Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആത്മീയാനുഭൂതിയുടെ കവിതകള്‍ (വാസുദേവ് പുളിക്കല്‍)

Picture

തൊടുപുഴ ശങ്കര്‍ ലാളിത്വത്തിന്റെ കവി എന്ന് വിശേഷിപ്പിക്കപ്പെട്ടുണ്ട്. അദ്ദേഹം ലാളിത്വത്തിന്റെ കവി മാത്രമല്ല, ആദ്ധാത്മികതയുടെ കവിയും കൂടിയാണ്. ആദ്ധ്യാത്മികത നിറഞ്ഞു നില്‍ക്കുന്ന മനോമണ്ഡലത്തില്‍ നിന്ന് ഉതിര്‍ന്നു വീണ ശങ്കര്‍കവിതകള്‍ നിരവധിയായാണ്. കൂടാതെ ധാര്‍മ്മികതയും മാനവികതയും ശങ്കര്‍ കവിതകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. താത്വീകമായ സന്ദേശങ്ങള്‍ ലീനമായിരിക്കുന്ന കവിതകള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ന്നു വരുന്നു. പൊതുവെ ആത്മാവ്, പ്രപഞ്ചം, ഈശ്വരന്‍ എന്നിവയാണ് ദാര്‍ശനികരുടെ അന്വേഷണ വിഷയങ്ങള്‍ എന്ന് അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ആവിഷ്ക്കരണം ശങ്കര്‍ കവിതകളില്‍ കാണാം. "വേദങ്ങളുപനിഷത്തുക്കളും വേദാന്തപ്പൊരുളാകും ശങ്കരകൃതികളും മനുവിന്നനേകമാം നീതിശാസ്ര്തവുമെല്ലാം മനുഷ്യനുള്‍ക്കൊണ്ടുള്‍ക്കണ്ണു തുറക്കണം''. ഈശ്വരജ്ഞാനമാണ് സര്‍വ്വോന്നതമായ ജ്ഞാനം. ഈശ്വരപ്രാപ്തി നേടുന്നതേതു വിധമെന്ന് കാണിച്ചു തരുന്ന വേദാന്തദര്‍ശനത്തെ അടിസ്ഥാനമാക്കി സത്യത്തെ സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനം കവി തന്റെ കവിതകളിലൂടെ നല്‍കുന്നു. "ഞാനെന്ന ഭാവം വിതയ്ക്കും നാശത്തിന്റെ വിത്തുകള്‍ തിരിച്ചറിഞ്ഞ് വിനയാന്വതരായി സല്‍ഗുണസമ്പന്നരായി ജീവിക്കാന്‍ അഹ്വാനം ചെയ്യുന്ന കവിയുടെ അന്തരംഗത്തില്‍ നിറഞ്ഞു തുളുമ്പുന്ന ഭക്തിയും ജ്ഞാനവും കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ "കൈകളേ നന്ദി, എവിടെ പ്രഭുവേ നീ, ശിലയും മൂര്‍ത്തിയും, പാരിജാതം എന്നീ കവിതാസമാഹാരങ്ങളിലുടെ കടന്നു പോകുമ്പോള്‍ കവി അനശ്വരമായ ആദ്ധ്യാത്മികതയുടെ സുഖാനുഭൂതിയില്‍ രമിക്കുന്നതായി മനസ്സിലാക്കാം. അനുഭവങ്ങള്‍ അനുഭൂതികളായിത്തീരുന്ന അവസ്ഥ ആസ്വദിക്കുന്ന കവി ഒരു "മിസ്റ്റിക്'' ആയിത്തീരുന്നു. ഈശ്വരസാക്ഷാത്ക്കാരം നേടിയതിനു ശേഷം അതായത് മിസ്റ്റിക്കുകളായതിന് ശേഷം കവികളാകുന്നവരും കവി ആയതിന് ശേഷം മിസ്റ്റുക്കുകള്‍ ആയിയിത്തീരുന്നവരുമുണ്ട്. ഈശ്വരനുമായി താദത്മ്യം പ്രാപിച്ചതിനു ശേഷം കവിയായതാണ് ന-രായണഗുരു. തൊടുപുഴ ശങ്കര്‍ കവി ആയതിനു ശേഷം മിസ്റ്റിക് ആയിത്തീര്‍ന്നതായി മനസ്സിലാക്കാന്‍ സാധിക്കും. "ജ്ഞാമെന്നതു വെറും ഭൗതികസംബന്ധിതം വിജ്ഞാനമെന്നാലാത്മീയ പ്രഭാപൂരം''. സാധാരണ അറിവിനേക്കാള്‍ ഉപരിയായ അറിവിലുമേറി അറിയുന്ന വിജ്ഞാനത്തിലേക്ക് ഉയര്‍ന്നു വന്ന് പ്രപഞ്ച വസുതുക്കളെ വിരിയിക്കുന്ന ആനന്ദസ്വരൂപനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ജീവിതം ധന്യമാകുന്നു. "ക്ലാവുപിടിക്ലോരു പാത്രമതില്‍ നിന്നും ക്ലാവുമാറ്റുമ്പോള്‍ വിളങ്ങും പോലെ, വിജ്ഞ്‌നത്തിന്‍ ധാര ചൊരിയുന്ന നേരത്തു താനെയുയരുന്നു മാനസവും'' എന്ന അവസ്ഥയിലാണ് കവി. ജന്മജന്മാന്തരങ്ങളായി ആത്മാവില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ തുടച്ചു മാറ്റി ആത്മാവിനെ ശോഭാനമാക്കി ജീവാത്മാ-പരമാത്മാ സംയോഗത്തില്‍ എത്തിച്ചേരുന്ന കവിയെ നമ്മള്‍ കാണുന്നു.

എനിക്കുള്ളത് എനിക്കും സീസറിനുള്ളത് സീസറിനും കൊടുക്കൂ എന്ന് യേശുദേവന്‍ അനുയായികളോട് പറയുന്നുണ്ട്. അതില്‍ ആദ്ധ്യാത്മികതയും ഭൗതികതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി കാണക്കാക്കണമെന്ന ധ്വനിയുണ്ടെങ്കിലും ആദ്ധ്യാത്മികതയിലേക്ക് തിരിഞ്ഞു നോക്കാതെ ഭൗതികസുഖങ്ങള്‍ ലക്ഷ്യമാക്കി ജീവിക്കുന്നവര്‍ അതു മനസ്സിലാക്കുന്നില്ല. സ്‌നേഹത്തിനും മനുഷ്യത്വത്തിനും അവരുടെ ജീവിതത്തില്‍ സ്ഥാനമില്ല. സമൂഹത്തില്‍ നിന്നും ആത്മീയതയും ധര്‍മ്മികതയും ചോര്‍ന്നു പോകുന്നതില്‍ കവി അസ്വസ്ഥനാകുന്നു. മാനവരക്ഷക്കു വേണ്ടത് ധര്‍മ്മമാണെങ്കിലും "മര്‍ത്യജന്മമെത്രപേര്‍ മൃഗതുല്യരായ് ജീവിപ്പൂ, സത്യവും സനാതന ധര്‍മ്മവും മറന്നല്ലോ മര്‍ത്ത്യരിന്നവനിയില്‍ വ്യവഹാരങ്ങള്‍ ചെയ്വ്വൂ'' എന്ന് കവി വ്യസനിക്കുന്നു. "അജ്ഞതയേറുന്തോറും ഉള്‍ക്കണ്ണു തിമിരത്തിന്‍ അജ്ഞാതപടലം പടര്‍ന്നാകവേ മറയ്ക്കുന്നു'' ഈ അജ്ഞാനമാകുന്ന ഇരുട്ടിനെ ജ്ഞാനംകൊണ്ട് തുടച്ചു മാറ്റണം. "ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യരെ നോവിക്കുന്നു മന്നിലേറെപ്പേരും, ഒന്നു തന്‍ നാം ഓര്‍മ്മിക്കണം, ഒന്നുകൊണ്ടും ദുഃഖമേകില്ലാര്‍ക്കും, മറ്റൂള്ളോര്‍ക്കെഴും ദുഃഖങ്ങളകറ്റുവാന്‍ ഉറ്റുശ്രമിക്കണം പ്രാര്‍ത്ഥിക്കണം''. തനിക്ക് അഹിതമായിരിക്കുന്നതൊന്നും താന്‍ അന്യര്‍ക്ക് ചെയ്യരുത്. കരുണാനിധിയായ കവി സ്വന്തം മാനസികാവസ്ഥ വ്യക്തമാക്കുന്നു. സമൂഹത്തെ ഉറ്റു നോക്കിക്കൊണ്ട് "മനസ്സില്‍ സ്‌നേഹമില്ലിവിടെയാര്‍ക്കുമേ, മറക്കുന്നവരും മനുഷ്യത്വം പാടെ, സമസ്തരും സ്വാര്‍ത്ഥര്‍ സ്വകാര്യമാത്രന്മാര്‍, സകല ബന്ധവും പണത്തില്‍ മാത്രം താന്‍'' എന്ന് വ്യസനിക്കുന്ന കവി മരണത്തിലൂടെ തിന്മ നിറഞ്ഞ ലോകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. "മരണമേ വരൂ, വരൂ, വരൂ നിന്റെ വരവും കാത്ത് ഞാനിരിക്കയാണിപ്പോള്‍, വളര്‍ന്നു പോയുള്ളില്‍ നിരാശ തീവൃമായ് വരാനിനീം പ്രഭോ വിളംബമെന്തിനായ്" കവി അക്ഷമനായി മരണത്തെ കാത്തിരിക്കുന്നു. പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തിന്റെ നാശം മാത്രമാണ് മരണം. ജീവാത്മാവ് ശരീരം വിട്ടു പോയി കര്‍മ്മഫലമനുസരിച്ച് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുകയോ പരമാത്മാവുമായി ലയം പ്രാപിക്കുകയോ ചെയ്യാം. "കര്‍മ്മഫലം നേരമാകുന്നേരം കാലം നമ്മള്‍ക്ക് തെറ്റാതെ കൊണ്ടുത്തരും. ക്ഷേത്രമാം ശരീരത്തില്‍ വസിക്കും ജീവത്മാവേ ജന്മങ്ങളെല്ലാം തന്നെ കര്‍മ്മാധിഷ്ഠിതം മുന്നില്‍, ജനിച്ചാല്‍ കര്‍മ്മം ചെയ്കയെന്നതു മനുധര്‍മ്മം, കര്‍മ്മത്തിന്‍ ലക്ഷ്യം ജനിമോക്ഷമെന്നറിഞ്ഞാല്‍ സല്‍ക്കര്‍മ്മങ്ങളനുഷ്ഠിപ്പാന്‍ വിളംബം വരില്ലല്ലോ". ആത്മീയതയുടെ നിറവില്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംഗമമാണ് ജീവിതത്തിന്റെ ലക്ഷ്യം. അതുകൊണ്ട് "അഭ്യസിക്കേണം ആത്മീയം ബാല്യത്തിലേ, അതിനാല്‍ ഗുണമല്ലോതുകില്‍ അനേകങ്ങള്‍, അതിനാനല്ലോ ചൊല്‍വൂ ജ്ഞാനികളാത്മീയത അഭ്യസിക്കാന്‍ ബാല്യകാലത്തേ മറക്കാതെ'' എന്ന് കവി ആഹ്വാനം ചെയ്യുന്നു. ഈശ്വരസാക്ഷാത്ക്കാരം - ജനിമൃതികളില്‍ നിന്നുള്ള മോചനം സാധ്യമാകുന്നുവെങ്കില്‍ മരണം ദുഃഖമല്ല, സുഖപ്രദമാണ് എന്ന് കവിക്കറിയാം. ജനിമൃതികളില്‍ നിന്ന് മോചിതരായി മോക്ഷപദത്തില്‍ എത്തുമ്പോള്‍ ജീവിതം സാര്‍ത്ഥകമായി. അതുകൊണ്ട് ജന്മസാഫല്യത്തിനായി ജീവിതം നീക്കി വയ്ക്കണം. മോക്ഷപ്രാപ്തിയായിരിക്കണം ജീവിത ലക്ഷ്യം. സത്യമായ ആനന്ദം തന്നില്‍ തന്നെ കുടികൊള്ളുന്നു. സത്യജ്ഞാനംകൊണ്ടു വേണം അതറിയാന്‍. ജാഗ്രത്, സ്വപ്നം, സുഷുപ്തി ഇവ മൂന്നും കടന്ന അവസ്ഥയാണ് തുരീയാവസ്ഥ അഥവാ മോക്ഷം. ഈശ്വരന്‍ അവിടെ പരമാത്മാവായി പൂര്‍ണ്ണനാകുന്നു. ആ പൂര്‍ണ്ണതയില്‍ എത്തുന്നാതാണ് ജന്മസാഫല്യം. അതായത് മോക്ഷമാണ് സുഖത്തിന്റെ അന്തിമ സീമ. അനന്തമായ ആനന്ദക്കടലാണത്. "യത്‌നിപ്പൂ ജന്മമാകെ നാം പരമാത്മചൈതന്യം നേടുവാന്‍. ഈശ്വരപ്രാപ്തി കൈവന്നാല്‍ ചൊല്‍വ്വൂ വിശ്വത്തില്‍ ജന്മം പൂര്‍ത്തിയായ്''.

ഈശ്വരസക്ഷാത്ക്കാരത്തിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നായ ഭക്തിക്ക് കവി പ്രാധ്യാന്യം നല്‍കുന്നുണ്ട്. "ഭക്തി ഒന്നു താനിഹ ലോകജീവിതശേഷം ഭഗവദ്ചരണങ്ങളടയാന്‍ സഹായകം'' എന്ന് കവി വിശ്വസിക്കുന്നു. നിന്നെപ്പൊലെ സഹജാതരേയും സ്‌നേഹിക്കാന്‍ സാധിക്കാത്തവരുടെ ഈശ്വരഭക്തി യഥാര്‍ത്ഥ ഭക്തിയക്ല. ഭക്തിയിലൂടെ ഈശ്വരനെ കാണാന്‍ സാധിക്കും. മരിച്ചതിനു ശേഷമല്ല, ഈ ജന്മത്തില്‍ തന്നെ. സത്യം, പ്രേമം, ധര്‍മ്മം മുതലായവ പരിശീലിച്ച് തന്റെ വിചാരം, വാക്ക്, പ്രവൃത്തി എല്ലാം ഈശ്വരോന്മുഖമാക്കി തിരിച്ചു വിടാന്‍ സാധിച്ചാല്‍ ഈശ്വരനെ അറിയാന്‍ സാധിക്കും. അതിന് തീവ്രാഭിലാഷത്തോടെ സ്വജീവിതം ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടുകയേ വേണ്ടു. ഹൃദയം യഥാര്‍ത്ഥ ഭക്തികൊണ്ട് നിറഞ്ഞു തുളുമ്പുമ്പോള്‍ പിന്നെ ഈശ്വരനെ അന്വേഷിച്ച് എവിടേയും ചുറ്റിത്തിരിയേണ്ടതില്ല "തേടേണ്ടതില്ലെന്നെ നീ തീര്‍ത്ഥങ്ങള്‍ തോറും മൂഢാ, തേടുക നിന്നില്‍ തന്നെ ഞാനിരിക്കുന്ന സദാ'' എന്ന വരികള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല എന്ന ഗാന്ധിജിയുടെ വാക്കുകളാണ്. മനുഷ്യര്‍ സംസാരസാഗരത്തില്‍ കിടന്നുഴലുകയാണ്. സംസാരസാഗരത്തിന്റെ മറുകരയെത്താന്‍ ഭഗവാന്‍ തന്നെ കപ്പലുമായി എത്തണം. അതില്‍ കയറിപ്പറ്റാന്‍ നാം യോഗ്യത നേടണം. "ശ്രദ്ധയുമചഞ്ചലഭക്തിയും വിരക്തിയും ശുദ്ധമാമൊരു നല്ല ചിത്തവുമുണ്ടെന്നാകില്‍ സംസാരസാഗരത്തിന്‍ നിന്ന് മോചിതനാക്കും സത്യസ്വരൂപന്‍ ജഗദീശ്വരനഖിലരേം''. അങ്ങനെ നിഷ്ക്കാമ ഭക്തി വളര്‍ന്ന് ഭക്തിമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നവര്‍ വൈകുണ്ഠത്തില്‍ എത്തിച്ചേരുമെന്നാണ് കവിയുടെ വിശ്വാസം. "മത്സങ്ങല്ലോ നാമീ സംസാരസാഗരത്തില്‍ മത്സരിക്കുന്നു തമ്മില്‍ ഭൗതിക സുഖാര്‍ത്തിയാല്‍, ഭഗവാന്റെ വാത്സല്യമാര്‍ജ്ജിക്കുവാന്‍ ഭക്തിയൊന്നു താന്‍ മാര്‍ഗ്ഗം''. എന്നാല്‍ നശ്വരമായ ലൗകിക സുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ആ സുഖങ്ങളില്‍ ആമഗ്നരായി ജീവിതം വ്യര്‍ത്ഥമാക്കുന്നതക്ലാതെ അനശ്വരമായ ആദ്ധ്യാത്മികാനുഭൂതി ഒന്നുണ്ടെന്ന് അറിയുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നില്ല. ഭൗതികചിന്തകളെ അവര്‍ താലോലിച്ചുകൊണ്ടിരിക്കുന്നു. സമസ്തരും ഭക്തി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് നരജന്മം സാര്‍ത്ഥകമാക്കാന്‍ കവി ആഹ്വാനം ചെയ്യുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കാം. മനുഷ്യജന്മത്തിലൂടെ മാത്രമേ മോക്ഷപ്രാപ്തി സാധ്യമാവുകയുള്ളു. സ്വര്‍ഗ്ഗസുഖവും പൂര്‍ണ്ണമക്ല. അതാണ് ദേവന്മാര്‍ മനുഷ്യജന്മമെടുക്കുന്നതിന്റെ രഹസ്യം. മോക്ഷപ്രാപ്തിക്കായി മനുഷ്യ ജന്മത്തിലൂടെ ആത്മജ്ഞാനം നേടണം. അങ്ങനെ ഒരു ജന്മം ലഭിക്ലതായി കവി അവകാശപ്പെടുന്നു. "ഉജ്ജ്വലമതി ശ്രേഷ്ഠമാകുമീ നരജന്മം മുജ്ജന്മ സുകൃതത്താലടിയനേകി ഭവാന്‍''. ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാന്‍ സഹായിക്കുന്ന നരജന്മം ലഭിക്ലതില്‍ കവി അഭിമാനിക്കുന്നു. താന്‍ ചെയ്ത പുണ്യകര്‍മ്മങ്ങളുടെ
