Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എവിടെ ആ സൗന്ദര്യഭൂമി (എ പാസ്സേജ് ടു അമേരിക്ക) - ഒരു പുനര്‍വായന: സുധീര്‍ പണിക്കവീട്ടില്‍)

Picture

വായിക്കുന്തോറും വായനക്കാരില്‍ കൗതുകം വര്‍ദ്ധിപ്പിക്കുന്ന ഒരു പുസ്തകമാണ് പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയുടെ എ പാസ്സേജ്് ടുഅമേരിക്ക.ചില പുസ്തകങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ വായിക്കുമ്പോള്‍ ഓരോ തവണയും പുതിയ പുസ്തകം വായിക്കുന്ന പ്രതീതിയുളവക്കാന്‍ കഴിയുന്നവയാണ്. എഴുന്നൂറ്റിഅറുപത്തിയൊന്നു പുറങ്ങളിലായി പരന്നു കിടക്കുന്ന ഈ പുസ്തകം ഇന്നത്തെ തലമുറക്ക് ഗ്രഹാതുരത്വംപകരുമ്പോള്‍ വരും തലമുറ ഇത് ഉദ്വേഗത്തോടെ, ആകാംക്ഷയോടെ വായിക്കും, അത്ഭുതപരതന്ത്രരാകും. കാരണം പ്രതിദിനം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭൂപ്രക്രുതി പുസ്തകങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുമായി ഒരു ബന്ധവും കാണില്ലെന്നുള്ളത് തന്നെ. അതു ഭാവി തലമുറയെ വിസ്മയിപ്പിക്കും.

പുസ്തകത്തില്‍ കുട്ടനാട്ടിലെ കണ്ണാടിയെന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു ബാലന്‍ ബിരുദാനന്ത ബിരുദത്തിനു ശേഷം ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തുന്നതും ഇവിടത്തെ ''മെല്‍ടിങ്ങ് പോട്ടില്‍" അലിഞ്ഞു ചേരുന്നതുമായ സഭവബഹുലമായ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ സാഹിത്യത്തിന്റെ ഏതു വിഭാഗത്തിലും ഉള്‍കൊള്ളിക്കാം.ഇതൊരു നോവലാണ്, ജീവചരിത്രമാണ്. അല്ലെങ്കില്‍ ജന്മഭൂമിയിലും കുടിയേറിയ വിദേശഭൂമിയിലും അനുഭവിച്ച, പരിചയിച്ച ജീവിതവും സംസ്കാരവും, പ്രക്രുതിയും, ആചാരങ്ങളും വിവരിക്കുന്ന ഒരു വിജ്ഞാനകോശമാണ് എന്നൊക്കെ വായനക്കാരനു വിലയിരുത്താം.

ഇതിഹാസം എന്ന പദത്തിനു "അങ്ങനെ സംഭവിച്ചത്'' എന്നര്‍ത്ഥമുണ്ടത്രെ. നമ്മള്‍ക്ക് വലിയ നിശ്ചയമില്ലാത്ത കാര്യങ്ങളെ നമ്മള്‍ പുരാണമായി/ഇതിഹാസമായി കരുതാറുണ്ട്. പക്ഷെ പുരാണം എന്നാല്‍ അടുത്ത കാലത്ത് സംഭവിക്കാത്തത് എന്നാണു നിര്‍വ്വചിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രക്രുതിഭംഗിയും, ഗ്രാമീണതയും, സൗമ്യതയുള്ള നാട്ടുക്കാരും പക്ഷിമ്രുഗാദികളുമെല്ലാം ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഈ പുസ്തകം വായിക്കുന്ന ഒരാളുടെ മനസ്സില്‍ ഗ്രഹാതുരത്വം നിറയ്ക്കുന്ന വിധത്തിലാലാണ് ഈ പുസ്തകത്തിന്റെ. അതേസമയംനഷ്ട്ടപ്പെട്ടുപോയ ഒരു നല്ല കാലത്തെക്കുറിച്ച് ആദ്യം വായിക്ലറിയുന്നവരുടെ മനസ്സില്‍ വിസ്മയാവഹമായി ഇതിലെ വര്‍ണ്ണനകള്‍ പതിഞ്ഞുപോകുകയും ചെയ്യും.

