Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്: ഇന്‍ഫാം

Picture

കോട്ടയം: റബര്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനു കാരണം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനമാണെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ചുമതലയേറ്റ ചെന്നൈ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ കൂടിയായ എ. ആനന്ദന്റെ പ്രഖ്യാപനങ്ങള്‍ റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാതെ വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

ആഗോളവിപണിയില്‍ തുറന്ന കമ്പോളവ്യവസ്ഥ നിലനില്‍ക്കുന്നതുമൂലം ആഭ്യന്തരവിപണിവില ഇന്ത്യയുടെ മാത്രം നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ലെന്നു പറയുമ്പോള്‍ ലോകത്തിലെ 82 ശതമാനം റബറുല്പാദിപ്പിക്കുന്ന തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ വിപണിവിലയുടെ ഇരട്ടിനല്‍കി കര്‍ഷകരില്‍നിന്ന് നേരിട്ട് റബര്‍ സംഭരിച്ച് റബര്‍കര്‍ഷകരെ സംരക്ഷിക്കുന്നത് റബര്‍ബോര്‍ഡ് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഓരോ സംസ്ഥാനങ്ങളിലും റബറിന്റെ ഉല്പാദനച്ചെലവ് റബര്‍ബോര്‍ഡ് കണക്കാക്കിയതിന്‍പ്രകാരം റബറിന് തറവില പ്രഖ്യാപിക്കുന്നത് അട്ടിമറിക്കുന്നത് റബര്‍ബോര്‍ഡാണ്. കേരളത്തിലെ ഉല്പാദനച്ചെലവ് 172.07 രൂപയാണെന്നിരിക്കെ തറവില പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ബോര്‍ഡ് പരാജയപ്പെട്ടു.

കപ്പ്‌ലംബ് ഇറക്കുമതിയില്ലെന്നുള്ള പുതിയ ചെയര്‍മാന്റെ പ്രഖ്യാപനവും വിചിത്രമാണ്. ചിരട്ടപ്പാല്‍ അഥവാ റബര്‍ ചണ്ടി ഇറക്കുമതിക്കുള്ള ശക്തമായ നീക്കങ്ങള്‍ ഈ വര്‍ഷമാദ്യം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ചിരട്ടപ്പാലിന്റെ ഇറക്കുമതി നിലവാരം നിശ്ചയിക്കുന്നതിനായി 2018 ഏപ്രില്‍ 5ന് ഡല്‍ഹിയില്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മീറ്റിംഗ് നടന്നു. വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാനുള്ള ആവേശത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടുതന്നെ ഇക്കാര്യത്തില്‍ ഇടപെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മറവില്‍ വീണ്ടും ചണ്ടിപ്പാല്‍ ഇറക്കുമതിക്കുള്ള രൂപരേഖയുമായി വ്യവസായലോകം രംഗത്തുവന്നിരിക്കുന്നത് റബര്‍ബോര്‍ഡ് മറച്ചുവെയ്ക്കുന്നു. 2017 നവംബര്‍ 8നാണ് ചിരട്ടപ്പാലിന്റെ ഇറക്കുമതി നിലവാരം നിശ്ചയിക്കുന്നതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബിഐഎസ് ആരാഞ്ഞത്. കര്‍ഷകരെ മറന്ന് വ്യവസായികളുടെയും ടയര്‍ലോബികളുടെയും ചട്ടുകങ്ങളായി റബര്‍ ബോര്‍ഡ് അധഃപതിച്ചതും ഇപ്പോള്‍ റബര്‍ബോര്‍ഡ് തന്നെ കപ്പ്‌ലംബ് ഇറക്കുമതിക്ക് ഒത്താശചെയ്യുന്നതും രേഖകള്‍ പരിശോധിച്ച് ചെയര്‍മാന്‍ അന്വേഷിച്ചറിയണം.

സംസ്ഥാനമേര്‍പ്പെടുത്തിയ 150 രൂപ വിലസ്ഥിരതാപദ്ധതിക്ക് അവകാശവാദമുന്നയിക്കുവാന്‍ വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള റബര്‍ബോര്‍ഡിന് അര്‍ഹതയില്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന് വിലസ്ഥിരതാപദ്ധതി തുക നേടിയെടുക്കുവാന്‍ ബോര്‍ഡ് ഏറെ പരാജയപ്പെട്ടു, പുത്തന്‍ രാജ്യാന്തര വ്യാപാരക്കരാറുകളുടെ ഭാഗമായി റബര്‍ ആക്ടുതന്നെ റദ്ദ് ചെയ്യാനൊരുങ്ങുന്നത് ബോര്‍ഡ് മറച്ചുവയ്ക്കുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ടണ്ണാണ് മാസ ഉപഭോഗമെന്നും ആഭ്യന്തര ഉല്പാദനം നാല്‍പതിനായിരം ടണ്‍ മാത്രമാണെന്നുമുള്ള പ്രസ്താവന, ഇത്രയുംകാലം ബോര്‍ഡു പറഞ്ഞ കണക്കുകള്‍ പച്ചക്കള്ളമെന്നു തെളിയിക്കുന്നു. ഇതിനര്‍ത്ഥം മാസം 60,000 ടണ്‍വെച്ച് ഒരുവര്‍ഷം 7.2 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നുവെന്നാണ്. ആഭ്യന്തര ഉല്പാദനം കുറഞ്ഞിട്ട് വിപണിവില ഉയര്‍ത്താതെ ഗുണമേന്മ കുറഞ്ഞ റബര്‍ ഇറക്കുമതിക്ക് പിന്തുണയേകി റബര്‍ബോര്‍ഡു തന്നെയാണ് ആഭ്യന്തരവിപണി തകര്‍ക്കുന്നതെന്ന് ഇന്‍ഫാം പറഞ്ഞത് ശരിയെന്ന് തെളിയുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന റബര്‍വിലയിടിവ് ഉടന്‍ മാറുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടി, സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി എന്നിവ ഏര്‍പ്പെടുത്തി നിയന്ത്രണമേര്‍പ്പെടുത്താതെ അഡ്വാന്‍സ് ഓതറൈസേഷന്‍ സ്കീമിലൂടെ നികുതി രഹിത റബര്‍ ഇറക്കുമതിക്ക് റബര്‍ ബോര്‍ഡ് ഒത്താശചെയ്തിട്ട് കര്‍ഷകസംരക്ഷണം നടത്തുമെന്ന് റബര്‍ ബോര്‍ഡ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും കര്‍ഷകരെ മറന്ന് വ്യവസായികളെ മാത്രം സംരക്ഷിക്കുന്ന ബോര്‍ഡിന്റെ കര്‍ഷകനിഷേധ നിലപാട് തിരുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code