ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് വാദം കേള്‍ക്കുക. വിധി സ്റ്റേ ചെയ്യാത്തതിനാല്‍ യുവതികള്‍ക്ക് ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ നിയമപരമായി തടസ്സമില്ല. മൂന്നു മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്.
49 റിവ്യൂ (പുനഃപരിശോധന) ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നത്. രാവിലെ നാല് റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് റിവ്യൂഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്ജിപരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് അഞ്ചംഗ ബെഞ്ച് റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചത്. മണ്ഡലകാലത്തിന് ശേഷം ജനുവരി 22നാണ് തുറന്ന കോടതി വാദം കേള്‍ക്കുക.
റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അന്ന് പരിഗണിക്കും.സെപ്തംബര്‍ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല ഉത്തരവില്‍ പറയുന്നു.
ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര ന്നിവരടങ്ങുന്ന ബെഞ്ച് തന്നെയാണ് ജനുവരി 22ന് തുറന്നകോടതിയില്‍ ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുക. സെപ്തംബര്‍ 28ന്റെ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്താണ് പകരം പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എത്തിയത്.
Comments