ഈ പുസ്തകം രചിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു. പുസ്തകങ്ങള്‍ പഴയതാവുമ്പോള്‍ അതിലെ വിവരണങ്ങളും സംഭവങ്ങളുംചിലപ്പോള്‍ കെട്ടുകഥകളും, പുരാണങ്ങളുമായി തീരാറുണ്ട്. ആധുനികതയുടെ അതിപ്രസരത്തില്‍ മനുഷ്യന്‍ സ്വീകരിക്കുന്ന ജീവിതരീതികളാണു അതിനുത്തരവാദികള്‍. അതുകൊണ്ട് അവയെ പുരാണങ്ങള്‍ അല്ലെങ്കില്‍ ഇതിഹാസങ്ങള്‍ എന്ന വിഭാഗത്തിലേക്ക് വായനക്കാര്‍ തള്ളിവിടുന്നു. അത്തരം പുസ്തകത്തിലെ സ്ഥലങ്ങളും, ജീവിതരീതിയും ഭാഷയും പോലും മാറിപോകുന്നു. ഋതുഭേദങ്ങള്‍ക്കൊപ്പം ദേശാടനം നടത്തുന്ന കിളികളും തിരിച്ചുവരുമ്പോള്‍ അവരുടെ നാടിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയതായി കണ്ട് നിരന്തരം മാറുന്ന ഒരു പ്രദേശത്തേക്ക് മടങ്ങേണ്ടതില്ലെന്നു തീരുമാനിക്കുന്നത് കൊണ്ടായിരിക്കുംഇപ്പോള്‍ അത്തരം പക്ഷികളെ നമ്മള്‍ കാണാത്തത്.

ഭാരതത്തിലെ ഇതിഹാസങ്ങളായ ഭാരതവും, രാമായണവും പകര്‍ന്നു തരുന്ന വിവരങ്ങള്‍ വിശ്വസനീയങ്ങളാണോ? മഹാഭാരതത്തില്‍ കുട്ടനാട് എന്ന സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് അതൊരു വനമായിരുന്നു. മരങ്ങളാല്‍ നിബിഡമായ ഒരു പ്രദേശം. അവിടെ ഒരു വലിയ തീപിടുത്തമുണ്ടായി മരങ്ങള്‍ എല്ലാം വെന്തു കരിയായി. അതുകൊണ്ട് കുട്ടനാട്ടിലെ ചില സ്ഥലങ്ങളുടെ പേരു "കരി' എന്ന വാക്കില്‍ അവസാനിക്കുന്നു. ഉദാഹരണം മിത്രക്കരി, രാമങ്കരി , ചെന്നങ്കരി, കൈനകരി. ഈ സ്ഥലങ്ങള്‍ മുഴുവനായി അറിയപ്പെടുന്നത് "ചുട്ടനാട്'' എന്ന പേരിലായിരുന്നുവെന്നും പിന്നീട് വാമൊഴിയില്‍ വന്ന മാറ്റം കൊണ്ട് കുട്ടനാട് എന്നായി എന്നും പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. ഇത് കത്തിപ്പോയ ഖാണ്ഡവവനത്തെയാണു സൂചിപ്പിക്കുന്നത് എന്നു നാട്ടുക്കാര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ കുട്ടനാടിനെ ഇന്നു കാണുന്ന ഒരു വ്യക്തിക്ക് അതു പഞ്ച പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ ഭൂമിയാണെന്നൊന്നും വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നമുക്ക് രേഖകള്‍ സൂക്ഷിക്കാനും, വിവരങ്ങള്‍ പകരാനും പങ്കു വയ്ക്കാനും ആധുനിക സങ്കേതങ്ങളുണ്ടു.എന്നാല്‍ ഭൂതകാലം ശ്രുതി സ്മ്രുതികളാല്‍ പുതിയ തലമുറക്ക്‌കൈമാറ്റചെയ്യപ്പെട്ടത്‌കൊണ്ട് വിവരങ്ങളുടെ ആധികാരിത ഇന്നും ചോദ്യമുനയില്‍ നില്‍ക്കുന്നു.ഇന്നത്തെ ചിന്താഗതിക്ക് അവയെല്ലാം വെറും കെട്ടുകഥകള്‍ മാത്രം.ചിലപ്പോള്‍ ചരിത്രവും, പുരാണവും, കെട്ടുകഥകളും വസ്തുതകളും കെട്ടുപിണഞ്ഞ് കിടക്കുന്നു. ചരിത്രം ശാസ്ര്തം പോലെ തെളിയിക്കുക അത്ര എളുപ്പമല്ല. ചരിത്രപ്രധാനമായ വസ്തുതകള്‍ വസ്തുതകളായി നിലക്കൊള്ളുമ്പോഴും വര്‍ത്തമാനക്കാലത്തെ അറിവുകള്‍ വച്ചുനോക്കുമ്പോള്‍ അവയെല്ലാം അപ്പടി വിശ്വസിക്കാന്‍ പ്രയാസമുണ്ടാകുന്നു.കാരണം വര്‍ത്തമാനകാലത്തിനു ഉള്‍കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ അത്ഭുതങ്ങളായി പരിഗണിക്കപ്പെടുന്നു.

