Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൂര ലഹരിയില്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ ജില്ലാ സംഗമം ഗംഭീരമായി   - മോഹന്‍ദാസ് കുന്നന്‍ചേരി

Picture

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ ഹെമല്‍ഹെംസ്റ്റഡില്‍ ജില്ലാനിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിധ്യമായ സാംസ്കാരിക പരിപാടികളും കൊണ്ട് മറ്റൊരു തൃശ്ശൂര്‍ പൂരത്തിന്റെ അലയടികള്‍ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചു.

രാവിലെ മുതല്‍ ഇടവിടാതെ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാളിനെ ലക്ഷ്യംവെച്ച് എത്തിക്കൊണ്ടിരുന്ന ജില്ലാനിവാസികളും, കുടുംബങ്ങളും തങ്ങളുടെ ജില്ലയുടെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കിയും, പരിചയമുള്ളവര്‍ തങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ പുതിയ സൗഹൃദങ്ങളുടെ വലകള്‍ നെയ്യുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഞ്ചാമത് ജില്ലാകുടുംബസംഗമം കവിതാ മേനോന്‍ ആലപിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് മലയാളിയും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതനും പ്രമുഖ പത്രപ്രവര്‍ത്തകനും മികച്ച സാമൂഹ്യ സാംസ്കാരിക നായകനും ഗ്രേറ്റര്‍ ലണ്ടനിലെ ലൗട്ടന്‍ ടൗണ്‍ കൗണ്‍സിലിന്റെ മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ ഫിലിപ്പ് എബ്രാഹമാണ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തത്.

തന്റെ സ്വന്തം വീട്ടില്‍ വന്ന് വീട്ടുകാരോട് സംസാരിക്കുന്ന തരത്തിലുള്ള ഒരു അനുഭവവും, അടുപ്പവും, സ്‌നേഹബന്ധങ്ങളുമാണ് ഈ ഹാളില്‍ പ്രവേശിച്ചതിനുശേഷം തനിക്ക് അനുഭവപ്പെട്ടതെന്ന് തൃശ്ശൂര്‍ ജില്ലക്കാരുമായി വലിയ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്ന ഫിലിപ്പ് എബ്രാഹം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി. സംഘടനയുടെ പേരില്‍കൂടിതന്നെ മറ്റ് ജില്ലക്കാരായ മലയാളികള്‍ക്കും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗം ചെയ്യുന്ന തരത്തിലുള്ള സൗഹൃദവേദി എന്ന നാമധേയത്തെ ഒത്തിരി പ്രശംസയോടെയാണ് ഫിലിപ്പ് എബ്രാഹം പരാമര്‍ശിച്ചത്.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതുപോലെ ശക്തമായ ജനപങ്കാളിത്തമുള്ള കുടുംബകൂട്ടായ്മകള്‍ കഠിനാധ്വാനം കൊണ്ടും, കഷ്ടപ്പാടുകൊണ്ടും നടത്തിക്കൊണ്ടുപോകുന്ന ഇതിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ കൊടുത്തും, സദസിലുള്ളവരോട് എഴുന്നേറ്റ് നിന്ന് നല്ല ഒരു കൈയ്യടി കൊടുപ്പിച്ചതിനുശേഷമാണ് മുന്‍ മേയര്‍ തന്റെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്.

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ നിവാസിയും ലണ്ടനിലെ കൃഷ് മോര്‍ഗന്‍ സോളിസിറ്റേഴ്‌സിലെ സോളിസിറ്റര്‍ സുരേഷ്, യുകെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയായ ഡോ.സുനില്‍ കൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരിയായ മുരളി മുകുന്ദന്‍, ലണ്ടനിലെ സാമുദായിക സംഘടനയുടെ സജീവ സാന്നിധ്യവും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ എ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തുകയും പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണി സ്വാഗതവും സംഘടയുടെ വൈസ് പ്രസിഡന്റ് ജീസന്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയുടെ സാംസ്കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള ഒട്ടേറെ കലാപരിപാടികളാല്‍ ഹൗഫീല്‍ഡ് കമ്മ്യൂണിറ്റി ഹാള്‍ തികച്ചും ഒരു പൂരലഹരിയില്‍ ആനന്ദിക്കുന്ന തരത്തില്‍ ജില്ലാനിവാസികള്‍ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ മാനം പകര്‍ന്നു.

തനതായ തൃശ്ശൂര്‍ രുചിയുള്ള ഭക്ഷണത്തിനുശേഷം നൃത്തച്ചുവടുകളുമായി ആഗ്ന മൈക്കിളിന്റെ ഫോള്‍ക്ക് ഡാന്‍സും, റോസ് വിന്നിയുടെ മോഹിനിയാട്ടവും, ജുവാന കടവിയുടെ സിംഗിള്‍ ഡാന്‍സും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്യാനും ജെയിയും അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും കാഴ്ചക്കാരെ നൃത്തത്തിന്റെ വിസ്മയലോകത്തേയ്ക്കാണ് കൊണ്ടുപോയത്.

പ്രൊഫഷണല്‍ ഗാനമത്സരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തില്‍ ഗാനത്തിന്റെ സ്വരലയതാളങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോയ കവിത മേനോന്‍, സ്മൃതി സനീഷ്, കെ.ജെയലക്ഷ്മി എന്നിവരുടെ ഗാനാലാപനം സദസ്സിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
തബലകൊണ്ടും ഹാര്‍മോണിയം കൊണ്ടും ക്ലാസിക്കല്‍ ഫ്യൂഷന്‍ ചെയ്ത് ഗൗതമും അര്‍ജുനും ഗിറ്റാര്‍ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അനഘ അമ്പാടിയും പ്രേക്ഷകരില്‍ സംഗീതത്തിന്റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പ്രൊഫഷണല്‍ ഫ്‌ളൂട്ട് രംഗത്ത് യുകെയിലെ അതികായനായ അനന്തപത്മനാഭന്റെ ഫ്‌ളൂട്ടുവായന പ്രേക്ഷകരെ സംഗീതമഴയുടെ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് കൊണ്ടുപോയി.

ജില്ലാ സംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ചടങ്ങ് ജില്ലാനിവാസികള്‍ക്ക് ഒരു പുതിയ അനുഭവമായി മാറി. പതിനഞ്ച് കൊല്ലത്തിലധികമായി ഇവിടെ താമസിച്ചിട്ടും നാട്ടിലെ തങ്ങളുടെ പരിചയക്കാരെയും അവരുടെ മക്കളേയും കണ്ടുമുട്ടുന്നതിന് ജില്ലാസംഗമം സാക്ഷ്യംവഹിച്ചുവെന്നുള്ളത് ഏറെ ശ്രദ്ദേയമായി.

പ്രവാസിജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമുക്കോരോരുത്തര്‍ക്കും നല്ല ഒരു ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത് യുകെയിലെ ആരോഗ്യരംഗത്തെ ഡോക്ടര്‍മാരില്‍ പ്രമുഖനും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ ഡോ.ഗോഡ്‌വിന്‍ സൈമണ്‍ നയിച്ച ആരോഗ്യവിജ്ഞാന ക്ലാസ് ജില്ലാനിവാസികളെ പുതിയ അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയിലേയ്ക്ക് കൊണ്ടുപോയി.

യുകെയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ മികച്ച സേവനങ്ങള്‍ ചെയ്യുന്ന ജില്ലാ നിവാസികളെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി അഭിനന്ദിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്ത്കാരിയും, കവയിത്രിയും, സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും തൃശ്ശൂര്‍ ജില്ലാനിവാസിയുമായ സിസിലി ജോര്‍ജിനെ തൃശ്ശൂര്‍ ജില്ലാസൗഹൃദവേദിയുടെ വനിതാ വിംഗ് ലീഡറായ ഷൈനി ജീസന്‍ ബൊക്കെ നല്‍കി ആദരിച്ചു.

