തൊടപുഴ: എട്ടു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ കുറ്റസമ്മതം. കഴുത്തില്‍ വെള്ളത്തുണി ചുറ്റിയശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് മൊഴി. സംഭവത്തില്‍ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യ(28)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന് വെളുത്ത നിറമായതിനാലും ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലാത്തതിനാലും ഭര്‍ത്താവ് സംശയിക്കുമോയെന്നു കരുതിയുമാണു കൃത്യം നടത്തിയതെന്നു സന്ധ്യ പറഞ്ഞതായി പൊലീസ് പറഞ്ഞു.സിഐ: വി.എസ്. അനില്‍കുമാറും സംഘവുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പത്തുവര്‍ഷം മുന്‍പാണു മന്നാന്‍ സമുദായത്തില്‍പെട്ട ബിനുവും സന്ധ്യയും വിവാഹിതരായത്. ഇവര്‍ക്ക് ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. തടിപ്പണിക്കാരനായ ഭര്‍ത്താവിന്റെ മദ്യപാനം വര്‍ധിച്ചതോടെ ഒരുവര്‍ഷമായി സന്ധ്യ സ്വന്തം വീട്ടിലാണ് താമസം. പിന്നീട് ബിനുവും സന്ധ്യയുടെ വീട്ടിലെത്തി താമസം തുടങ്ങി. നാലുമാസം മുന്‍പ് സന്ധ്യ ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയ ആശാ വര്‍ക്കര്‍മാര്‍ ചോദിച്ചെങ്കിലും സന്ധ്യ ഒഴിഞ്ഞുമാറി.
മൂന്നു മാസത്തിനുശേഷം ആശാ വര്‍ക്കര്‍മാര്‍ സന്ധ്യയെ കട്ടപ്പന നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ച് സ്കാന്‍ ചെയ്തപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് ഗര്‍ഭിണിക്കാവശ്യമായ പോഷകാഹാരങ്ങള്‍ നല്കി സംരക്ഷിച്ചുവരവെ സന്ധ്യയ്ക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ഒരുമാസത്തോളം ചികിത്സിച്ചു. അസുഖം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് പ്രസവത്തിനായി വീണ്ടും മെഡിക്കല്‍ കോളജിലേക്ക് പോയത്. നവംബര്‍ 30ന് ആണ്‍കുഞ്ഞിന് ജന്മം നല്കി. ഈ മാസം ആറിന് സന്ധ്യയും കുഞ്ഞും വീട്ടിലെത്തി.
സന്ധ്യ കുഞ്ഞിനെ കാണാന്‍ താല്പര്യപ്പെട്ടിരുന്നില്ല. ഭര്‍ത്താവ് സംശയിക്കുമോയെന്ന ആശങ്കയായിരുന്നു ഇതിനു കാരണമെന്നാണു സന്ധ്യയുടെ മൊഴി. ഏഴിന് രാവിലെ മാതാവും ഭര്‍ത്താവും സഹോദരനും സഹോദരഭാര്യയും പണിക്കുപോയ ശേഷമാണ് സന്ധ്യ കുട്ടിയെ കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ചതോടെ പരിഭ്രാന്ത്രിയിലായ സന്ധ്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കുട്ടി അനക്കമില്ലാതെ കിടക്കുകയാണെന്ന് അറിയിച്ചു. ഭര്‍ത്താവും ബന്ധുക്കളും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്നു സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണു കുഞ്ഞിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തിയത്. കഴുത്തില്‍ തുണി ചുറ്റി മുറുക്കിയതിന്റെ പാടും വിരലുകള്‍ അമര്‍ത്തിയതിന്റെ പാടുകളും കണ്ടെത്തി. സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണു സന്ധ്യ കുറ്റം സമ്മതിച്ചത്. സന്ധ്യയെ കോടതി റിമാന്‍ഡ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുണിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Comments