പരിണിതഫലാമാണീ മനുഷ്യജന്മമെന്നും കവി അവകാശപ്പെടുന്നാതായി കാണാം. എന്നാല്‍, "ആത്മീയമതി മുഖ്യമറിയില്ലനേകര്‍ക്കും, ഭൗതിക ചിന്തതാനനേകര്‍ക്കും, ഭൗമജീവിതം നിത്യനൂതനമാക്കാന്‍ നോക്കും എന്തിനിങ്ങനെ പാഴാക്കണമോരോ നിമിഷവും'' എന്നാണ് കവി ചോദിക്കുന്നത്. പാമ്പിന്റെ വായില്‍ അകപ്പെട്ട സ്ഥിതിയിലാണ് മനുഷ്യര്‍. "പന്നഗത്തിന്‍ വായില്‍ പെട്ടോരു മണ്ഡൂകം പിന്നെയും തന്നിര തേടും പോല്‍, പിന്നില്‍ ചിരിക്കും മരണത്തെ കാണാതെ പായുന്നു സൗഖ്യങ്ങള്‍ തേടി മര്‍ത്യന്‍. മൃത്യുവാം പന്നഗവായില്‍ കുടുങ്ങിയ മണ്ഡൂകമക്ലയോ നമ്മളെല്ലാം" ഈ അവസ്ഥയിലും മനുഷ്യര്‍ സുഖഭോഗത്തിനുള്ള ആര്‍ത്തി അവസാനിപ്പിക്കുന്നിക്ല എന്ന് രാമായണവും ചൂണ്ടിക്കാണിക്കുന്നു. "ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ കാലഹീനാ പരിഗ്രസ്തമാം ലോകവുമാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു''. ലൗകികതയില്‍ മുഴുകിയിരിക്കുന്നവര്‍ മരണമേ വേണ്ട എന്നാണ് ചിന്തിക്കുന്നത്. ചാര്‍വാകന്മാരെ പോലെ ജീവിതം ഒന്നേ ഉള്ളൂ രണ്ടാമതൊന്നില്ലെന്നും ഇഹത്തിലെ ലൗകികസുഖമാണ് പരമോന്നത സുഖമെന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് "മരണമേ വേണ്ട, വരേണ്ടയിനിയിപ്പോള്‍ മതിയായില്ലെനിക്കിഹത്തില്‍ ജീവിതം മതിവരുമ്പോള്‍ ഞാനനുസ്മരിപ്പിക്കാം''. എന്നാണ് അവരുടെ പക്ഷം. മരണത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മൂഢന്മാര്‍. ഈ ലൗകിക സുഖവാഞ്ചയാണ് മനുഷ്യന്റെ ആദ്ധ്യാത്മികമായ പുരോഗതിയുടെ അധഃപതനാത്തിനു കാരണം. ലൗകിക സുഖം ശ്വശ്വതമല്ല. തന്റെ ജരാനരകള്‍ നല്‍കി മകനില്‍ നിന്ന് യൗവനം വാങ്ങി ലൗകികസുഖഭോഗങ്ങളില്‍ ആയിരത്താണ്ടുകള്‍ മുഴുകി മടുത്ത യയാതിയുടെ കഥ നമ്മള്‍ ഇതിഹാസത്തില്‍ വായിക്കുന്നു.