മൊട്ടക്കുന്നുകളും തടാകങ്ങളും പാടശേഖരങ്ങളും നിറഞ്ഞു നിന്ന സ്ഥലം നികത്തി അവിടെ ആധുനിക കെട്ടിടസമുച്ചയങ്ങള്‍ നിറയുമ്പോള്‍ കാലാന്തരത്തില്‍ അവിടെ താമരവിരിഞ്ഞു നിന്നിരുന്ന ഒരു കുളമുണ്ടായിരുന്നുവെന്ന് പറയുന്നത് വെറും മുത്തശ്ശിക്കഥയായി തീരും.നദികള്‍, തോടുകള്‍, അണക്കെട്ടുകള്‍, വഞ്ചികള്‍, പത്തേമാരികള്‍, ബോട്ടുകള്‍, കൊച്ചോടങ്ങള്‍,നെല്‍പ്പാടങ്ങള്‍, മരങ്ങള്‍,സസ്യജാലങ്ങളും, കുറ്റിചെടികളും, വീട്ടുമ്രുഗങ്ങളും, ദേശാടനകിളികളും, ഇഴജന്തുക്കളും, വീടുകളും, പാലങ്ങളും, വേലിക്കെട്ടുകളും, നെറ്റിയില്‍ വിയര്‍പ്പുമായി നില്‍ക്കുന്ന തൊഴിലാളികളും, നാട്യവും കാപട്യവുമില്ലാത്ത നാഗരികതയുടെ സ്പര്‍ശമേല്‍ക്കാത്ത ഗ്രാമീണ ഭംഗി.യും നിറഞ്ഞു നിന്ന ഒരു പ്രദേശത്തിന്റെ മുഖഛായ മാറ്റിക്കളയുന്നു മനുഷ്യന്റെ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള പുരോഗതി എന്ന അനിവാര്യത.അതേപോലെ അന്നത്തെ ജനങ്ങളും, ജീവിതരീതിയും വിശ്വാസങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോകരുതായിരുന്നുവെന്ന് വരും തലമുറ തീര്‍ച്ചയായും ആഗ്രഹിച്ചേക്കാം.മതവ്യത്യാസം കണക്കിലെടുക്കാതെ ചില ആചാരങ്ങള്‍ എല്ലാ മതക്കാരും ആചരിച്ചിരുന്നതായി പുസ്തകത്തില്‍ കാണുന്നുണ്ട്. ശിശുവായിരുന്നപ്പോള്‍ ഗ്രന്ഥകാരന്റെ ജന്മനാള്‍ നോക്കി മനസ്സിലാക്കിയതായി എഴുതിയിട്ടുണ്ട്. അതു നാളുകളിലെ ആദ്യനാളായ അശ്വതിയാണെന്നും ആ നാളുക്കാര്‍ക്ക് സരസ്വതിപ്രസാദം (വിദ്യ) ഉണ്ടാകുമെന്നും എന്നാല്‍ ലക്ഷ്മി പ്രസാദം (ധനം) കാര്യമായി ഉണ്ടാകില്ലെന്നും വിശ്വസിച്ചിരുന്നുവത്രെ. കൂടാതെമാസങ്ങള്‍ മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ അമ്മവീട്ടില്‍ നിന്നും അഛന്റെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള വള്ളം തയ്യാറായപ്പോള്‍ വയറ്റാട്ടിയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ യാത്ര സുരക്ഷിതമാകാന്‍ അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുന്നതായും പറയുന്നുണ്ട്.തമ്പ്രാക്കന്മാരുടെ കുഞ്ഞുങ്ങളുടെ ദീര്‍ഘായുസ്സും സൗഖ്യവും ഉറപ്പു വരുത്താന്‍ അടിയാന്മാര്‍ അവരാല്‍ കഴിയുന്നത് എന്തും ചെയ്തിരുന്നു. അന്നത്തെ സാമൂഹ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം വിവരങ്ങള്‍. ഈ കാലഘട്ടത്തില്‍ മതസഹിഷ്ണതയും, സൗഹാര്‍ദ്ദവും ക്ഷയിച്ചു വരുന്ന സൂചന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു.

