Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയില്‍നിന്ന് രക്ഷിക്കാനായി: മുഖ്യമന്ത്രി പിണറായി വിജയന്‍

Picture

ശനിയാഴ്ച 58,506 പേരെ പ്രളയക്കെടുതിയില്‍നിന്ന് രക്ഷിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 33 പേര്‍ ഇന്ന് മരിച്ചു. മഴക്കെടുതിയില്‍നിന്ന് സംസ്ഥാനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ജാഗ്രത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

22 ഹെലികോപ്റ്റര്‍, 83 നേവി ബോട്ടുകള്‍, 169 എന്‍.ഡി.ആര്‍.എഫ് ടീമുകളും ബോട്ടുകളും, അഞ്ച് ബി.എസ്.എഫ് സംഘം, കോസ്റ്റ് ഗാര്‍ഡിന്റെ 35 ടീമും ബോട്ടും, ആര്‍മി എഞ്ചിനീയറിംഗിന്റെ 25 സംഘം, ഫയര്‍ ആന്‍റ് റസ്ക്യൂവിന്റെ 59 ബോട്ടുകള്‍, തമിഴ്‌നാട്, ഒറീസ ഫയര്‍ ആന്‍റ് റസ്ക്യൂ ടീമുകള്‍, 600 മത്‌സ്യത്തൊഴിലാളി ബോട്ടുകള്‍, 40,000 പോലീസ് സേനയും അവരുടെ ബോട്ടും, 3200 ഫയര്‍ ആന്‍റ് റസ്ക്യൂ ജീവനക്കാര്‍ എന്നിവര്‍ ശനിയാഴ്ച രംഗത്തുണ്ടായിരുന്നു. ഇതിനുപുറമേയാണ് ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന പിന്തുണ.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായി. ഈ ഒരുമയാണ് മഹാദുരന്തം നേരിടാന്‍ കരുത്തായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏതു പ്രതിസന്ധിയും നേരിടാനും വികസനക്കുതിപ്പുണ്ടാക്കാനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയില്‍ നിര്‍ത്തുന്ന പ്രചാരണങ്ങളും ഇടപെടലുകളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അത്തരം ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നായാലും അവസാനിപ്പിക്കണം. ദുരന്തം ഉയര്‍ത്തിയ പ്രശ്‌നങ്ങളെ ഒന്നായിനിന്ന് നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കണം.

സംസ്ഥാന വിലയിരുത്തല്‍ യോഗത്തില്‍ ചാലക്കുടിയിലും ചെങ്ങന്നൂരും പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിശ്ചയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭക്ഷണവും ഹെലികോപ്റ്ററിനെയും നാവിക, കരസേനാ വിഭാഗങ്ങളെയും ദുരന്തനിവാരണ സേനയെയും പോലീസിനെയും കൂടുതലായി വിന്യസിക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിനനുസരിച്ച് നല്ല നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമിലോ അധികൃതരെയോ അറിയിച്ചാല്‍ ആവശ്യമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയെയും ഇന്ത്യന്‍ നേവി, ഫയര്‍ഫോഴ്‌സ് എന്നീ സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനുള്ള ഇടപെടലുണ്ടായി. നാടിന്റെ എല്ലാ മേഖലയിലുംപെട്ട ആളുകള്‍ തുടക്കംതൊട്ട് സഹകരിക്കാന്‍ തയാറായി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിക്കുന്നതില്‍ ചിലയിടത്തെങ്കിലും കാണിക്കുന്ന വൈമുഖ്യം അവര്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തിക്കേണ്ടത് സിവില്‍ ഭരണവും സൈന്യവും യോജിച്ച് മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതുപോലുള്ള എല്ലാ അവസരങ്ങളിലും ജില്ലാ ഭരണസംവിധാനത്തിനോടൊപ്പം സഹായിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കുകയാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേര്‍ന്ന് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കണം. സൈന്യം മാത്രമായി ഒരു ദുരന്തനിവാരണ ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന, ഭരണ സംവിധാനങ്ങള്‍ സൈന്യത്തിന് പുറമെ എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ്, സി.ആര്‍.പി.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ കേന്ദ്ര സേനകളുടെയും ഫയര്‍ഫോഴ്‌സ്, പോലീസ്, എസ്.ഡി.ആര്‍.എഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

സംസ്ഥാന തലത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവര്‍ത്തിച്ചുവരുന്നത്. ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിനെ മാത്രം ഏല്‍പ്പിച്ചിരുന്നില്ല. ജമ്മുകാശ്മീരിന്റെ സവിശേഷമായ സാഹചര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാരും സൈന്യവും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന രീതിയാണുണ്ടായതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യദൗര്‍ലഭ്യമില്ല മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകുമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. കേരളം ഓണാഘോഷത്തെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടാകും എന്നത് അസബന്ധമാണ്. റോഡു ഗതാഗത്തില്‍ ചിലയിടത്ത് ഉണ്ടായ തടസ്സമാണ് ചില്ലറ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതിലുണ്ടാകുന്ന തടസ്സം മാത്രമാണ് പ്രശ്‌നം. റോഡ് ഗതാഗതം സാധാരണ നിലയിലാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രശ്‌നത്തെ പര്‍വതീകരിച്ച് കാണരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൂടാതെ ധാന്യമായി നല്‍കാന്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച സഹായം

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്‌നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code