യുകെയില്‍ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമുദായിക സംഘടനയായ സേവനം യുകെയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂര്‍ ജില്ലാ നിവാസിയായ ഡോ.ബിജു പെരിങ്ങത്തറയ്ക്ക്, കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി ബാഡ്മിന്റണ്‍ കളിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ നിവാസിയായ രാജീവ് ഔസേഫിന്റെ പിതാവ് ജോ ഔസേഫ് ബൊക്കെ നല്‍കി അഭിനന്ദിച്ചു. ഇരുവരും തങ്ങള്‍ക്കു നല്‍കിയ അഭിനന്ദനങ്ങള്‍ക്ക് ജില്ലാനിവാസികളോടും സംഘടനയോടും മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

റാഫില്‍ ടിക്കറ്റ് വിജയിക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ഉദ്ഘാടകനായ ഫിലിപ്പ് എബ്രാഹം നല്‍കി. തൃശ്ശൂര്‍ ജില്ലാ സ്വദേശിയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബ്രിട്ടനിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ ടി.ഹരിദാസിന്റെ നിര്‍ലോഭമായ പിന്തുണയ്ക്ക് ഭാരവാഹികള്‍ നന്ദി പറഞ്ഞു.

പരിപാടികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ജെപി നങ്ങിണി, ഷൈനി ജീസന്‍, മോഹന്‍ദാസ് കുന്നന്‍ചേരി, മിന്‍സി ജോജി, ഷീല രാമു, ബ്രിന്റോ ആന്റണി എന്നിവരുടെ നേതൃത്വം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണിയുടെ അവതാരകശൈലിയും പ്രാദേശികമായി ശക്തമായി നേതൃത്വം നല്‍കിയതിനെയും ജില്ലാനിവാസികള്‍ ഐക്യകണ്‌ഠ്യേന പ്രശംസിച്ചു.

ബ്രിട്ടനിലെ മറ്റ് ഒരു ജില്ലാസംഗമത്തിനും അവകാശപ്പെടാനില്ലാതെ ബ്രിട്ടന്റെ തലസ്ഥാനത്ത് മൂന്ന് പ്രാവശ്യവും മിഡ്‌ലാന്‍സിനു സമീപവും ഇംഗ്ലണ്ടിന്റെ നോര്‍ത്തിലും എത്തിയ ഈ ജില്ലാസംഗമത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ പുതിയ ആളുകളായിരുന്നു. മറ്റ് കുടുംബ കൂട്ടായ്മകളില്‍ എല്ലാംതന്നെ പഴയ സ്ഥിരമുഖങ്ങള്‍ ആണെങ്കില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നടത്തിയ അഞ്ച് സംഗമങ്ങളിലും വ്യത്യസ്ത ആളുകളും നവാഗതരും ആയിരുന്നുവെന്നുള്ളത് മറ്റ് കുടുംബസംഗമങ്ങളില്‍ നിന്ന് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയെ വ്യത്യസ്തമാക്കുന്നു.

ജില്ലാസംഗമദിനത്തില്‍ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ കളി കാണുന്നത് മാറ്റിവെച്ച് തങ്ങളുടെ ജില്ലാസംഗമമാണ് തങ്ങള്‍ക്ക് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു തൃശ്ശൂര്‍ ജില്ലാ നിവാസികള്‍. നേരം വളരെയേറെ വൈകി അവസാനിച്ച ചടങ്ങുകള്‍ക്ക് ശേഷം പരസ്പരം വിടചൊല്ലി അടുത്ത പൂരത്തിന് കാണാം എന്നു പറഞ്ഞ് ജില്ലാനിവാസികള്‍ പിരിയുകയായിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code