Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞങ്ങളെ ഒറ്റാക്കാക്കിയില്ലല്ലോ? തല്ലിയ മകളോട് ക്ഷമിച്ചു വൃദ്ധ മാതാക്കള്‍

Picture

കണ്ണൂര്‍: ‘‘എന്തെങ്കിലും പറഞ്ഞിറ്റാമ്പോ കശപിശ ഉണ്ടാകും. എന്നല്ലാതെ ഓളെ മനസ്സില്‍ ഒന്നൂല്ലപ്പാ... ഞങ്ങളോട് ഇഷ്ടൂല്ലെങ്കി പിന്ന ഞങ്ങളെ ഒറ്റക്കാക്കീറ്റ് ഓള് എപ്പളേ പോവായിരുന്നില്ലേ..’’ തന്നെ തല്ലിയ കൊച്ചുമകളെക്കുറിച്ച് മുത്തശ്ശിയുടെ മാതൃത്വം കനിയുന്ന വാക്കുകള്‍. ദീപയെക്കുറിച്ച് മുത്തശ്ശി കല്യാണി ഇതുപറയുമ്പോള്‍ അമ്മ ജാനകിക്കും മറ്റൊരു അഭിപ്രായമില്ല. ദീപയും കല്യാണിയും ജാനകിയും അത്താണിയില്‍ ഇപ്പോള്‍ ഒന്നാണ്. സാമൂഹികമാധ്യമങ്ങളിലെ വലിയ ചര്‍ച്ചയിലെ കഥാപാത്രങ്ങളായിരുന്നു അവര്‍. ചര്‍ച്ചകളില്‍ ദീപ, മുത്തശ്ശിയെ തല്ലിയ ചെറുമകളെന്ന വില്ലത്തി. പക്ഷേ, ഈ അമ്മക്കും മക്കള്‍ക്കും അരികിലെത്തുമ്പോഴുള്ള കാഴ്ച മറ്റൊന്നാണ്. ഏതൊരു അമ്മയും മക്കളുമെന്നപോലെ അവര്‍ക്കിടയില്‍ സ്‌നേഹമുണ്ട്. വൈകാരിക അടുപ്പമുണ്ട്. അത്താണിയിലെത്തിയ ആദ്യദിവസം അവര്‍ ഒന്നിച്ച് ഉണ്ടു. ഉറങ്ങി. അവശരായ മുത്തശ്ശിക്കും അമ്മക്കും സഹായിയായി ദീപ അരികുചേര്‍ന്ന് തന്നെയുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ലോകം കണ്ട, ഏതാനും മിനിറ്റുകളുള്ള വിഡിയോ ആണ് അവരെ അത്താണിയിലെത്തിച്ചത്. ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ പട്ടിണിയുടെ പാരമ്യത്തില്‍ ദീപക്ക് പറ്റിയൊരു കൈയബദ്ധം മാത്രമായിരുന്നു അത്. വിഡിയോയില്‍ അത് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയവര്‍ പക്ഷേ, കണ്ണൂര്‍ ആയിക്കര ഉപ്പാലവളപ്പിലെ ദീപയുടെയും കുടുംബത്തിന്‍െറയും ദുരിതകഥ ലോകത്തോട് പറഞ്ഞില്ല. മുത്തശ്ശി കല്യാണിക്ക് വയസ്സ് 90 കഴിഞ്ഞു. അമ്മ ജാനകി 70ലെത്തി. പ്രായത്തിന്‍െറ രോഗപീഡകളാല്‍ വലയുന്ന ഇവര്‍ക്ക് ആകെയുള്ള ആശ്രയമാണ് 39കാരി ദീപ. അഞ്ചാം ക്ലാസിലും രണ്ടിലും പഠിക്കുന്ന രണ്ടു മക്കളുമുണ്ട് ദീപക്ക്. ഭര്‍ത്താവ് എട്ടുവര്‍ഷം മുമ്പ് വീടുവിട്ട് പോയതാണ്.

പ്രായമായ അമ്മമാരെയും മക്കളെയും നോക്കുന്നത് ദീപ തനിച്ച്. അമ്മക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവ പെന്‍ഷന്‍ മാത്രമാണ് വരുമാനം. ടൗണിലെ തയ്യല്‍ക്കടയിലെ സഹായിജോലിയില്‍നിന്നുള്ള വരുമാനമാണ് ഇത്രയും കാലം അഞ്ചു വയറുകളെ ഊട്ടിയത്. അഞ്ചാം ക്ലാസുകാരി മകള്‍ക്കെതിരെ അതിക്രമത്തിന് ശ്രമമുണ്ടായതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയില്ലെന്നായി. ഇതോടെ വീട്ടില്‍ അടുപ്പ് പുകയാതായി.

പട്ടിണി കണ്ടറിഞ്ഞ് ആരെങ്കിലും നല്‍കുന്ന സഹായംകൊണ്ടാണ് വല്ലപ്പോഴും വിശപ്പകറ്റിയത്. ഇത്തരമൊരു ദുരിതാവസ്ഥയില്‍ സംഭവിച്ചുപോയ പ്രകോപനമാണ് അയല്‍ക്കാര്‍ ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലിട്ടത്. അതുകണ്ട് തന്നെ പഴിക്കുന്നതില്‍ ദീപക്ക് സങ്കടമേറെയുണ്ട്. അതേസമയം, ദീപയുടെ കൈയബദ്ധം അമ്മമനസ്സ് പൊറുത്തുകഴിഞ്ഞു. മുത്തശ്ശിയെ തല്ലിയ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് മകളെക്കുറിച്ച് അമ്മ പറഞ്ഞത് നല്ലതുമാത്രം. സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചയും കേസുമൊക്കെ ആയതോടെ പൊലീസാണ് മൂവരെയും പുനരധിവാസകേന്ദ്രമായ ആയിക്കരയിലെ അത്താണിയിലെത്തിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code