ലണ്ടന്‍: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ മ്യാന്മര് ഭരണാധികാരി ഓങ്സാന്‍ സൂചിക്ക് നല്കിയ പരമോന്നത പുരസ്കാരം അവരില്‍നിന്ന് തിരിച്ചെടുത്തു. മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലിംകള്ക്കെതിരായ പട്ടാള നടപടിക്ക് സൂചി കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
ലണ്ടന്‍ ആസ്ഥാനമായ സംഘടന 2009ല്‍ നല്കിയ ‘അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ്’ പുരസ്കാരമാണ് തിരിച്ചെടുത്തത്. റോഹിങ്ക്യകള്‍ക്കെതിരായ മ്യാന്മര് പട്ടാളത്തിന്‍െറ നടപടിയെ വംശഹത്യക്ക് തുല്യമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ വിശേഷിപ്പിച്ചിരുന്നു.
‘‘പ്രത്യാശയുടെയും സ്ഥൈര്യത്തിന്െറയും കിരണവും മനുഷ്യാവകാശങ്ങളുടെ കാവല്‍ പോരാളിയുമായ നിങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നത് ഞങ്ങളില്‍ കഠിനമായ നിരാശയുണ്ടാക്കുന്നു. താങ്കളുടെ പുരസ്ക്കാര പദവിയെ തുടര്‍ന്നും നീതീകരിക്കാന്‍ കഴിയില്ല. അതിനാല്‍ അതിയായ ദുഃഖഭാരത്തോടെ പുരസ്കാരം പിന്‍വലിക്കുകയാണ്’’ എന്ന് ആംനസ്റ്റി മേധാവി കുമി നയ്ഡൂ സൂചിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
73കാരിയായ സൂചിയെ കഴിഞ്ഞ ഞായറാഴ്ച നേരിട്ട് വിവരം അറിയിച്ചതായും സംഘടന വ്യക്തമാക്കി. സമാധാന നൊബേല്‍ ജേതാവുകൂടിയായ സൂചി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments