Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2017, 2018: അറിഞ്ഞതും അറിയേണ്ടതും   - മണ്ണിക്കരോട്ട്

Picture

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ 2018-ലെ പ്രഥമ സമ്മേളനം ജനുവരി 7-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് കേരളാ ഹൗസില്‍ സമ്മേളിച്ചു. സ്റ്റാഫറ്ഡ് സിറ്റി പ്രൊ-ടെം മേയര്‍ കെന്‍ മാത്യു കഴിഞ്ഞുപോയ 2017-നെക്കുറിച്ചും ഫോറ്ട് ബെന്റ് കൗണ്ടി ജഡ്ജായി മത്സരിക്കുന്ന കെ.പി. ജോര്‍ജ് 2018-ല്‍ അറിയേണ്ടതും പ്രതീക്ഷയും എന്ന വിഷയത്തെക്കുറിച്ചും ജി. പുത്തന്‍കുരിശ് മലയാള ഭാഷയുടെ മാറ്റങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥനയില്‍ പന്തളം കെ.പി. രാമന്‍ പിള്ള രചിച്ച “അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് പൊന്നു പിള്ള, കെന്‍ മാത്യു, കെ.പി. ജോര്‍ജ്. ജോഷ്വാ ജോര്‍ജ് (എം.എ.ജി.എച്ച്. പ്രസിഡന്റ്), തോമസ് ചെറുകര (എം.എ.ജി.എച്ച്. മുന്‍ പ്രസിഡന്റ്) മണ്ണിക്കരോട്ട്, ജി. പുത്തന്‍കുരിശ്, കുര്യന്‍ മ്യാലില്‍, ഈശൊ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കുകൊളുത്തി. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഈ വര്‍ഷത്തേക്കുള്ള (2018) മലയാളം സൊസൈറ്റിയുടെ സമ്മേളനങ്ങളെ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അമേരിക്കയിലെ മലയാളികളുടെ ഇന്നത്തെ ചിന്താഗതിയ്ക്ക് മാറ്റമുണ്ടാകണം. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ കാര്യങ്ങള്‍ വളരെ സൂക്ഷമമായി മനസ്സിലാക്കുമ്പോഴും അതേപ്പറ്റി ധാരാളമായി ചര്‍ച്ചചെയ്യുമ്പോഴും നാം അധിവസിക്കുന്ന അമേരിക്കയുടെ കാര്യങ്ങള്‍ നമ്മള്‍ വേണ്ടവിധം മനസ്സിലാക്കുന്നില്ല. ഇവിടെ ജീവിക്കുമ്പോള്‍ ഇവിടുത്തെ കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കണം. അതിനുള്ള ബോധവത്ക്കരണത്തിന് എഴുത്തുകാര്‍ക്ക് പലതും ചെയ്യാന്‍ സാധിക്കും. അതൊക്കെ അവരുടെ എഴുത്തില്‍ പ്രതിഫലിക്കണം. ആശംസാ പ്രസംഗത്തില്‍ മലയാളി അസ്സോസിയേഷന്റെ മുന്‍പ്രസിഡന്റ് തോമസ് ചെറുകര ഏതാണ്ട് ഇതേ അഭിപ്രായംതന്നെ ഉന്നയിച്ചു. ഇവിടെ പ്രവര്‍ത്തനമാണ് ആവശ്യം. നാട്ടില്‍ ഒരു പദവി അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാനം ലഭിച്ചാല്‍പിന്നെ സ്വീകരണത്തിനുള്ള കാലമാണ്. എന്നാല്‍ അമേരിക്കയില്‍ പദവി ലഭിച്ചവര്‍ പെട്ടെന്നുതന്നെ തങ്ങള്‍ക്കു ലഭിച്ച ചുമതലയില്‍ വ്യപൃതരാകുന്നു. ഇതുപോലെയുള്ള മനോഭാവം നമുക്കും ഉണ്ടാകണം.

സ്റ്റാഫറ്ഡ് സിറ്റി പ്രോ-ടെം മേയര്‍ കെന്‍ മാത്യു ആയിരുന്നു അടുത്ത പ്രഭാഷകന്‍. പോയ വര്‍ഷത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. 2017-ലെ പ്രധാന സംഭവങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ അദ്ദേഹം എഴുത്തുകാരെ പൊതുവെ അംഗീകരിക്കുകയും അഭിനന്ദിയ്ക്കകയും ചെയ്തു. എഴുത്തുകാര്‍ അല്ലെങ്കില്‍ എഴുതാന്‍ കഴിവു ലഭിച്ചവര്‍, അവര്‍ പ്രസിദ്ധരൊ അപ്രസിദ്ധരൊ ആകാം, എന്നാല്‍ എല്ലാവരും അനുഗ്രഹീതരാണ്. അവര്‍ക്ക് ലഭിച്ചിരിക്കുന്ന കഴിവ് മനുഷ്യരാശിയ്ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കാരണമാകുന്നു. പ്രസിദ്ധരായ എഴുത്തുകാര്‍ എഴുതിയതിന്റെ ഫലമാണ് ഇന്ന് ലോകത്തില്‍ ഉണ്ടായിട്ടിള്ള പല മാറ്റങ്ങള്‍ക്കും കാരണം. അത് നിങ്ങളും കഴിയുംവിധം പ്രയോജനപ്പെടുത്തണം.

തുടര്‍ന്ന് ഫോര്‍ട് ബെന്ട് ഇന്‍ഡിപെന്‍ഡന്റ് സ്ക്കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ട്രെസ്റ്റിയും കൗണ്ടി ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥിയുമായ കെ.പി. ജോര്‍ജ് 2018-നെക്കുറിച്ച് അറിയേണ്ടതും പ്രതീക്ഷയും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അടുത്തകാലത്ത് അമേരിക്കയില്‍ അധികാരികളുടെ സാധാരണ ജനങ്ങളോട് മുന്‍വിധിയോടുള്ള പെരുമാറ്റം (പ്രെജുഡിസ്) മറ്റൊരിക്കലും ഉണ്ടാകാത്തവിധം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ രാജ്യം വളരെ അധികം മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മലയാളി കമ്മ്യുണിറ്റിയെക്കുറിച്ച് അമേരിക്കയുടെ മുഖ്യധാരയില്‍ ആര്‍ക്കും അറിയില്ല. അതാണ് നമുക്ക് വളര്‍ത്തിയെടുക്കേണ്ടത്. അതിന് എഴുത്തുകാര്‍ക്ക് കഴിയും, കഴിയണം. അതിന് നമുക്ക് രാഷ്ട്രീയ പ്രവേശനം അനിവാര്യമാണ്. അതിന് നാം ശ്രമിക്കണം. അതിനുള്ള ആഹ്വാനമാകട്ടെ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഒരു പ്രത്യേകത.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് മലയാളത്തിന്റെ മാറ്റങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു, പ്രത്യേകിച്ച് മലയാള അക്ഷരങ്ങളുടെ ഉച്ചാരണ നിബന്ധനകള്‍. കുടാത് അതൊക്കെ വാക്കുകളില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഉദാഹരണം നിരത്തി കാണിച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയില്‍ പ്രെജുഡിസും വിവേചനവുമൊക്കെ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇവിടെ അര്‍ഹതപ്പെട്ടവരെല്ലാം എല്ലാവിധ സ്വാതന്ത്ര്യവും മറ്റു സൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഈ സൗകര്യമൊന്നും ഇല്ലെന്നു മാത്രമല്ല, വിദേശിയരോട് വളരെ കര്‍ക്കശമായിട്ടാണ് പെരുമാറുന്നത്. അധികാരികളില്‍നിന്ന് അവഗണനയും വേര്‍തിരിവും അനുഭവപ്പെടേണ്ടിവരുന്നു. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് കെന്‍ മാത്യുവും കെ.പി. ജോര്‍ജും മറുപടി പറഞ്ഞു. ചര്‍ച്ചയില്‍ തോമസ് ചെറുകര, പൊന്നു പിള്ള, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജോണ്‍ കുന്തറ, ജെയിംസ് മുട്ടുങ്കല്‍, കുര്യന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code