ന്യൂയോര്‍ക്ക്: ടൈം മാഗസിന് ടെക് ഭീമന് മാര്‍ക് ബെനിയോഫിനു വിറ്റ് മാധ്യമസ്ഥാപനമായ മെറഡിത്ത്. 19 കോടി ഡോളറാണ് (1368 കോടി രൂപ) വില നല്‍കിയത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ സെയ്ല്സ്ഫോഴ്സ് സഹഉടമ മാര്‍ക് ബെനിയോഫും ഭാര്യ ലിന്നും സ്വന്തം നിലയിലാണു മാഗസിന് വാങ്ങുന്നത്. 95 വര്‍ഷം മുന്‍പു തുടങ്ങിയ ടൈമിന്റെ ദൈനംദിന നടത്തിപ്പില്‍ ബെനിയോഫ് ദമ്പതികള്‍ ഇടപെടില്ലെന്നു മെറഡിത്ത് പ്രസിഡന്റും സിഇഒയുമായ ടോം ഹാര്‍ട്ടി അറിയിച്ചു.
ടൈം ബ്രാന്‍ഡിനു കീഴിലുള്ള ഫോര്‍ച്യൂണ്‍, മണി, സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് എന്നീ പ്രസിദ്ധീകരണങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വാഷിങ്ടന്‍ പോസ്റ്റ് പത്രം 2013ല്‍ 25 കോടി ഡോളറിന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വാങ്ങിയതിനു പിന്നാലെയാണ് മറ്റൊരു പ്രമുഖ അച്ചടി മാധ്യമം കൂടി ടെക് മേധാവിത്വത്തിനു കീഴിലാകുന്നത്.
Comments