ജീവിതയാഥാര്‍ത്ഥ്യങ്ങളെപറ്റി കവിക്ക് വ്യക്തമായ ധാരണയുണ്ട്. മനുഷ്യരെ പ്രതീക്ഷയുടെ
മായാലോകത്തിലേക്ക് ആനയിച്ചുകൊണ്ടു പോയി പ്രലോഭനത്തിന്‍ വലയില്‍ കുരുക്കുന്നത് മനസ്സാണ്. ബുദ്ധി ഇടപെടുന്നതു വരെ മനസ്സ് നമ്മേ വലിച്ചിഴച്ചുകൊണ്ടിരിക്കും. "മനസ്സല്ലയോ സുഖ,ദുഃഖവും ജയങ്ങളും മനസ്സുനീറ്റും പരാജയവും തരുന്നതും ആശകളല്ലോ നമ്മേ ഭൂമിയില്‍ നിലനിര്‍ത്തും ആശ്ചര്യജനകമാം മൃതസജ്ജീവനിയേ'' എന്നു പറയുന്ന കവി "ആശകള്‍ കൂടിപ്പോയാല്‍ ഫലമോ നിരാശതാന്‍'' എന്ന് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് മനസ്സിനെ നിയന്ത്രിച്ച് അന്തര്‍മുഖമാക്കി "ആശിച്ചു ശീലിയ്ക്ക അര്‍ഹിക്കുന്നതു മാത്രം" എന്ന് ജീവിതം എന്ന കവിതയില്‍ മുന്നറിയിപ്പു നല്‍കുന്നു. അമിതമായ ആശ നമ്മേ അധഃപതനത്തിലേക്ക് നയിക്കുമെന്ന് ശിലയും മൂര്‍ത്തിയും എന്ന കവിതയില്‍ കവി കുറിച്ചിടുന്നു. ഒരു ശിലയെ സമീപിച്ച് ശിലയുടെ മഹത്വം മാനിച്ചുകൊണ്ട് ഒരു ശില്‍പി "അവിടന്നനുമതി നല്‍കീടുകില്‍ വൈകീടാതെ അടിയന്‍ ചേലൊത്തൊരു വിഗ്രഹമുരുവാക്കാം എന്ന് ശിലയോട് ചോദിച്ചപ്പോള്‍ ശില ഗര്‍വ്വിഷ്ടനായി നല്‍കിയ മറുപടി ''ആകണമെനിക്കതി ശ്രേഷ്ഠമാം മറ്റെന്തെങ്കിലും" എന്നായിരുന്നു. "ശില്‍പി ഓര്‍ത്തു പോയൊരു ശിലക്കെന്തതില്‍പരം നേടാന്‍''. ശില്‍പി മറ്റൊരു ശിലയില്‍ "രൂപസൗന്ദര്യംചിന്തും മൂര്‍ത്തിതന്‍ രൂപം തീര്‍ത്തു, പുകഴ്ത്തി കണ്ടോരെല്ലാം ശിലപസൗന്ദര്യം ദൂരെപ്പുക്കവര്‍ പോലും വന്നു വാഴ്ത്തിനാര്‍ വാനം മുട്ടെ, ഭക്തര്‍ക്കു നാളികേരമുടയ്ക്കാന്‍ ക്ഷേത്രമുമ്പില്‍ മൂര്‍ത്തിതന്‍ ബിംബമാകാന്‍ സമ്മതം നിരസിക്ല മൂഢനാം ശില തന്നെ സ്ഥാപിച്ചു പൂജാരിമാര്‍''. ഭക്തജനങ്ങളുടെ തേങ്ങയേറില്‍ ശില തന്റെ മൂഢത്വംകൊണ്ട് അനുഭവിച്ചത് മാനസികവും ശാരീരികവുമായ പീഡനമാണ്.

"കൈനീട്ടിപ്പിടിക്കുമാറെത്തിടും ഭാഗ്യം ഡംഭില്‍ കൈവിട്ടാലതു പശ്ചാത്താപമായ് മാറാം പിന്നെ''. അവസരങ്ങള്‍ നമ്മേ തേടി വരുമ്പോള്‍ തട്ടിത്തെറിപ്പിക്കരുത് എന്ന താത്വികമായസന്ദേശത്തോടെ കവിതയവസാനിക്കുന്നു. "നിസഹായന്‍'' എന്ന കവിതയില്‍ ഭക്തന്റെ യാചനക്കു മുമ്പില്‍ നിസഹാനായി കൈ മലര്‍ത്തുന്ന ഭഗവാനെ കാണാം. ക്ഷേത്രഭണ്ഡാരത്തില്‍ കോടിക്കണിക്കിന് പണം വന്നു വീഴുന്നുണ്ടെങ്കിലും അതൊക്കെ എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്ന് ഭഗവാന്‍ അറിയുന്നില്ല. "ഉണ്ടിയില്‍ വീഴും പണമെല്ലാമെന്‍ പണമേലും ഉത്മയിലൊന്നും ചെയ്‌വാന്‍ സ്വാതന്ത്ര്യമെനിക്കില്ല'' എന്ന ദേവന്റെ പരിദേവനത്തിന്റെ തരംഗങ്ങള്‍ ഭക്തജനങ്ങളുടെ ഹൃദയത്തില്‍ പതിക്കുമ്പോള്‍ ഉണ്ടിയില്‍ വീഴുന്നത് നോട്ടുകെട്ടുകള്‍ക്കു പകരം ശരണമന്ത്രങ്ങളെഴുതിയ കടലാസു തുണ്ടുകളാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയക്കാരും ക്ഷേത്ര നടത്തിപ്പുകാരും പണം പോക്കറ്റിലാക്കുന്നു എന്ന സൂചന നല്‍കുന്ന കവി ഇന്നത്തെ പല ക്ഷേത്ര വ്യവസ്ഥിതിയുടെ നേരെ വിരല്‍ ചൂണ്ടുകയാണ്.

