പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയ്ക്കു ഹിന്ദി മേഖലയില്‍ ഇളക്കം തട്ടിയെന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ചത്ര വിജയമില്ലാത്തതിന്റെ ആശങ്കയിലാണു ബിജെപി. എക്കാലത്തെയും വലിയ ജനകീയ നേതാവെന്ന് പാര്‍ട്ടി ഉറപ്പിച്ചു പറയുന്ന മോദിയുടെ തോളിലേറി മാത്രം പടുകൂറ്റന്‍ ജയമെന്ന ആത്മവിശ്വാസം പോയ്പോകുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്നു മോദിയും സര്‍ക്കാരും തിരിച്ചറിയുന്നു. പാര്‍ട്ടിയുടെ നെടുന്തൂണാണു മോദിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ആഞ്ഞടിക്കാതിരുന്ന മോദീതരംഗം.
ആറാംവട്ടവും ഗുജറാത്തില്‍ സ്വന്തം പ്രഭാവംകൊണ്ടു മാത്രം നേടിയ വിജയത്തിന്റെ മധുരം, ഹിമാചല്‍ പ്രദേശിലെ ജയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കാവിക്കൊടിയേറ്റം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുമുമ്പു നടന്ന കര്‍ണാടക, ഇക്കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മോദി– ഷാ സഖ്യത്തിനേറ്റ തിരിച്ചടി കൂടിയാണ്. ബിജെപിയും സര്‍ക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവെന്ന അവസ്ഥയ്ക്ക് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചോദ്യങ്ങളുയരും.
പുതുതായി വിധിയെഴുതിയ സംസ്ഥാനങ്ങളിലായി 83 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 65 സീറ്റും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍. 2014 ല്‍ 65 ല്‍ 63 സീറ്റും നേടിയാണു ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ നോട്ടുനിരോധനം ജനത്തെ ആകെയും ജിഎസ്ടി വ്യാപാര സമൂഹത്തെയും മോദിയില്‍നിന്ന് അകറ്റി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍ വിലത്തകര്‍ച്ച മൂലം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക രോഷവും ക്ഷീണമായി. വികസന അജന്‍ഡയ്ക്കൊപ്പം രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡയെ പുല്കാനുള്ള ശ്രമങ്ങളും മോദിക്കും കൂട്ടര്‍ക്കും തുണയായില്ല.
അതിനിടെ മോദിയുടെ സാമ്പത്തിക ഉപദേശകസമിതിയില്‍ നിന്ന് സാമ്പത്തിക വിദഗ്ദ്ധന് സുര്‍ജിത് ഭല്ല രാജിവച്ചു. ട്വിറ്ററിലൂടെയാണ് സുര്‍ജിത് ഭല്ല രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഡിസംബര്‍ ഒന്നിനാണ് രാജിവച്ചതെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവിട്ടത്. ഒന്നാം തിയതി മുതല്‍ രാജി നിലവില്‍ വന്നു. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാണ് രാജിവയ്ക്കുന്നതെന്നാണ് സുര്‍ജിത് ഭല്ല അറിയിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.
Comments