Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നടയിരുത്തല്‍ (ചേറുശ്ശേരി അനിയൻ വാരിയർ

Picture

 ജോലിയിൽനിന്നുപിരിഞ്ഞുവേണം  
     വീട്ടുകാരൊത്തു  രമിച്ചിടുവാൻ ...
     നേരക്കുറവിനാൽ   മാറ്റിവെച്ച 
     ' എല്ലാം 'നടത്തി  കൃതാർഥനാവാൻ 
 
     ലീവെടുക്കാതെ  താൻ  ശേഖരിച്ച 
     ലീവുകളെല്ലാം  ' മണി 'കളാക്കി 
     പിരിയുംദിനത്തിനുമുമ്പുതന്നെ 
     ചെക്കായി ബാങ്കിൽ  ക്രെഡിറ്റുചെയ്തു   
 
     ഭാര്യയും മക്കളുമൊത്തുചേർന്ന് 
     ' പിക്നിക് ' സ്ഥലങ്ങൾ വിസിറ്റിനുള്ള 
      രൂപരേഖയുടെ  ഡ്രാഫ്റ്റ് കോപ്പി 
     കീറിക്കളഞ്ഞു : എൻ സന്തതികൾ !
 
      അച്ഛനുവേണെങ്കില ,  ച്ഛൻ പോട്ടെ 
     ആശകളെല്ലാം  നിവർത്തിടട്ടെ 
     അമ്മയും  ഞങ്ങളും  സ്വൈരമായി 
     ഇത്തിരി കാലം  വസിച്ചിടട്ടെ .
 
     തീറ്റയ്ക്കും  'രണ്ടി' നും മാത്രമായി 
     ജീവിതശിഷ്ടം  കഴിച്ചിടുന്ന 
     ഈ തൃക്കാകരപ്പനെ എന്തുചെയ്യും :
     അമ്മയും  മക്കളും  ഗാഢചർച്ച !
 
     ചർച്ചയ്ക്കൊടുവിലെ തീരുമാനം 
     കല്ലേപ്പിളർക്കു, മശനിയായി.
     വൃദ്ധസദനത്തിലാക്കിയാലോ 
     നല്ല ചിലവുകൾ  മാസാമാസം !!
 
     പെൻഷനുമില്ല ,  വരവുമില്ല 
     എന്തിനീ  ' മാറാപ്പ്  '  ഏറ്റിടേണം ?
     നാഥനില്ലാത്തോൻ  അനാഥനായി 
     എവിടെക്കിടന്നാലുമൊന്നുപോലെ .
 
     ' ജോയൻറു് എക്കൌണ്ട് '  ഭാഗ്യമായി 
       കൂട്ടുപ്രതിയ്ക്കിനി  എന്തുറോള് ?
      എവിടെവേണെങ്കിലും  പോയ്ത്തുലയാൻ 
      അമ്മയ്ക്ക്   നേരെപറഞ്ഞുകൂടെ ?
 
      വയ്യാത്ത  ഞാനിനി എങ്ങുപോകാൻ !
      ' ആയ ' കാലത്തോ ...  കരുതിയില്ല 
      എന്നെ  'രക്ഷിക്കുവാൻ'  നിങ്ങൾ വേണം 
      ' ഭാരത സംസ്കൃതി '  ഓർത്തിടുക .
 
      ' ഭാരതോം സംസ്ക്രിതീം '  ഞങ്ങൾക്കില്ല
       ആധുനികത്തിലെ  സന്തതികൾ 
       ഇന്നിൽ  രമിയ്ക്കുന്നു :  ഭാവിഭൂതം 
       ഞങ്ങടെ  'ഡിക്ഷ്ണറീ ' ലില്ലയില്ല . 
                   <>          <>        <>
       പണ്ടത്തെ  കാലമതോർത്തുപോയി 
       വെള്ളിത്തലയുടെ   ശുക്രകാലം 
       ബന്ധവും  വേണ്ടൊരു  ബന്ധനവും 
       ആദരിച്ചീടുവാ, നെത്രപേരാ !
 
       കാരണോർ  ശബ്ദമുയർത്തിയെന്നാൽ 
       മിണ്ടാതെ നിന്നതു കേട്ടിടേണം ;
       ഇല്ലാ വചനം; മുറുമുറുപ്പും
       പ്രായത്തിൽ മൂത്തവൻ : അന്ത്യവാക്ക് !
 