മേഘങ്ങളുടെ മേലാപ്പിനു താഴെകൊയ്ത്തു കഴിഞ്ഞ വയലില്‍ പശുക്കള്‍ പുല്ലുമേയുമ്പോള്‍ അവിടേക്ക് താറവുകളെ തീറ്റക്കായി ഇറക്കിവിടുന്നത് കുട്ടനാട്ടിലെ കാഴ്ചകളില്‍ ഒന്നാണു.കുട്ടനാടിന്റെ പ്രക്രുതി സൗന്ദര്യവും ജീവിതരീതികളും നല്ല എഴുത്തുകാരെ മലയാള ഭാഷക്ക് സമ്മാനിച്ചു.പുറക്കാട്ടു കടപ്പുറത്തുകൂടി നടന്നു പോകുന്ന എഴുത്തുകാരനായ ഒരു യുവവക്കീല്‍ അടുത്തുള്ള മുക്കുവകുടിലില്‍ നിന്നും ഒരു വിളി കേള്‍ക്കുന്നു. "കറുത്തമ്മാ''. ആ വിളി അദ്ദേഹത്തിന്റെ സര്‍ഗ്ഗകൗതുകങ്ങളെ തട്ടിയുണര്‍ത്തി.. വിശ്വസാഹിത്യത്തിലെ വിവിധ ഭാഷകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു പ്രണയ കഥക്ക് രൂപം നല്‍കി. "വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയെ അവിടെ കൊയ്ത്തിനു വന്ന ഒരു വടക്കത്തി പെണ്ണാളിനെ മോഹിച്ച് നിന്ന ഒരു താറാവുകാരന്റെ വിരഹഗാനം കാവാലം നാരായണപണിക്കര്‍ മഹോഹരമായി എഴുതിയിട്ടുണ്ടു.ആളൊഴിഞ്ഞ മൈലപ്പാട നടുവരമ്പത്ത്, അതിരുവരമ്പത്ത്, ആയിരം താറാക്കാറനിലവിളിയില്, എന്റെ മനസ്സിന്റെ കനറ്റലു നീ കേട്ടോ? കേട്ടില്ലേ? വടക്കത്തി പെണ്ണാളേ...എന്നാല്‍നെല്‍പ്പാടങ്ങള്‍ നികത്തപ്പെടുമ്പോള്‍ താറാവുകള്‍ക്ക് ഇരതേടാന്‍ ഇടമില്ലാതാകുന്നു. അവിടെ താറാവുകള്‍ വരാതാകുന്നു. വഴിക്കണ്ണുമായി കാത്തിരിക്കാന്‍ കാമുകിമാര്‍ ഇല്ലാതാകുന്നു. കാരണം സാങ്കേതികവിദ്യയുടെ സഹായത്താല്‍ പ്രണയസാഫല്യങ്ങള്‍ ഇപ്പോള്‍ എളുപ്പം നിറവേറുന്നു. പ്രണയത്തിനു തന്നെ ഒരു പുതിയ മുഖം കൈവരുന്നു.റാണിമംഗലം കായല്‍ തീരത്തേക്ക് നെല്‍കതിരുകള്‍ കൊയ്യാനായിതേച്ച് മൂര്‍ച്ഛ വരുത്തിയ അരിവാളുമേന്തിന്തോണിയില്‍ പോകുന്ന കര്‍ഷകരുടെ പാട്ടില്‍ നിന്നും രണ്ടു വരി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. വെമ്പനാട്ടുകായലിലെ കരയോട് സമീപമുള്ള സ്തലങ്ങള്‍ വരമ്പുകള്‍ ഉയര്‍ത്തി വെള്ളം വറ്റിച്ച് അവിടെ ക്രുഷി നടത്തിയിരുന്നു. അത്തരം സ്ഥലങ്ങള്‍ക്കും ന്കായല്‍ എന്നാണു പറഞ്ഞിരുന്നത്. തിരുവതാങ്കൂര്‍ കൊട്ടാരത്തിലെ രാജാവായിരുന്ന ചിത്തിര തിരുന്നാള്‍ രാജാവിന്റെ നാമത്തില്‍ ചിത്തരമംഗലം കായല്‍ ഉണ്ടായിരുന്നു. അതെപോലെ തന്നെ വേറൊരു കായലാണു 24000 കായല്‍. ഇവിടേക്ക് കൊയ്ത്തിനു വരുന്ന ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ പ്രണയബദ്ധരാകുന്നു. അങ്ങനെ പ്രണയസുരഭിലമായ ഓര്‍മ്മകള്‍ അയവിറക്കി ഒരു കാമുകന്‍ അവന്റെ ഇഷ്ടപ്രാണേശ്വരിയോട് പുന്നാരം പറയുന്നു ഇങ്ങനെ.

കണ്ടങ്കരി പുഞ്ചയിലെ പൊന്നുകൊയ്യണ പെണ്ണാളെ
കറ്റയേന്തി കളത്തില്‍ വന്നെന്‍ കാതില്‍ ഒന്നു പാടാമോ?

കേരളത്തിന്റെ നെക്ലറ എന്നു വിശേഷിപ്പിച്ചിരുന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ എണ്ണം കുറയുന്നു, ക്രുഷിഭൂമിയുടെ വിസ്താരം കുറയുന്നു.ഭൂതകാലത്തിന്റെ സമ്രുദ്ധി പുസ്തകതാളുകളില്‍ മാത്രം ഒതുങ്ങിപോകുന്ന ഒരവസ്ഥക്ക് പുതിയ തലമുറ സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ചുണ്ടും പിളര്‍ത്തിച്ചുരുളന്‍ മുടിയുമായ് മുണ്ടകകപാടങ്ങള്‍ കാത്ത് കിടക്കയാം, കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം കേരമനോഹരകേരളത്തോപ്പുകള്‍, മഞ്ഞില്‍ വിടര്‍ന്ന നിലാവ് ചൂടിക്കൊണ്ടു, മജ്ഞുനിശകളിങ്ങൂയലാടുന്ന നാള്‍, അങ്ങനെയൊക്കെ നമ്മുടെ ഇടശ്ശേരിയും എഴുതി വച്ച കേരളത്തിന്റെ മനോഹാരിത നഷ്ടമാകുന്നു എന്ന ദുഃഖം ഇന്നത്തെ തലമുറയ്ക്കും ആ മനോഹരതീരം എങ്ങനെ നഷ്ടമായിയെന്ന അവിശ്വസനീയത പുതിയ തലമുറയ്ക്കും ഉണ്ടാകും.

