പണമടങ്ങിയ ബാഗ് ആവശ്യപ്പെടുകയായിരുന്നു. ബാഗ് നല്കാന് വിസമ്മതിച്ച വൈദികനു നേരെ നിറയൊഴിക്കുകയും അദ്ദേഹത്തിന്റെ പണവും മൊബൈല്‍ ഫോണും എടുത്ത് അക്രമികള്‍ കടന്നു കളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നെഞ്ചില്‍ ഗുരുതരമായ വെടിയേറ്റ ഫാ. നജോറോഗെയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ മരണത്തില്‍ അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാന്‍സിസ് കിയാരി അതീവ ദു:ഖം രേഖപ്പെടുത്തി. അമ്പത്തിയാറുകാരനായ ഫാ.ജോണ്‍ നജോറോഗെ മുഹിയ 1994 ലാണ് വൈദികനായി അഭിഷിക്തനായത്.
Comments