ഭാര്യയെന്നാലൊരാള് കെട്ടിയ താലിതന്‍
ഭാരംചുമക്കുന്ന നാരിയല്ല!
വേളയ്ക്കുഭക്ഷണം വെച്ചുവിളമ്പുന്ന
വേലയ്ക്കുവച്ചൊരു സ്ത്രീയുമല്ല!
കാന്തന്റെപിന്നാലെ നമ്രശിരസ്കയായ്
കര്‍ത്തവ്യംപോലെ നടപ്പോളല്ല!
ഏവരും നിത്യമുരിഞ്ഞിടും വസ്ത്രങ്ങള്‍
എന്നും കഴുകുന്ന നാരിയല്ല!
വീട്ടിലെവേലകള് സര്‍വ്വം സ്വയംചെയ്യും
വേതനം വാങ്ങാത്ത ഭൃത്യയല്ല!
കാന്തന്റെ ഇംഗിതംപോലെ ചലിക്കുന്ന
യന്ത്രവുമല്ലൊരു ഭാര്യയെന്നാല്‍!
ഭര്ത്താവുപാടുന്ന പാട്ടിനൊത്താടുന്ന
നര്ത്തകിയല്ലൊരു ഭാര്യയെന്നാല്‍!
ആട്ടുമടിയും സഹിച്ചൊന്നും മിണ്ടാതെ
കൂടെക്കഴിയുമടിമയല്ല!
മക്കളെപെറ്റു വളര്‍ത്തുവാന്‍ ലൗകിക
സൗഖ്യങ്ങളെല്ലാം പകര്‍ന്നിടുവാന്‍,
മാത്രയിലിച്ഛകളൊന്നൊന്നായ് സാധിപ്പാന്‍
മാത്രമായ്വന്നവളല്ല ഭാര്യ!
പ്രത്യുത
ഭാര്യയെന്നൊരാ പദത്തെക്കാളെത്രയോ
ഭാസുരമാം പദം "ധര്‍മ്മപത്നി!"
ഗേഹത്തിന് ദീപമായ് വാഴുവാനെത്തിയ
സ്നേഹനിധിയല്ലോ “ധര്‍മ്മപത്നി"!
കര്‍മ്മനിരതമാം ജീവിതം തന്നുടെ
ധര്‍മ്മമാണെന്നു കരുതിവന്നോള്!
തന്പതിയേയും തന്മക്കളേയും പോറ്റാന്‍
തല്പരയായ് വന്ന ദേവിയവള്!
കാന്തനോരാതുരനാകുകില് അമ്മയായ്,
ആതങ്കവേളയില് സോദരിയായ്,
ഭക്ഷണം, ഗാര്‍ഹികം, ദാമ്പത്യമാദിയില്
ലക്ഷണമൊത്തൊരുപത്നിയുമായ് !,
വര്ത്തിപ്പോള് സ്ത്രീതന്റെ ഭര്ത്ത്രുവസതിയില്
കര്ത്തവ്യബോധത്തോടെല്ലായ്പ്പോഴും!
കണ്ണിലെ കൃഷ്ണമണിപോലവളെന്നും
കാക്കുവോള്‍ തന്നുടെപാതിവ്രത്യം!
അവളുടെ കണ്‍കളില്‍ അശ്രുപൊടിക്കാതെ
അവളൊത്തുവാഴ്വതുഭര്ത്ത്രു ധര്‍മ്മം!
എന്നാലേഗേഹത്തില് ലഭ്യമായീടുള്ളൂ
എന്നാളുംശാന്തിയും സന്തോഷവും!
കാമാര്ത്തനാമൊരുഭര്ത്താവായ് വാഴാതെ
കാരുണ്യചിത്തനായ് ജീവിക്കുകില്‍,
തന് "ധര്‍മ്മപത്നി" യ്ക്കുതാങ്ങും തണലുമായ്
വര്ത്തിപ്പോനുത്തമകാന്തനല്ലോ !
Comments