പ്രൊഫസ്സര്‍ ചെറുവേലിയുടെ കണ്ണുകള്‍ക്ക് മുന്നില്‍ കുട്ടനാടിന്റെ സൗന്ദര്യം അതിന്റെ എല്ലാ മുഗ്ധഭാവങ്ങളും ഉള്‍ക്കൊണ്ട് നില്‍ക്കുന്നു. അതു മനോഹരമായ വാക്കുകളിലൂടെ പകര്‍ത്തിവയ്ക്കാന്‍ അദേഹം വെമ്പല്‍ കൊള്ളുന്നതായി വായനക്കാരനു അനുഭവപ്പെടും.നീലാകാശത്തിനു കസവു കര തുന്നുന്ന പൊന്‍വെയില്‍, ഈര്‍പ്പം മുറ്റി നില്‍ക്കുന്ന അന്തരീക്ഷം, കൂട്ടം കൂട്ടമായി പറക്കുന്ന ദേശാടനക്കിളികള്‍. കുട്ടനാടിന്റെ ജീവനാഡിയായ പമ്പനദിയുടെ ഉപനദികളിലൂടെയുള്ള തോണിയാത്ര. വെള്ളാമ്പലുകളും കുഴവാഴകളും മൂടുന്ന വെള്ളത്തിനുമേല്‍ മാംസപേശികള്‍ വിറപ്പിച്ചുകൊണ്ട് കഴുക്കോല്‍ കുത്തുന്ന തോണിക്കാരന്‍. നദിക്കരയിലെ തെങ്ങുകളില്‍ ഇളം കാറ്റേറ്റ്് ഭംഗിയോടെ ഇളകുന്ന തെങ്ങോലകള്‍. തോണിയാത്രക്കാരെ ഗൗനിക്കാതെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന കൊക്കുകള്‍, ജലോപരിതലത്തിലേക്ക് ചാടിവരുന്ന മീനിനെ കൊത്തിപ്പറക്കുന്ന നീലപൊന്മാന്‍.ഇടക്കിടെ മൂത്രമൊഴിക്കാനെന്നും പറഞ്ഞ് വഞ്ചി കരയില്‍ അടുപ്പിച്ച് അപ്രത്യക്ഷനാകുന്ന വഞ്ചിക്കാരന്‍. ഗ്രന്ഥകാരന്റെ കൗമാരപ്രായത്തില്‍ വഞ്ചിക്കാരന്റെ ഇടവേളകളുടെ രഹസ്യം മനസ്സിലായില്ലെങ്കിലും മദ്യം സേവിക്കാനാണെന്നുപിന്നീട് അദ്ദേഹം അറിയുന്നു. വഞ്ചിക്കാരുടേയും യാത്രക്കരുടെയും ദാഹശമനാര്‍ത്ഥം പ്രവര്‍ത്തിച്ചിരുന്ന കള്ളു ഷാപ്പുകള്‍ പക്ഷെ ഇന്നും അവശേഷിക്കുന്നു.

ഗ്രാമലാളിത്യം കവര്‍ന്നെടുത്ത് നാഗരികതയും ശാസ്ര്തവും അവിടെ പരിഷ്ക്കാരത്തിന്റെ ചിത്രംവരയ്ക്കുന്നു. നഷ്ടപ്പെടുന്ന പഴമയുടെ വിവരണങ്ങള്‍ അക്ഷരങ്ങളില്‍ സുഭദ്രമെങ്കിലും വീണ്ടും അവയുടെ പുനര്‍ജ്ജനി അസംഭവ്യമാണ്. അതുകൊണ്ട് മനുഷ്യരാശിക്ക് എന്തായിരിക്കും നഷ്ടമാകുക. പ്രക്രുതിയെ നശിപ്പിക്കുന്നത്‌കൊണ്ട് മാനവരാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ തന്നെ ചിന്തകള്‍ക്കതീതമാണ്. അമ്പതുകളിലേയും അറുപതുകളിലേയും കുട്ടനാടിന്റെ സൗന്ദര്യവും അവിടത്തെ മനുഷ്യരുടെ ജീവിതരീതിയും അറിയാന്‍ പുസ്തകങ്ങള്‍ തപ്പുന്ന ഭാവി തലമുറക്ക് ഈ പുസ്തകവും സഹായകമാകും.അവര്‍ ഇത് വായിച്ച് ചോദിച്ചേക്കാം എവിടെയാണാ സൗന്ദര്യഭൂമി?

ശുഭം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code