       വീട്ടിൽ സുഭിക്ഷത ,  കൃത്യനിഷ്ഠ 
       കാര്യങ്ങൾ  നന്നായ്  നടന്നിടലും !
       മക്കൾക്ക്  അച്ഛനെ  പേടിയാണ് ;
       അമ്മയ്ക്കും അല്ലേ : അതേന്നുചൊല്ലാം.
                      <>           <>         <>
       എന്തൊരു ശാന്തി  ;  പുലർച്ചനേരം
       ഭക്തിഗാനങ്ങളൊഴുകിടുന്നു !
       ഭക്തിയിൽ  ഗാഢം  ലയിച്ചുനിൽകെ
       കൂട്ടിനുവന്നവരെങ്ങുപോയോ ?
 
       ദൈവങ്ങളേവരേം   മാറിമാറി 
       നന്നായ് തൊഴുതു :  അഴലകറ്റി .
       മാറിയിരുന്നു  ഞാൻ വിശ്രമിയ്ക്കെ 
       എവിടെ, യവരെന്ന് ഓർത്തുപോയി .
 
       കാറുനിൽക്കുന്നിടം  ചെന്നുനോക്കി 
       കാറില്ല ;  കാറിലെ  കുട്ടികളും ;
       ഷോപ്പിങ്ങിനിത്രയും നേരമെന്നോ ?
       ഇത്തിരികൂടെ   ക്ഷമിച്ചുനോക്കാം .
 
       ചുറ്റിലും  നോക്കുമ്പോൾ  കണ്ടിടുന്നു 
       ഒപ്പം  വയസ്കരും  വേറെയുണ്ട് 
       വാർത്തകൾ ചൊല്ലിയും, ക്ഷേമവുമായ്
       നേരമോ  ഉച്ചയായ്‌ :  ഭീതിയായി .
 
       കുട്ടികൾ  സിനിമയ്ക്കു പോയതാണോ ?
       മോർണിംഗ്ഷോ തീരുന്ന നോക്കിനിന്നു :
       ഒഴുകും ജനത്തിലോ  കണ്ടതില്ല 
       പരിചിതഭാവങ്ങളൊന്നുപോലും !
 
      " ആരെയാ നോക്കണേ ? "  കേട്ടനേരം  
       ഒന്നുതിരിഞ്ഞാ  മുഖത്തുനോക്കി .
      " നിങ്ങളെ   നടയിലിരുത്തിയിട്ട്
       മക്കളുടനെ  തിരിച്ചുപോയി ".
 
       ഭക്ഷണം കിട്ടുവാൻ  മാർഗമുണ്ട് :
       ഏതെങ്കിലുമൊരു  ഭാഗ്യശാലി 
       ഭാഗ്യസ്മരണയ്ക്കുവേണ്ടിയാകാം 
       അന്നദാനത്തിനു ശീട്ടെടുക്കും .
 
      [ മുറ്റമളക്കുന്നൊരുണ്ണിക്കുട്ടൻ 
        മുത്തശ്ശായെന്നുമൊഴിഞ്ഞുകേൾക്കാൻ 
        മുത്തങ്ങളായിരം  പാത്തുവെച്ച 
        മുത്തനെ  നിങ്ങൾ  പറഞ്ഞുവിട്ടു ! 
 
        ഇന്നലേപ്പോലുമെൻ  വാലുപോലെ 
        പിച്ചാനടന്ന എൻ  കുഞ്ഞുബാല്യം 
        കൊഞ്ചുംമൊഴിയ്ക്കു  സമംവരുമോ 
        കണ്ണൻറെ  ഓമനക്കൊഞ്ചലാട്ടം ?
 
        ഇനിയെന്നു കാണുമെൻ (കാണുമോ)
        ഭാര്യയേം  'മക്കളേം' ......  മാത്രമല്ല 
        കഷ്ടങ്ങളേറെ സഹിച്ചു ഞാൻ കെട്ടിയ 
        വീടും ;  ചെടികളും  മാമരവും ?
 
        തഥ്യയും  മിഥ്യയും   മാറിമാറി 
        വൃദ്ധമനസ്സിൽ  പുളഞ്ഞിടുന്നു !
        വീട്ടിലാണോ  അതോ  കാട്ടിലാണോ 
        ഭൂമീലോ  അന്യഗ്രഹത്തിലാണോ ...
 
     C. S. Sankara Warrier, Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code