കവികളേ കേള്‍ക്കൂ എന്ന കവിതയിലൂടെ കവിത എങ്ങനെ ആയിരിക്കണമെന്ന് മറ്റു കവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഇവിടെ കവി മറക്കുന്നില്ല. "കേവലം പദങ്ങള്‍ കോര്‍ത്തെന്തുതാന്‍ കോറീടിലും കവിതയാവില്ലെന്ന വാസ്തവം ധരിച്ചാലും. ബിംബങ്ങള്‍ പ്രതീകങ്ങള്‍ യോജ്യമാം ഉപമകള്‍ ബിംബിച്ചീടേണം കോറും കാവ്യത്തിലുടനീളം. അറിവുണ്ടെന്നുള്ളതു ലോകരെ ധരിപ്പിക്കാന്‍ വേണ്ടാ വാചകക്കസര്‍ത്തുകള്‍, എഴുതൂ കവികളെ മാനവഹൃദയത്തെ തഴുകിയുണര്‍ത്തുന്ന സാന്ദ്രമാം കവിതകള്‍, എഴുതൂ കവികളേ മാനവസമൂഹത്തെ മുഴുവന്‍ ചിന്തിപ്പിക്കും ഈടുറ്റ കവിതകള്‍, സന്തതമതില്‍ കാവ്യം തുളുമ്പിത്തുടിയ്ക്കണം, അന്തരംഗത്തില്‍ തട്ടിയുണര്‍ത്താനുതകണം മുറ്റിനില്‍ക്കണമതില്‍ തത്വവും സന്ദേശവും" എന്ന സങ്കല്‍പം തന്റെ കവിതകള്‍ സാരോപദേശങ്ങളല്ല, ചില തത്വശകലങ്ങള്‍ മാത്രം എന്ന് കവി മുഖവുരയില്‍ കുറിച്ചിട്ടിരിക്കുന്നത് അന്വര്‍ത്ഥമാക്കുന്നു. മൗലികതയും ജീവിതത്തോടുള്ള താത്വികമായ സമീപനവും ശങ്കര്‍കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്. മനുഷ്യരുടെ നേട്ടങ്ങള്‍ക്കെക്ലാം നിദാനം ഈശ്വരാനുഗ്രഹമാണെന്ന് അഹംഭാവികള്‍ മനസ്സിലാക്കുന്നെല്ലെങ്കിലും കവി അതറിയുന്നു. തന്റെ സൗഭാഗ്യങ്ങള്‍ക്കെല്ലാം "ഹൃത്തിലമൂല്യമായ് സൂക്ഷിപ്പൂ ഞാന്‍ ജഗദീശന് ഹൃദ്യമാം നന്ദി മാത്രം'' എന്ന് ജഗദീശ്വരനോട് നന്ദി പറഞ്ഞ് കവി ചാരിതാര്‍ത്ഥ്യനാകുന്നു. കവിക്ക് അഭിനന്ദനങ്ങള്‍.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code